Columns

മര്‍മം മറന്ന മുസ്‌ലിം സമുദായം

ജനങ്ങള്‍ക്ക് സന്മാര്‍ഗമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിന് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളും അതേ ആവശ്യാര്‍ത്ഥം തന്നെയായിരുന്നു. ജനങ്ങള്‍ക്ക് സന്‍മാര്‍ഗം കാണിച്ചു കൊടുക്കുക എന്നതാണ് പ്രവാചകന്‍മാരെ നിയോഗിച്ചതിന്റെ പ്രഖ്യാപിത ലക്ഷ്യം.

സന്മാര്‍ഗത്തിന്റെ പ്രത്യേകതകളിലൊന്നാണ് ദുര്‍മാര്‍ഗം അതിന്റെ ശത്രുവാണെന്നുള്ളത്. അതുകൊണ്ട് തന്നെ സന്മാര്‍ഗത്തെ പ്രതിനിധീകരിച്ച് കടന്നു വന്ന മുഴുവന്‍ പ്രവാചകന്‍മാരും കല്ലെറിയപ്പെട്ടിട്ടുണ്ട്. ഒരു പ്രവാചകനെയും ഒരു സമൂഹവും പൂമാലയിട്ട് സ്വീകരിച്ചതായി കാണുന്നില്ല. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യും കല്ലെറിയപ്പെട്ടു. മുഹമ്മദ് നബി(സ)യെ കല്ലെറിയുന്നത് അദ്ദേഹത്തിന്റെ കാലശേഷവും തുടരുന്നു. അദ്ദേഹത്തിലൂടെ ഉളവായ പ്രവാചകത്വം അവസാനിച്ചിട്ടില്ല എന്നത് തന്നെയാണതിന് കാരണം. ഈ കാലത്തിന്റെയും പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്നെയാണ്. ഒരു പ്രവാചകന്‍ എന്ന നിലക്ക് കല്ലെറിയപ്പെടുന്ന മറ്റൊരാളും ലോകത്തില്ല. പ്രവാചകന് ശേഷം പ്രവാചകത്വം വാദിച്ച് മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെ പോലുള്ളവര്‍ രംഗത്ത് വന്നപ്പോഴും ഇസ്‌ലാമിന്റെ ശത്രുക്കള്‍ അയാളെ കല്ലെറിഞ്ഞിട്ടില്ല. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇന്നും അയാളെ കല്ലെറിയുന്നുമില്ല.

മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ പ്രതിനിധീകരിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത. പ്രവാചകത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഖുര്‍ആന്റെ വിഭാവന ചെയ്യുന്ന ഉത്തമ സമൂഹമായിട്ട് മാറണം. എന്നാല്‍ ഇന്ന് മുസ്‌ലിം സമുദായത്തിന് ആ വിശേഷണത്തിന് എത്രത്തോളം അര്‍ഹതയുണ്ട്?  എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് വിശകലനം ചെയ്യുമ്പോള്‍ സമുദായത്തെ സംബന്ധിച്ച ചില സുപ്രധാന കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്.

അതില്‍ ഒന്നാമത്തേതാണ് അല്ലാഹുവിനെ മറന്നു കൊണ്ടുള്ള ഇസ്‌ലാമിനെ സ്‌നേഹിക്കല്‍. വെള്ളിയാഴ്ച്ച ജുമുഅക്ക് പള്ളിയില്‍ കാണുന്ന അത്ര മുസ്‌ലിംകളെ സുബ്ഹി നമസ്‌കരിക്കാന്‍ പള്ളിയില്‍ കാണാറില്ല. ഒരു പ്രദേശത്ത് എത്ര മുസ്‌ലിംകളുണ്ടെന്ന് കണക്കെടുക്കേണ്ടത് സുബ്ഹിക്ക് പള്ളിയില്‍ പോയിട്ടായിരിക്കണം എന്നൊരു മഹാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു കണക്കെടുപ്പ് നടത്തിയാല്‍ നിലവിലുള്ള എണ്ണത്തില്‍ ഭീമമായ വ്യത്യാസം കണ്ടെത്താനാവും. വെള്ളിയാഴ്ച്ചകളില്‍ നാം കാണുന്ന ആള്‍ക്കൂട്ടം അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മാത്രമല്ലെന്നാണ് ആ അന്തരം കുറിക്കുന്നത്. അല്ലാഹുവുമായിട്ടുള്ള ബന്ധം മറക്കുന്നതോടെ സ്വാഭാവികമായും അല്ലാഹു നിശ്ചയിച്ച എല്ലാം മറക്കുകയും ഒരു സമുദായത്തിലുള്ള അംഗം എന്ന നിലക്കുള്ള സ്വാഭാവിക ജീവിതമായി അവരുടെ ജീവിതം മാറുകയും ചെയ്യുന്നു.

പ്രവാചകത്വത്തെ മറന്നു കൊണ്ടുള്ള പ്രവാചക സ്‌നേഹമാണ് രണ്ടാമത്തെ കാര്യം. പ്രവാചകന്‍(സ)യെ അതിയായി സ്‌നേഹിക്കുന്നവരാണ് മുസ്‌ലിം സമുദായത്തിലുള്ളത്. പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് അവര്‍ നബിദിനം ആഘോഷിക്കുന്നത്. പ്രവാചകനെ നിന്ദിച്ച പ്രൊഫസറുടെ കൈ വെട്ടിയത് പോലും പ്രവാചക സ്‌നേഹത്തിന്റെ പേരിലാണ്. പ്രവാചകനെ ആക്ഷേപിച്ച പ്രൊഫസറുടെ കൈവെട്ടിയത് പ്രവാചക സ്‌നേഹത്തിന്റെ പേരിലാണെങ്കില്‍ അതേ പ്രൊഫസര്‍ക്ക് രക്തം നല്‍കിയത് എങ്ങനെ പ്രവാചക സ്‌നേഹമായി മാറുന്നതെന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. പ്രൊഫസറുടെ കൈവെട്ടിയത് പ്രവാചകത്വത്തെ മറന്നു കൊണ്ടുള്ള പ്രവാചക സ്‌നേഹവും രക്തം കൊടുത്തത് പ്രവാചകത്വത്തെ പ്രതിനിധീകരിച്ചു കൊണ്ടുള്ള പ്രവാചക സ്‌നേഹവുമാണെന്നതാണ് അവ തമ്മിലുള്ള വ്യത്യാസം. ‘ലോകര്‍ക്ക് മുഴുവനും കാരുണ്യ’മായിട്ടാണ് പ്രവാചകനെ നിയോഗിച്ചതെന്നാണ് പ്രവാചകത്വത്തിന്റെ സവിശേഷത ഖുര്‍ആന്‍ വിവരിക്കുന്നത്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്തെ സംഭവങ്ങള്‍ അതിന് സാക്ഷിയാണ്. ഉഹ്ദ് യുദ്ധവേളയില്‍ നബി തിരുമേനിയുടെ പല്ല് പൊട്ടുകയും മുറിവ് പറ്റി മുഖത്ത് നിന്ന് രക്തമൊഴുകുകയും ചെയ്യുന്ന സമയത്ത് ശത്രുക്കളുടെ നാശത്തിന് വേണ്ടി താങ്കള്‍ക്ക് പ്രാര്‍ഥിച്ചു കൂടെ എന്ന് അനുയായികള്‍ വന്ന് ചോദിച്ചു. അതിനദ്ദേഹം നല്‍കിയ മറുപടി ‘ജനങ്ങള്‍ക്ക് ശാപമായിട്ടല്ല, അവര്‍ക്ക് കാരുണ്യമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്’ എന്നായിരുന്നു. അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കേണമേ എന്നായിരുന്നു അല്ലാഹുവോട് നബി(സ) പ്രാര്‍ഥിച്ചത്. മക്കയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിട്ടും അവിടെ വരള്‍ച്ച വന്നപ്പോള്‍ അവരെ സഹായിക്കുന്ന പ്രവാചകനെയാണ് നാം കാണുന്നത്.

ഇതുപോലുള്ള മറ്റൊരു അവസ്ഥയാണ് ഇസ്‌ലാമിനെ മറന്നു കൊണ്ടുള്ള പാര്‍ട്ടി സ്‌നേഹം. പള്ളികള്‍ പോലും പാര്‍ട്ടികളുടെ പേരില്‍ അറിയപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. പള്ളികളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അതിനെ തുടര്‍ന്ന് പള്ളികള്‍ പൂട്ടിയിടേണ്ടി വരുന്ന അവസ്ഥയുമെല്ലാം അതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചടത്തോളം അപകടകരമായ അവസ്ഥയാണത്.

ഇസ്‌ലാമിന്റെ സാകല്യത്തെ മറന്നു കൊണ്ടുള്ള മതകാര്‍ക്കശ്യമാണ് നാലാമത്തെ കാര്യം. ഇന്ന് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് നിലവിളക്ക് കൊളുത്തല്‍, യോഗ പോലുള്ള വിഷയങ്ങളിലെ നിലപാടുകളിലെ പേരിലാണ്. എന്നാല്‍ പ്രവാചകന്‍മാര്‍ വിവാദത്തില്‍ അകപ്പെട്ടത് സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അവര്‍ നടത്തിയ ഇടപെടലുകളുടെ പേരിലായിരുന്നു എന്ന് കാണാം. ഇസ്‌ലാമിന്റെ സാകല്യത്തെ കൈവെടിഞ്ഞ് അതിനെ മതതലത്തില്‍ ഒതുക്കി അതില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. ഇത്തരം വിവാദങ്ങളില്‍ ഇസ്‌ലാം അതിന്റെ തനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം വികലമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഇസ്‌ലാം ഒരുനിലക്കും വിട്ടുവീഴ്ച്ച ചെയ്യാത്ത സമീപനം സ്വീകരിച്ചിട്ടുള്ള മദ്യം, പലിശ, കൈക്കൂലി, അഴിമതി പോലുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഒരിക്കലും വിവാദം ഉയരുന്നില്ല. മര്‍മങ്ങള്‍ മറന്നു കൊണ്ട് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതിലുള്ള പാകപ്പിഴവുകളാണ് അതിന് കാരണം.

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് മര്‍മങ്ങള്‍ മറക്കാതിരിക്കുക എന്നുള്ളത്. വ്രതമെടുക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ വ്രതമെടുക്കാത്തവരെ കൂട്ടി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങി കൊടുക്കുന്നത് പുണ്യകര്‍മമാണ്. എന്നാല്‍ വ്രതമുള്ള ഇസ്‌ലാമിസ്റ്റുകളുടെ അധിക ബാധ്യത മറക്കുമ്പോഴാണ് പ്രശ്‌നം. ഭൂമി മാത്രമല്ല അവര്‍ക്ക് സ്വര്‍ഗവും കൂടി വാങ്ങി കൊടുക്കുക എന്നതാണ് ആ അധിക ബാധ്യത. മര്‍മം തെറ്റിയാല്‍ ലക്ഷ്യവും മാര്‍ഗവും തെറ്റുമെന്നതിനാല്‍ മര്‍മം തെറ്റാതെ മുന്നോട്ടു പോവുക.

Facebook Comments
Related Articles
Show More

ജി.കെ എടത്തനാട്ടുകര

ഗിയാസ് ഖുതുബ് എന്ന് പൂര്‍ണ നാമം. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ദഅ്‌വ വകുപ്പ് സെക്രട്ടറിയായി സേവനം ചെയ്യുന്നു. പ്രാസംഗികനും എഴുത്തുകാരനുമായ ജി.കെ. പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.
Close
Close