മനുഷ്യജീവിത്തില്‍ ഏറ്റവും അമൂല്യമായതും പ്രാധാന്യമായതും സമയം മാത്രമാണ്. മറ്റെല്ലാം ഒരാള്‍ക്ക് വീണ്ടെടുക്കാന്‍ സാധിച്ചേക്കാം. പക്ഷെ നഷ്ടപ്പെട്ട സമയം അഥവാ ആയുസിന്റെ ഭാഗമായ ഒരു നിമിഷം ഒരിക്കലും തിരുച്ചുവരില്ല. ഇന്ന് അനാവശ്യകാര്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്ത് സമയം കൊല്ലുന്ന പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇന്നത്തെ ഇലക്‌ട്രോണിക് വിനോദ സാമഗ്രികളുടേയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടേയും വേലിയേറ്റത്തില്‍.
മനുഷ്യായുസ്സ് നിര്‍ണിതമാണ്. കടന്നുപോകുന്ന കാലത്തിന് – നിമിഷത്തിന് – മടക്കമില്ല. കൊഴിഞ്ഞുവീഴുന്ന ഇല ഒരിക്കലും വൃക്ഷത്തലേക്ക് തിരിച്ചെത്തുന്നില്ല. മുറിഞ്ഞുപോവുന്ന കണ്ണികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയുമില്ല. ഏതൊരു കാര്യവും നിശ്ചിത സമയത്തിനകം നിര്‍വ്വഹിച്ചില്ലെങ്കില്‍ അത് നഷ്ടപ്പെട്ടതാണ്. ജീവിതം ഒരു പരാജയമായി തോന്നിത്തുടങ്ങുമ്പോള്‍ അന്തിമദിനങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കും.
പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനുമായ ഇമാം ഫഖ്‌റുദ്ദീന്‍ റാസി അല്‍ അസ്വര്‍ അദ്ധ്യായത്തിലെ കാലം എന്ന വാക്കിന്റെ സാരം ഗ്രഹിച്ചത് മദീനയിലെ തെരുവില്‍ ” മൂലധനം അലിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഒരു പാവപ്പെട്ടവനോട് ദയകാട്ടണേ ” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ഒരു ഐസ് മിഠായിക്കച്ചവടക്കാരനില്‍ നിന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
– ഒരു വര്‍ഷത്തിന്റെ – സമയത്തിന്റെ – മൂല്യം അറിയണമെങ്കില്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയോട് ചോദിക്കുക.
– തികയാതെ പ്രസവിച്ച ഒരു കുഞ്ഞിന്റെ മാതാവിനോട് ചോദിച്ചാലറിയാം ഒരു മാസത്തിന്റെവില
– ഒരാഴ്ചയുടെ പ്രാധാന്യം അറിയാന്‍ ഒരു വാരികയുടെ പത്രാധിപരോടന്വേഷിക്കുക.
– വിമാനത്താവളത്തില്‍നിന്ന് ഫ്‌ളൈറ്റ് മിസ്സായി മടങ്ങുന്ന ഗള്‍ഫ്‌യാത്രക്കാരനോട് ചോദിച്ചാല്‍ അറിയാം ഒരു മണിക്കൂറിന്റെ വില.
– ഏതാനും മിനിട്ടുകളുടെ വില അറിയണമെങ്കില്‍ റയില്‍വേസ്റ്റേഷനില്‍നിന്ന് വണ്ടിതെറ്റി മടങ്ങുന്ന യാത്രക്കാരനെ കണ്ടാല്‍മതി.
– ഹൈവെയിലെ വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാളോടന്വേഷിച്ചാല്‍ ഒരു സെക്കന്റിന്റെ മാഹാത്മ്യം മനസ്സിലാക്കാം.
– ഒരു മില്ലിസെക്കന്റിന്റെ നേട്ടം അറിയാന്‍ പി. ടി. ഉഷയോട് മാത്രം ചോദിച്ചാല്‍മതി.
തിരുത്താനും വീണ്ടെടുക്കാനുമുള്ള അവസരത്തിനായും നഷ്ടപ്പെട്ടുപോയ സമയത്തെകുറിച്ചുമുള്ള വിലാപം മനുഷ്യജീവിതമുള്ളകാലത്തോളം തുടരും.