Columns

മനസ്സ് ഒരു പടക്കളം

മൃഗത്തിന്റെ മനസ്സും മനുഷ്യന്റെ മനസ്സും തമ്മിലെ പ്രധാനവ്യത്യാസം മൃഗത്തിന്റെ മനസ്സ് സദാശാന്തമാണെന്നതും മനുഷ്യന്റെ മനസ്സ് അധികസമയവും അശാന്തമാണെന്നതുമാണ്. മനുഷ്യന്ന് വിഷാദരോഗവും മാനസികരോഗവുമുണ്ടാകും. മൃഗങ്ങള്‍ക്കിതില്ല. വല്ലപ്പോഴും ഭ്രാന്തുവരുമെന്നു മാത്രം. മനുഷ്യന്ന് ഭ്രാന്തിനു പുറമെ മാനസികരോഗമുണ്ടാകാന്‍ കാരണം അതില്‍ ആഗ്രഹങ്ങള്‍, അസൂയ, പക, ഭയം, സ്വത്വബോധം, നിരാശ എന്നിവ വന്നുപോയും ചിലത് സ്ഥിരവാസമുറപ്പിച്ചും കൊണ്ടിരിക്കുമെന്നതാണ്. മനുഷ്യമനസ്സാണ് കൂടുതല്‍ പടയാളികളിറങ്ങുന്ന പടക്കളം. ആളുകള്‍ കൂടുകയും ഇടംകുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ചില തിക്കും തിരക്കും കശപിശയുമുണ്ടാകും. അതാണ് മാനസികരോഗമായി മാറുന്നത്.
 
മനസ്സില്‍ നിന്ന് കുറെയെണ്ണത്തിനെ പിരിച്ചുവിടുക. നല്ലവയെ പാര്‍പ്പിക്കുക. എങ്കില്‍ സുഖനിദ്ര പ്രതീക്ഷിക്കാം. ചീത്തയായത് മനസ്സില്‍ കുന്നുകൂടുമ്പോഴും അകാരണമായി വിമര്‍ശിക്കപ്പെട്ടു എന്നു തോന്നുമ്പോഴും അസ്വസ്ഥത കൂടും. അസ്വസ്ഥത ഉറക്കം കെടുത്തും. രക്തസമ്മര്‍ദ്ദം വര്‍ദ്ദിപ്പിക്കും.
ബാത്‌റൂമില്‍ വെള്ളം കെട്ടിക്കിടന്നാല്‍ നാം ചെയ്യുന്ന പരിഹാരം മാനസിക പ്രശ്‌നങ്ങള്‍ക്കും പ്രയോഗിക്കാം. ഒരുകോലെടുത്ത് പൈപ്പിലെ വെള്ളം ഉന്തിനീക്കിയാല്‍  അഴുക്കുള്ള ജലം ഉടനെ പുറത്തുപോകും. ഇതുപോലെ മനസ്സിലെ അസ്വസ്ഥതകള്‍ പുറത്തേക്ക് വിടാന്‍ ഒരു ദ്വാരം കണ്ടെത്തുക, സദ്‌വിചാരങ്ങള്‍ മനസ്സിന്നുള്ളില്‍ തന്നെയുണ്ടാകും. അവയെ ഉണര്‍ത്തുക.

കിടപ്പറയില്‍വെച്ച് ഒരുപാട് അസ്വസ്ഥതകള്‍ മാറ്റാം. അസ്വസ്ഥതയുമായി കിടപ്പറയിലെത്തുന്ന സ്ത്രീയെ ഭര്‍ത്താവ് സ്‌നേഹപൂര്‍വം വിളിക്കുമ്പോള്‍ ഹോ എനിക്ക് മൂഡില്ല എന്ന് പറയാതെ അദ്ദേഹവുമായി സഹകരിക്കുക. ഒരു പക്ഷെ അദ്ദേഹമതു ചെയ്യുന്നത് ഇണയുടെ അസ്വസ്ഥത തിരിച്ചുവിടാനും ശാന്തമായ ഒരു ഉറക്കം നല്‍കാനുമാകാം. ദീര്‍ഘകാലത്തെ ഇടപഴക്കം കൊണ്ട് അദ്ദേഹത്തിന്ന് അവളുടെ അസ്വസ്ഥത അവള്‍ പറയാതെ തന്നെ മനസ്സിലായിട്ടുണ്ടാകും.

ഭര്‍ത്താവിന്റെ പ്രവര്‍ത്തന മേഖലയും അവിടെയുണ്ടാകാനിടയുള്ള സങ്കീര്‍ണതകളും അറിയാവുന്ന ഭാര്യക്ക് അദ്ദേഹം വീട്ടിലെത്തുമ്പോഴേക്ക് മനസ്സിലാവും ഇന്ന് കക്ഷിക്ക് എന്തോ അസ്വസ്ഥതയുണ്ട് എന്ന്. അപ്പോള്‍ ഭാര്യ ഓരോ വാക്കും ശ്രദ്ദിച്ചേ പറയാവൂ. കിടപ്പറയില്‍ വെച്ച് പൊതുതാല്‍പര്യമുള്ള എന്തെങ്കിലും വിഷയംകൊണ്ട് സംസാരമാരംഭിച്ച് അദ്ദേഹത്തെ അസ്വസ്ഥതയുടെ ലോകത്തുനിന്ന് താഴെ ഇറക്കുക. രണ്ടുപേരും ഒപ്പം നടന്ന് അദ്ദേഹത്തെ മറ്റൊരു ലോകത്തേക്കെത്തിക്കുക.
മാനസികമായി അടുക്കാതെ ശാരീരികമായി അടുക്കാന്‍ പ്രയാസമാണെന്നത് ശരിയാണെങ്കിലും ഇണയുടെ സമീപനത്തില്‍ തന്നെ മറ്റെയാള്‍ വൈമുഖ്യം കാണിക്കരുത്. ഇത്തരം അവസ്ഥകള്‍ ഇരുവര്‍ക്കും മാറിമാറിവരുമല്ലോ. അപ്പോള്‍ മനസ്സിലാക്കേണ്ടത് എന്റെ പങ്കാളി ഒരു ചികിത്സകന്റെ റോളിലാണ് ഇപ്പോള്‍ എന്നാണ്. അതുമനസ്സിലാക്കി വിധേയത്വം കാണിക്കണം. അപ്പോഴാണ് നല്ല പാതി എന്ന പ്രയോഗം അന്വര്‍ഥമാവുക.

നാം ബോധപൂര്‍വമല്ലാതെയോ മറവികൊണ്ടോ ചെയ്യാതെ പോയതും ചെയ്യേണ്ടിയിരുന്നതുമായ ഒരു കാര്യത്തെ വല്ലവരും ഒരപരാധമായി കൊട്ടിഘോഷിച്ചാല്‍ നമ്മുടെ മനസ്സ് അസ്വസ്ഥമാകും. കുടുംബബത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ഇതുമതി. ഇതിന്നു വിധേയമായ ആള്‍ക്ക് രണ്ടുതരം പരിഹാരമുണ്ട്. ഞാന്‍ നിരപരാധിയാണ് എന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ദൈവത്തോട് പറയുകയും ഈ വിഷയം മനസ്സിലേക്കു വരുമ്പോഴേക്കും വായനയിലോ അടുത്തബന്ധമുള്ള ആരെങ്കിലുമായി ഫോണിലോ നേരിട്ടോ നല്ലകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുക. കുറ്റം പറഞ്ഞയാളെ തന്റെ നിരപരാധിത്വമോ മറവിയോ ബോധ്യപ്പെടുത്തുക. ദു:ഖം, അസ്വസ്ഥത എന്നിവയെ മനസ്സില്‍ ബിംബങ്ങളായി പ്രതിഷ്ഠിച്ച് അവയെ പൂജിക്കാതെ, അവയെ ഉടച്ചുകളയണം.

Facebook Comments
Related Articles

ഇ.കെ.എം പന്നൂര്‍

എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.

സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.

Close
Close