Columns

വിഗ്രഹാരാധനയെ എതിര്‍ക്കുന്നതെന്തുകൊണ്ട്?

വിഗ്രഹാരാധനയേയോ വിഗ്രഹാരാധകരേയോ എതിര്‍ക്കുക എന്നതല്ല ഇസ്‌ലാമിന്റെ നിലപാട്. കാരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു: ‘അല്ലഹുവിനെ (ദൈവത്തെ) കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന വസ്തുക്കളെ നിങ്ങള്‍ ആക്ഷേപിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അറിവില്ലാതെ, അവര്‍ അല്ലാഹുവിനെയും (ദൈവത്തെയും) ആക്ഷേപിക്കും.’ (8: 108)

മാത്രമല്ല, വിശ്വാസ സ്വാതന്ത്ര്യം ദൈവം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. അത് സംബന്ധമായി ഖുര്‍ആന്‍ പറയുന്നു: ‘ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.’ (18: 29) ഈ വിശ്വാസ സ്വാതന്ത്ര്യം നിലനില്‍ത്തി കൊണ്ടുള്ള സാമൂഹ്യഘടനയാണ് ദൈവനിശ്ചയമെന്ന് ഖുര്‍ആനിലെ 22: 40 വചനം വ്യക്തമാക്കുന്നുണ്ട്:
‘ജനങ്ങളില്‍ ചിലരെ കൊണ്ട് ചിലരെ പ്രതിരോധിക്കുക എന്ന നടപടിക്രമം ദൈവത്തിനില്ലായിരുന്നെങ്കില്‍ ജൂത-ക്രൈസ്തവ ദേവാലയങ്ങളും മഠങ്ങളും ദൈവിക നാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെട്ടേനെ.’

അതിനാല്‍ വിഗ്രഹാരാധനയെ ഇസ്‌ലാം എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന ചോദ്യത്തെ, ഇസ്‌ലാമില്‍ വിഗ്രഹാരാധന ഇല്ലാത്തതെന്തുകൊണ്ട് എന്ന് തിരുത്തേണ്ടി വരുന്നു. അതിന്റെ കാരണങ്ങള്‍ പലതാണ്.

അതിലൊന്ന്, യഥാര്‍ഥ ദൈവമായ സ്രഷ്ടാവ് മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നതാണ്.

ദൈവം സ്രഷ്ടാവും അദൃശ്യനും ഏകനുമാണ്. വിഗ്രഹങ്ങളാകട്ടെ സൃഷ്ടിയും ദൃശ്യവും പല രൂപത്തിലുള്ളതുമാണ്. അതിനാല്‍ സ്രഷ്ടാവും അദൃശ്യനുമായ ഏകദൈവത്തെ സൃഷ്ടിയും ദൃശ്യവുമായ പല രൂപങ്ങളില്‍ സങ്കല്‍പിക്കുമ്പോള്‍ ദൈവത്തെ സംബന്ധിച്ച് വികലമായ ധാരണ രൂപപ്പെടുന്നു. ദൃശ്യപ്രതീകങ്ങളില്‍ അദൃശ്യ ദൈവത്തെ സങ്കല്‍പിക്കല്‍ യുക്തമല്ലെന്നര്‍ഥം.

ഒരു മനുഷ്യനെ പോലും ഒരു വിഗ്രഹത്തിലൊതുക്കാന്‍ സാധ്യമാവുകയില്ല. ഒരു മഹാകവി അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒതുങ്ങുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തെ കണ്ടതു കൊണ്ടുമാത്രം അദ്ദേഹത്തിന്റെ കവിത്വത്തെയും മഹത്വത്തെയും അളക്കാനാവില്ല. അദ്ദേഹം മരണപ്പെട്ടാല്‍ ഒരു പ്രതിമ ഉണ്ടാക്കി അതിലദ്ദേഹത്തെ ഒതുക്കാന്‍ ഒരു നിലക്കും സാധ്യമാവില്ല എന്നിരിക്കെ കോടാനുകോടി കവികളെയും കലാകാരന്‍മാരെയും സൃഷ്ടിച്ച, അണ്ഡകടാഹം മുഴുവന്‍ സൃഷ്ടിച്ച ദൈവത്തെ എങ്ങനെ വിഗ്രഹത്തില്‍ ഒതുക്കും?

വേദ പണ്ഡിതന്‍ ദയാനന്ദ സ്വരസ്വതി ഇത് സംബന്ധമായി പറയുന്നു: പരമേശ്വരന്‍ സര്‍വവ്യാപിയായിക്കേ ഒരു വസ്തുവില്‍ മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്‍പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്‍പിക്കാതിരിക്കുകയും ചെയ്യുന്നത്, ചക്രവര്‍ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില്‍ നിന്നും പൃഥക്കരിച്ചു ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നത് പോലെയാണ്. അത് ഒരു സര്‍വഭൗമന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക.’ (സത്യാര്‍ഥ പ്രകാശം, പേ. 515)

ദൈവം മനുഷ്യന്റെ കണ്ഠനാഡിയേക്കാള്‍ അടുത്താണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. (50: 16) അടുത്തുള്ള ദൈവത്തെ അകലെ സങ്കല്‍പിക്കുന്നത് സദാസമയവും ദൈവസാമീപ്യമുണ്ടെന്ന ബോധത്തെ പ്രതികൂലമായി ബാധിക്കുന്നു. വിശ്വാസികളും ദൈവവും തമ്മില്‍ അകലമുള്ളിടത്താണ് പൗരോഹിത്യവും ഇടനിലക്കാരും ഉടലെടുക്കുന്നത്. ദൈവത്തിന്റെ പേരില്‍ ജാതിമേല്‍ക്കോയ്മ അടക്കം സാമ്പത്തിക ചൂഷണങ്ങള്‍ വരെ നടമാടാന്‍ ഇത് കാരണമാകും.

മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും ജീവിതത്തിന്റെ ലക്ഷ്യവും പഠിപ്പിക്കുമ്പോള്‍ മനുഷ്യന്‍ സങ്കല്‍പിച്ചുണ്ടാക്കുന്ന ദൈവങ്ങള്‍ ജീവിതത്തിലെ പല ലക്ഷ്യങ്ങള്‍ നേടാനുള്ള കുറുക്കുവഴികളായിട്ടാണ് നിലകൊള്ളുക. ‘കാര്യസാധ്യം’ എന്ന ഭൗതിക താല്‍പര്യമായിരിക്കും സകല നേര്‍ച്ച വഴിപാടുകളുടെയും ലക്ഷ്യം.

ദൈവത്തിന്റെ പേരില്‍ വിഗ്രഹ നിര്‍മാണം സാധ്യമല്ലെന്ന് ഖുര്‍ആന്‍ മാത്രമല്ല മറ്റു വേദങ്ങളും പറയുന്നുണ്ട്:
‘ആരുടെ നാമസ്മരണമാണോ മഹത്തായ യശസ്സിന് കാരണമാകുന്നത്, അവന്റെ പ്രതിമ, അളവുകോല്‍, തത്തുല്യസാധനം, പൃകത്, ആകൃകി ഇല്ല.’ (യജുര്‍വേദം 32: 3)
‘ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടുപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോട് സദൃശമാക്കും? (ബൈബിള്‍, യശയ്യാവ് 40: 18)

പിന്‍കുറി: വിഗ്രഹങ്ങള്‍ ഏകാഗ്രതക്കാണെന്നാണ് വാദമെങ്കില്‍, ഒരു വലിയ ഗര്‍ത്തത്തിലേക്ക് വീഴാന്‍ പോകുന്ന ഒരാള്‍ ‘ദൈവമേ’ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന്റെ ചിത്രമോ വിഗ്രഹമോ വേണ്ടി വരുന്നില്ല. കാരണം അത് ആത്മാവില്‍ നിന്നുണ്ടാകുന്ന വിളിയാണ്. യഥാര്‍ഥ ദൈവത്തോട് യഥാര്‍ഥത്തില്‍ പ്രാര്‍ഥിക്കാന്‍ ഒരു രൂപവും ആവശ്യമില്ലെന്നര്‍ഥം. അന്ധന്‍മാരും ദൈവാരാധന നടത്തുന്നുണ്ടല്ലോ.

സ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ?

നമസ്കാരം

Facebook Comments

ജി.കെ എടത്തനാട്ടുകര

ഗിയാസ് ഖുതുബ് എന്ന് പൂര്‍ണ നാമം. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ദഅ്‌വ വകുപ്പ് സെക്രട്ടറിയായി സേവനം ചെയ്യുന്നു. പ്രാസംഗികനും എഴുത്തുകാരനുമായ ജി.കെ. പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker