Current Date

Search
Close this search box.
Search
Close this search box.

മനസ്സിനകത്ത് ഒരു ബലി

സത്യവിശ്വാസികള്‍ കൂടുതല്‍ ആവര്‍ത്തിക്കുന്ന പ്രകീര്‍ത്തനം ഏത് എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരം തെറ്റാനിടയില്ല. അല്ലാഹു അക്ബര്‍ എന്നതു തന്നെ. ഒരു നേരത്തെ ഫര്‍ളും സുന്നത്തുമായ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുമ്പോഴേക്കും നാം നൂറോളം തവണ അത് ചൊല്ലും. ളുഹ്ര്‍ നമസ്‌കാരവും അനുബന്ധ നമസ്‌കാരങ്ങളും ശേഷമുള്ള ദിക്‌റും ഉദാഹരണം. അപ്പോള്‍ ഒരു ദിവസത്തെ എല്ലാ നമസ്‌കാരങ്ങളിലുമായി എത്ര തവണ നാം അത് അതു ചൊല്ലുന്നു? ഈ ആവര്‍ത്തനം അതിന്റെ മഹത്വത്തിനു തെളിവാണ്. എന്നിരിക്കെ, അല്ലാഹു അത്യുന്നതനാണ് എന്നു പറയുന്നതോടെ അതിന്റെ ആശയം പൂര്‍ണമാവുകയില്ല.

ജീവിതത്തെ ആമൂലാഗ്രം സ്വാധീനിക്കുന്ന അഥവാ നന്മയിലേക്കു പരിവര്‍ത്തിപ്പിക്കുന്ന ഒരു ദിവ്യോപകരണമായി നാം അതിനെ സ്വീകരിക്കുമ്പോഴാണ് ആ പദങ്ങളുടെ ആശയത്തോട് നാം പൂര്‍ണമായി പ്രതിബദ്ധതയുള്ളവരാവുക.

അല്ലാഹു അക്ബര്‍ എന്നു പറഞ്ഞവര്‍ക്കെല്ലാം സമൂഹത്തില്‍നിന്ന് കയ്‌പേറിയ അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. അല്ലാഹുവിന്റെ തോഴനെന്ന് പ്രശംസിക്കപ്പെട്ട ഇബ്‌റാഹീം(അ) തീയിലെറിയപ്പെട്ടത് അല്ലാഹു അക്ബര്‍ എന്ന് അംഗീകരിച്ചതുകൊണ്ടായിരുന്നു. ആ കയ്പില്‍ അദ്ദേഹം മധുരം കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രാര്‍ഥനാഫലമായി ആ ആദര്‍ശം ലോകമാകെ പ്രചരിച്ചു. എന്നെയും എന്റെ സന്താനത്തെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കേണമേ എന്ന പ്രാര്‍ഥനക്കൊപ്പം അന്ത്യ പ്രവാചകന്റെ നിയോഗത്തിനു വേണ്ടിയും അദ്ദേഹം പ്രാര്‍ഥിക്കുകയും അതിന്റെ ഫലം പ്രകടമാവുകയും ചെയ്തു. അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഇത് ബലിയുടെ നാളുകളാണ്. മൃഗബലിക്കു പുറമെ മനസ്സിനകത്തും ഒരു ബലി നടക്കണം. അല്ലാഹുവിന്റെ താല്‍പര്യങ്ങളുമായി യോജിക്കാത്ത താല്‍പര്യം മനസ്സില്‍ എപ്പോള്‍ തലപൊക്കുന്നുവോ അപ്പോള്‍ തന്നെ അതിനെ കൊന്നു കളയാന്‍ സാധിച്ചാല്‍ നമ്മുടെ മനസ്സിലെ അല്ലാഹു അക്ബറിന്ന് കരുത്തുണ്ട് എന്നു പറയാം.

വേണ്ടത് മനസ്സിന്റെ എല്ലാ മൂലകളിലും ഒരു പരതല്‍ നടത്തുകയാണ്. ദുരാഗ്രഹങ്ങള്‍ പലതും അവിടങ്ങളില്‍ തടിച്ചു കൊഴുത്ത് നില്‍ക്കുന്നുണ്ടാകും. അവയെ കണ്ടെത്താനുള്ള കഴിവാണ് കൊല്ലുന്നതിനേക്കാള്‍ പ്രധാനം. മനുഷ്യന്റെ പരാജയം അവയെ കണ്ടെത്താന്‍ കഴിയാതിരിക്കലാണ്.

രണ്ട് ആഘോഷങ്ങളെ ഈ ചെറിയ വാക്യത്തോട് ബന്ധിപ്പിച്ച മതം വലിയ ആദര്‍ദാര്‍ഢ്യം ഉള്ളതു തന്നെ. ഭക്തിയുടെ വസ്ത്രം എന്നും ഭക്തികൊണ്ട് പാഥേയമൊരുക്കണമെന്നും ഖുര്‍ആന്‍ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. അല്ലാഹു അക്ബര്‍ കൊണ്ടു തുടങ്ങി അതിലൂടെ മുന്നോട്ട് നീങ്ങുന്ന ആഘോഷം ലോകത്തിന്നു മാതൃകയാണ്. മാതൃകയാണെന്ന് ബോധ്യപ്പെടുത്തേണ്ടത് നമ്മളാണ്. അല്ലാഹു അത്യുന്നതനാണ് എന്ന പ്രഖ്യാപനം മനുഷ്യന്റെ വിനയമടങ്ങിയതു കൂടിയാണ്. അത് പ്രഖ്യാപിക്കുന്നവന്‍ അംഗീകരിക്കുന്നത് തനിക്ക് അഹങ്കരിക്കാന്‍ അര്‍ഹതയില്ലെന്നാണ്. നീയാണ് നാഥാ പ്രതാപി, നീയാണ് ശക്തന്‍, നീയാണ് സര്‍വജ്ഞന്‍, നിന്നോളം കരുണ കാണിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന അംഗീകരണമാണത്. അതെ, അല്ലാഹു അക്ബര്‍ എന്നു പറയുന്നതു കേട്ടാല്‍ അന്യമതക്കാരന്ന് നിര്‍ഭയത്വം തോന്നണം. അല്ലാഹുവിന്റെ മഹത്വത്തിനു മുമ്പില്‍ തന്റെ ചെറുപ്പം പ്രകടിപ്പിക്കുന്ന ഒരാള്‍ സഹജീവിയെ ഹനിക്കില്ല. തന്റെ ചുറ്റുപാടുകളെ അവന്‍ കലാപകലുഷിതമാക്കില്ല. വേദനിക്കുന്നവരോട് അവന് അലിവുണ്ടാകും. ഇപ്പറഞ്ഞതൊന്നുമില്ലെങ്കില്‍ മറ്റു വാക്കുകളെപ്പോലെ രണ്ടു വാക്കായി അല്ലാഹു അക്ബര്‍ നമ്മെ സംബന്ധിച്ചിടത്തോളം ചെറുതായിപ്പോകും.

പരീക്ഷണങ്ങള്‍ നിറഞ്ഞതാണല്ലോ ജീവിതം. അതില്‍ തളരാതിരിക്കാനും അവയെ അതിജീവിക്കാനും എങ്ങനെ കഴിയും എന്ന് ചിന്തിക്കുമ്പോള്‍ ഒരു സഹായി നമ്മുടെ മുമ്പിലെത്തും. അല്ലാഹു അക്ബര്‍ എന്ന സഹായി.

Related Articles