‘അങ്ങകലെ ഒരു പരുന്തെങ്കിലും റാഞ്ചിപ്പറക്കുന്നുണ്ടോ? വെളളത്തിന്റെ ഒരു കണികയെങ്കിലും ഉളളതിന്റെ ലക്ഷണമൊന്നും കാണുന്നില്ലല്ലോ..’ തൊട്ടടുത്തുള്ള കുന്നിനുമുകളിലേക്ക് ഓടിക്കയറി തനിക്കും കുഞ്ഞിനും ചുണ്ടുനനക്കാന്‍ ഒരു തുളളിക്കായി തേടുന്ന ഒരുമ്മയുടെ ആധിയാണിത്. വേവലാതിയോടെ അവര്‍ വീണ്ടും കുന്നിറങ്ങി ഓടിയെത്തിയത് തനിച്ച് വിശപ്പോടെ പൊരിവെയിലത്തുകിടക്കുന്ന പൈതലിന്റെ ചാരത്തേക്കാണ്. തന്റെ കൈയില്‍ പ്രിയതമന്‍ ഏല്‍പിച്ചുപോയ തോല്‍പാത്രത്തില്‍ ഒന്നുകൂടി എത്തിനോക്കി. വളരെ സൂക്ഷിച്ച് കുടിച്ചിട്ടും അതിലെ വെളളവും കാരക്കയും കാലിയായിരിക്കുന്നു.
പൊന്നോമനയെ നോക്കിയിരുന്നപ്പോള്‍ മനസ്സ് വീണ്ടും പറഞ്ഞു; അപ്പുറത്തുളള കുന്നുകൂടി കയറി നോക്കിയാലോ… വീണ്ടും ആ ഉമ്മ ഓടിക്കൊണ്ട് തന്നെ അടുത്ത കുന്നും ഉച്ചിവരെ കയറിനോക്കി. പ്രതീക്ഷയായിരുന്നു ഉള്ളില്‍. എന്നാല്‍ നിമിഷനേരംകൊണ്ട് തന്നെ അതില്ലാതായി. മകനെക്കുറിച്ചുളള ചിന്ത അവരെ തളര്‍ച്ചയോര്‍മിപ്പിക്കാതെ കുന്നിറക്കി. ആ കുഞ്ഞുകണ്ണുകള്‍ ഉമ്മയെ കണ്ടപ്പോള്‍ ഏറെ സന്തോഷിച്ചിരിക്കണം. ഒഴിഞ്ഞ കൈകളിലേക്ക് നോക്കി അവന്‍ തേങ്ങിയതേയില്ല. പ്രതീക്ഷയോടെ കൈകാലിട്ടടിച്ചു കളിച്ചുകൊണ്ടിരുന്നു. അവന് പ്രതീക്ഷിക്കാന്‍ വക നല്‍കിയത് അള്ളാഹുവില്‍ ഭരമേല്‍പ്പിച്ച് ദൈവകല്‍പ്പനയനുസരിച്ച് അകലേക്ക് തങ്ങളെ തനിച്ചാക്കി നടന്നകന്ന പ്രിയ പിതാവായിരിക്കണം.
ഒരുപാട് തവണ അതിയായ ആഗ്രഹത്താല്‍ വെളളംതേടി ഓടിത്തളര്‍ന്ന ഹാജറയെന്ന ആ ഉമ്മയെ ഏറെ സന്തോഷിപ്പിച്ചത് കുഞ്ഞുവാവയുടെ കുഞ്ഞിക്കാലിനടിയില്‍ ഉയിരെടുത്ത തെളിനീരുറവയാണ്. സംസം നുണയുമ്പോള്‍ ആ ഉമ്മയുടെ സന്തോഷക്കണ്ണീരിന്റെ ചുവ നാവിലെത്തുന്നത് അതുകൊണ്ടായിരിക്കണം. ദാഹമകറ്റാന്‍ കഴിയാതെ പിടഞ്ഞുമരിച്ചുപോകുമെന്ന് കരുതുമ്പോഴും തന്റെ പൈതലിന്റെ ജീവനായിരുന്നു അവര്‍ക്ക് വലുത്. ഏറെക്കാലത്തിനുശേഷം പ്രവാചകന്‍ ഇബ്രാഹീമി(അ)ന് തന്നിലൂടെ അളളാഹു നല്‍കിയ അരുമമുത്ത്. ‘സംസം.. സംസം…’ എന്ന് വെപ്രാളപ്പെട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന വെളളത്തോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ നന്ദിവാക്കുകള്‍ നാവില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയാതെ കുഴങ്ങിയിട്ടുണ്ടാവും. സംസമില്‍ നിന്ന് അവനെ വാരിയെടുത്ത് നെഞ്ചില്‍ചേര്‍ത്ത് എത്രയോ തവണ മുത്തിയിട്ടും ഹാജറക്ക് മതിയായിട്ടുണ്ടാവില്ല.
വെളളത്തിനു പിറകെ വിവരമറിഞ്ഞെത്തിയവര്‍ക്കൊപ്പം നിര്‍ഭയരായി മക്കാ നാട്ടില്‍ കഴിയവെയാണ് സ്‌നേഹനിഥിയായ പിതാവ് തന്റെ പ്രിയതമയെയും മകന്‍ ഇസ്മായീലിനെയും സമീപിച്ചത്. അന്ന് തിരിച്ചെത്തിയ ഉപ്പയോട് ഇസ്മായീല്‍ പറഞ്ഞകഥകള്‍ ആ പിതാവിനെ ഏറെ സന്തോഷിപ്പിച്ചു. അവര്‍ തൊട്ടും ഉരുമ്മിയും കൊഞ്ചിയും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് അളളാഹുവില്‍നിന്ന് വീണ്ടും വിളിയാളമുണ്ടാവുന്നത്. ഈജിപ്തില്‍നിന്ന് തിരിച്ചെത്തിയ ഇബ്രാഹീം(അ)ന് കുഞ്ഞു ഇസ്മായീലിന് ഒപ്പം നിന്ന് പൂതി തീര്‍ന്നിട്ടില്ല. അവനെ അളളാഹുവിന്റെ മാര്‍ഗത്തില്‍ ബലി നല്‍കണമത്രെ. മകനെയും കൂട്ടി കുന്നിനടുത്തേക്ക് നടന്നുനീങ്ങുന്ന ഉപ്പ അവനെ അറുക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഉമ്മ അറിഞ്ഞിരിക്കില്ല. അല്ലെങ്കില്‍ അവരോട് അങ്ങനെ പറഞ്ഞാല്‍ ആ മാതൃഹൃദയം പിളര്‍ന്നുപോവില്ലെ! മകന്‍, ആധിപൂണ്ട ഉപ്പയോട് ഇത് ദൈവകല്‍പനയാണെങ്കില്‍ അങ്ങനെയാവട്ടെ എന്നുപറഞ്ഞ് മുന്നില്‍നടന്നു. അവന്‍ തലതിരിച്ച് വീടിനുവെളിയില്‍ ഉമ്മ തങ്ങളെ യാത്രയാക്കാന്‍ നില്‍ക്കുന്നുണ്ടോ എന്ന് ഒരിക്കല്‍ പോലും നോക്കിയില്ല. ദൈവകല്‍പന ഉമ്മ ധിക്കരിക്കില്ല എന്നറിയാഞ്ഞിട്ടല്ല. ഉപ്പക്ക് വെളിവായ ഈ കല്‍പന ഉമ്മക്കായിരുന്നെങ്കില്‍ അതിന്റെ പേരില്‍ അവര്‍ പരാജിതയായിപ്പോവുമെന്ന ഉറപ്പ് ഉളളതുകൊണ്ടാണ്. മുന്നോട്ടുവെക്കുന്ന ഓരോ കാലടിയിലും അന്ന് ഉമ്മ തനിക്കായി ദാഹജലത്തിനു വേണ്ടി ഓടിത്തീര്‍ത്ത പ്രതീക്ഷയുടെ കിരണങ്ങളാണ്. സര്‍വശക്തനായ അളളാഹു അന്ന് ഉമ്മക്ക് നല്‍കിയ പരീക്ഷണങ്ങളിലൊന്നും ഉമ്മ തളര്‍ന്നിട്ടില്ല. എപ്പോഴും നമ്മോടൊപ്പമുളളവന്‍ കൈവിടില്ല എന്ന ആ ഉറപ്പ് ഉമ്മയില്‍ നിന്ന് തനിക്കും പകര്‍ന്നുകിട്ടിയിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ കാലുകള്‍ക്ക് വേഗത കൂടി. ഉപ്പ അറുക്കാനായി മണ്ണില്‍ ചെരിച്ചു കിടത്തുമ്പോള്‍ പോലും ഒരനക്കവുമില്ലാതെ അമര്‍ന്നുകിടക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാവണം. എന്നെ ബലിനല്‍കിയിട്ടും അത് സ്വീകാര്യമാവുന്നില്ലേ എന്ന് അന്ധിച്ചിരിക്കുമ്പോഴാണ് ഉപ്പാക്ക് അള്ളാഹുവില്‍നിന്ന് കല്‍പനയുണ്ടാകുന്നത്. എനിക്കുപകരം ഒരാടിനെ അറുത്താല്‍ മതിയത്രെ. ഉപ്പയുടെയും എന്റെയും സന്തോഷം ഉമ്മയെ അറിയിക്കാന്‍ ഉളളകം വെമ്പി.
ചോരവാര്‍ന്ന് ദൈവമാര്‍ഗത്തില്‍ യാത്രയായ മകനെ ഓര്‍ത്ത് കരയാന്‍ മറന്നുപോയ ഹാജറ തന്നിലേക്ക് വീണ്ടും ഓടിയെത്തിയ മകനെ കണ്ട് ഉള്‍പുളകമണിഞ്ഞിരിക്കണം. ബലിപെരുന്നാള്‍ രാവില്‍ ഹാജറ ബീവിയെ ഓര്‍ത്ത്, ഇസ്മായീലിനെ ഓര്‍ത്ത്, ഇബ്രാഹീമിനെ ഓര്‍ത്ത് വികാരഭരിതമാവാതെ എങ്ങനെ രാവുതീര്‍ക്കും. തക്ബീര്‍ധ്വനിയില്‍ ചുറ്റുപാടുകള്‍ കൊഞ്ചലുതീര്‍ക്കുമ്പോള്‍ ഹാജറഉമ്മയുടെ സന്തോഷങ്ങള്‍ തികട്ടിവരും. ബലിമൃഗത്തിന് മനസ്സ് നിറഞ്ഞ് ത്യാഗസന്നദ്ധതയാല്‍ അന്ന് ഉപ്പയും മകനും അള്ളാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച ഉരുവിന്റെ ഛായയാണ്.