Current Date

Search
Close this search box.
Search
Close this search box.

അധികാരം അപ്രാപ്യമായ പെണ്ണുങ്ങള്‍

പെണ്ണിന്റെ ഇടം ഏതായിരിക്കണമെന്ന ചോദ്യത്തിന് പ്രസക്തിയില്ലാത്തവിധം വിദ്യാഭ്യാസ തൊഴില്‍ വിജ്ഞാന സാമൂഹിക രംഗത്ത് സ്ത്രീ സാന്നിധ്യം ഏറെയാണ്. ജീവിതം കൊണ്ട് കാലത്തെ അടയാളപ്പെടുത്തിയ സ്ത്രീ രത്‌നങ്ങളെ ഒരുപാട് നാം വായിച്ചിട്ടുമുണ്ട്. ആ അടയാളപ്പെടുത്തലുകള്‍ക്ക് പിറകില്‍ സ്ത്രീയുടെ കരുത്തിന്റെയും ആര്‍ജവത്തിന്റെയും വിജ്ഞാനത്തിന്റെയും മാത്രം പിന്‍ബലമല്ല ഉള്ളത്. ഒരുപാട് പോരാട്ടങ്ങളുടെ കഥകൂടിയുണ്ട്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സമഗ്ര നിര്‍മിതിയില്‍ ആണിനോടൊപ്പം പെണ്ണും കൂടി പങ്കാളിത്തം വഹിച്ചാലേ അത് പൂര്‍ണതയിലെത്തിക്കാന്‍ കഴിയൂ എന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീ ജീവിതങ്ങള്‍ ഒരുപാട് പാടുപെട്ടിട്ടുണ്ട്. അതിന്‍ഫലമായി വിദ്യാസമ്പന്നരും പ്രതിഭാധനരുമായ സ്ത്രീകളുടെ എണ്ണത്തിന് കുറവൊന്നുമില്ലെന്ന് അക്കാദമിക രംഗത്തെ മികവുകള്‍ തെളിയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ രാഷ്ട്രീയരംഗത്തേക്കുള്ള സ്ത്രീ പ്രവേശനം എത്രമാത്രം സാധ്യമാകുന്നുണ്ട് എന്നത് ഇനിയെങ്കിലും ശക്തമായി പരിശോധിക്കപ്പെടേണ്ടതാണ്.

സ്ത്രീ സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഇടപെടലുകളിലെ വിജയം ആശ്രയിച്ചു നില്‍ക്കുന്നത് പ്ാര്‍ലമെന്ററി ജനാധിപത്യത്തില്‍ ക്രിയാത്മകമായി ഇടപെടലുകള്‍ നടത്തുന്നതിലൂടെയാണ്. ഒരുകാലത്ത് വോട്ടുചെയ്യാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു സ്ത്രീകള്‍ പോരാടിയിരുന്നതെങ്കില്‍ സ്ത്രീകളുടെ ന്യായമായ ആവശ്യം നയതീരുമാനങ്ങള്‍ എടുക്കുന്നിടത്ത് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ്. അക്കാര്യത്തില്‍ ഏത് രാജ്യത്തായാലും സ്ത്രീയുടെ പ്രാതിനിധ്യം അവഗണിക്കപ്പെട്ടുകിടക്കുകയാണ്. ജനാധിപത്യം പൂര്‍ണത പ്രാപിച്ചുവെന്നകാശപ്പെടുന്നിടത്തുപോലും ഇതുതന്നെയാണ് അവസ്ഥ. ഇന്ത്യയിലെയും സ്ഥിതി ഏറെ വിഭിന്നമല്ല. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഗണ്യവിഭാഗമായ സ്ത്രീ സമൂഹത്തിന്റെ പങ്ക് ഇലക്ഷനില്‍ വോട്ടുരേഖപ്പെടുത്തുക എന്നതു മാത്രമായി മാറിയിരിക്കുയാണ്. പ്രാതിനിധ്യ ജനാധിപത്യക്കുറിച്ച് ഇന്നും അസ്വസ്തകരമായ ചിന്തകളാണ് പുരുഷസമൂഹം വെച്ചുപുലര്‍ത്തുന്നത്. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും കുത്തകക്കാരെന്ന് പറയുന്ന പല രാജ്യങ്ങളിലും സ്ത്രീ പ്രാതിനിധ്യം അര്‍ഹമായ തോതില്‍ ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 1920-ല്‍ സ്ത്രീക്ക് വോട്ടവകാശം ലഭിച്ച, ജനാധിപത്യം കൊണ്ട് കരുത്തുനേടിയെന്ന് പറയുന്ന അമേരിക്കയില്‍ 13.6 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. ലിംഗ സമത്വം വിഭാവനം ചെയ്യുന്ന ലോക ഉച്ചകോടിയില്‍ ഒപ്പുവെച്ച ഇന്ത്യയുടെ സ്ഥിതിയും ഏറെ വിഭിന്നമല്ല. സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ച് പുലരികള്‍ കണ്‍കുളിര്‍ക്കെ കണ്ടിട്ടും മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് പാര്‍ലമെന്ററി പ്രാതിനിധ്യം രണ്ടക്കത്തിലപ്പുറം കടക്കാനായിട്ടില്ല. കാബിനറ്റ് പദവിയുളള സ്ത്രീ മന്ത്രിമാര്‍ 10-ല്‍ താഴെ മാത്രമേ ഇന്നും ഉണ്ടായിട്ടുള്ളൂ.

സ്ത്രീകളുടെ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ 135 രാജ്യങ്ങളില്‍ 105-ാം സ്ഥാനമാണ് നമുക്കുള്ളത്. അധികാര തീരുമാനങ്ങള്‍ എടുക്കുന്നിടത്തുനിന്ന് പെണ്ണെങ്ങനെ പുറത്തായി എന്ന് നോക്കുമ്പോള്‍ മനസ്സിലാകുന്നൊരു വസ്തുത ലോകം മുഴുക്കെ മേല്‍ക്കെ നേടിയ പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയാണെന്നുകാണാം. ഇന്ത്യന്‍ ജനാധിപത്യം കെട്ടുപിണഞ്ഞുകിടക്കുന്നത് പുരുഷാധിപത്യത്തിന്റെയും സവര്‍ണാധിപത്യത്തിന്റെയും ജാതീയതകളുടെയും ചങ്ങലകളില്‍ കോര്‍ത്തിണക്കിയാണ.് അധികാരത്തണലില്‍ ഇന്ദിരയെ നിങ്ങള്‍ കണ്ടിട്ടില്ലേ എന്ന് ചോദിച്ചേക്കാം. അത് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുപോലെ അച്ചന്‍ നല്‍കിയ സമ്മാനം എന്നാശ്വസിക്കാം. പക്ഷേ ഇത്തരമൊരു അച്ഛന് പിറക്കാന്‍ ഭാഗ്യമില്ലാതെ പോയവരാണല്ലോ ഇന്ത്യയിലെ ലക്ഷോപലക്ഷം വരുന്ന അധസ്ഥിത പിന്നോക്ക ന്യൂനപക്ഷ സ്ത്രീജന്മങ്ങള്‍. അവരാണല്ലോ തിളങ്ങുന്ന ഇന്ത്യയുടെ ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവര്‍.

പാര്‍ലമെന്റിലും നിയമസഭകളിലും മുപ്പത്തിമൂന്ന് ശതമാനം സംവരണമെന്ന പെണ്ണിന്റെ പൂതി നമ്മുടെ സഭാ മേശപ്പുറത്ത് ഉറങ്ങാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയാറായി. ഒന്നാം യു.പി.എ ഗവണ്‍മെന്റിന്റെ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി ഇന്ത്യന്‍ സ്ത്രീത്വത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു പ്രഖ്യാപനം പാര്‍ലമെന്റിനെ സംബോധന ചെയ്തുകൊണ്ട് നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലോക്‌സഭ, രാജ്യസഭ, നിയമസഭ എന്നിവയില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം ഉറപ്പുനല്‍കുമെന്നുള്ള പ്രഖ്യാപനമായിരുന്നു അത്. അത് പക്ഷേ, ഭൂതത്തെ അടച്ച പെട്ടി പോലെ ആര്‍ക്കും തുറക്കാന്‍ ധൈര്യമില്ലാതെ ഇന്നും കിടക്കുകയാണ്. തുറന്നുവിട്ടാല്‍ അധികാരം നൊട്ടിനുണഞ്ഞ പുരുഷകേസരികള്‍ക്കത് സഹിക്കില്ല. ഇടതും വലതും നടുക്കുള്ളതും ഏല്ലാം ഇക്കാര്യത്തില്‍ യോജിപ്പിലാണ്.

കൂടുതല്‍ വനിതകള്‍ എത്തിയ 15-ാം ലോക്‌സഭയിലാണ് ആറ് പതിറ്റാണ്ടുകാലത്തെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 2009-ലെ യു.പി.എ ഗവണ്‍മെന്റിന്റെ തെരഞ്ഞടുപ്പു വാഗ്ദാനമെന്ന നിലയില്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ഈ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ കടക്കാത്ത ആ ബില്ല് പക്ഷേ 2010 മാര്‍ച്ചിലാണ് രാജ്യസഭയിലെങ്കിലും എത്തിയത്.

1996-ല്‍ അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡയാണ് 108-ാം ഭരണഘടനാ ഭേദഗതിയോടെ ബില്‍ അവതരിപ്പിച്ചത്. സമാജ് വാദി, ആര്‍.ജെ.ഡി, പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതിയോടെ പാര്‍ലമെന്റിനു മുമ്പാകെ വെക്കാന്‍ ഗീതാമുഖര്‍ജി ചെയര്‍മാനായ കമ്മീഷനെ നിയമിച്ചു. 1996 ഡിസംബറില്‍ പാര്‍ലമെന്റു പിരിയുന്നതിനു മുമ്പേ അജണ്ടയില്‍ ഉള്‍പ്പെടുത്തി പാസാക്കണമെന്നായിരുന്നു കമ്മറ്റി നിര്‍ദേശം. പക്ഷേ അന്നും ഭരണ പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല, 2004-ല്‍ യു.പി.എയുടെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി വീണ്ടും ബില്‍ അവതരിപ്പിച്ചുവെങ്കിലും സമാജ്‌വാദി, ആര്‍.ജെ.ഡി, ബി.എസ.്പി എന്നീ കക്ഷികളുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചു. 2008-ല്‍ രാജ്യസഭ ചുമതലപ്പെടുത്തിയ സുദര്‍ശനനാച്ചിയപ്പന്‍ ചെയര്‍നാനായ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. ഇതേതുടര്‍ന്നായിരുന്നു രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ഏതാനും നിയമസഭകളും ലോക്‌സഭയും കടന്നാല്‍ പാസാകും എന്ന് സ്ത്രീലോകം പ്രതീക്ഷിച്ചിരുന്ന ബില്ല്15-ാം ലോക്‌സഭ പാസാക്കിയില്ല. ലോക്‌സഭയുടെ കാലാവധിക്കുമുമ്പ് ബില്ലുകള്‍ പാസാക്കാനായില്ലെങ്കില്‍ ലോക്‌സഭയുടെ കാലാവധി തീരുന്നമുറക്ക് ബില്ല് ലാപ്‌സാക്കും എന്ന തത്വമനുസരിച്ചായിരുന്നു അത്. ലാപ്‌സംവരണത്തിനുപിന്നിലെ സംവരണമെന്ന പ്രശ്‌നത്തില്‍ തട്ടിയായിരുന്നു മേല്‍പറഞ്ഞ കക്ഷികള്‍ ബില്ലിനെ തനത് രൂപത്തില്‍ എതിര്‍ത്തത്. അന്ന് സവര്‍ണപുരുഷമേല്‍ക്കോയ്മക്ക് പിന്നോക്കക്കാരന്റെ പെണ്ണ് പാര്‍ലമെന്റിലിരിക്കുന്നത് സഹിക്കാനാവാത്തതുകൊണ്ട് ആ ശ്രമം നടന്നില്ല. ഇരുപതായിട്ടും ബില്‍ പാസാകാതെ വന്നത്. പിന്നോക്കക്കാരന്റെ പെണ്ണിനെ അടുപ്പിക്കാതിരിക്കാന്‍ ഞാനും നീയും ഒന്നാകും എന്നുപറഞ്ഞ് വിപ്ലവപാര്‍ട്ടിയും വൃദ്ധാ കാരാട്ടും ബി.ജെപിയുടെ സുഷമസ്വരാജും പാര്‍ലമെന്റില്‍ കെട്ടിപ്പിടിച്ചുനിന്നു

ഇനി രാഷ്ട്രീയപ്രബുദ്ധതനേടിയ നമുക്ക് കേരളത്തിലേക്ക് വരാം. ജനസംഖ്യയില്‍ 1000 പുരുഷന്മാര്‍ക്ക് 10,40 ആണ് സ്ത്രീ ജനസംഖ്യ. കേരളത്തിലെ സാക്ഷരതാ നിരക്ക് 90.6 ശതമാനമാണ് അതില്‍ സ്ത്രീകളുടെ 87 ശതമാനമാണ് പുരുഷന്മാരുടെത് 94.9ഉം. എന്നിട്ടും നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വളരെ കുറവാണ്. 1957 മുതലുളള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ നമുക്കത് ബോധ്യമാകും. ആദ്യ നിയമസഭ തൊട്ട് ഇന്ന് നിലവിലുള്ള യു.ഡി.എഫ് മന്ത്രസഭ വരെ ആകെ ഉണ്ടായിട്ടുള്ള സ്ത്രീ സാമാജികര്‍ 44 എണ്ണം മാത്രമാണ്. ഓരോ സഭയിലും നമുക്കുള്ള ആകെ അംഗങ്ങല്‍ 140 ആണ്. 57 മുതലിങ്ങോട്ട് കാലാവധി തികച്ചതും അല്ലാത്തതുമായ പതിമൂന്ന് നിയമസഭകള്‍ ഉണ്ടായി. വനിതാ പ്രാതിനിധ്യം 13 തികച്ചത് പത്താം നിയമസഭ മാത്രമാണ്. വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാത് ആ നിയമസഭയായിരുന്നു. 1957 ഒന്നാം നിയമസഭയിലേക്ക് 9 സ്ത്രീകള്‍ മത്സരിച്ചെങ്കിലും വിജയിച്ചത് ആറ്‌പേര്‍. രണ്ടാം നിയമസഭയില്‍ 13 പേര്‍ മത്സരിച്ചതില്‍ വിജയിച്ചത് ഏഴുപേര്‍. നിയമസഭ കൂടാതെ പോയ 1965-ലെ തെരഞ്ഞെടുപ്പില്‍ പത്തുവനിതകള്‍ മത്സരിച്ചെങ്കിലും വിജയിച്ചത് മൂന്നുപേര്‍ മാത്രം. 1997-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പതിനൊന്നുപേര്‍ സംവരണ മണ്ഡലത്തില്‍ നിന്നും മത്സരിച്ചത് സി.പി.ഐയിലെ ഭാര്‍ഗവി തങ്കപ്പന്‍ മാത്രം. 1982-ല്‍ പതിനേഴുപേരില്‍ 4 പേര്‍ വിജയിച്ചു. 87-ല്‍ 34 ആയി. ഇതില്‍ എട്ടുപേര്‍ വിജയിച്ചു. 1991-ല്‍ 26 വനിതകളാണ് മത്സരിച്ചത് വിജയിച്ചത് എട്ടുപേര്. 1996 പതിമൂന്ന് വനിതകള്‍ നിയമസഭയിലെത്തി. പതിനൊന്നാം നിയമസഭയില്‍ വനിതകളുടെ എണ്ണം കുറഞ്ഞു, എട്ടായി. 2006-ലെ തെരെഞ്ഞടുപ്പില്‍ ഏഴുവനിതകള്‍ 2011-ലും അതേ നില തന്നെ. 2006-ല്‍ 71 സ്ത്രീകള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എല്‍.ഡി.എഫിന്റെയും യു.ഡിഎഫിന്റെയും പ്രാതിനിധ്യം 11 ഉം ഏഴും ആയിരുന്നു. മൊത്തം അംഗബലത്തിന്റെ എട്ടുശതമാനത്തില്‍ താഴെ മാത്രമാണ് പെണ്‍ പ്രാതിനിധ്യം. പെണ്‍ ജനസംഖ്യ കൂടിക്കൊണ്ടിരിക്കുമ്പോഴും പത്തുശതമാനത്തില്‍ എത്തിയിട്ടില്ല.

സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ലിംഗസമത്വവും സ്ത്രീകളുടെ സാമൂഹിക പദവിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ചര്‍ച്ചകളും ചിന്തകളും നാളിതുവരെയായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഭരണഘടന ഉദ്‌ഘോഷിക്കുന്ന തരത്തിലുളള സാമൂഹ്യപരിവര്‍ത്തനം സാധ്യമായിട്ടില്ല എന്നാണിത് കാണിക്കുന്നത്. നമ്മുടെ രാഷ്ട്രനയനിര്‍ദേശ തത്വങ്ങളുടെ മാര്‍ഗരേഖയില്‍ സ്ത്രീകളുടെ പദവിയും അന്തസ്സും സംരക്ഷിക്കുകയെന്നത് ഭരണകൂടങ്ങളുടെ ഭാധ്യതയായിട്ടാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീപുരഷസമത്വം ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ പെട്ടതുമാണ്. പക്ഷേ എന്നിട്ടും പാര്‍ലമെന്ററിജനാധിപത്യത്തിന്റെ ഇടവഴികഴികളില്‍ തപ്പിത്തടയേണ്ട ഗതികേട് എന്തുകൊണ്ടാണ്. വിദ്യാഭ്യാസ അവബോധമില്ലാത്ത പാരമ്പര്യചിന്ത, സ്ത്രീകളുടെ വീട്ടുജോലി എന്നിവയാണ് സ്ത്രീകളെ രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് പ്രധാനകാരണം. അന്തിവിളക്കണഞ്ഞാല്‍ പെണ്ണ് പുറത്തേക്കിറങ്ങരുതെന്നും അങ്ങനെയുളള അവസരത്തില്‍ അവളുടെ മാനം പോയാല്‍ കുറ്റക്കാരി അവളാണന്നും പറയുന്നത് നാം തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ തന്നെയാണ്. നമ്മുടെ സാമൂഹ്യാവസ്ഥകള്‍ ഇനിയും ഉയര്‍ന്നിട്ടില്ല. വിദ്യാഭ്യാസം നേടി എന്നുപറയുമ്പോഴും സാമൂഹ്യാടിത്തറകളെ നാം മാറ്റിപ്പണിതിട്ടില്ല. ബ്രാഹ്മണിക്കല്‍ കുടുംബസങ്കല്‍പ്പമാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീക്കുനേരെ വരേണ്യ ഫ്യൂഡല്‍ വര്‍ഗം ചുമത്തിയ ചിന്തകള്‍ തന്നെയാണ് നാം ഇപ്പോഴും പുലര്‍ത്തുന്നത.് അല്ല, അവര്‍ തന്നെയാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നതും.

പാര്‍ലമെന്റിലും നിയമസഭയിലും ഇല്ലെങ്കിലും പഞ്ചായത്ത് നഗരപാലികാസംവിധാനത്തിനു കീഴില്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ 35 ശതമാനം സംവരണം ലഭിച്ചിട്ടുണ്ട് എന്നതും അതിന്റെ ബലത്തില്‍ സ്ത്രീകള്‍ ഇവിടങ്ങളില്‍ ഭരണം കൈയ്യാളുന്നുണ്ട് എന്നതും ശരിതന്നെ. പക്ഷേ ഇവിടങ്ങളിലെ സ്ത്രീ ഭരണത്തിന്റെ കാര്യക്ഷമത തര്‍ക്കത്തിലാണ്. പദ്ധതിവിഹിതങ്ങള്‍ ചെലവഴിച്ചതിന്റെയും പഞ്ചായത്ത് നഗരപാലിക ബില്ലിലെ അധികാരങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗിച്ചതിന്റെയും കണക്കെടുക്കുമ്പോള്‍ പലയിടത്തും അത് അഴിമതിയേക്കാള്‍ താഴെയാണെന്നത് വസ്തുതയാണ്. സ്ഥാനവും കോറവും തികക്കാന്‍ ബിനാമികളായി സ്ത്രീകള്‍ അവരോധിക്കപ്പെട്ടിരിക്കയാണ്. അതിനു കാരണം സ്ത്രീകള്‍ മതിയായ രാഷ്ട്രീയ പക്വതയും രാഷ്ട്രീയ വിദ്യാഭ്യാസവും നേടിയിട്ടില്ലായെന്നത് തന്നെയാണ്. ജാഥക്ക് നീളം കൂട്ടാനും കൊടി പാറിപ്പോകാതെ പിടിക്കാനുമല്ലാതെ മതിയായ പ്രാതിനിധ്യത്തോടെ നയതീരുമാനങ്ങള്‍ എടുക്കുന്നിടത്ത് മുഖ്യധാരാ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാത്തതാണ് കാരണം. ഏറ്റവും വലിയ വിപ്ലവ കക്ഷിയായ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് പോളിറ്റ് ബ്യൂറോയില്‍ സ്ത്രീ മെമ്പര്‍മാരുടെ അക്കം രണ്ടായത് അടുത്തിടെ നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിലെ മുറുമുറുപ്പിലൂടെയാണ്. സ്ത്രീ നേതാക്കന്മാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളില്‍പോലും അവസ്ഥ ഇതുതന്നെ. എന്നും അധികാരം നൊട്ടിനുണയുന്ന പുരുഷപ്രജകള്‍ക്ക് അതില്‍നിന്നിറങ്ങിവരാനുള്ള മനസ്സ് എന്നുണ്ടാകുമോ അന്ന് സ്്ര്രതീക്കവിടെ കയറിവരാം. അപ്പോഴും നമ്മുടെ മുമ്പിലൊരു ചിത്രം ബാക്കിയുണ്ട്. സിംഗൂരിലും നന്ദിഗ്രാമിലും പിടഞ്ഞുവീണ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് വിങ്ങാത്ത വൃന്ദാകാരാട്ടിന്റെയും ഗുജറാത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ഭ്രൂണത്തെ കുന്തമുനയില്‍ കുത്തിനിര്‍ത്തുകയും ചെയ്തപ്പോള്‍ ഒന്ന് സഹതപിക്കുക പോലും ചെയ്യാത്ത സുഷമസ്വാരാജിന്റെയും ചിത്രം. ഇറോം ശര്‍മിള എന്തിനായിരുന്നു മൂക്കില്‍ കുഴലുമിട്ട് ഇത്രയും കാലമിരുന്നതെന്ന് ചോദിക്കാന്‍ സോണിയാ ഗാന്ധിക്കും കഴിഞ്ഞിട്ടില്ല. ഇവരും സ്ത്രീകളാണ്. ഇങ്ങനെ പട്ടുസാരിയുടുത്തൊരുങ്ങുന്നവരോ അല്ലെങ്കില്‍ കൂരപൊളിച്ച് പട്ടട തീര്‍ക്കേണ്ടിവരുന്നവരെയോര്‍ത്ത് വ്യകുലപ്പെടുന്നവളോ. ആരാണ് നിയമനിര്‍മാണസഭകളില്‍ എത്തേണ്ടത് എന്ന സംശയം പിന്നെയും ബാക്കിയായി പോകുന്നു. അതാണ് ജനാധിപത്യത്തിന്റെ പ്രത്യേകതയും.

Related Articles