Columns

സമുദായത്തിന്റെ കാറ്റ് കളഞ്ഞവരാര്?

ഐക്യത്തോടെ ദൈവിക പാശം മുറുകെ പിടിക്കണമെന്നും ഛിദ്രിക്കരുതെന്നുമാണ് അല്ലാഹു മുസ്‌ലിം സമൂഹത്തെ ഉണര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍, തന്റെ 23 വര്‍ഷത്തെ ജീവിതത്തിനിടയില്‍, ഈ ആജ്ഞ പ്രയോഗവല്‍ക്കരിക്കുകയായിരുന്നു പ്രവാചകന്‍ (സ) ചെയ്തത്. നൂറ്റാണ്ടുകളോളം പരസ്പരം പോരടിച്ചു കൊണ്ടിരുന്ന ഔസ്-ഖസ്രജ് ഗോത്രക്കാരെ ഒരേ മാലയിലെ മുത്തുമണികളായി കോര്‍ത്തു കൊണ്ടായിരുന്നു ലോകത്തിന്റെ മുമ്പില്‍ അവിടുന്നു മാതൃക കാണിച്ചത്. പ്രവാചകനെ(സ)യും അനുയായികളെയും വളരെയധികം വ്യാകുലപ്പെടുത്തിയ അപവാദ സംഭവത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ ചിലര്‍, അബൂബക്കര്‍ സിദ്ദീഖിന്റെ ആനുകൂല്യം പറ്റിക്കൊണ്ടിരിക്കുന്നവരായിരുന്നു. സ്വാഭാവികമായും സിദ്ദീഖിനെ ഈ സംഭവം ചൊടിപ്പിച്ചു. അയാള്‍ക്കുള്ള ആനുകൂല്യം നിറുത്തിവെച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. പക്ഷെ, ഈ നിലപാടിനെ ആക്ഷേപിച്ചു കൊണ്ട് ഉടനെ ഖുര്‍ആന്‍ അവതരിക്കുകയായിരുന്നു. അദ്ദേഹമാകട്ടെ, ഉടനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയും ആനുകൂല്യം തുടരുകയും ചെയ്തു.

അതെ, അതീവ ഗുരുതരമായ പ്രശ്‌നങ്ങളില്‍ പോലും, ഐക്യത്തിന്ന് ഹാനികരമായ എന്തും കൈവെടിയുകയെന്ന നിലപാടായിരുന്നു ഇസ്‌ലാം പഠിപ്പിച്ചതും അനുയായികള്‍ അനുവര്‍ത്തിച്ചതും.
എന്നാല്‍, ചിന്താപരമായ കാര്യങ്ങളില്‍ അഭിപ്രായാന്തരം സ്വാഭാവികമാണല്ലോ. കര്‍മശാസ്ത്ര പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ചും. സഹാബികള്‍ക്കിടയില്‍ തന്നെ ഇത് പ്രകടമായിരുന്നു. ഒരു യാത്രയില്‍ രണ്ട് സഹാബികള്‍ ഒരു പ്രശ്‌നത്തില്‍ ഭിന്നാഭിപ്രായക്കാരായി. ഇരുവരും തങ്ങളുടെ വീക്ഷണമനുസരിച്ചു പ്രവര്‍ത്തിച്ചു. തിരിച്ചെത്തിയപ്പോള്‍ നബി(സ)യുടെ മുമ്പില്‍ പ്രശ്‌നമവതരിപ്പിച്ചു. ഇരുവരുടെ അഭിപ്രായങ്ങളും സ്വീകരിച്ചു കൊണ്ടുള്ള നിലപാടായിരുന്നു അവിടുന്നു കൈകൊണ്ടത്.
തിരുമേനി(സ)ക്ക് ശേഷം ഈ അവസ്ഥ സംജാതമാവുക തികച്ചും സ്വാഭാവികം. കാരണം, തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വിധി നല്‍കാന്‍ അവിടുന്നില്ലല്ലോ. അതിനാല്‍ തന്നെ, നിരവധി പ്രശ്‌നങ്ങളില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടായി. സുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് ഓതുന്നവര്‍ അവരിലുണ്ടായിരുന്നു; ഓതാത്തവരുമുണ്ടായിരുന്നു; നമസ്‌കാരത്തില്‍ ഫാതിഹ ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു; ഫാതിഹയില്‍ തന്നെ ബിസ്മി ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു; സ്ത്രീ സ്പര്‍ശം കാരണം വുദു ചെയ്യുന്നവരും ചെയ്യാത്തവരുമുണ്ടായിരുന്നു; വേവിച്ച ഭക്ഷണം കഴിച്ചതിനാലും, ഒട്ടക മാംസം ഭക്ഷിച്ചതിനാലും വുദു ചെയ്യുന്നവരും അല്ലാത്തവരുമുണ്ടായിരുന്നു; ഇങ്ങനെ എത്രയെത്ര പ്രശ്‌നങ്ങള്‍! ഓരോരുത്തരും തങ്ങള്‍ക്ക് മനസ്സിലായത് പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇതിനെതിരെ ഫത്‌വ നല്‍കാനോ, ആക്ഷേപിക്കാനോ, ഖണ്ഡിക്കാനോ ആരും മുതിര്‍ന്നില്ല. ആശയ വൈവിധ്യങ്ങളോടെ തന്നെ, ഒരു ചീര്‍പ്പിന്റെ പല്ലുകള്‍ കണക്കെ, ഐക്യം കാത്തു സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

വിശ്വാസം, ജ്ഞാനം, ആത്മാര്‍ത്ഥത എന്നിവയാല്‍ നയിക്കപ്പെട്ടിരുന്ന താബിഉകളും ഇമാമുമാരും ഈ പാത തന്നെ പിന്തുടരുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. നമസ്‌കരിച്ചു കൊണ്ടിരിക്കുന്ന ഇമാമിന്റെ മൂക്കില്‍ നിന്ന് രക്തം പ്രവഹിച്ചാല്‍, അയാളെ തുടരാമോ എന്ന് ഇമാം ഇബ്‌നു ഫദലിനോടൊരാള്‍ ചോദിച്ചു. ഇമാം മാലിക്കിന്റെയും സൈഇദ് ബിന്‍ മുസയ്യിബിന്റെയും പിന്നില്‍ നമസ്‌കരിക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം. സുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് അബ്ആദ്  മറന്നു പോയാല്‍ സഹ്‌വിന്റെ സുജൂദ് കൊണ്ട് പരിഹരിക്കാവുന്നത്  സുന്നത്താണെന്നാണ് ഇമാം ശാഫിയുടെ വീക്ഷണം. ഇമാം അബൂഹനീഫയാകട്ടെ, സുന്നത്തല്ലെന്ന അഭിപ്രായക്കാരനാണ്. പക്ഷെ, അബൂഹനീഫയുടെ ഖബര്‍ നിലകൊള്ളുന്ന നാട്ടില്‍ വെച്ചു നമസ്‌കരിച്ചപ്പോള്‍ ഇമാം ശാഫി ഖുനൂത് ഒഴിവാക്കുകയായിരുന്നു. സഹ്‌വിന്റെ സുജൂദ് കൊണ്ട് പരിഹരിച്ചതുമില്ല. അബൂഹനീഫയോടുള്ള ആദര സൂചകമായാണ് താനങ്ങനെ ചെയ്തതെന്നായിരുന്നു, ശിഷ്യരുടെ ചോദ്യത്തിന്നദ്ദേഹം നല്‍കിയ മറുപടി. ഒരിക്കല്‍, ഇമാം അബൂ യൂസുഫ് ജുമുഅക്ക് നേതൃത്വം നല്‍കി. താന്‍ കുളിച്ച വെള്ളമെടുത്ത കിണറ്റില്‍ ഒരു എലിയുടെ ശവമുണ്ടായിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞത്, ആളുകള്‍ ജുമുഅ കഴിഞ്ഞു പിരിഞ്ഞു പോയ ശേഷമായിരുന്നു. വെള്ളം രണ്ട് ഖുല്ലത്ത് തികഞ്ഞാല്‍ മലിനമാവുകയില്ലെന്ന മദീന സുഹൃത്തുക്കളുടെ വീക്ഷണം നമുക്ക് സ്വീകരിക്കാമെന്നായിരുന്നു അപ്പോള്‍ അദ്ദേഹത്തിനെ നിലപാട്.
‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’ എന്ന പ്രശസ്ത കൃതിയില്‍, ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ഇതാണ് ഏറ്റവും സൂക്ഷ്മത’, ‘ഇതാണ് ഏറ്റവും മുന്‍ഗണനയര്‍ഹിക്കുന്നത്’, ‘എനിക്കേറ്റവും ഇഷ്ടപ്പെട്ട വീക്ഷണം ഇതാണ്’ എന്നിങ്ങനെ, വളരെ വിനയത്തോടും ആദരവോടും കൂടിയായിരുന്നു, തങ്ങളുടെ അഭിപ്രായങ്ങള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നത്.

എന്നാല്‍, പിന്നീട് ഈമാന്‍ ദുര്‍ബലമായി തീരുകയായിരുന്നു; ജ്ഞാനം കുറയുകയും ചെയ്തു. ഇതോടെ, തങ്ങളുടെ ഇമാമുകള്‍ ഇഷ്ടപ്പെടുകയോ, മുന്‍ഗണന നല്‍കുകയോ ചെയ്ത അഭിപ്രായങ്ങളില്‍ പിടിച്ചു തൂങ്ങുകയും അല്ലാത്തവയെല്ലാം തള്ളിക്കളയുകയും ചെയ്യുന്ന നിലപാടാണ് പില്‍ക്കാല പണ്ഡിതന്മാര്‍ കൈകൊണ്ടത്. അതിനാല്‍ തന്നെ, എതിരഭിപ്രായക്കാരെ അവര്‍ വിമര്‍ശിക്കുകയും പുഛിക്കുകയും ഖണ്ഡിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുകളില്‍ സൂചിപ്പിച്ചത് പോലെ, മദ്ഹബിന്റെ ഇമാമുകള്‍ പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയുമായിരുന്നു ചെയ്തിരുന്നതെങ്കില്‍, എതിരഭിപ്രായക്കാരെ നേരിടുന്നതിലാണ് പില്‍ക്കാല പണ്ഡിതന്മാര്‍ തങ്ങളുടെ ഊര്‍ജ്ജം ചെലവഴിക്കുന്നത്. ഇരു പക്ഷത്തെയും ഇമാം ഗസാലി താരതമ്യം ചെയ്യുന്നതിങ്ങനെ:
‘ആരാധനാ നിമഗ്‌നരും വിരക്തരും പാരത്രിക ജ്ഞാനികളും ജനോപകാര കാര്യങ്ങളെകുറിച്ച് അറിവുള്ളവരുമായിരുന്നു അവര്‍. ഈ ജ്ഞാനം വഴി ദൈവിക പ്രീതി മാത്രമെ അവര്‍ കാംക്ഷിച്ചിരുന്നുള്ളു. പക്ഷെ, അഞ്ചില്‍ ഒരു കാര്യത്തില്‍ മാത്രമെ ആധുനിക പണ്ഡിതര്‍ അവരെ അനുകരിക്കുന്നുള്ളു. കര്‍മ ശാസ്ത്രത്തിന്റെ ശാഖാപരമായ കാര്യങ്ങളിലെ അതീവ സൂക്ഷ്മതയത്രെ അത്. കാരണമുണ്ട്. മറ്റു നാലു കാര്യങ്ങളും പാരത്രിക ലോകത്തിന്നു മാത്രം പ്രയോജനകരമാണ്. ഇതാകട്ടെ, ഇഹത്തിലും പരത്തിലും പ്രയോജനകാരിയാണ്. ഇത് വഴി പരലോകം ലക്ഷ്യം വെച്ചാലാകട്ടെ, ഐഹിക ഗുണം കുറഞ്ഞു പോവുകയും ചെയ്യും. ഇക്കാര്യത്തില്‍ ഭഗീരഥ യത്‌നം നടത്തുന്ന ഇവര്‍, പൂര്‍വസൂരികളായ ആ പുണ്യാത്മാക്കളോട് സദൃശരാണ് തങ്ങളെന്നാണവകാശപ്പെടുന്നത്. മാലാഖമാരും കരുവാന്മാരും തമ്മിnുള്ള അന്തരം എത്ര വിദൂരമാണ്! [ഇഹ്‌യാ ഉലൂമിദ്ദീന്‍]അതെ, പൂര്‍വസൂരികളെ നയിച്ചിരുന്നത് വിശ്വാസവും ജ്ഞാനവും ആത്മാര്‍ത്ഥതയുമായിരുന്നെങ്കില്‍, അജ്ഞതയും സ്വാര്‍ത്ഥതയുമാണ് പിന്‍ഗാമികളെ നയിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ ഇന്നത്തെ ശൈഥില്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ ഈ വസ്തുത ശരിക്കും വ്യക്തമാകും. അല്ലാഹു പറയുന്നു:
‘അല്ലാഹുവിനെയും അവന്റെ ദൂതരെയും അനുസരിക്കുക. നിങ്ങളന്വേന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍, നിങ്ങളുടെ കാറ്റു പോകും’. (അല്‍ അന്‍ഫാല്‍: 46)
അതെ, സമുദായത്തിന്റെ കാറ്റ് നഷ്ടപ്പെട്ടിരിക്കുന്നു. അജ്ഞതക്കും സ്വാര്‍ത്ഥതക്കും അടിമപ്പെട്ട പണ്ഡിതന്മാരും അവരെ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന സമുദായ നേതൃത്വവുമല്ലാതെ, മറ്റാരുമല്ല അതിനുത്തരവാദികള്‍.

Facebook Comments
Related Articles
Show More

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Check Also

Close
Close
Close