Columns

ബംഗ്ലാദേശില്‍ ‘ചരിത്രപ്രധാനമായ അവസരം’

ടൈംസ് ഓഫ് ഇന്ത്യ(മാര്‍ച്ച് 4) നല്‍കിയ ഒരു തലക്കെട്ടാണിത്. അതിന് നല്‍കിയ ഉപതലക്കെട്ട് ഇങ്ങനെ: ‘ബംഗ്ലാദേശിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടം മുറുകവെ, ജമാഅത്ത് വിരുദ്ധശക്തികളെ ഇന്ത്യ ശക്തിപ്പെടുത്തണം.’ എഡിറ്റോറിയലിന്റെ ശേഷം ഭാഗങ്ങളില്‍ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്ന് ഇതില്‍ നിന്ന് ഊഹിക്കാമല്ലോ. ബംഗ്ലാദേശിലെ യുവാക്കള്‍ അസ്വസ്ഥരാണെന്നത് ഇന്ത്യക്ക് ചരിത്രപരമായ വലിയൊരു അവസരമാണ് വെച്ച് നീട്ടിയിരിക്കുന്നതെന്ന് അതില്‍ പറയുന്നു. അതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ജമാഅത്ത് വിരുദ്ധ ശക്തികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കണം. ഇസ്‌ലാമിക മൗലികവാദശക്തികളുടെ കൈകളിലേക്ക് രാജ്യം വീണുപോകാതിരിക്കാന്‍ എന്തു വിലകൊടുത്തും ശ്രമിക്കണം. ബംഗ്ലാദേശിന്റെ ഭാവി താലിബാന്‍വല്‍ക്കരണത്തിലല്ല, മതേതരത്വത്തിലാണ്. ഖാലിദാ സിയയും അവരുടെ പാര്‍ട്ടിയും ജമാഅത്തിനെ പിന്തുണക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇങ്ങനെ പോകുന്നു വാദഗതികള്‍. പിറ്റേദിവസം അതേ പത്രം തന്നെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീറാം സുന്ദര്‍ ചൗലിയയുടെ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. ആശയം നേരത്തെപ്പറഞ്ഞത് തന്നെ. പക്ഷേ, അതില്‍ വ്യത്യസ്തമായ മറ്റൊരു കാര്യം പറഞ്ഞിരുന്നു. ഇന്ത്യാ ഗവണ്‍മെന്‍ിന് അവിടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളോടും നല്ല ബന്ധം തന്നെയാണ് ഉണ്ടാവേണ്ടത്; ഇസ്‌ലാമിക മൗലികവാദികളോട് പോലും. എന്നാലേ അടുത്ത തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അവരുടെ നിലപാട് ഇന്ത്യാ വിരുദ്ധമല്ലാതിരിക്കൂ. നിര്‍ണായക രാഷ്ട്രീയ ശക്തിയായിട്ട് തന്നെയാണ് ആ ലേഖനത്തില്‍ ജമാഅത്തിനെ അവതരിപ്പിച്ചിട്ടുള്ളത്.
ടൈംസ് ഓഫ് ഇന്ത്യയിലെ ഈ രണ്ട് അവലോകനങ്ങളും ഇന്ത്യന്‍ മീഡിയയുടെ, പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രസ്സിന്റെ സ്വഭാവമെന്താണെന്ന് കാണിച്ച തരുന്നുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ ശക്തിപ്പെടുന്നത് ഏതു വിധേനയും തടയണമെന്നാണ് എല്ലാറ്റിന്റെയും ഉള്ളടക്കം. ചിലര്‍ ഗവണ്‍മെന്റിനെ കരുതലോടെ നീങ്ങാന്‍ ഉപദേശിക്കുന്നുമുണ്ട്. നേരിട്ടുള്ള ഇടപെടല്‍ ഇന്ത്യാ വിരുദ്ധ വികാരമുണ്ടാക്കും എന്നാണ് അവരുടെ മുന്നറിയിപ്പ്. അതിനാല്‍ നാം നമ്മുടെ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തണം. ഏഷ്യന്‍ ഏജ് (മാര്‍ച്ച് 4) പോലുള്ള പത്രങ്ങളാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെയാണ് ഈ പത്രങ്ങളെല്ലാം ഉന്നം വെക്കുന്നതെങ്കിലും അവരുടെ യഥാര്‍ഥ ഉന്നം ഇസ്‌ലാം തന്നെയാണ്. പത്രക്കാര്‍ കരുതിവെച്ച അധിക്ഷേപ വാക്കുകളെല്ലാം-റാഡിക്കല്‍ ഇസ്‌ലാം, എക്‌സ്ട്രീമിസ്റ്റ് ഇസ്‌ലാം പോലുള്ളവ-അവര്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് നേരെ പ്രയോഗിക്കുന്നു. 1971-ലെ യുദ്ധക്കാലത്ത് ബംഗ്ലാദേശില്‍ സൃഷ്ടിക്കപ്പെട്ടിരുന്ന വിദ്വേഷത്തിന്റെയും ശത്രുതയുടെയും നാളുകള്‍ തിരിച്ച് കൊണ്ടുവരണമെന്നാണ് ഇന്ത്യന്‍ മീഡിയയുടെ നിലപാട്. അത്തരം വികാരങ്ങളൊന്നും ഒരിക്കലും അണഞ്ഞുപോയിക്കൂടാ. ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച ഒരു സംസാരവും ഇനി കേട്ടുപോകരുത്. 1971- ലെ യുദ്ധകാലത്ത് ഉണ്ടായിരുന്ന അതേ ബംഗ്ലാ വികാരത്തെ കത്തിച്ച് നിര്‍ത്താനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മീഡിയയുടെ ഈ നിലപാട് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ വിദേശനയത്തിന്റെ പ്രകാശനം തന്നെയാണ്. ഇതിന് അമേരിക്കയുടെയും ഇസ്രയേലിന്റെയുമൊക്കെ പിന്തുണ ഉണ്ടാവുകയും ചെയ്യും. ഒരു മുസ്‌ലിം സമൂഹത്തിന്റെ പൊതുജീവിതത്തില്‍ ദീനും ശരീഅത്തും കടന്ന് വരുന്നത് അവര്‍ സഹിക്കില്ലല്ലോ. നമ്മുടെ ഈ വിദേശനയം തന്നെയാണോ ശരിയും ഫലപ്രദവും എന്ന ചോദ്യം ഇവിടെ ഉയരുന്നു. ബംഗ്ലാ അനുഭവം വെച്ച് തന്നെ പറയുകയാണെങ്കില്‍ അനുകൂല ഉത്തരമല്ല നമുക്ക് ലഭിക്കുക. മതാനുഷ്ഠാനങ്ങളില്‍ നല്ല ശ്രദ്ധയും ജാഗ്രതയും ഉള്ളവരാണ് ഇപ്പോഴും ബംഗ്ലാ ജനത. പുതിയ രാഷ്ടമായത് മുതല്‍ കടുത്ത മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചിട്ടും ഇസ്‌ലാമുമായുള്ള അവരടെ ബന്ധം മുറിച്ച് മാറ്റാനായിട്ടില്ല. പ്രശ്‌നവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം: നേര്‍വഴിക്ക് ചിന്തിക്കുന്ന ലോകത്തെ ഓരോ മനുഷ്യനുമറിയാം, ജമാഅത്ത് നേതാക്കള്‍ക്ക് നേരെ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന്. രാഷ്ട്രീയ പകപോക്കല്‍ എന്നതിനപ്പുറം അതിനൊരു മാനവുമില്ല. ലോകത്തിന് മുമ്പില്‍ അത് വൈകാതെ വെളിപ്പെടാനും പോകുന്നു. ജമാഅത്തുമായി ബംഗ്ലാ ജനതക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം. പക്ഷേ അവര്‍ ആ നേതാക്കളെ ആദരിക്കുന്നവരാണ്. ഇതൊക്കെ മനസ്സിലാക്കി നമ്മുടെ ഭരണകൂടം ഒരു നിലപാട് സ്വീകരിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഇസ്‌ലാമിക അടിത്തറകളിലാണ് അവിടെ ഭരണം സ്ഥാപിക്കപ്പെടുന്നതെങ്കില്‍ ഭയക്കേണ്ട യാതൊരു കാര്യവുമില്ല. ആ രാജ്യം നമ്മളുമായി നല്ല ബന്ധം സ്ഥാപിച്ചിരിക്കും. ഇന്ത്യയിലും ഇരുപത് കോടിയോളം മുസ്‌ലികളുള്ളതാണല്ലോ.
(ദഅ്‌വത്ത് ത്രൈദിനം 10-3-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Facebook Comments
Related Articles
Show More

പര്‍വേസ് റഹ്മാനി

1948 ജൂണ്‍ 8-ന് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അകോടില്‍ ജനിച്ചു. ഉര്‍ദു ഭാഷയില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. ചെറുപ്പം മുതലേ മാധ്യമരംഗത്ത് സജീവമായി. പതിനാലാം വയസുമുതല്‍ ബാലമാസികകളില്‍ കഥകള്‍ എഴുതി തുടങ്ങി. ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം വിവിധ വിഷയങ്ങളിലുള്ള ചില പുസ്തകങ്ങളുടെ എഡിറ്റിങും നിര്‍വഹിച്ചിട്ടുണ്ട്. ദഅ്‌വത്ത് പത്രത്തിലെ ഏറ്റവുമധികം വായനക്കാരുള്ള 'ഖബര്‍ ഒ നസര്‍' എന്ന പംക്തി 29 വര്‍ഷമായി കൈകാര്യം ചെയ്യുന്നതിദ്ദേഹമാണ്.

Check Also

Close
Close
Close