Columns

പീഡനം, പീഡനം സര്‍വത്ര!

ലോകമാധ്യമങ്ങള്‍ എന്നെന്നും നമുക്കു തന്നു കൊണ്ടിരിക്കുന്ന ഒന്നാണ് മുസ്‌ലിം പീഡന കഥകള്‍. ഇന്ത്യയില്‍ പീഡനം! അമേരിക്കയില്‍ പീഡനം! യൂറോപ്യന്‍ രാജ്യങ്ങളില്‍ പീഡനം! ചൈനയില്‍ പീഡനം! എന്തിനധികം, ‘അഹിംസ’ ലോകത്തിന്നു പരിചയപ്പെടുത്തിയ ശ്രീബുദ്ധന്റെ അനുയായികളുടെ നാട്ടിലും പീഡനം! തുറന്നു പറയാമല്ലോ, സാഹോദര്യത്തിന്റെ ‘എ ടു സെഡ്’ മാനവരാശിക്കു പരിചയപ്പെടുത്തുകയും പ്രയോഗരൂപത്തിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്ത ഇസ്‌ലാമിന്റെ അനുയായികള്‍ ഭരിക്കുന്ന നാടുകളില്‍ പീഡനത്തോട് പീഡനം! ബംഗ്ലാദേശില്‍ നടന്നു കൊണ്ടിരിക്കുന്നത് അതാണല്ലൊ. സിറിയയിലും ഈജിപ്തിലും മറ്റും മറ്റും നടന്നു കൊണ്ടിരിക്കുന്നതും അത് തന്നെ.

ചുരുക്കത്തില്‍, മുസ്‌ലിം പീഡനത്തിന്ന് മതമില്ല, നിറമില്ല, ജാതിയില്ല. വികസിതമെന്നോ അവികസിതമെന്നോ യാതൊരു പരിഗണനയുമില്ല. എല്ലാവരും എല്ലായിടത്തും അംഗീകരിച്ചു കഴിഞ്ഞ ഒരു ‘ഹിഡന്‍ അജണ്ട’യാണൊ എന്ന് സംശയിച്ചു പോകുന്ന രീതിയില്‍ ലോകത്ത് ഒന്നായി നടന്നു കൊണ്ടിരിക്കുകയാണ് മുസ്‌ലിം പീഡനം.

എന്നാല്‍, ഇത്തരം പീഡന സംഭവങ്ങള്‍, അനുഭവങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും, ദൈനം ദിനമെന്നൊണം, ഭീകര രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുമ്പോഴും, ലോക രാഷ്ട്രങ്ങളില്‍ മൊത്തം നടന്നു കൊണ്ടിരിക്കുന്ന ഒരത്ഭുത പ്രതിഭാസമുണ്ട്. ലോകത്തെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും പീഡനത്തിന്നു ആക്കം കൂട്ടുകയും ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു അത്ഭുതം. ഇസ്‌ലാമിന്റെ അതിവേഗ വ്യാപനമത്രെ അത്. എവിടെയെല്ലാം മുസ്‌ലിം പീഡനം നടന്നു കൊണ്ടിരിക്കുന്നുവോ, അവിടെയെല്ലാം ആളുകള്‍ കൂട്ടം കൂട്ടമായി, ഇസ്‌ലാമിലേക്ക് പ്രവഹിച്ചു കൊണ്ടിക്കുന്നു. അതില്‍, സ്ത്രീ – പുരുഷ വ്യത്യാസമില്ല. ജാതി മത പരിഗണനയില്ല. സാക്ഷരതയുടെ ഉന്നത കോടിയിലെത്തിയ ശാസ്ത്രജ്ഞന്മാരും തത്വ ശാസ്ത്രജ്ഞരുമുണ്ട്. നിരക്ഷരതയുടെ അടിത്തട്ടിലെത്തിയ സാധാരണക്കാരുണ്ട്. മത നേതാക്കളും മത പ്രചാരകരുമുണ്ട്. നിരീശ്വര – നിര്‍മത പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി, രാപ്പകലുകള്‍ ഭേദമന്യെ, അടരാടിക്കൊണ്ടിരുന്ന പ്രഭാഷകരും സാഹിത്യകാരന്മാരും കോളമിസ്റ്റുകളും ആര്‍ട്ടിസ്റ്റുകളുമുണ്ട്. ഭൗതികത്വത്തിന്റെ വേണ്ടാത്തരങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരുന്ന നടീനടന്മാരുണ്ട്. എന്തിനധികം, മുസ്‌ലിം പീഡനത്തിന്നു ചുക്കാന്‍ പിടിച്ചിരുന്ന പീഡകര്‍ വരെയുണ്ട്.

യഥാര്‍ത്ഥത്തില്‍, വൈരുദ്ധ്യാധിഷ്ടിതമായ ഈ സ്ഥിതി വിശേഷം, നിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആശയകുഴപ്പത്തിലകപ്പെടുത്തിയിരിക്കുകയാണ്. മുസ്‌ലിം പീഡനത്തിന്നു ആയിരമായിരം ന്യായങ്ങളിലൂടെ ഉത്തരം കണ്ടെത്താന്‍, ഇസ്‌ലാമിന്റെ ശത്രുക്കളും മറ്റും ധൃതി കാണിക്കുന്നുണ്ടെങ്കിലും, രണ്ടാമത്തെ വശത്തിന്നു ന്യായീകരണം കണ്ടെത്താന്‍ അവര്‍ക്കാര്‍ക്കുമാകുന്നില്ല. അതിനാല്‍ തന്നെ, ഇരു വശങ്ങളും പരിഗണിക്കപ്പെടുന്ന ഒരു ഉത്തരമാണ് നമുക്ക് ലഭിക്കേണ്ടത്.

യഥാര്‍ത്ഥത്തില്‍, വിശുദ്ധ ഖുര്‍ആനിന്നു മാത്രമേ ഈ സംശയത്തിന്നു മറുപടി തരാന്‍ കഴിയുകയുള്ളു. ഖുര്‍ ആന്‍ ഒരാവൃത്തി വായിച്ചാല്‍ ഇതിന്റെ ഉത്തരം കണ്ടെത്താന്‍ നമുക്കു കഴിയും. ചില സൂക്തങ്ങള്‍ കാണുക: ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. (29: 2, 3)

അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും  വന്നെത്താതെ നിങ്ങള്‍ക്ക്  സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്. (2: 214)

അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മരസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്ഗമത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ? (3: 142)

താന്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അധര വ്യായാമം നടത്തി തൃപ്തിയടയുന്നവരായിരുന്നില്ല, പൂര്‍വ പ്രവാചകന്മാരും സത്യവിശ്വാസികളും. പ്രത്യുത, വിശ്വാസം പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. വിശ്വാസിയുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുന്നതോടെ മാത്രമെ, ഈ ചോദ്യത്തിന്നു നമുക്ക് മറുപടി കണ്ടെത്താനാകുകയുള്ളു. തന്റെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ പ്രീതി നേടുകയും തദ്വാരാ സ്വര്‍ഗപ്രവേശം ലഭിക്കുകയുമാണല്ലോ അത്. പക്ഷെ, ഇതാര്‍ക്കാണ് ലഭിക്കുക? മറുപടി ഖുര്‍ആന്‍ തന്നെ തരുന്നുണ്ട്:
‘ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (89: 27)

അതെ, സമാധാനമടഞ്ഞ മനസ്സുകള്‍ക്കേ അതിന്നു കഴിയുകയുള്ളു. വളരെ പരിശുദ്ധവും സുശക്തവുമായ മനസ്സുകള്‍ക്കേ അത് സാധിക്കുകയുള്ളു. ഇത് കേവലം ചില വാക്കുകള്‍ ഉച്ചരിക്കുന്നത് കൊണ്ടോ, ചില നാമമാത്ര അനുഷ്ടാനങ്ങള്‍ നിര്‍വഹിച്ചത് കൊണ്ടോ സാധിക്കുന്നതല്ല. നിശ്ചിത ഫീസ് ഒടുക്കിയാല്‍ ഇന്ന് പല ഭൗതിക പാര്‍ട്ടികളിലും നമുക്ക് അംഗത്വം നേടാം. നാം ആഗ്രഹിക്കുന്നില്ലെങ്കിലും, പലപ്പോഴും മെമ്പര്‍ഷിപ്പ്, നമ്മെ തേടി വീട്ടിലെത്തും. പക്ഷെ, ഇത്രയും ലാഘവത്തൊടെ ലഭിക്കുന്ന മെമ്പര്‍ഷിപ്പിന്റെ അനന്തരഫലം, പലപ്പോഴും ആശാവഹമായിരിക്കില്ല. പ്രധാന പാര്‍ട്ടിയില്‍ അംഗമായി തീരുന്നതോടെ, പലരുടെയും ധിക്കാരങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും വര്‍ധിക്കുന്നതായി നാം കാണുന്നു. അതിനാല്‍ തന്നെ, പലപ്പോഴും പാര്‍ട്ടിക്കകത്ത് തമ്മില്‍ പോരും ശൈഥില്യവും പതിവാകുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, പാര്‍ട്ടി ആഫീസുകളുടെ മുമ്പില്‍, ‘സീറ്റ്’ കൊതിച്ചെത്തുന്ന അനുയായികളെ പിരിച്ചുവിടാന്‍, പലപ്പോഴും പോലീസിന്ന് ലാത്തി വീശേണ്ടി വരുന്നു. ഇവരുടെയെല്ലാം, ആകെ മുടക്കുമുതലാകട്ടെ, പാര്‍ട്ടി മെമ്പര്‍ഷിപ്പും. ഇത്തരക്കാരുടെ കൈയില്‍ അധികാരം കിട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍, ദൈനം ദിനമെന്നോണം നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലൊ.

ദൈവപ്രീതിയും സ്വര്‍ഗപ്രവേശനവും വാഗ്ദാനം ചെയ്യുന്ന ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, പക്ഷെ, ഈ നിലപാട് ഒരിക്കലും സ്വീകാര്യമല്ല. ദുര്‍ബലമനസ്സുകള്‍ക്കും ചഞ്ചല ചിത്തര്‍ക്കും ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത അനുഗ്രഹങ്ങളത്രെ അവ. അതിനാല്‍ തന്നെ, നിരന്തര സംസ്‌കരണത്തിലൂടെ മനസ്സുകള്‍ വിശുദ്ധീകരിക്കപ്പെടെണ്ടതുണ്ട്. പാകപ്പെടുത്തപ്പെടേണ്ടതുണ്ട്. ഇതിന്നായി, അല്ലാഹു പ്രയോഗിക്കുന്ന ഒരു പ്രധാന രീതിയാണ് പരീക്ഷണം. ഇത് പല രീതിയിലാകാം. ജീവിതം പീഡനങ്ങളാല്‍ നിര്‍ഭരമാക്കപ്പെട്ടുകൊണ്ടായിരിക്കാം ചിലപ്പൊഴത് സംഭവിക്കുക. ഖുര്‍ആന്‍ തന്നെ ഈ വസ്തുത തുറന്നു പറഞ്ഞിട്ടുണ്ട്;
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (2: 155)
ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മത നല്കിക്കൊണ്ടും നന്മ  നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (21: 35)
നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (47: 31)

നിരന്തരമായ പീഡനങ്ങളിലൂടെ മുസ്‌ലിം സമുദായം ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത് പരീക്ഷണമെന്ന ഈ വിശുദ്ധീകരണ്മാണെങ്കില്‍, നാം അനുഗ്രഹീതര്‍. കാരണം, ഓരോ പരീക്ഷണത്തിലും വിജയിച്ചുകൊണ്ടീരിക്കുന്നവര്‍ക്കേ അടുത്ത പരീക്ഷണമുണ്ടാവുകയുള്ളു. ഓരോ പരീക്ഷണത്തിലും പരാജയപ്പെടുന്നവര്‍, അതോടെ തള്ളപ്പെടുന്നതാണ്. കാരണം അയാള്‍ അയൊഗ്യനാണെന്നു സ്വയം തെളിയിച്ചു കഴിഞ്ഞു. ഇതിന്നര്‍ത്ഥം, ക്രമപ്രവൃദ്ധമായായിരിക്കും ഈ പരീക്ഷണം നടക്കുകയെന്നത്രെ. മറ്റൊരു ഭാഷയില്‍ ഉന്നത മന്‍സ്സുകളായിരിക്കും കൂടുതല്‍ പരീക്ഷണ വിധേയരായിക്കൊണ്ടിരിക്കുക. അത് കൊണ്ടാണ്, സൃഷ്ടികളില്‍ സര്‍വോത്തമരായ പ്രവാചകന്മാര്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. അതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഖുര്‍ ആന്‍ നല്‍കുന്നുണ്ട്. പിന്നെ, അവരുടെ അനുയായികള്‍, സത്യവിശ്വാസികള്‍ എന്നിവരെല്ലാം കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടു. അവയിലെല്ലാം അവര്‍ വിജയിക്കുകയും അത് വഴി അവര്‍ ദൈവിക പ്രീതി കരസ്തമാക്കുകയും ചെയ്തു. അല്ലാത്തവര്‍ വഴിയില്‍ തള്ളപ്പെടുകയായിരിക്കും ഫലം.

പ്രവാചക പത്‌നി ഉമ്മുഹബീബ ബിന്‍ത് അബീസുഫ്‌യാന്റെ കഥ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. മക്കയിലെ ചോദ്യം ചെയ്യപ്പെടാത്ത ഖുറൈശി പ്രമുഖന്‍ അബൂസുഫ്‌യാന്റെ മകള്‍ റംലയും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചതോടെ സ്വാഭാവികമായും പീഡനങ്ങള്‍ തുടങ്ങി. അസഹനീയമായപ്പൊള്‍, വിശ്വാസ സംരക്ഷണാര്‍ത്ഥം എത്യോപ്യയിലേക്ക് പലായനം നടത്തി. പക്ഷെ, പിന്നീടുണ്ടായത്, റംലയെ സംബന്ധിച്ചിടത്തോളം, ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു. ഭര്‍ത്താവ് ഉബൈദുല്ല മതം കൈവെടിയുകയും തന്നൊടൊന്നിച്ചു കഴിയണമെങ്കില്‍, ക്രിസ്തുമതം സ്വീകരികണമെന്നാവശ്യപ്പെടുകയുമായിരുന്നു. അവര്‍ കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. ഇസ്‌ലാമിന്നു പകരമായി ഭര്‍ത്താവിനെ കൈയൊഴിക്കുകയാനുണ്ടായത്. ഈ പരീക്ഷണ ഫലം, ഭൗതിക ലോകത്ത് വെച്ച് തന്നെ, ഇരുവര്‍ക്കും ആസ്വദിക്കാനായി എന്നതായിരുന്നു സത്യം. ഇസ്‌ലാം ത്യജിച്ച് ക്രിസ്തുമതം സ്വീകരിച്ച ഉബൈദുല്ല, രാപ്പകല്‍ ഭേദമന്യെ, മദ്യഷോപ്പുകളില്‍ കഴിഞ്ഞു അതി ദയനീയമായ അന്ത്യം കൈവരിക്കുകയായിരുന്നു. പക്ഷെ, റംലയാകട്ടെ, ലോകോത്തമനായ പ്രവാചക പത്‌നി പദവിയിലേക്കുയര്‍ത്തപ്പെടുകയും.

ഈ വസ്തുത മനസ്സിലാക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. അതിനാല്‍ തന്നെ, പരീക്ഷണങ്ങളുടെ മുമ്പില്‍ ചൂളി നില്‍ക്കാന്‍ അവര്‍ക്കാവില്ല. മാത്രമല്ല, പരീക്ഷണങ്ങളെയും അതിന്റെ മാധ്യമങ്ങളായ പീഡനങ്ങളെയും അവര്‍ സ്വഗതം ചെയ്യുകയേയുള്ളു. കാരണം, തങ്ങളുടെ വ്യക്തിത്വവികസനമാണതിലൂടെ നടക്കുന്നതെന്നും, അത് വഴി തങ്ങള്‍ സംസ്‌കരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുകയാണെന്നും അവര്‍ മനസ്സിലാക്കുന്നു. അതിന്റെ അഭാവത്തില്‍, തങ്ങള്‍ ലക്ഷ്യം വെക്കുന്ന ദൈവിക പ്രീതിയും സ്വര്‍ഗപ്രവേശനവും കേവലം സ്വപ്നമായി അവശേഷിക്കുമെന്നും അവര്‍ തിരിച്ചറിയുന്നു.

ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. ലോകത്തൊന്നടങ്കം, മുസ്‌ലിം പീഡനം നടക്കുമ്പോള്‍, സുമനസ്സുകള്‍ അതിന്റെ രഹസ്യമറിയാന്‍ താല്പര്യപ്പെടുന്നു. അങ്ങനെ അവര്‍ ഇസ്‌ലാം പഠിക്കുന്നു; പ്രവാചകന്റെയും സഹാബിവര്യന്മാരുടെയും സത്യവിശ്വാസികളുടെയും ചരിത്രം പഠിക്കുന്നു. അതില്‍ നിന്ന് ആവേശം കൊള്ളുന്നു. അങ്ങനെ, ഇസ്‌ലാം സ്വീകരിച്ചു ദൈവപ്രീതിയും സ്വര്‍ഗപ്രവേശനവും നേടാന്‍ മുന്‍ഗാമികളുടെ പാത പിന്തുടരുന്നു. ഇത്തരക്കാരെ തടയിടാന്‍ ഏത് പീഡനത്തിന്നാണ് സാധിക്കുക? പ്രത്യേകിച്ചും അവര്‍ പീഡനം ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോള്‍? പീഡനം തങ്ങളുടെ ലക്ഷ്യ പ്രാപ്തിക്കുള്ള ഒരു പ്രധാന മാര്‍ഗമാണെന്ന് തിരിച്ചറിയുമ്പോള്‍?

Facebook Comments
Related Articles
Show More

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Close
Close