Columns

പെരുന്നാള്‍ വസ്ത്രം കീറിയോ?

 

പെരുന്നാളിന് അഴകുള്ള ഒരു വസ്ത്രം കിട്ടണമെന്നാഗ്രഹിക്കാത്തവരുണ്ടാവില്ല. ആഗ്രഹിച്ചും അധ്വാനിച്ചും നേടിയ ആ വസ്ത്രം ഒരു ദിവസം കൊണ്ട് കീറിപ്പോവുകയോ കഴുകിയാല്‍ മായാത്ത വിധം കറപിടിക്കുകയോ ചെയ്താല്‍ എത്രമാത്രമായിരിക്കും നമുക്കുണ്ടാക്കുന്ന അസ്വസ്ഥത? അസ്വസ്ഥതയുണ്ടാവുന്നില്ലെങ്കില്‍ നമ്മുടെ മനസ്സിന് കാര്യമായ തകരാറുണ്ടെന്നു മനസ്സിലാക്കണം.
ഇതിനെക്കാള്‍ വിലപ്പെട്ടതും അതിനാല്‍ തന്നെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുമായ മറ്റൊരു വസ്ത്രത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു തരുന്നു. ഭക്തി എന്ന വസ്ത്രം (ലിബാസുത്തഖ്‌വാ).
മനസ്സിനെ അണിയിക്കുന്ന വസ്ത്രമാണത്. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങള്‍ ഈ വസ്ത്രം അണിഞ്ഞുകൊണ്ടായിരിക്കണം. മറ്റൊരു നിലക്കു പറഞ്ഞാല്‍ ഈ കര്‍മ്മങ്ങളെല്ലാം ഭക്തി എന്ന വസ്ത്രം വാങ്ങാനുള്ള മാര്‍ഗമാണ്.
പോയമാസത്തില്‍ സത്യവിശ്വാസി ലിബാസുത്തഖ്വാ വാങ്ങാന്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചവര്‍ ഭാഗ്യവാന്‍മാര്‍. ഭക്തിയുടെ വസ്ത്രം വാങ്ങാനുള്ള ഒന്നാമത്തെ മാര്‍ഗം അല്ലാഹുവെ സ്മരിക്കലാണ്. പിന്നെ ദൈവസ്മരണയെ കര്‍മ്മംകൊണ്ട് സത്യപ്പെടുത്തലും. അല്ലാഹു പറയുന്നു: ‘ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.’ (വി.ഖു.2:152).
എങ്ങനെയാണ് ഈ സ്മരണ? പ്രപഞ്ചത്തിന്ന് ഒരു സ്രഷ്ടാവുണ്ട് എന്ന് വിചാരിക്കുന്നതില്‍ പരിമിതമാണോ ഇത്? അല്ല. ആ പ്രപഞ്ച സ്രഷ്ടാവ് ശക്തനാണ്, മഹാജ്ഞാനിയാണ്, പരമദയാലുവാണ്, ധിക്കാരികളെ ശിക്ഷിക്കുന്നവനാണ്, സൃഷ്ടികളുടെ മനസ്സിലുള്ളത് അറിയുന്ന ഒരേയൊരുവനാണ് അവന്‍, അവന്‍ മാത്രമേ ആരാധനയര്‍ഹിക്കുന്നുള്ളു, തന്റെ ആരോഗ്യവും സമ്പത്തും വിജ്ഞാനവും അവന്‍ അനുഗ്രഹിച്ചരുളിയതാണ് എന്നെല്ലാം ചിന്തിക്കലാണ് ഓരോ വിശ്വാസിയിലും ഉണ്ടാവേണ്ട ദൈവസ്മരണ. അതുള്ളവനെ ദൈവവും ഓര്‍ക്കും. അതില്ലാത്തവനെ അവന്‍ മറന്നുകളയും. എന്നുവെച്ചാല്‍ അവനെ പരിഗണിക്കില്ല.
സ്മരണയോടനുബന്ധിച്ച് ചെയ്യേണ്ട കാര്യമാണ് നന്ദി രേഖപ്പെടുത്തല്‍. നന്ദി എന്നാല്‍ ഉപകാരസ്മരണയാണ്. നമുക്ക് ഒരു ഗുണവും ചെയ്തുതരാത്തവന്ന് നാം നന്ദി രേഖപ്പെടുത്തുകയില്ല. അല്ലാഹു ആകട്ടെ നമുക്ക് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. അവയില്‍ ചിലത് ഉദാഹരിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:’അവന്നു നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ? (വി.ഖു: 90:8,9)
ഇപ്പറഞ്ഞ മൂന്ന് അവയവങ്ങളും നമ്മെ സമൂഹവുമായി ബന്ധിപ്പിക്കുന്നു. ഇവയുടെ അഭാവം നമ്മെ സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിക്കും. ജീവിതത്തില്‍ അത് എത്രമാത്രം വിലപിടിപ്പുള്ളതാണെന്ന് മനസ്സിലാക്കി അവയെ ദൈവത്തിന്നു നന്ദിചെയ്യാന്‍ ഉപയോഗപ്പെടുത്തലാണ് ബുദ്ധി. കണ്ണുകള്‍ നമ്മുടെ ജീവിത സുഖത്തിനെന്നപോലെ അല്ലാഹുവിന്റ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താന്‍ കൂടിയുള്ളതാണെന്ന അറിവ് വിശ്വാസികളില്‍ നിന്ന് കൈമോശം വരരുത്. ആ അറിവ് ചുണ്ടുകളുടെയും നാവിന്റെയും സഹായത്താല്‍ അന്യരിലേക്കു പകരല്‍ അല്ലാഹുവിന്നുള്ള നന്ദി പ്രകടനമാണ്.
നാം വ്രതമനുഷ്ഠിച്ചിരുന്നു എന്ന് നമ്മുടെ പ്രസ്താവനയില്‍ നിന്നല്ല ജനങ്ങളറിയേണ്ടത്; ജീവിതത്തില്‍ നിന്നാണ്. ഇടപെടുന്ന എല്ലാ രംഗങ്ങളിലും വ്രതംകൊണ്ട് ആര്‍ജ്ജിച്ച ഭക്തി കൂട്ടാളിയുണ്ടാവണം. അവന്റെ ഓരോ അവയവത്തിലും ഭക്തിയുടെ പ്രകാശമുണ്ട് എന്ന് ആര്‍ക്കും തിരിച്ചറിയത്തക്കവിധം ജീവിതത്തെ മാറ്റിയെടുക്കുക ശ്രമകരമാണ്. ശ്രമിക്കുന്നവന്നേ വിജയമുള്ളൂ.

Facebook Comments
Related Articles
Show More

Leave a Reply

Your email address will not be published.

Close
Close