Current Date

Search
Close this search box.
Search
Close this search box.

മുംബൈയില്‍ നിന്നും ബീജിംഗില്‍നിന്നും ഒരേ തരം വാര്‍ത്തകള്‍

ചൈന തലസ്ഥാനമായ ബീജിംഗില്‍ നിന്ന് താല്‍പ്പര്യമുണര്‍ത്തുന്ന ഒരു വാര്‍ത്ത. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നും ഇതേ പോലെ ഒരു വാര്‍ത്ത വന്നിരുന്നു. ഡിസ്‌പ്ലേക്ക് വേണ്ടി വെച്ച അല്‍പ്പ വസ്ത്രധാരിണികളായ സ്ത്രീരുപങ്ങളെ എടുത്ത്മാറ്റാന്‍ മുംബൈയിലെ മുന്‍സിപ്പല്‍ കമീഷണറോട് ആവശ്യപ്പെടാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയാക്കുന്നുണ്ടെന്നും നഗരത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നുമായിരുന്നു മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കണ്ടെത്തല്‍. ഒരു ചുവട് മുമ്പിലാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്ത. ടൈറ്റ് പാന്റ് മിനിസ്‌കര്‍ട്ടും പോലുള്ള ഒട്ടും മതിയാവാത്ത വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകള്‍ വീട്ടിന് വെളിയിലിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് ബീജിംഗിലെ പോലിസ് ഓഫീസര്‍മാരും ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റും നല്‍കിയിരിക്കുന്നത്. ഇനി സബ് വേകളിലൂടെ യാത്ര ചെയ്യുകയാണെങ്കിലോ ബസിലെ സീറ്റിലിരിക്കുകയാണെങ്കിലോ കൈയിലുള്ള ന്യൂസ്‌പേപ്പര്‍ കൊണ്ടോ മാഗസിന്‍ കൊണ്ടോ ബാഗ് കൊണ്ടോ ഒക്കെ ശരീരം മറച്ച് വെക്കണമെന്നും നിര്‍ദേശമുണ്ട്. അല്ലാത്ത പക്ഷം ചില വികടബുദ്ധികള്‍ ദുഷ്ട ലാക്കോടെ അവരുടെ ശരീര ഭാഗങ്ങള്‍ പല ആംഗിളില്‍ നിന്നും പകര്‍ത്താന്‍ ഇടയുണ്ട്. എന്ന് മാത്രമല്ല, ബസിലെ മേല്‍തട്ട് സീറ്റുകളില്‍ ഇരിക്കരുതെന്നും താഴെയുള്ള സീറ്റുകളിലേ ഇരിക്കാവൂ എന്നും ചൈനീസ് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിലെ പത്രങ്ങളാണ് ‘ചൈന ഡെയ്‌ലി’യെ ഉദ്ധരിച്ചുകൊണ്ട് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലൈംഗികാതിക്രമങ്ങള്‍ ബീജിംഗില്‍ മാത്രമല്ല ഇന്ത്യയിലും വര്‍ധിച്ച് വരികയാണ്. ഇവിടത്തെയും അവിടത്തെയും ഉദ്യോഗസ്ഥര്‍ അവയ്ക്ക് തടയിടുന്നതിന് പല രീതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. പക്ഷെ, തമ്മിലുള്ള വ്യത്യാസം ചൈനക്കാര്‍ തിന്‍മയുടെ ഉറവിടം കണ്ടെത്തി ചികിത്സിക്കുന്നു, ഇന്ത്യയിലങ്ങനെ ചെയ്യുന്നില്ല എന്നതാണ്. നമ്മുടെ നാട്ടിലെ ഉത്തരവാദപ്പെട്ടവര്‍ ലൈംഗികാതിക്രമങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ എന്ത് എന്ന കാര്യം അന്വഷിക്കുന്നേയില്ല. ഇനി അവരങ്ങനെ അന്വേഷിക്കാന്‍ തുനിഞ്ഞാല്‍ തന്നെ പൊതുസമൂഹം അവരെയതിന് സമ്മതിക്കുകയുമില്ല. ആരെങ്കിലും അങ്ങനെയെങ്ങാനും പറഞ്ഞ്‌പോയാല്‍ അയാളെ കടിച്ച് കീറാന്‍ പാഞ്ഞ് വരും എല്ലാവരും. ഇവിടെയുള്ള പാശ്ചാത്യവത്കൃത വിഭാഗങ്ങള്‍ വിചാരിക്കുന്നത്, സ്ത്രീകളുടെ വസ്ത്രധാരണത്തിനോ അവരുടെ ജീവിതശൈലികള്‍ക്കോ രാവാന്ത്യം വരെ അവര്‍ വീട്ടിന് പുറത്ത് കഴിച്ച്കൂട്ടുന്നതിനോ ലൈംഗികാതിക്രമങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ക്രിമിനലുകള്‍ ഇതൊക്കെ എന്തായാലും ചെയ്തിരിക്കും. ഭാഗ്യം, ഇവരുടെ ഈ തിയറി ചൈനീസ് ഉദ്യോഗസ്ഥര്‍ കണ്ടിട്ടില്ല! ഇനി കണ്ടാല്‍ തന്നെ അത് ഇല കൂട്ടി പുറത്തെറിയാനുള്ള സാമാന്യബോധം അവര്‍ക്ക് ഉണ്ട് താനും.

ലൈംഗികാതിക്രമങ്ങള്‍ തടയണമെന്ന് ആര്‍ക്കെങ്കിലും ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ അവര്‍ രണ്ട് മൂന്ന് കാര്യങ്ങള്‍ ചെയ്യണം. ഒന്ന്, ഈയൊരു നിലപാട് എടുത്തതിന് അവര്‍ ചൈനക്കാരെ അഭിനന്ദിക്കണം. രണ്ട്, ഇന്റര്‍നെറ്റ് വഴിയോ മറ്റോ അവരോട് ചോദിക്കണം എന്ത്‌കൊണ്ടാണ് അവര്‍ ഈ ‘താലിബാന്‍’ നിലപാട് സ്വീകരിച്ചതെന്ന്. ഇങ്ങനെയൊക്കെ ചെയ്താല്‍ ലോകം അവരെ താലിബാനി എന്നോ ഇസ്‌ലാമി എന്നോ ഒക്കെ വിളിച്ച് ആക്ഷേപിക്കുമെന്ന ഭയം അവര്‍ക്ക് ഇല്ലായിരുന്നോ എന്ന്. മൂന്ന്, ദുഷ്ടന്‍മാരുടെ മൊബൈല്‍ കാമറകളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണല്ലോ ബാഗോ പത്രമോ മാഗസിനോ എടുത്ത് ശരീര ഭാഗങ്ങള്‍ മറച്ച് വെക്കണമെന്ന് പറയുന്നത്. എങ്കില്‍ പിന്നെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ശരീരം മറയുന്ന അത്തരം ഡ്രസുകള്‍ ഇട്ടാല്‍ മതിയായിരുന്നല്ലോ. ഇതും ചൈനീസ് അധികൃതരോട് ചോദിക്കേണ്ട ചോദ്യമാണ്. നാല്, ഒരു ചൈനീസ് പ്രതിനിധി സംഘത്തെ ഇങ്ങോട്ട് അയച്ച് തരാന്‍ പറയുക. തങ്ങള്‍ ചൈനയില്‍ സ്വീകരിച്ച നടപടിക്രമങ്ങളുടെ ഔചിത്യവും പ്രായോഗികതയും, ലൈംഗികാതിക്രമങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് മിണ്ടാതെ വെറുതെ  ബഹളം വെച്ചുകൊണ്ടിരിക്കുന്ന ഇവിടത്തുകാരോട് അവര്‍ വിശദീകരിക്കട്ടെ. ഇത്തരമൊരു പ്രതിനിധി സംഘം വന്നാല്‍ അവരെ സ്വീകരിക്കാന്‍ വളരെപ്പേരൊന്നും കാണുകയില്ല. ഏതായാലും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുമൊക്കെ അവരെ സ്വീകരിക്കാമല്ലോ.
(ദഅ്‌വത്ത് ത്രൈദിനം 10-6-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles