Columns

വിദ്യാര്‍ഥികളോട്

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വ്യക്തിത്വത്തിന്റെ സംസ്‌കരണവും വളര്‍ച്ചയുമാണ്. ഓരോ വ്യക്തിയിലും ഒരു വലിയ ലോകം തന്നെയുണ്ട്. മനുഷ്യന്‍ കേവലം ശരീരം മാത്രമല്ല; ശരീരവും ആത്മാവും കൂടിച്ചേര്‍ന്ന ഒന്നാണ്. ബുദ്ധിശക്തിയും സര്‍ഗവാസനയും കായിക ശേഷിയും മനുഷ്യനില്‍ നിറഞ്ഞു കിടക്കുന്നുണ്ട്. ബുദ്ധിക്ക് തന്നെ ഒട്ടേറെ തലങ്ങളുണ്ട്. ഗ്രാഹ്യശക്തി, ഹൃദിസ്ഥമാക്കാനുള്ള കഴിവ്, ചിന്താപരമായ കരുത്ത് തുടങ്ങിയ വിവിധ തലങ്ങള്‍. കലാപരമായ സര്‍ഗശക്തിക്കും വിവിധ തലങ്ങളുണ്ട്. ചിത്രം വരയ്ക്കാനുള്ള കഴിവല്ല സാഹിത്യ രചനയ്ക്കുള്ളത്. അഭിനയകല തികച്ചും വ്യത്യസ്ഥമായ മറ്റൊന്നാണ്. അതുപോലെ കായിക ശേഷിക്കും വിവിധ തലങ്ങളുണ്ട്. വിദ്യാഭ്യാസം കൊണ്ട് എല്ലാ കഴിവുകളുടെയും സമഗ്രമായ പുരോഗതിയാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ എല്ലാ കഴിവുകളും സന്തുലിതമായും സമഗ്രമായും നല്ല രീതിയില്‍ വളര്‍ന്നു വരേണ്ടതുണ്ട്. മതം മാത്രം പഠിച്ചാല്‍ പോരാ, ചരിത്രവും സാഹിത്യവും പഠിക്കേണ്ടതുണ്ട്. മതത്തിലെ തന്നെ വ്യത്യസ്ഥ ചിന്താധാരകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രത്തിലെയും എല്ലാം പഠിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ നമ്മുടെ വ്യക്തിത്വത്തിന് വിശാലതയും സന്തുലിതത്വവും ഉണ്ടാവുകയുള്ളൂ.

ഒന്നാമതായി ശരിയായ ഒരു പ്രപഞ്ചവീക്ഷണം മനസ്സില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല. ഇതിനൊരു സ്രഷ്ടാവുണ്ട്. അവന്‍ സൃഷ്ടിക്കുകയും സംവിധാനിക്കുകയും മാത്രല്ല ചെയ്തിട്ടുള്ളത്. എല്ലാറ്റിനും നിയമങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിരിക്കുന്നു. അവന്‍ തന്നെ നിശ്ചയിച്ച നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമനുസരിച്ച്, ഈ പ്രപഞ്ചത്തെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും അവനാണ്.

മനുഷ്യന്‍ അല്ലാഹുവിന്റെ സൃഷ്ടികളിലെ രാജപുഷ്പമാണ്. മനുഷ്യനെ സ്രഷ്ടാവായ ദൈവം പ്രപഞ്ചത്തിന്റെ ഒരു ഭാഗമായ ഭൂമിയിലെ തന്റെ പ്രതിനിധിയായി നിശ്ചയിച്ചിരിക്കുന്നു. ആ പ്രാധിനിത്യം നിര്‍വഹിക്കാന്‍ ആവശ്യമായ കഴിവുകളും മാര്‍ഗദര്‍ശനവും മനുഷ്യന് അല്ലാഹു നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا

‘നാം നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിക്കുകയും അതിന്റെ പരിപാലകരായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.’
‘ഇസ്തിഅ്മാര്‍’ എന്നാല്‍ നിര്‍മാണവും മോടികൂട്ടലും പരിപാലിക്കലുമാണ്. പദാര്‍ഥങ്ങളെ സംബന്ധിച്ച് പഠനം നടത്താനും രാസപ്രക്രിയയിലൂടെ പദാര്‍ഥങ്ങള്‍ക്ക് ഉറപ്പും ഭംഗിയും വരുത്താനും തന്റെ ജീവിതത്തെ കൂടുതല്‍ സുന്ദരവും സുഖകരവും ആക്കിത്തീര്‍ക്കാനുള്ള വാസന മനുഷ്യ പ്രകൃതിയില്‍ നിലീനമായിട്ടുണ്ട്. ആ വാസനയും കഴിവും ഉപയോഗിച്ചുകൊണ്ട് മനുഷ്യന് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട പുതിയ പുതിയ നാഗരികതകള്‍ കെട്ടിപ്പടുക്കാവുന്നതാണ്. ഇതിനെല്ലാം ആവശ്യമായ വിദ്യാഭ്യാസമാണ് മനുഷ്യന് നല്‍കേണ്ടത്. അല്ലാഹു പറയുന്നു:

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ

‘മരണവും ജീവിതവും അവന്‍ സൃഷ്ടിച്ചു. നിങ്ങളിലാരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക എന്ന് പരീക്ഷിക്കാന്‍ വേണ്ടി.’
ഓരോ മനുഷ്യനും മരിച്ച് പോകുന്നതുപോലെ ഈ പ്രപഞ്ചവും ഒരിക്കല്‍ നശിക്കും. പിന്നീട് പ്രപഞ്ചത്തെയും മനുഷ്യനെയും വീണ്ടും സൃഷ്ടിക്കും. അവിടെ വെച്ച് മനുഷ്യനെയും വീണ്ടും സൃഷ്ടിക്കും. അവിടെ വെച്ച് മനുഷ്യന്‍ വിചാരണ ചെയ്യപ്പെടും. പരീക്ഷണത്തില്‍ വിജയം വരിച്ചവര്‍ക്ക് ശാശ്വതമായ സ്വര്‍ഗവും ഉയര്‍ന്ന സ്ഥാനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും പ്രധാനം ചെയ്യപ്പെടും. ഇതാണ് ശരിയായ പ്രപഞ്ചവീക്ഷണം. ഈ പ്രപഞ്ച വീക്ഷണം കുട്ടികളുടെ മനസ്സില്‍ സുദൃഢമാവേണ്ടതുണ്ട്. എന്നാല്‍ മാത്രമെ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ദുഃഖകരമായ സംഗതി, മേല്‍ പറഞ്ഞ യാഥാര്‍ഥ്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് തനി ഭൗതികാടിത്തറയില്‍ സ്ഥാപിതമായ വിദ്യാഭ്യാസ രീതിയാണ് ഇന്ന് നിലനില്‍ക്കുന്നത്.

പദാര്‍ഥത്തിനപ്പുറം ഒരു പരമാര്‍ഥവുമില്ല എന്ന നാസ്തിക ഭൗതിക വാദമാണ് ഇന്നത്തെ പൊതു വിദ്യാഭ്യാസത്തിന്റെ അടിത്തറ. മനുഷ്യനെ ഒരു വെറും മൃഗമായി കാണുന്ന വിദ്യാഭ്യാസം. അവന്റെ വിവിധ പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനത്തിന് മാത്രമാണ് ഇന്ന് വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഫലമോ പഠിപ്പുള്ളവര്‍ കൂടുതല്‍ മോശക്കാരായി മാറുന്നു. എല്ലാ ശാസ്ത്രങ്ങളും നിര്‍മാണത്തേക്കാള്‍ സംഹാരത്തിനാണ് ഉപകരിക്കുന്നത്. സകല വിജ്ഞാനങ്ങളും ഉപകാരത്തേക്കാള്‍ ഉപദ്രവത്തിനായി മാറിയിട്ടുണ്ട്.

അല്ലാഹു പറഞ്ഞതുപോലെ സൃഷ്ടിച്ച റബ്ബിന്റെ പേരിലാണ് വായനയും പഠനവും തുടങ്ങേണ്ടത്. അപ്പോള്‍ മാത്രമാണ് വിദ്യാഭ്യാസം ലക്ഷ്യത്തിലെത്തുക. മതവും ചരിത്രവും ശാസ്ത്രങ്ങളും കലയും സാഹിത്യവും എല്ലാം അഭ്യസിപ്പിക്കപ്പെടണം. കായികമായ വളര്‍ച്ചയ്ക്ക് ആവശ്യമായ വിനോദങ്ങളും അഭ്യാസങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. ഇപജീവനത്തിന് വിവിധ തൊഴിലുകളിലും പരിശീലനം നല്‍കപ്പെടണം. ആത്മീയ വളര്‍ച്ചയ്ക്കും ദൈവ സാമീപ്യവും ദൈവപ്രീതിയും മോക്ഷവും നേടാനുള്ള മാര്‍ഗങ്ങളും അഭ്യസിക്കപ്പെടണം.

ഭൗതികവാദത്തിന്റെയും മനുഷ്യ നിര്‍മ്മിത മത സങ്കല്‍പ്പങ്ങളുടെയും പൊള്ളത്തരവും അനര്‍ഥങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇഹലോകത്ത് മെച്ചപ്പെട്ട ജീവിതവും നല്ല നാഗരികതയും കെട്ടിപ്പടുക്കാനും മനുഷ്യ ലക്ഷ്യമായ ദൈവപ്രീതിയും പരലോക വിജയവും നേടിയെടുക്കാനും കഴിയുകയുള്ളൂ.

* മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സി.ടി. സാദിഖ് മൗലവിയില്‍ നിന്നും കേട്ടെഴുതി തയ്യാറാക്കിയത്.

Facebook Comments
Related Articles
Close
Close