വിദ്യാസമ്പന്നരായ എല്ലാവര്‍ക്കും അമര്‍ത്യാസെന്‍ ആരാണെന്ന് അറിയാം. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, ചരിത്രം, തത്ത്വശാസ്ത്രം തുടങ്ങിയവയൊക്കെ അദ്ദേഹം വ്യാപരിക്കുന്ന മേഖലകളാണ്. നൊേബല്‍ സമ്മാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്നത് അമേരിക്കയില്‍. മുപ്പത് വര്‍ഷം മുമ്പ്, അതായത് 1982-ല്‍ അദ്ദേഹത്തിന്റെ ഒരു വിശകലനം വന്നു. വിവിധ രംഗങ്ങളിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു ആ വിശകലനം. ഇന്ത്യക്ക് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും ഉണ്ടായ നേട്ടങ്ങള്‍ ഭദ്രമാണെന്ന് അതില്‍ സമര്‍ഥിച്ചിരുന്നു. അത് കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം എന്ത് സംഭവിച്ചു എന്ന് പരിശോധിക്കുകയാണ് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്ററും പ്രമുഖ രാഷ്ട്രീയ നിരൂപകനുമായ സി. രാംമനോഹര്‍ റെഡ്ഡി. പ്രഫസര്‍ സെന്‍ എണ്ണിപ്പറഞ്ഞ മേഖലകളില്‍ പില്‍ക്കാലത്ത് ഉണ്ടായ പുരോഗതി എന്ത് എന്നും വിലയിരുത്തുന്നു. റെഡ്ഡിയുടെ നിരൂപണത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്: സാമ്പത്തിക നില, വിദ്യാഭ്യാസം, തൊഴില്‍, മതകീയവും ജാതീയവും പ്രാദേശികവുമായ മുന്‍ധാരണകള്‍, ദലിതുകളുടെയും ആദിവാസികളുടെയും അത്യന്തം ശോചനീയമായ അവസ്ഥ, ധാര്‍മികതയുടെ തിരോധാനം തുടങ്ങിയ കാര്യങ്ങളില്‍ രാജ്യം മുപ്പത് കൊല്ലം മുമ്പ് എവിടെയായിരുന്നോ അവിടെത്തന്നെ ഇപ്പോഴും നില്‍ക്കുന്നു. തെരഞ്ഞെടുപ്പ് ജനായത്തം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികത, കൃഷി, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടായിരിക്കുന്നു. പക്ഷെ അതിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല (ദ ഹിന്ദു, ഡിസംബര്‍ 29).
പിന്നെ, റെഡ്ഡി ഓരോ മേഖലയിലും ഉണ്ടായ മാറ്റങ്ങള്‍ വിശകലനം ചെയ്യുന്നു. ഉദാഹരണമായി സാമ്പത്തിക മേഖലയിലുണ്ടായ പുരോഗതിയെക്കുറിച്ച് അദ്ദേഹം പറയുന്നത്, അത് വളരെ കുറഞ്ഞ ആളുകളില്‍ പരിമിതപ്പെട്ടുപോയി എന്നാണ്. ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുകയാണ് ഇപ്പോഴും. വിദ്യാഭ്യാസത്തിന്റെ നെറ്റ്‌വര്‍ക്ക് വിശാലമായി എന്നതും നേര് തന്നെയാണെങ്കിലും അത് പ്രഫഷണല്‍ മാത്രമായി മാറിപ്പോയിട്ടുണ്ട്. സാധാരണക്കാരന് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തില്‍ അത് നിലകൊള്ളുന്നു. സ്ത്രീകളുടെ നില മുമ്പത്തെക്കാള്‍ പരിതാപകരമാണ്. പെണ്‍കുട്ടിയോടുള്ള വിവേചനം വളരെ രൂക്ഷത പ്രാപിച്ചിരിക്കുന്നു. മീഡിയയുടെ വൃത്തം നൂറ് മടങ്ങെങ്കിലും വിപുലമായിക്കാണണം. പക്ഷെ, അവയത്രയും ഭീമന്‍ മുതലാളിത്ത കുത്തകകളുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണെങ്കില്‍ പ്രതിലോമ ശക്തികള്‍ അനുദിനം ശക്തിപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ അഴിമതി അതിന്റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്നു. സാമുദായിക മുന്‍ധാരണകളെക്കുറിച്ചും ന്യൂനപക്ഷ വിരുദ്ധതയെക്കുറിച്ചും അദ്ദേഹം നന്നായി തന്നെ ഉപന്യസിച്ചിട്ടുണ്ട്. അമര്‍ത്യാ സെന്‍ 1982 വരെയുള്ള കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അതിന് ശേഷം 1984-ല്‍ സിക്ക് വിരുദ്ധ കലാപം, 1989 ല്‍ ഭീകരമായ ഭഗല്‍പൂര്‍ കലാപം, 1993ല്‍ മുംബൈ കലാപം, 2002ല്‍ ഗുജറാത്ത് കലാപം. ഗുജറാത്ത് കലാപവേളയിലെ ചില ദാരുണ ദൃശ്യങ്ങളും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
ചുരുക്കത്തില്‍, രചനാത്മകമായ പുരോഗതിയൊന്നും കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇല്ലെന്നാണ് ഈ രാഷ്ട്രീയ നിരീക്ഷകന്റെ വാദം. ചില മേഖലകളില്‍ ഉണ്ടെന്ന് പറയുന്ന പുരോഗതി തന്നെ മിക്കതും കേവലം ഷോ മാത്രമാണ്. എന്നാലും നിലനില്‍ക്കുന്ന ഈ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് നിരാശപ്പെടേണ്ടതില്ല എന്നാണ് റെഡ്ഡിയുടെ നിലപാട്. 1982 ല്‍ അമര്‍ത്യാസെനും 2012 ല്‍ രാംമനോഹര്‍ റെഡ്ഡിയും പഠന വിധേയമാക്കുന്നത് മുഖ്യമായും സാമ്പത്തിക അവസ്ഥകളാണ്. നില മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് റെഡ്ഡി പറയുന്നുമില്ല. നിരാശപ്പെടേണ്ടതില്ല എന്ന് താന്‍ ഉപദേശിക്കുന്ന ഇവിടത്തെ വ്യവസ്ഥ എങ്ങനെ മാറ്റുകയും പരിഷ്‌കരിക്കുകയും ചെയ്യാം എന്ന നിര്‍ദേശവും മുന്നോട്ട് വെക്കുന്നില്ല. ഇവര്‍ക്കും ഇവരെപ്പോലുള്ള ഗവേഷകര്‍ക്കും ഇന്ത്യ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ആശയങ്ങള്‍ പറഞ്ഞ് കാലം കഴിക്കുന്നതിന് പകരം പ്രായോഗിക ചുവട് വെപ്പുകള്‍ അവര്‍ നടത്തണമെന്നാണ് നിര്‍ദേശിക്കാനുള്ളത്. ഈ ചിന്ത പങ്കുവെക്കുന്നവര്‍ ഒരേ വേദിയില്‍ ഒന്നിക്കുന്ന പക്ഷം നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുത്താന്‍ അത് സഹായകമായേക്കും.
(ദഅ്‌വത്ത് ത്രൈദിനം 7-1-2013)
വിവ: അശ്‌റഫ് കീഴുപറമ്പ്