Columns

ബോസ്റ്റണ്‍ ആക്രമണവും ചെച്‌നിയന്‍ കുടംബവും

ബോസ്റ്റണ്‍ ബോംബ് സ്‌ഫോടനങ്ങളോടനുബന്ധിച്ച് പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത രണ്ട് ചെച്‌നിയന്‍ സഹോദരന്‍മാരെക്കുറിച്ചാണ് ആഗോള മീഡിയ കുറച്ച് ദിവസമായി സെന്‍സേഷനല്‍ കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. മീഡിയ ഭാഷ്യമനുസരിച്ച്, ചെചന്‍ വംശജരായ ഈ അമേരിക്കക്കാര്‍ ‘ജിഹാദി ഇസ്‌ലാമില്‍’ വിശ്വസിക്കുന്നവരാണ്. റഷ്യയില്‍ താമസിക്കുന്ന അവരുടെ മാതാപിതാക്കളും മതതീവ്രവാദികള്‍ തന്നെ. മൂത്ത സഹോദരന്റെ പേര് താമര്‍ലാന്‍ തസര്‍നയേവ്(26). പോലിസ് ഭാഷ്യമനുസരിച്ച് അയാളാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. അയാള്‍ കൊല്ലപ്പെടുകയും ചെയ്തു (അയാള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മൂന്ന് തരം വിശദീകരണങ്ങളുണ്ട്). ഭാവിയുള്ള ഒരു ബോക്‌സര്‍ ആയിരുന്നു അയാള്‍. എന്ത് ചെയ്യാം, ‘ജിഹാദി’ ആശയങ്ങളില്‍ പെട്ടുപോയി. മാതാവ് സുബൈദയാണ് ഇത്തരം ആശയങ്ങള്‍ അയാളില്‍ കുത്തിവെച്ചത്. താമര്‍ലാന്‍ വിവാഹം കഴിച്ചത് കാതറിന്‍ റസ്സല്‍ എന്ന അമേരിക്കന്‍ യുവതിയെ. ആ യുവതിയെയും കടുത്ത മതചിട്ടകള്‍ പാലിക്കുന്നവളാക്കുകയും ചെയ്തു. ഇളയ സഹോദരന്‍ 19-കാരനായ ജൗഹര്‍ തസര്‍നയേവ്. വിദ്യാര്‍ഥിയാണ്. പോലിസ് ആക്ഷനില്‍ പരിക്കേറ്റ് ഇപ്പോള്‍ പോലിസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നു. മൂത്ത സഹോദരനാണ് ഇയാള്‍ക്ക് ഇസലാമിക ജിഹാദിലും നശീകരണ പ്രവൃത്തികളിലും പരിശീലനം നല്‍കിയത് (ദ ടൈംസ് ഓഫ് ഇന്ത്യ 22,23,24 ഏപ്രില്‍, ഹിന്ദു ഏപ്രില്‍ 22). ഇളയ സഹോദരന് പരിക്കേറ്റതിനെക്കുറിച്ചും പല ഭാഷ്യങ്ങളുണ്ട്. വലിയ ഏതെങ്കിലും ഗൂഢാലോചനയുടെ ഫലമായാണോ ഈ സഹോദരന്മാര്‍ സ്‌ഫോടനം നടത്തിയത് എന്നതാണ് എഫ്.ബി.ഐ ഇപ്പോള്‍ അന്വേഷിക്കുന്നത്. സുബൈദയും മരുമകളായ കാതറിനും സംശത്തിന്റെ നിഴലിലാണ്.

ആഗോള മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ പക്ഷം പിടിക്കാതെ ശ്രദ്ധിച്ചാല്‍ ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നവരാണ് ഈ ചെചന്‍ കുടുംബം എന്ന് വ്യക്തമാണ്. സുബൈദയും കാതറിനും ഹിജാബ് ധരിക്കുന്നവരുമാണ്. താമര്‍ലിന്റെയും ജൗഹറിന്റെയും സ്വഭാവവിശേഷങ്ങളും അത്‌പോലെത്തന്നെ. ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്നു എന്നതാണ് അമേരിക്കന്‍ ഏജന്‍സികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുറ്റകൃത്യം. അത്‌കൊണ്ടാണ് ഈ അമേരിക്കന്‍ ഏജന്‍സികള്‍ ചെചന്‍ സഹോദരന്മാരെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നത്. തങ്ങള്‍ തട്ടിപ്പടച്ചുണ്ടാക്കുന്ന കേസുകള്‍ക്ക് തെളിവുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടി. ഇതില്‍ സുബൈദയുടെ നിലപാട് അമേരിക്കന്‍ ഏജന്‍സികളെ കൂടുതല്‍ പ്രകോപിപ്പിക്കുകയുണ്ടായി. സെപ്തംബര്‍ പതിനൊന്നിലെ ആക്രമണം അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ നടത്തിയതാണെന്നാണ് സുബൈദയുടെ നിലപാട്. സുബൈദയെ സന്ദര്‍ശിച്ച ഒരു സ്ത്രീയാണ് ഇത് മീഡിയയോട് പറഞ്ഞത്. രണ്ട് സഹോദരന്‍മാരുടെ പിതാവ് (സുബൈദയുടെ ഭര്‍ത്താവ്) അന്‍സര്‍ സര്‍നയേവ് പറഞ്ഞത് ബോസ്റ്റണ്‍ മാരത്തോണില്‍ ബോംബ് വെച്ചത് എഫ്.ബി.ഐ തന്നെയാണെന്നാണ്. ഇത് ഏജന്‍സികളുടെ കലി വര്‍ധിപ്പിക്കാന്‍ ഇടയാക്കി.

ഭീകരയുദ്ധത്തിലെ മറ്റു കഥകള്‍ പോലെ അസംബന്ധം നിറഞ്ഞതാണ് ബോസ്റ്റണ്‍ സ്‌ഫോടനക്കഥയും. വാര്‍ത്തകള്‍ ഉടനീളം വായിച്ചാല്‍ അതില്‍ ഉന്നം വെക്കപ്പെടുന്ന ഒരു പ്രധാന ലക്ഷ്യമുണ്ടന്ന് കണ്ടെത്താനാവും. ‘ജിഹാദ്’ ആണത്. ‘ജിഹാദി അധ്യാപനങ്ങളില്‍’ ഈ കുടംബത്തിന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുന്നത് അതുകൊണ്ടാണ്. അതൊരു വലിയ അപരാധമായാണ് എണ്ണിയിരിക്കുന്നത്. ഇസ്‌ലാം വിരുദ്ധ ശക്തികള്‍ എന്നും ലക്ഷ്യമിട്ട ഇസ്‌ലാമിക സംജ്ഞ ജിഹാദായിരുന്നു. ജിഹാദിനുള്ള ആഹ്വാനം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വ്യാഖ്യാനിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട് മുന്‍കാലങ്ങളില്‍. ഈയടുത്ത കാലത്താണ് ഖാദിയാനികളെ ഈ ആവശ്യത്തിന്നായി ഉപയോഗപ്പെടുത്തിയത്. ഇപ്പോള്‍ ജിഹാദിനെ ഭീകരതയുടെയും നശീകരണപ്രവൃത്തികളുടെയും പര്യായമാക്കാനാണ് ശ്രമം. ഇതൊക്കെയും തത്തയെപ്പോലെ ഏറ്റുപാടുകയാണ് ഇന്ത്യന്‍ മീഡിയ. മഹാരാഷ്ട്ര പോലിസ് ഈയിടെ ജി.ഐ.ഒ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ‘ജിഹാദി ആക്റ്റിവിസ’മായി പരിചയപ്പെടുത്തി ജനങ്ങളില്‍ ഭീതിയുണര്‍ത്താന്‍ ശ്രമിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പ്രോപഗണ്ടയുടെ ശക്തികൊണ്ട് ചില മുസ്‌ലികള്‍ തന്നെ ആ രീതിയില്‍ ജിഹാദിനെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു. അതിനാലാണ് തന്റെ മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ‘അവന്‍ ഒരു ജിഹാദിയല്ല’ എന്ന് ആ ചെചന്‍ പിതാവിന് പറയേണ്ടിവന്നത്. ചുരുക്കത്തില്‍, കള്ളപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ തങ്ങളുടെ ദൗത്യത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. ജിഹാദിനെക്കുറിച്ച തെറ്റദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ അത്രത്തോളം വിജയകരമാവുന്നില്ല എന്നും നാം തിരച്ചറിയണം.
(ദഅ്‌വത്ത് ത്രൈദിനം 28-4-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്

Facebook Comments
Related Articles
Show More

പര്‍വേസ് റഹ്മാനി

1948 ജൂണ്‍ 8-ന് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അകോടില്‍ ജനിച്ചു. ഉര്‍ദു ഭാഷയില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. ചെറുപ്പം മുതലേ മാധ്യമരംഗത്ത് സജീവമായി. പതിനാലാം വയസുമുതല്‍ ബാലമാസികകളില്‍ കഥകള്‍ എഴുതി തുടങ്ങി. ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം വിവിധ വിഷയങ്ങളിലുള്ള ചില പുസ്തകങ്ങളുടെ എഡിറ്റിങും നിര്‍വഹിച്ചിട്ടുണ്ട്. ദഅ്‌വത്ത് പത്രത്തിലെ ഏറ്റവുമധികം വായനക്കാരുള്ള 'ഖബര്‍ ഒ നസര്‍' എന്ന പംക്തി 29 വര്‍ഷമായി കൈകാര്യം ചെയ്യുന്നതിദ്ദേഹമാണ്.

Check Also

Close
Close
Close