Columns

ബൈബിളിലെ ഇസ്‌ലാം

വിശുദ്ധ ഖുര്‍ആന്‍ 41-ാം അധ്യായം 43-ാം വചനത്തില്‍ മുഹമ്മദ് നബിയോട് ദൈവം പറയുന്നു:
‘നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്‍മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല…’
ഖുര്‍ആനിലെ 3-ാം അധ്യായത്തില്‍ 50-ാം വാക്യത്തില്‍ യേശുക്രിസ്തു (ഈസാ നബി) മോശെക്ക് (മൂസാ നബി) അവതീര്‍ണമായ തൗറാത്തിനെ (തോറ) സത്യപ്പെടുത്തുന്നതിങ്ങനെ:
‘തൗറാത്തില്‍ നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള നിയമ ശാസനകളെ സത്യപ്പെടുത്തുവാനാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.’

ഇതേ കാര്യം യേശുക്രിസ്തു ഗിരിപ്രഭാഷണത്തില്‍ പറയുന്നതായി ബൈബിളില്‍ ഇങ്ങനെ കാണാം:
‘ഞാന്‍ ന്യായപ്രമാണത്തെയോ (തോറ) പ്രവാചകന്‍മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്. നീക്കാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്.’ (മത്തായി 5:17)

ഈ പറഞ്ഞതിനര്‍ഥം മോശയും യേശുവും മുഹമ്മദ് നബിയുമടക്കം എല്ലാ പ്രവാചകന്‍മാരും പറഞ്ഞത് ഇസ്‌ലാം ആയിരുന്നു എന്നാണ്. ഹീബ്രു ബൈബിളില്‍ ‘ഷാലോം’ എന്നാണ് ഇസ്‌ലാം എന്നതിന് പകരം ഉപയോഗിച്ചിരിക്കുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്ന ബൈബിള്‍ സാക്ഷ്യങ്ങളില്‍ ചിലത് താഴെ:
ഏകദൈവത്വവുമായി ബന്ധപ്പെട്ട ദാവീദ് (ദാവൂദ് നബി): ‘ദൈവമായ കര്‍ത്താവേ, അങ്ങ് ഏറ്റവും വലിയവനത്രെ! അങ്ങ് അതുല്യനാണ്. ഞങ്ങള്‍ കാത് കൊണ്ട് കേട്ടതനുസരിച്ച് അവിടന്നല്ലാതെ വേറെ ദൈവമില്ല.’ (II സാമുവല്‍ 7:22)

മോശ (മൂസാ നബി): ‘ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുമില്ല.’ (പുറപ്പാട് 8:10)

യേശുക്രിസ്തു: ‘യിസ്രയേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്…’ (മാര്‍ക്കോസ് 12:29)

ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട് ബൈബിള്‍:
മോശെയോട് കര്‍ത്താവ് അരുള്‍ ചെയ്തു: ‘നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നെഴുന്നേല്‍പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്‍മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും.’ (ആവര്‍ത്തന പുസ്തകം: 18:18)
യേശു പറഞ്ഞു: ‘എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രെ.’ (യോഹന്നാന്‍ 7:16)

ഇസ്‌ലാമിന്റെ മൂന്നാമത്തെ അടിസ്ഥാന വിശ്വാസമായ മരണാനന്തരം വരാനിരിക്കുന്ന ലോകത്തെ സംബന്ധിച്ച് ബൈബിള്‍ പറയുന്നു:
‘പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്ന ഒരുവനോടും ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല.’ (മത്തായി 12:32)

ഇതുമാത്രമല്ല ഇസ്‌ലാമില്‍ ഉള്ളതും ക്രിസ്താനിറ്റിയില്‍ ഇല്ലാത്തതുമായ മുസ്‌ലിം ജീവിത മാതൃകകള്‍ ബൈബിളിലും യേശുവിന്റെ ചര്യയിലുമൊക്കെയായി കാണാന്‍ കഴിയുന്നു. ഉദാഹരണങ്ങള്‍:

♦ ‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.’ എന്ന് മത്തായി 4:10 ല്‍ യേശു പറയുന്നു. ഒരു മുസ്‌ലിം കര്‍ത്താവായ ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ.

♦ യേശു അല്‍പം മുമ്പോട്ട് ചെന്ന് കമിഴ്ന്ന് വീണ് ദൈവത്തോട് പ്രാര്‍ഥിച്ചതായി മത്തായി 26:39 ല്‍ കാണാം. ഒരു മുസ്‌ലിം അഞ്ചു നേരം ഇത് ചെയ്യുന്നു.

♦ ആവര്‍ത്തന പുസ്തകം 5:8 ല്‍ പറയുന്നു: ‘വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്; അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്.’ ഇത് അക്ഷരം പ്രതി പാലിക്കുന്നവര്‍ മുസ്‌ലിംകളാണ്.

♦ ശിഷ്യന്‍മാര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരുടെ നടുവില്‍ ചെന്ന് യേശു ‘നിങ്ങള്‍ക്ക് സമാധാനം’ എന്നു പറഞ്ഞു. (ലൂക്കോസ് 24:36) ഈ പറഞ്ഞതിന്റെ അറബിയാണ് ‘അസ്സലാമു അലൈകും’.

♦ ‘നിങ്ങളില്‍ പുരുഷ പ്രജയൊക്കെയും പരിഛേദന (ചേലാകര്‍മം) ഏല്‍ക്കണം.’ എനന് ഉല്‍പത്തി പുസ്തകത്തില്‍ 17:10ല്‍ കാണാം. യേശു ജനിച്ച് എട്ടാം നാള്‍ സുന്നത്ത് (പരിഛേദന) നടത്തിയതായി ലൂക്കോസ് 2:21ല്‍ കാണാം.

♦ ആവര്‍ത്തനം 14:22ല്‍ ‘ആണ്ടുതോറും നിലത്തു വിതച്ചുണ്ടാക്കുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവെക്കണം.’ എന്ന് സകാത്തിനെ സംബന്ധിച്ച കല്‍പന കാണാം.

♦ നോമ്പിനെ സംബന്ധിച്ച് മത്തായി 6:16ലും ലൂക്കോസ് 4:2ലും കാണാം.

♦ ‘താനേ ചത്ത ഒന്നിനെയും തിന്നരുത്.’ (ആവര്‍ത്തനം 14:21), ‘പന്നി: അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങള്‍ക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്.’ (ആവര്‍ത്തനം 14:8)

♦ ‘…. ദരിദ്രന് പണം വായ്പ കൊടുത്താല്‍ പൊലിക്കടക്കാരനെ പോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത്.’ (ആവര്‍ത്തനം 23: 19,20)

♦ ‘മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു.’ (ആവര്‍ത്തനം 18:11)

ഇതുപോലെ ഇസ്‌ലാമില്‍ മാത്രം വിലക്കപ്പെട്ടതായി ഇപ്പോഴും കാണുന്ന വേറെയും ധാരാളം കല്‍പനകള്‍ ബൈബിളിലുണ്ട്.
ഈ ന്യായപ്രമാണങ്ങളെ നിവര്‍ത്തിപ്പാനാണ് ഞാന്‍ വന്നത് എന്ന് പറഞ്ഞ യേശു മുസ്‌ലിം ആയിരുന്നു; ശിഷ്യന്‍മാരും ആയിരുന്നു. സുന്നത്ത് നടത്തിയ യേശു താടി വളര്‍ത്തിയിരുന്നതായും യേശുവിന്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ മനസ്സിലാക്കി തരുന്നു. അതും ഒരു മുസ്‌ലിം ചര്യയാണ്.

മനുഷ്യകല്‍പനകളെയല്ല ദൈവ കല്‍പനകളെയാണ് മനുഷ്യന്‍ അനുസരിക്കേണ്ടത് എന്ന ഇസ്‌ലാമിന്റെ മൗലികാധ്യാപനം മത്തായി 15: 3-9ലും മാര്‍ക്കോസ് 7: 5-13ലും ഇങ്ങനെ കാണാം:
‘… മാനുഷ കല്‍പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതു കൊണ്ട് എന്നെ വ്യര്‍ഥമായി ഭജിക്കുന്നു.’
‘നിന്റെ രാജ്യം വരേണമേ,…’ എന്ന മത്തായി 6:10 ലെ പ്രാര്‍ഥന യാഥാര്‍ഥ്യമാക്കുന്നത് മുഹമ്മദ് നബിയിലൂടെ സ്ഥാപിതമായ ഇസ്‌ലാമിക രാഷ്ട്രത്തിലാണ്. യേശുവിന്റെ കാലശേഷം ഇതല്ലാത്ത ഒരു ദൈവരാജ്യം ചരിത്രത്തില്‍ എവിടെയും ഉണ്ടായിട്ടില്ല.

പിന്‍കുറി: സ്‌നാപക യോഹന്നാന്റെ അടുത്തു ചെന്ന് പുരോഹിതന്‍മാരും ലേവ്യരും താങ്കള്‍ ആരാണെന്നന്വേഷിച്ചപ്പോള്‍: ‘ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ എന്ന് അവനോട് ചോദിച്ചതിന് അല്ല എന്നു ഏറ്റു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിനു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.’ (യോഹന്നാന്‍ 1: 20,21)
അവര്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്ന മൂന്നാളുകളില്‍ ക്രിസ്തുവും ഏലിയാവുമല്ലാത്ത ‘ആ പ്രവാചകന്‍’ ആകുന്നു യേശുവിന്റെ കാലശേഷം അറുന്നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മക്കയില്‍ പിറന്ന മുഹമ്മദ് നബി.

ആരുടേതാണ് ഇസ്‌ലാം?
ഇസ്‌ലാം ഭാരതീയ പ്രമാണങ്ങളില്‍

Facebook Comments
Related Articles
Show More

ജി.കെ എടത്തനാട്ടുകര

ഗിയാസ് ഖുതുബ് എന്ന് പൂര്‍ണ നാമം. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ദഅ്‌വ വകുപ്പ് സെക്രട്ടറിയായി സേവനം ചെയ്യുന്നു. പ്രാസംഗികനും എഴുത്തുകാരനുമായ ജി.കെ. പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.
Close
Close