Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹത്തിന്റെ വേഷങ്ങള്‍

red-rose.jpg

സ്‌നേഹത്തിന്ന് ഒരുപാട് വേഷങ്ങളുണ്ട്. ദയ, സഹതാപം, വാത്സല്യം, മാപ്പ്, ഗുണകാംക്ഷ എന്നിവ സ്‌നേഹത്തിന്റെ വേഷങ്ങളത്രേ. മഹാകവി ഉള്ളൂര്‍ അതിനെക്കുറിച്ച് ഇങ്ങനെ പാടിയിട്ടുണ്ട്.

‘ഒരൊറ്റ മതമുണ്ടലകിന്നുയിരാം സ്‌നേഹമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വ്വണ ശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മ ചൈതന്യം
പലമട്ടേന്തിപ്പാരിതിലെങ്ങും പ്രകാശമരുളുന്നൂ.”

 

സ്‌നേഹമാണ് മതം. അതുമാത്രമാണ് മതം. ആ പൗര്‍ണമിബിംബം ജനങ്ങള്‍ക്ക് നല്‍കുന്നത് അമൃതാണ്. ഭക്തി എന്നാല്‍ സ്‌നേഹത്തിന്റെ ശരീരങ്ങളിലൊന്നാണ്. സ്‌നേഹം പ്രകാശമാണ്. ഇതാണീ വരികളുടെ സാരം.

ഈ ആശയങ്ങള്‍ കവിതയുടേതു മാത്രമല്ല; വേദഗ്രന്ഥങ്ങളുടേതുമാണ്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും വന്ന ആശയമാണിത്. അത് കവികളും പറയുന്നു എന്നതിന്റെ പൊരുള്‍ ഖുര്‍ആന്റെ ആശയം മനുഷ്യ പ്രകൃതിക്കിണങ്ങുന്നതാണ് എന്നാണ്. ഹിന്ദി കവിയായ കബീര്‍ ദാസ് സ്‌നേഹത്തെ കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

 

‘പോഥീ പഢ് പഢ് ജഗ്മുആ
പണ്ഡിത് ഭയാ നകോയ്
ഢായി  ആഖര്‍ പ്രേം കാ
പഢേ സൊ പണ്ഡിത് ഹോയ്’

 

സാരം: മഹാഗ്രന്ഥങ്ങള്‍ വായിച്ച് പലരും കാലം കഴിച്ചു. അവരാരും പണ്ഡിതന്‍മാരായില്ല. കാരണം അവര്‍ സ്‌നേഹത്തിന്റെ അര്‍ത്ഥം പഠിച്ചില്ല. സ്‌നേഹമെന്ന രണ്ടരയക്ഷരം ആരു പഠിച്ചുവോ അവരാണ് പണ്ഡിതന്മാരാകുന്നത്.

ഏറ്റവുമധികം സ്‌നേഹമുള്ളവന്‍ അല്ലാഹുവാണ്. ഒരു നന്മയ്ക്ക് പത്തു നന്മയുടെ പ്രതിഫലം തരുമെന്നും ഒരു തിന്മയ്ക്ക് ഒന്നിന്റെ ശിക്ഷയെ തരികയുള്ളൂ എന്നും അവന്‍ ഉറപ്പു തരുന്നത് അവന്റെ സ്‌നേഹാധിക്യത്തിന്റെ നിദര്‍ശനമാണ്. നോക്കു ഖുര്‍ആന്‍ പറയുന്നത് : ‘ആര്‍ നന്മ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകുന്നുവോ, അവന് അതിന്റെ പത്തിരട്ടി പ്രതിഫലമുണ്ട്. ആര്‍ തിന്മയുംകൊണ്ട് ഹാജരാകുന്നുവോ, അവന് അവന്‍ ചെയ്ത കുറ്റത്തിനു തുല്യമായതുമാത്രം പ്രതിഫലം നല്‍കുന്നു. ആരുടെ നേരെയും അനീതി ചെയ്യപ്പെടുന്നതല്ല.'(6: 160)

അല്ലാഹുവിന് സന്താനമുണ്ടെന്ന് പറയുന്നവര്‍ക്ക് പോലും ഈ ലോകത്ത് അവന്‍ വിഭവങ്ങള്‍ നല്‍കുന്നു. തിന്മയെ ഗുണിക്കാതിരിക്കുകയും നന്മയെ പത്തു മുതല്‍ എഴുനൂറ് വരെയുള്ള സംഖ്യ കൊണ്ട് ഗുണിക്കുകയും ചെയ്യുമ്പോള്‍ റഹ്മാന്‍- പരമകാരുണികന്‍ – എന്ന വിശേഷണം അല്ലാഹുവിന്ന് തികച്ചും ചേര്‍ന്നതു തന്നെ എന്ന് നമുക്ക് ബോധ്യപ്പെടും.

ഭക്തി എന്നത് സൃഷ്ടികളുടെ ഭാഗത്തുനിന്ന് സ്രഷ്ടാവിന്നു ലഭിക്കേണ്ട സ്‌നേഹമാണ്. സ്‌നേഹത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തി. അല്ലാഹുവിനെ സ്‌നേഹിക്കുന്നതു പോലെ മറ്റാരെയും സ്‌നേഹിക്കാതിരിക്കുക എന്നതാണ് ഒരാള്‍ ഭക്തനാകാനുള്ള നിബന്ധന. അല്ലാഹുവിന് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് എന്താണെന്ന് മനസ്സിലാക്കി അത് അവന്നു മാത്രം നല്‍കണം. ജിന്നുകളെയും മനുഷ്യരെയും അവന്‍ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. ഒരുദാഹരണം കാണുക.

നമ്മുടെ വീട്ടില്‍ പല സന്ദര്‍ശകരും വരാറുണ്ട്. അവര്‍ക്ക് നിസ്സാരവസ്തുക്കള്‍ മാത്രമേ കൊടുക്കുന്നുള്ളൂ എന്നു സങ്കല്‍പിക്കുക. എന്നാല്‍ ഒരു പ്രത്യേക വ്യക്തിക്കു കൊടുക്കാന്‍ വളരെ മുന്തിയ, വിലപിടിച്ച പാനീയം നാം കരുതി വെക്കുന്നു. മറ്റാര്‍ക്കും അത് നല്‍കുന്നുമില്ല. ആ വ്യക്തിക്കുമാത്രമേ അത് നല്‍കുകയുള്ളൂ എന്ന് നാം പ്രതിജ്ഞ ചെയ്യുന്നു. മാത്രമല്ല, അയാളോട് ഇക്കാര്യം നാം അറിയിക്കുന്നു. ഈ വസ്തു താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഞാന്‍ നല്‍കുകയില്ല. താങ്കള്‍ക്കുമാത്രം…
അല്ലാഹുവിന്ന് നമ്മില്‍ നിന്ന് ലഭിക്കേണ്ടത്ത ആരാധന മാത്രമാണ് എന്നതിനാല്‍ ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന് ഓരോ ദിവസവും പതിനേഴു തവണ നാം പ്രതിജ്ഞ ചെയ്യുന്നു. അത് പാലിക്കലാണ് ഭക്തി. പാലിക്കുന്നവനെ അവന്‍ ഇഷ്ടപ്പെടുന്നു. നാം ഇഷ്ടപ്പെടുന്ന ഒരാളെ വെറുപ്പിക്കാനോ കോപിപ്പിക്കാനോ നാം ശ്രമിക്കാറില്ലല്ലോ? എന്തെല്ലാം ചെയ്താലാണ് അദ്ദേഹത്തിന് നമ്മോട് ഇഷ്ടം വര്‍ധിക്കുക എന്നും നാം ചിന്തിക്കും. ഭൗതികമായ സ്‌നേഹത്തില്‍ സ്വീകരിക്കുന്ന ഈ നിലപാട് ആത്മീയ വിഷയത്തിലും സ്വീകരിക്കണം. പ്രവാചകനെ അനുസരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സ്‌നേഹം നേടാനുള്ള രണ്ടാമത്തെ മാര്‍ഗമാണ്. അല്ലാഹു പ്രവാചകനോട് ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. ‘പ്രവാചകന്‍, ജനത്തോടു പറയുക: ‘നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു’. (വി.ഖു 3:31) വിട്ടുവീഴ്ച ചെയ്യല്‍, തെറ്റുകള്‍ക്ക് മാപ്പുകൊടുക്കല്‍ എന്നിവയും സ്‌നേഹത്തിന്റെ രൂപങ്ങളാണ്. ഏറ്റവുമധികം പൊറുക്കുന്നവനാണ് അല്ലാഹു പറഞ്ഞാല്‍ നമ്മോട് അവനോളം സ്‌നേഹമുള്ളവന്‍ ആരുമില്ല എന്നാണ്.

ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ പ്രീതിയിലാണ് അല്ലാഹുവിന്റെ പ്രീതി എന്നും അദ്ദേഹം അരുളി. ഇങ്ങനെ നോക്കുമ്പോള്‍ മതം സ്‌നേഹമാണ്. ആത്യന്തിക സ്‌നേഹമാണ് ഭക്തി. സ്‌നേഹവും കരുണയും തന്റെ അയല്‍വാസികള്‍ക്ക് ഒരു നമസ്‌കാരക്കാരനില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില്‍ അവന്‍ മതത്തെ കളവാക്കുകയാണ് ചെയ്യുന്നത്.

Related Articles