വിമാനത്താവളങ്ങളില്‍ ഹജ്ജിന്റെ യന്ത്രപ്പക്ഷികള്‍ ചിറകു വിടര്‍ത്തുകയായി. ദൈവവിശ്വാസങ്ങള്‍ ഇത്തരുണത്തില്‍ ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും നോക്കി കാര്യങ്ങള്‍ നിര്‍ബന്ധമായും പഠിക്കണം. ഹജ്ജു വിമാനങ്ങള്‍ പണ്ട് വിശ്വാസികളുടെ സ്വപ്‌നത്തില്‍ പോലും ഇടം നേടിയിരുന്നില്ല. കപ്പലുകളായിരുന്നു അവരുടെ മനസ്സില്‍. ഇന്ന് കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ ഒരു ഹാജിയും അതില്‍ കയറാനുണ്ടാവില്ല. യാത്രാ സര്‍വീസ് ആരംഭിക്കണമെന്ന് ആരും പ്രമേയം പാസാക്കുകയോ നിവേദനം സമര്‍പ്പിക്കുകയോ ചെയ്യുന്നില്ല. കാരണമെന്ത്?
സത്യവിശ്വാസികള്‍ക്കിടയില്‍ സമ്പത്തുള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഹജ് സര്‍വീസിനു പുറമെ സ്വകാര്യഗ്രൂപ്പുകളിലും ഹജ്ജ് അപേക്ഷകരുടെ തിരക്കാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്നതിന്റെ ഇരട്ടിതുകയാണ് സ്വകാര്യഗ്രൂപ്പില്‍ അടക്കേണ്ടി വരുന്നതെങ്കിലും അതിലും ബുക്കിങ് പെട്ടെന്ന് പൂര്‍ത്തിയാവുന്നു.
വിശ്വാസികള്‍ക്ക് സമ്പത്തും അവരില്‍ ഹാജിമാരുടെ എണ്ണവും വര്‍ധിക്കുമ്പോള്‍ നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടത് അതിനനുസരിച്ച് അവരില്‍ ഭക്തിവര്‍ദ്ദിപ്പിക്കുന്നുണ്ടോ എന്നാണ്. ഹാജി ഒരു ശബ്ദിക്കാത്ത പ്രബോധകനായിരിക്കണം. അതിന്റെ ഉദ്ദേശം അദ്ദേഹം ഒന്നും മിണ്ടരുത് എന്നല്ല. ജീവിതക്രമം പ്രബോധനത്തിന്റെ ഫലം ചെയ്യണം എന്നാണ്. നമസ്‌കാരം മ്ലേഛവും നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് മനുഷ്യരെ തടയുമെന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ പൊരുളും ഇതാണ്. നമസ്‌കാരക്കാരന്റെ കച്ചവടവും കൃഷിയും ഇടപാടുകളുമെല്ലാം അവന്‍ നമസ്‌കരിച്ചവനാണ് എന്ന് വിളിച്ചു പറയുന്ന തരത്തില്‍ വിശുദ്ധമായിരിക്കണം. അതിനേക്കാള്‍ വിശുദ്ധ ഹജ്ജ് കൊണ്ട് ലഭിക്കണമെന്ന് തര്‍ക്കമില്ലല്ലോ. ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല എന്ന പ്രവാചകവചനം ഹാജിയില്‍ ഈ വിശുദ്ധി നിര്‍ബന്ധമാക്കുന്നു. ശുദ്ധമായ ധനം കൊണ്ട് ശുദ്ധമായ മനസ്സോടെ ഹജ്ജ് ചെയ്തു വന്ന് അതേ വിശുദ്ധിയോടെ ജീവിക്കണം.
പാപം കഴുകലാവണം ഈ യാത്രയുടെ ലക്ഷ്യം എന്ന് എല്ലാവര്‍ക്കുമറിയാം. അതു കൊണ്ടാണല്ലോ മുസ്‌ലിംകള്‍ വന്‍ തുകയും അധ്വാനവും ഇതിന് വേണ്ടി മുടക്കുന്നത്. വലിയ വിലക്ക് വാങ്ങിയ ഒരു വസ്തു പെട്ടെന്ന് കേട് വന്നു പോകരുതല്ലോ. അതുപയോഗിക്കുമ്പോള്‍ സൂഷ്മത വേണമെന്ന പോലെ ഹാജിയുടെ ജീവിതത്തിലും സൂഷ്മത വേണം.
ഹാജിമാരല്ലാത്തവരും ഹജ്ജിന്റെ കാലമായാല്‍ അതിനെ കുറിച്ച് ചിന്തിക്കുകയും മാനസികമായി ഹജ്ജില്‍ പ്രവേശിക്കുകയും വേണം. ഒരു നാള്‍ തനിക്കും ആ പുണ്യഭൂമിയിലെത്തി വിശുദ്ധനാകണം എന്ന് ചിന്തയാണ് വേണ്ടത്. ഹജ്ജ് ലഭിക്കുന്നതോടൊപ്പം ഇസ്‌ലാമിന്റെ വളര്‍ച്ച നേരില്‍ കണ്ടു പഠിക്കാനും അതുതകും. ലബ്ബൈകല്ലാഹുമ്മ ചൊല്ലി നാം പറക്കുന്ന സ്ഥലത്തിന്റെ പ്രത്യേകയെന്ത്? മുഹമ്മദിന് ഭക്ഷണസാധനങ്ങള്‍ കൊടുക്കരുത് എന്ന് എഴുതി സ്ഥാപിക്കപ്പെട്ട കഅ്ബയിലേക്കാണ് നാം പോകുന്നത്. ഇന്ന് അവിടെ ബാങ്കു മുഴങ്ങുമ്പോള്‍ മുപ്പതു ലക്ഷത്തോളമാളുകള്‍ അതിന്റെ പരിസരങ്ങളില്‍ നിന്ന് അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാ (മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്ന വാക്യം ഏറ്റു ചൊല്ലുന്നു.
ഒറ്റയാള്‍ പടയാളിയായ പ്രവാചകന്റെ ആദര്‍ശയുദ്ധം മക്കയെ മാറ്റി, ലോകത്തെ മാറ്റി. ഇന്ന് ബാങ്ക് മുഴങ്ങുന്നത് മക്കയിലും കഅ്ബയിലും മാത്രമല്ലല്ലോ. ഇസ്‌ലാമിന്റെ വ്യാപനം അത്ഭുതാവഹമാണ്. ഇനി മുസ്‌ലിംകള്‍ക്ക് വേണ്ടത് അതിനനുസൃതമായ ഇസ്‌ലാമിക പ്രതാപമാണ്. നാം പൊങ്ങുതടികളാവരുത്. ആദര്‍ശത്തിന്റെ മണ്ണില്‍ വേരുകളാഴ്ത്തി പന്തലിച്ചു നില്‍കുന്ന വൃക്ഷങ്ങളാവണം. ഹാജിമാരുടെ എണ്ണം കൂടികൂടി വരുമ്പോള്‍ ഈ മാറ്റത്തിന്റെ അനിവാര്യതയെ കുറിച്ച് വിശ്വാസി സമൂഹം ഗൗരവപൂര്‍വം ചിന്തിക്കണം. എനിക്കു ശേഷം ഞാന്‍ നിങ്ങളെ സംബന്ധച്ചിടത്തോളം ഭയപ്പെടുന്നത് ദുന്‍യാവിന്റെയും അഴകിന്റെയും അലങ്കാരത്തിന്റെയും വാതിലുകള്‍ നിങ്ങള്‍ക്ക് തുറക്കപ്പെടുന്നതിനെ കുറിച്ചാണ് എന്ന പ്രവാചകവചനം അഭിവൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും ഘട്ടത്തിലും നമ്മെ ചിന്തിപ്പിക്കണം.