Current Date

Search
Close this search box.
Search
Close this search box.

ശവ്വാലമ്പിളിക്ക് എന്തൊരഴക്?

സ്വര്‍ഗത്തിലേക്കുള്ള അല്ലാഹുവിന്റെ ക്ഷണത്തിന് കഴിവിന്റെപടി ഉത്തരം നല്‍കിയ സത്യവിശ്വാസികള്‍ ശവ്വാല്‍ പൂമ്പിറയെ സ്വാഗതം ചെയ്യുകയാണ്. ഹൃദയത്തില്‍ വിരിഞ്ഞ പ്രതീക്ഷയുടെ പൂവുകള്‍ക്ക് ഭക്തിയുടെ നറുമണം. അല്ലാഹു അക്ബര്‍.

അവര്‍ക്ക് രണ്ടുതരം വസ്ത്രങ്ങളുണ്ട്. കടകളില്‍ നിന്ന് വാങ്ങിയ പുതുവസ്ത്രമാണൊന്ന്. രണ്ടാമത്തേത് ഖുര്‍ആനില്‍ നിന്ന് നേടിയെടുത്ത തഖ്‌വയുടെ-ഭക്തിയുടെ- വസ്ത്രം. ഭക്തിയുടെ വസ്ത്രമില്ലെങ്കില്‍ മറ്റുവസ്ത്രങ്ങള്‍ കൊണ്ട് കാര്യമില്ല. കാരണം, ഈ ആഘോഷം തുടങ്ങുന്നത് അല്ലാഹു അത്യുന്നതനാണ് എന്ന ദൃഢ പ്രഖ്യാപനത്തോടെയാണ്. പ്രാര്‍ഥനാ വേദിയിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഈ ദിവ്യമന്ത്രം അവര്‍ ഉരുവിടുന്നു. അങ്ങനെ നോക്കുമ്പോള്‍ ഭക്തിയുടെ ആഘോഷമാണിത്. എന്നാല്‍ പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും മാത്രം പോരാ എന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. അത് മനസ്സിലാക്കിക്കൊണ്ട് അവന്റെ തിരുദൂതന്‍ മുഹമ്മദ്(സ) പറഞ്ഞു : പെരുന്നാള്‍ ദിനങ്ങളില്‍ നോമ്പ് അനുഷ്ഠിക്കരുത്. അനുഷ്ഠിച്ചാല്‍ അല്ലാഹു കോപിക്കും. നോമ്പ്, അല്ലാഹു അടിമകളില്‍ നിന്ന് ആവശ്യപ്പെടുന്ന ഇഷ്ടപ്പെടുന്ന കര്‍മ്മമായിരുന്നിട്ടും പെരുന്നാള്‍ ദിനത്തില്‍ എന്തുകൊണ്ടത് നിഷിദ്ധമായി എന്ന ചോദ്യത്തിന്റെ ഉത്തരം, ഇസ്‌ലാം പ്രകൃതി മതമാണ് എന്നതാണ്. ആഘോഷം കൊണ്ടാടാനുള്ള ആഗ്രഹം മനുഷ്യന്റെ പ്രകൃതത്തില്‍ പെട്ടതാണ്. അതിന്നു വകുപ്പില്ലെങ്കില്‍ ആ മതം വരണ്ട മതമായി മാറും. അതിനാല്‍ പെരുന്നാളിന്ന് വിശേഷ ഭക്ഷണമുണ്ടാക്കണം, പുതുവസ്ത്രം വേണം, അതിനാല്‍ സുഗന്ധം വേണം.

വസ്ത്രത്തിലെ സുഗന്ധം അത് അണിയുന്നവന് മാത്രം മണക്കാനുള്ളതല്ല. മറ്റുള്ളവര്‍ക്ക് കൂടിയുള്ളതാണ്. അതുപോലെ പെരുന്നാളിലെ ഭക്തി സുഗന്ധം താനറിയണം. അന്യരും അറിയണം. അതെങ്ങനെ? നമസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പ് ഗൃഹനാഥന്‍ തന്റെ പരിപാലനത്തില്‍പെട്ട ഓരോ ആളുടെ പേരിലും രണ്ടുകിലോ വീതം ഭക്ഷ്യധാന്യം ദാനം ചെയ്യുന്നത് ഭക്തിയുടെ സുഗന്ധമുളവാക്കുന്നു. അത് കിട്ടുന്ന ദരിദ്രന്‍ ദാനം തന്നവന്റെ ഭക്തിയുടെ സുഗന്ധമറിയുന്നു, ദാനവും സകാത്തും ലഭിച്ചവന്‍ അത് തന്നവന് അല്ലാഹു പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുമ്പോള്‍ അവന്റെയും ഭക്തി സുഗന്ധം ദാനം ചെയ്തവന്ന് അറിയാന്‍ കഴിയുന്നു. ഈ രീതിയിലുള്ള ഒരാഘോഷം ഇസ്‌ലാമില്‍ മാത്രമേയുള്ളൂ എന്ന് പറയുമ്പോള്‍ അത് അര്‍ഥമില്ലാത്ത അവകാശവാദമായി ആരും കാണരുത്, അത് വസ്തുതയാണ്. പ്രവാചകന്റെ സന്നിധിയില്‍ പെരുന്നാളിന് പാട്ടുപാടിയ പെണ്‍കുട്ടികളെ അബൂബക്കര്‍(റ) വിലക്കിയപ്പോള്‍ നബി തിരുമേനി(സ) പറഞ്ഞത് ‘അവരെ പാടാന്‍ വിടൂ അബൂബക്കര്‍, ഇന്ന് ആഘോഷ ദിനമാണ്’ എന്നാണ്. അതെ, ഇസ്‌ലാം പ്രകൃതി മതം തന്നെ.

എന്നാല്‍ ആഘോഷം പരിധിവിടരുത്. ഭക്തിക്കു നിരക്കാത്ത, സംസ്‌കാരത്തിന് അനുഗണമല്ലാത്ത ഒന്നും ഇസ്‌ലാമിന്റെ ആഘോഷത്തില്‍ ഉണ്ടാവരുത്. അല്ലാഹുവിന്റെ നാമത്തെ വിസ്മരിക്കുന്ന ഒന്നും ഇതില്‍ പാടില്ല.

റമദാനില്‍ വിശ്വാസി ശ്രമിച്ചത് വ്രതാനുഷ്ഠാനത്തിലൂടെ ഒരു പരിച നേടാനായിരുന്നുവല്ലോ. ആ പരിച ശവ്വാല്‍പ്പിറവിയില്‍ വലിച്ചെറിയരുത്. പരിചയുടെ ധര്‍മം യുദ്ധത്തില്‍ ശത്രുവിന്റെ വെട്ട് തടുക്കലാണ്. അവന്റെ ശത്രു പിശാചാണ്. അവന്‍ എന്നും അക്രമണം നടത്തിക്കൊണ്ടിരിക്കും. അവന്റെ വാളിന്ന് അപകടകരമായ ഒരു പ്രത്യേകതയുണ്ട്. അതു വാളാണെന്ന് തോന്നുകയില്ല. അത് പൂമാലയാണെന്നാണ് അവന്‍ തോന്നിക്കുക. വാളിനെ പൂമാലയെന്ന് തെറ്റിദ്ധരിച്ചു പോയാല്‍ അതിനേക്കാള്‍ വലിയ അപകടം മറ്റൊന്നില്ല. വ്രതമാസത്തെ പരിശീലനം കൊണ്ട് പിശാചിന്റെ തെറ്റിദ്ധരിപ്പിക്കല്‍ മനസ്സിലാക്കാന്‍ വിശ്വാസിക്കു കഴിയും. അത് മനസ്സിലായ ഉടനെ പരിചയെടുക്കണം. പിശാചിനെ കീഴ്‌പ്പെടുത്തണം.

വ്രതാനുഷ്ഠാനവും ദാനധര്‍മ്മവും പ്രാര്‍ഥനകളും വഴി ലാഭകരമായ കച്ചവടമായിരുന്നല്ലോ വിശ്വാസികള്‍ ചെയ്തിരുന്നത്. ആ ലാഭം നഷ്ടപ്പെടുത്തരുത്. അതിലേക്ക് പുതിയ ലാഭം ചേര്‍ക്കാനാണ് ശ്രമിക്കേണ്ടത്. പെരുന്നാല്‍ എന്ന ഒറ്റ ദിനം കൊണ്ട് റമദാനില്‍ നേടിയ ലാഭം മുഴുവന്‍ നഷ്ടപ്പെട്ടാലോ? മദ്യപിക്കാത്ത ആളുകളും ‘ആഘോഷ ദിനമല്ലേ, അല്‍പം ഒരു ഹരത്തിന്’ എന്ന് പറഞ്ഞ് മദ്യപിക്കുന്ന സമ്പ്രദായം ചില സമൂഹങ്ങളിലുണ്ട്. അത് മുസ്‌ലിംകള്‍ കടമെടുക്കരുത്. മുസ്‌ലിംകളില്‍ നിന്ന് നല്ലത് പകര്‍ത്താന്‍ അവസരമൊരുക്കണം. അത്തരത്തിലുള്ളതാകട്ടെ ഈദുല്‍ ഫിത്വര്‍. അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്.

Related Articles