ColumnsTharbiyya

ലോകം ഭരിക്കുന്ന ആര്‍ത്തി

ഖലീഫ ഉമര്‍ പറയുകയുണ്ടായി മദ്യത്തിന് ലഹരിയുള്ളതുപോലെ സമ്പത്തിനും ലഹരിയുണ്ട്. വളരെവേഗത്തില്‍ അടിമപ്പെടുകയും എളുപ്പം മോചനം നേടാന്‍ സാധിക്കാത്തതുമായ ലഹരി സമ്പത്തിനോടും മദ്യത്തോടും മനുഷ്യനുണ്ട്. ചുതാട്ടത്തിനും ഭാഗ്യക്കുറിക്കും അവനെ അടിമപ്പെടുത്തുന്നത് ഈ ഉന്മാദം തന്നെയാണ്. അതില്‍നിന്ന് കരകയറാന്‍ അധികപേര്‍ക്കും സാധിക്കില്ല. സ്വാര്‍ഥതയുടേയും ആര്‍ത്തിയുടേയും ദൂഷിതവലയത്തില്‍നിന്ന് രക്ഷപ്പടാന്‍ കഴിഞ്ഞവരാണ് ഏറ്റവും മികച്ച ഭാഗ്യവാന്മാര്‍. നമുക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കുകൂടി പങ്കുവെക്കുന്ന വിശാലമായ ഒരു മനസ്സ് കൈവരാനാണ് പ്രാര്‍ഥിക്കേണ്ടത്.

പ്രശസ്ത ഫ്രഞ്ച് നേവലിസ്റ്റ് മോപ്പസാങ്ങിന്റെ ‘നെക്ലേസ്’ എന്ന ഒരു കൊച്ചുകഥയുണ്ട്. എളിയവരുമാനക്കാരനായ ഭര്‍ത്താവിന്റേയും ആഡംബരത്തോട് ആര്‍ത്തി തീരാത്ത ഭാര്യയുടേയും കഥ. അവള്‍ക്ക് വലിയവലിയ മോഹങ്ങളാണ്. വിലപിടിച്ച വസ്ത്രാലങ്കാരങ്ങളും ആഭരണങ്ങളുമാണ് അവളുടെ മനസ്സ് നിറയെ. ഭാര്യയുടെ ആഗ്രഹങ്ങള്‍ക്കൊന്നും പാവം ഭര്‍ത്താവ് എതിര്‍ നില്‍ക്കാറില്ല. എങ്ങിനെയെങ്കിലും വിഷമിച്ച് നിറവേറ്റിക്കൊടുക്കും. ഒരിക്കല്‍ ഒരു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ തനക്കില്ലെന്ന് ശഠിച്ച് അവള്‍ മടിച്ചുനിന്നു. പതിവുപോലെ അയാള്‍ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി ഒപ്പിച്ചു. അവളുടെ കൂട്ടുകാരിയില്‍നിന്ന് വിലയേറിയ ഒരു നെക്ലേസ് കടം വാങ്ങി സല്‍ക്കാരത്തില്‍ പങ്കെടുത്തു. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് നെക്ലേസ് നഷ്ടപ്പെട്ടകാര്യം രണ്ടുപേരും അറിയുന്നത്

വലിയ വിലകൂടിയ ആഭരണമാണ് അതെഞ്ഞറിഞ്ഞതോടെ അവര്‍ രണ്ടുപേരും നാട്ടില്‍നിന്നൊളിച്ചോടി. ഒരു പാട് കാലം കഴിഞ്ഞ് നെക്ലേസിന്റെ ഉടമസ്ഥയായ കൂട്ടുകാരി അവരെ കണ്ടുമുട്ടി. ഏതോ ഒരു വീട്ടില്‍ വേലക്കാരിയായി കഴിയുകയായിരുന്നു അപ്പോള്‍ അവള്‍. ആ നെക്ലേസാണ് തന്റേയും ഭര്‍ത്താവിന്റേയും ജീവിതം തുലച്ചതെന്ന് അവള്‍ സങ്കടത്തോടെ വിവരിച്ചപ്പോള്‍ ഞെട്ടിക്കുന്ന ആ വിവരം കൂട്ടുകാരി വെളിപ്പെടുത്തി. ആ നെക്ലേസ്സ് ഒറിജിനലായിരുന്നില്ലെന്ന്. ആര്‍ത്തിയുടെ പരിതാപകരമായ അന്ത്യം.

ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത് പണത്തോടുള്ള ഒടുങ്ങാത്ത മോഹമാണ്. ആരുടേതായാലും എങ്ങിനെയെങ്കിലും വഞ്ചിച്ചും കൊലചെയ്തും സമ്പാദിച്ച് കൂട്ടുക. അധിക ലാഭത്തിനുള്ള മോഹമാണ് നിങ്ങളെ നശിപ്പിച്ചുകളഞ്ഞതെന്ന് ഖുര്‍ആന്‍ എത്രയോ സ്ഥലങ്ങളില്‍ താക്കീത് നല്‍കിയിട്ടുണ്ട്. യൂറോപ്പ് മുതല്‍ സിന്ധുനദീതടം വരെ കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മരണം ആസന്നമായപ്പോള്‍ ഉത്തരവിട്ടു. ‘എന്റെ ശവമഞ്ചം കൊണ്ടുപോകുമ്പോള്‍ രണ്ടുകൈകളും പിറത്തേക്കിടണം. ലോകത്തിന്റെ മുഴുവന്‍ അധിപതിയായി വാണ ചക്രവര്‍ത്തി മരിച്ചുപോകുമ്പോള്‍ വെറും കയ്യോടെയാണ് പോകുന്നതെന്ന് ലോകം കാണട്ടെ.’

Facebook Comments
Related Articles
Show More

മുനഫര്‍ കൊയിലാണ്ടി

കൊയിലാണ്ടി വലിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് മുനഫര്‍ കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത പുത്രന്‍. ജനനം 1933 ഡിസംബര്‍. കൊയിലാണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്‌കൂള്‍ , ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോബെ B.E.S.T, കേരള ഫോറസ്റ്റ് വകുപ്പ്, K.O.T.C കുവൈത്ത്, K.O.T.C ലണ്ടന്‍, സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു. 1991-ല്‍ റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഫീച്ചറുകള്‍, ഫലിത കോളങ്ങള്‍ എന്നിവ എഴുതാറുണ്ട്. 'അഹ്‌ലുബൈത്ത് (പ്രവാചക സന്താന പരമ്പര) ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കര്‍ത്താവാണ്. 2005 മുതല്‍ കോഴിക്കോട് ഹിറാ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.  

Close
Close