Columns

മൗലാന മുഹമ്മദലിയും ലാഹോര്‍ മുഹമ്മദലിയും

ചരിത്രത്തിന് മിഴിവേകിയ മഹാപ്രതിഭ എന്ന തലക്കെട്ടില്‍ സീതിസാഹിബിനെക്കുറിച്ച് ചന്ദ്രിക ആഴ്ചപതിപ്പില്‍ (ലക്കം-27) വന്ന ലേഖനത്തില്‍ ”മൗലാന മുഹമ്മദലിയുടെ ഇംഗ്ലീഷിലുള്ള ഖുര്‍ആന്‍ പരിഭാഷ അദ്ദേഹം കൂടെ കൊണ്ടുനടന്നു” എന്ന പരാമര്‍ശം ശരിയല്ല. മൗലാന മുഹമ്മദലി ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയിട്ടില്ല. ഇങ്ങിനെ ഒരു തെറ്റായ പരാമര്‍ശം മുന്‍പ് പച്ചക്കുതിര മാസികയില്‍ വന്നപ്പോള്‍ അബദ്ധം തിരുത്താന്‍ വേണ്ടി അവര്‍ക്ക് കത്തയച്ചെങ്കിലും അവര്‍ പ്രസിദ്ധീകരിച്ചില്ല. (പലപ്പോഴും പച്ചക്കുതിരയില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്)

ഖാദിയാനി നേതാവായിരുന്ന മുഹമ്മദലിയുടെ(ലാഹോര്‍) പരിഭാഷയെ മൗലാന മുഹമ്മദലിയുടെ പരിഭാഷയെന്ന നിലക്ക് തെറ്റായി ആരെങ്കിലും പരിചയപ്പെടുത്തുന്നുണ്ടോ എന്നറിയില്ല. അത്തരം കുതന്ത്രങ്ങള്‍ ഖാദിയാനികള്‍ നടത്താനിടയുണ്ട്. ഇതേ രൂപത്തിലുള്ള പരാമര്‍ശം രണ്ടു മാസം മുന്‍പ് മറ്റൊരു പ്രസിദ്ധീകരണത്തിലും കാണാനിടയായി. പില്‍ക്കാലത്ത് ഖാദിയാനിസത്തിന്റെ മുഖ്യധാരയോട് ഭിന്നിച്ച് സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തിയാണ് മൗലവി മുഹമ്മദലി. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ഖാദിയാനികളിലെ ലാഹോരി വിഭാഗം അറിയപ്പെടുന്നത്.

മീര്‍സ ഗുലാം അഹ്മദ് ഖാദിയാനി പ്രവാചകനല്ലെന്നാണ് ഈ വിഭാഗത്തിന്റെ ഉറച്ച നിലപാട്. പാകിസ്താനിലെയും ഇന്ത്യയിലെയും ഖാദിയാനികളില്‍ ഒരു വിഭാഗം ലാഹോറി ഗ്രൂപ്പാണ്. സാക്ഷാല്‍ ഖാദിയാനികള്‍ തന്നെ ചിലപ്പോള്‍ ലാഹോറി ഗ്രൂപ്പാണെന്ന് മേനി നടക്കാറുണ്ട്. ഒരു തരം ആള്‍മാറാട്ട ശൈലിയാണിത്. മൗലവി മുഹമ്മദലിയെന്ന അര്‍ദ്ധ ഖാദിയാനിയെ മൗലാന മുഹമ്മദലിയായി പുതുതലമുറയില്‍ തന്ത്രപൂര്‍വം മാര്‍ക്കറ്റ് ചെയ്യുന്ന കുതന്ത്രം ഖാദിയാനികള്‍ പുലര്‍ത്താനിടയുണ്ട്.

അല്ലാമ അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖത്തില്‍ ഖുര്‍ആന്‍ പരിഭാഷകളെ പറ്റി പറയുന്നിടത്ത് മൗലവി മുഹമ്മദലി (ലാഹോര്‍)യുടെ പരിഭാഷയെപ്പറ്റി പറയുന്നുണ്ട്. പ്രസ്തുത പരിഭാഷയിലെ ഇംഗ്ലീഷ് ദുര്‍ബലമാണെന്നും അബ്ദുല്ല യൂസുഫലി സൂചിപ്പിച്ചിട്ടുണ്ട്. തന്റെ വ്യാഖ്യാന കുറിപ്പുകളില്‍ യൂസുഫലി ഈ കൃതിയെ എം.എം എന്ന ദ്വയാക്ഷരങ്ങളിലാണ് സൂചിപ്പിക്കുന്നത്.
അബ്ദുല്ല യൂസുഫലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനമായിരുന്നു കുറെ വര്‍ഷം സൗദി അറേബ്യയിലെ ദാറുല്‍ ഇഫ്താ വ്യാപകമായി വിതരണത്തിനുപയോഗിച്ചിരുന്നത്. സൗദി പതിപ്പുകളില്‍ അബ്ദുല്ല യൂസുഫലിയുടെ ആമുഖം ചേര്‍ത്തിട്ടില്ല. യുക്തമല്ലെന്ന് ദാറുല്‍ ഇഫ്ത കരുതുന്ന ചില വ്യാഖ്യാന കുറിപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

പ്രശസ്ത സാഹിത്യകാരനും സീതിസാഹിബിന്റെ സുഹൃത്തുമായ ഇ.വി കൃഷ്ണപിള്ള ഖുര്‍ആന്‍ പരിഭാഷക്ക് തുനിഞ്ഞ വിവരം തന്റെ ആത്മകഥയായ ജീവിത സ്മരണകളില്‍ പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. ”അലി സഹോദരന്മാരില്‍പ്പെട്ട മുഹമ്മദലിയുടെ ഇംഗ്ലീഷിലുള്ള വിവര്‍ത്തനം വെച്ചായിരുന്നു ഈ യത്‌നം. അത് ഭാഷാപോഷിണി മാസികയിലാണ് പ്രസിദ്ധപ്പെടുത്തി വന്നത്. പുസ്തകമായൊന്ന് പ്രകാശിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട്?. ഇ.വിയെ ഉദ്ധരിക്കാം: ‘ ആ ശ്രമം മുസ്‌ലിംകള്‍ എതിര്‍ത്തു, പലരും ഭീഷണിക്കത്തുകള്‍ അയച്ചു. വയ്യാവേലിക്കും വഴക്കിനും പോകേണ്ടെന്നു വച്ച് ഞാന്‍ ആ യത്‌നം ഉപേക്ഷിച്ചു.” ഇ.വി കൃഷ്ണപിള്ള മൗലാന മുഹമ്മദലിയെന്ന് തെറ്റിദ്ധരിച്ചത് ഖാദിയാനി നേതാവായിരുന്ന ലാഹോര്‍ മുഹമ്മദലിയെ ആണ്. ഖാദിയാനികളുടെ ഇംഗ്ലീഷ് പരിഭാഷയെ അവലംഭിച്ചതിനാലായിരിക്കാം മുസ്ലിംകളില്‍ ചിലര്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ എതിര്‍ത്തത്.

ഇംഗ്ലീഷ് വിവര്‍ത്തകന്റെ ഖാദിയാനി പശ്ചാത്തലം ഇസ്ലാമിനെ സ്‌നേഹിക്കുന്നവരില്‍ അസ്വസ്ഥതയുണ്ടാക്കുക സ്വാഭാവികമാണ്. അറബി ഒട്ടുമറിയാത്ത ഒരാള്‍ ഖാദിയാനി പശ്ചാതലത്തിലുള്ള ഒരാളുടെ ഇംഗ്ലീഷ് പരിഭാഷയെ മാത്രം അവലംഭിച്ച് ഖുര്‍ആന്‍ പരിഭാഷ തയാറാക്കുന്നതില്‍ ചിലര്‍ക്ക് പന്തികേട് തോന്നിയിരിക്കാം. അന്ന് ഇന്ത്യയിലങ്ങോളമിങ്ങോളം ഖാദിയാനി വിരുദ്ധ വികാരം അലയടിക്കുകയായിരുന്നല്ലോ?. (ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി മുസ്ലിം ലോകം പിന്നീട് ഐക്യകണ്‌ഠേന പ്രഖ്യാപിക്കുകയും ചെയ്തു.) ബ്രിട്ടന്റെ പിന്തുണയോടെ രംഗപ്രവേശനം ചെയ്ത ഖാദിയാനി പ്രസ്ഥാനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ സമുദായം പുലര്‍ത്തിയ ജാഗ്രതയെ” അപക്വമായ സാംസ്‌കാരിക ബോധമായി ” തെറ്റിദ്ധരിച്ചു കൂടാത്തതാണ്. അബദ്ധങ്ങള്‍ തിരുത്തപ്പെട്ടില്ലെങ്കില്‍ പില്‍ക്കാലത്ത് അത് ചരിത്രമായി മനസ്സിലാക്കപ്പെടും.

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

(മുന്‍ മെമ്പര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, മെമ്പര്‍ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി)

 

Facebook Comments
Related Articles
Show More

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി കറാച്ചിയില്‍ ജനിച്ചു.

 

Close
Close