Current Date

Search
Close this search box.
Search
Close this search box.

അന്ത്യപ്രവാചകന്‍

മാനവകുലത്തെ നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ ദൈവം നിയോഗിച്ച പ്രവാചകന്‍മാരില്‍ അവസാനത്തെ കണ്ണിയെത്ര മുഹമ്മദ് നബി.

ലോകം ഒരു ഗ്രാമം പോലെ ഒന്നാകാന്‍ പോകുന്ന ഒരു ചരിത്ര ഘട്ടത്തിലാണ് ഭൂഖണ്ഡങ്ങളുടെ മധ്യം എന്ന് വിശേഷിപ്പിക്കാവുന്ന മക്കയില്‍ അന്ത്യപ്രവാചകനെ ലോകജനതക്കുവേണ്ടി നിയോഗിക്കുന്നത്. മക്ക കേന്ദ്രീകരിച്ച് ഒരു വൃത്തം വരച്ചാല്‍ എല്ലാ വന്‍കരകളെയും അത് സ്പര്‍ശിക്കും. ലക്ഷത്തില്‍പരം പ്രവാചകന്‍മാര്‍ പറഞ്ഞ അതേ കാര്യം ലോകജനതയോട് മൊത്തത്തില്‍ പറയാനാണ് അന്ത്യപ്രവാചകനെ നിയോഗിച്ചത്. ‘ലോകജനതക്ക് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (27:107) എന്നും ‘എന്നാല്‍ അദ്ദേഹം ദൈവത്തിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാണെന്നും’ (32:40) ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നുണ്ട്. ഒരു പ്രവാചകന്‍ എന്ന നിലക്ക് മുഹമ്മദ് നബിയല്ലാതെ മറ്റാരും ഇന്ന് കല്ലെറിയപ്പെടുന്നില്ല എന്നത് അദ്ദേഹം ഈ കാലഘട്ടത്തിലേയും പ്രവാചകനാണെന്നതിനെത്ര അടിവരയിടുന്നത്.

എന്തുകൊണ്ട് ഇനി പ്രവാചകന്‍മാര്‍ വരേണ്ടതില്ല?

പ്രവാചകന്‍മാര്‍ അയക്കപ്പെടേണ്ടിവരുന്ന ആവശ്യങ്ങള്‍ പലതാണ്. അതിലൊന്ന്, പ്രവാചകന്‍മാരെ ദൈവം നിയോഗിക്കുന്നത് ഏകദൈവത്വത്തിലധിഷ്ഠിതമായ ജീവിതം പഠിപ്പിക്കാനാണ്. മുന്‍കാല പ്രവാചകരെല്ലാം പഠിപ്പിച്ചത് അതായിരുന്നെങ്കിലും പില്‍ക്കാലത്ത് പ്രവാചകന്‍മാരില്‍തന്നെ ദിവ്യത്വം ആരോപിക്കപ്പെടുകയും ദൈവകല്‍പനകളിലും ഏകദൈവത്വത്തിലും വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍, മുഹമ്മദ് നബിയില്‍ ഇന്നേവരെ ദിവ്യത്വം ആരോപിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ ആരും ആരാധിക്കുന്നുമില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ ആരാധനാലയങ്ങളില്‍ പോകുന്നത് സ്രഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്.

മുഹമ്മദ് നബിക്ക് മുമ്പും ശേഷവുമുണ്ടായ മഹാന്‍മാരുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ മുഹമ്മദ് നബിയുടെ ഒരു ചിത്രം പോലുമില്ല എന്നതൊരത്ഭുതമാണ്. അദ്ദേഹം ആരാധിക്കപ്പെട്ടാല്‍ ഇനിയും പ്രവാചകനെ അയക്കേണ്ടിവരുമെന്നതിനാല്‍ ദൈവത്തിന്റെതന്നെ ഇടപെടലെത്ര അത്. എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും ഏകദൈവത്വം എന്ന അടിസ്ഥാന ആശയത്തെ ഇന്നും ഒരു സമൂഹം നിലനിര്‍ത്തിപ്പോരുന്നു. അതിനാല്‍ ഇത് പഠിപ്പിക്കാന്‍ ഇനി ഒരു പ്രവാചകന്‍ വരേണ്ടതില്ല. ഇസ്‌ലാമില്‍ പുതിയ ദൈവങ്ങള്‍ ഉണ്ടാവുന്നില്ല എന്നത് അത് സത്യമാണെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.

രണ്ടാമതായി, ദൈവകല്‍പനകള്‍ ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥങ്ങള്‍ നല്‍കാന്‍ പ്രവാചകന്‍മാര്‍ വരേണ്ടതുണ്ട്. അങ്ങനെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥവും അതിന്റെ ഒറിജിനല്‍ അവസ്ഥയില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവതരിപ്പിക്കപ്പെട്ട അതേ അവസ്ഥയില്‍ ഇന്നും നിലനില്‍ക്കുന്നു. അതിനാല്‍, ഒരു വേദഗ്രന്ഥം നല്‍കാന്‍ ഒരു പ്രവാചകന്‍ ഇനി വരേണ്ടതില്ല.

മൂന്നാമതായി, ആദ്യപ്രവാചകന്‍ ആദമിന്റെ കാലത്ത് ഇന്നത്തേക്കാവശ്യമായത്ര നിയമങ്ങളുടെ (ശരീഅത്ത്) ആവശ്യമുണ്ടാവുകയില്ല. മാനവസമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് പ്രവാചകന്‍മാരിലൂടെ പുതിയ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒടുവില്‍ മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമില്‍ വ്യക്തി, കുടുംബ, സാമൂഹ്യ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ എങ്ങനെ ആയിരിക്കണം എന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഒരു പ്രവാചകന്‍ വന്നാല്‍ തന്നെ പുതിയതായി ഒന്നും പറയാനില്ല.

മാത്രമല്ല, അന്ത്യപ്രവാചകനെ ലോക സഞ്ചാരികളായ അറബികള്‍ക്കിടയില്‍ നിയോഗിച്ചതിലും അന്ത്യവേദമായ വിശുദ്ധ ഖുര്‍ആന്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത അറബി ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ പിന്നിലും യുക്തിയുണ്ട്. അറബികള്‍ സഞ്ചാരികളായിരുന്നതിനാലത്രെ അന്നുതന്നെ ഈ സന്ദേശം ലോകം ചുറ്റിയത്. മാറ്റമില്ലാത്ത അറബിയിലാണ് ഖുര്‍ആന്‍ എന്നതുകൊണ്ടത്രെ അതിലെ ആശയങ്ങള്‍ ഇന്നും മനസ്സിലാവുന്നത്.

പിന്‍കുറി: മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട് ഇന്നും നിലനില്‍ക്കുന്ന രണ്ട് പ്രധാന പ്രത്യേകതകള്‍ ഇതത്രെ: ഒന്ന്, സ്വയം ദിവ്യത്വം അവകാശപ്പെടാതെയും അനുയായികളാല്‍ ദിവ്യത്വം ആരോപിക്കപ്പെടാതെയും യഥാര്‍ഥ ദൈവമാര്‍ഗത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ഈ മൂന്നു കാര്യങ്ങള്‍ ഒരുമിച്ച് മറ്റൊരാളിലും ഇന്ന് കാണുക സാധ്യമല്ല.
രണ്ട്, മുഹമ്മദ് നബിക്ക് മുമ്പും ശേഷവും മഹാന്‍മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുഹമ്മദ് നബിയുടെ ജീവചരിത്രം രേഖപ്പെടുത്തപ്പെട്ടതു പോലെ മറ്റൊരാളുടെ ചരിത്രവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചെരുപ്പ് ധരിക്കുമ്പോള്‍ ഏതുകാലിലെ ചെരുപ്പ് ആദ്യം ധരിക്കണം എന്നതു മുതല്‍ രാജ്യം ഭരിക്കുമ്പോള്‍ എങ്ങനെ ഭരിക്കണം എന്നതടക്കം എല്ലാം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കാരണം, വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തിലുള്ള പ്രവാചകന്റെ ജീവിതചലനങ്ങള്‍ ലോകര്‍ക്കാകമാനമുള്ള മാതൃകയത്രെ.
മുഹമ്മദ് നബി ലോകത്തോട് വിടവാങ്ങിയെങ്കിലും അദ്ദേഹത്തിലൂടെ ഉളവായ പ്രവാചകത്വം ഇന്നും നിലനില്‍ക്കുന്നു എന്ന് ചുരുക്കം. അതിനാല്‍ ഇനി ഒരു പ്രവാചകന്‍ വരേണ്ട ഒരു കാര്യവുമില്ല എന്ന കാര്യം സുവ്യക്തം.

മദീനയിലെ മുഹമ്മദ് നബി
മുഹമ്മദ് നബി പറഞ്ഞത് സത്യം

Related Articles