Current Date

Search
Close this search box.
Search
Close this search box.

അനിവാര്യമായ അന്ത്യം

മരണമില്ലാത്ത ഒരവസ്ഥ പ്രകൃതിയുടെ മൗലിക വ്യവസ്ഥക്ക് വിരുദ്ധമാണ്. സ്വന്തം ശവക്കുഴി പണിത് മരണം കാത്തിരുന്നവരെക്കുറിച്ചും ജഡം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ചവരെക്കുറിച്ചുമെല്ലാം പത്രകോളങ്ങളില്‍ നാം വായിച്ചിട്ടുണ്ട്. സ്വന്തം പിതാവിനെ ആഗ്രാകോട്ടയിലെ തുറുങ്കിലടച്ച് ഇന്ത്യയുടെ മുക്കാല്‍ ഭാഗത്തോളം കീഴടക്കി ഭരിച്ച ഔറംഗസീബ് ചക്രവര്‍ത്തിയുടെ ജീവിതം പകുതിയും യുദ്ധക്കളത്തിലായിരുന്നു.

”ഞാന്‍ ആരാണെന്നും ജിവിത്തില്‍ ഇതുവരെ എന്തു നേടി എന്നും എനിക്കുതന്നെ നിശ്ചയമില്ല.. ഞാന്‍ തനിച്ചാണ് വന്നത്. തനിച്ചുതന്നെ തിരിച്ചുപോകുന്നു അധികാരത്തിന്റെ ഇടനാഴികളിലെ പാതകങ്ങളുടെ നിഴലുകള്‍ മാത്രമാണ് എന്നെ പിന്തുടരുന്നത്. എന്റെ ഹൃദയത്തില്‍ ദൈവബോധമുള്ള ഒരു മനസ്സാക്ഷി ഉണ്ടായിട്ടും എനിക്ക് തിരിച്ചറിയാനായില്ല. നശ്വരമായ ഇന്നലെകള്‍ കൊഴിഞ്ഞുപോയി നാളേയെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല. പരലോകത്ത് നേരിടാനുള്ള കുറ്റവിചാരണയേകുറിച്ചും ഭീകര ശിക്ഷകളെക്കുറിച്ചും മാത്രമാണ് ഞാന്‍ ഇന്ന് ഭയപ്പെടുന്നത്..”’. എന്നാണ് ഔറംഗസീബ് തന്റെ മരണക്കുറിപ്പില്‍ വെളിപ്പെടുത്തിയത്. ചരിത്രത്താളുകളില്‍ തമസ്‌കരിക്കപ്പെട്ട പല സല്‍സ്വഭാവങ്ങളും അദ്ദേഹത്തിന്നുണ്ടായിരുന്നു

”ഞാനുണ്ടാക്കിയ തൊപ്പികള്‍ വിറ്റവകയില്‍ ലഭിച്ച തുക  എന്റെ കഫന്‍ തുണി (ശവപ്പുടവ) വാങ്ങാന്‍ എടുക്കണം. ഞാന്‍ പകര്‍ത്തിയ ഖുര്‍ആന്‍ വിറ്റവകയിലുള്ള സംഖ്യ പാവങ്ങള്‍ക്കും അഗതികള്‍ക്കും ദാനധര്‍മ്മത്തിനായുള്ളതാണ്. ഒരുവിധ ആര്‍ഭാടവുമില്ലാതെ വെളള വസ്ത്രത്തില്‍ പൊതിഞ്ഞ് എന്നെ മറമാടണം. എന്റെ ശവക്കല്ലറക്കുമീതെ ഒന്നുംകെട്ടിഉയര്‍ത്തരുത്”.’എന്നായിരുന്നു അദ്ദേഹത്തിന്റെ വസിയ്യത്ത്. അതേപ്രകാരം തന്നെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ടു.

രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യവേളയില്‍ ജാപാന്‍ അമേരിക്കയ്ക്ക് കീഴടങ്ങേണ്ടിവന്നു. ടോക്കിയോവിലെ രാജകൊട്ടരത്തിനു മുകളില്‍ അമേരിക്കന്‍ പതാക ഉയര്‍ന്നു. നിര്‍ദ്ദയനും ക്രൂരനുമായി അറിയപ്പെട്ട പ്രധാനമന്ത്രി ടോജോ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട് അമേരിക്കന്‍ സേനയുടെ പീഡനങ്ങള്‍ക്കിരയാകുന്നത് ഭയപ്പെട്ടു. അദ്ദേഹം ഡാക്ടറെ വിളിപ്പിച്ചു. തന്റെ മിറിടത്തില്‍ ഹൃദയം നില്‍ക്കുന്നഭാഗം സൂക്ഷ്മമായി കളര്‍ ചോക്കുകൊണ്ട് അടയളപ്പെടുത്തിച്ചു. ലക്ഷ്യം തെറ്റാതിരിക്കനുള്ള മുന്‍കരുതലായിരുന്നു അത്. അമേരിക്കന്‍ സേന തന്റെ പാര്‍പ്പിടം വളഞ്ഞപ്പോള്‍ ആത്മഹത്യക്കായി സജ്ജമാക്കിവെച്ച കൈത്തോക്കെടുത്ത് മാറില്‍ വെടിവെച്ചു. പക്ഷെ അദ്ദേഹം മരിച്ചില്ല. വൈദ്യശുശ്രൂഷ ലഭിച്ച പ്രധാനമന്ത്രി എളുപ്പം സുഖപ്പെട്ടു. സംഭവിക്കാതിരിക്കട്ടെ എന്ന് ടോജോ പ്രര്‍ത്ഥിച്ചതാണ് പിന്നീട് നടന്നത്. അദ്ദേഹം യുദ്ധത്തടവുകാരനായി, പട്ടാളക്കാരാല്‍ പീഡിപ്പിക്കപ്പെട്ടു, പട്ടാളക്കോടതിയാല്‍ വിചാരണചെയ്യപ്പെട്ടു. അവസാനം മരണശിക്ഷക്ക് വിധേയനായി.

നൂറ്റിഇരുപത്തിഅഞ്ച് വയസ്സുവരെ ആരോഗ്യവാനായി ജീവിക്കാനാഗ്രഹിച്ച മഹാത്മാഗാന്ധിക്ക് അന്ത്യ ദിനങ്ങളില്‍ കഠിനമായ മനക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. തന്റെ തത്വങ്ങളായ അഹിംസയും, അക്രമരാഹിത്യവും, മതമൈത്രിയും, മദ്യനിരോധവും പരാജയപ്പെടുന്നതും താന്‍ ഒറ്റപ്പെടുന്നതും തന്റെ ജീവിതകാലത്തുതന്നെ കാണേണ്ടിവന്നപ്പോള്‍ അദ്ദേഹം ….ഈ അന്ധകാരത്തില്‍നിന്ന് മോചിപ്പിച്ച് നിന്റെ സന്നിധിയില്‍ എളുപ്പം അഭയം തരേണമേ ദൈവമേ…… എന്ന് പ്രാര്‍ത്ഥിക്കേണ്ടിവന്നു.

മരണം എത്രയോ മനുഷ്യരെ ദുരിതക്കയത്തില്‍നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ജീവിതം ദുസ്സഹമാവുമ്പോള്‍ വന്നുകയറുന്ന മരണം ആശ്വാസകരമായ അന്ത്യമാണെങ്കിലും അതിഥിയായി എത്തേണ്ട മരണത്തെ സാഹസികമായി തേടിപ്പോവുന്നതില്‍് ഇന്ന് നമ്മുടെ നാട് മുന്‍ നിരയിലാണ്. ആത്മഹത്യ സ്രഷ്ടാവിനോടും ജീവിതത്തോടും കാണിക്കുന്ന നിന്ദയും കടുത്ത പാതകവുമാണ്.

അനുബന്ധം:- അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള പുസ്തകങ്ങളില്‍ ഒന്ന് … ദ ഫൈനല്‍ എക്‌സിറ്റ്.. എന്ന ലളിതമായും എളുപ്പത്തിലും എങ്ങിനെ ആത്മഹത്യ ചെയ്യാം എന്ന് വിവരിക്കുന്ന ഗ്രന്ഥമാണത്രെ.

Related Articles