Current Date

Search
Close this search box.
Search
Close this search box.

നോക്കൂ, അവരും പറയാന്‍ തുടങ്ങി

‘സ്ത്രീ സൗന്ദര്യത്തിന്റെ ആഘോഷം ആരോഗ്യകരമായിരിക്കാം, പക്ഷേ അതിന്റെ കച്ചവടവല്‍ക്കരണം അല്ലേയല്ല. അവയവ മുഴുപ്പും ലൈംഗികചേഷ്ഠകളും പ്രദര്‍ശിപ്പിക്കുന്നതും അവയവ വടിവുകളെ ഒളിഞ്ഞുനോട്ട കാമറകളിലൂടെ തുറന്ന് കാട്ടുന്നതും സ്ത്രീയുടെ സ്വയം ഭരണാവകാശത്തെ കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷേ, ആലോചനയിലൂടെ ആ കുറ്റത്തിന്റെ ഒരു പങ്ക് സ്വയം ഏല്‍ക്കാന്‍ കുറച്ച് പാടാണ്’ (ദ പയനിയര്‍, 2012 ഡിസംബര്‍ 29). ഒരു സങ്കുചിത മനസ്‌കന്റെയോ കാലഹരണം സംഭവിച്ച ഒരു പുരോഹിതമൂരാച്ചിയുടെയോ പ്രസ്താവനയല്ല ഇത്. സിനിമാലോകത്ത് പേരും പെരുമയുമുള്ള ശബ്‌നാ അസ്മിയുടേതാണ്. ശബ്‌ന കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സിനിമാ ലോകത്തുണ്ട്. അവരുടെ കുടുംബവും സിനിമാവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വിദ്യാസമ്പന്നയാണ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അവര്‍ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആക്ടിവിസ്റ്റ് കൂടിയാണ്. അതുകൊണ്ട് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളില്‍ ഈ അഭിപ്രായം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ച. ഈ അഭിപ്രായത്തിലെ വിമര്‍ശന സ്വരവും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി, സ്ത്രീ സുരക്ഷക്ക് വേണ്ടി, അഴിമതിക്കും കൈക്കൂലിക്കുമെതിരെ ശബ്ദിക്കുന്ന നിരവധി കൂട്ടായ്മകള്‍ ഇന്ത്യയിലുണ്ട്. മറ്റുചിലര്‍ വര്‍ഗീയതക്കും മതകീയ വിവേചനങ്ങള്‍ക്കുമെതിരെ പോരാടുന്നു. ഇവരെല്ലാം പുരോഗമനവാദികളും ദീര്‍ഘദൃഷ്ടിയുള്ളവരുമായാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ ചിലര്‍ക്ക് മുസ്‌ലിം കുടുംബ പശ്ചാത്തലമുണ്ട്. മുസ്‌ലിം കുടുംബ പശ്ചാത്തലമുള്ള ഇത്തരക്കാര്‍ പൊതുവെ രണ്ട് തരക്കാരാണ്. ഒരു കൂട്ടര്‍ പരസ്യമായി ഇസ്‌ലാമിനെയും ഇസ്‌ലാമിക ശരീഅത്തിനെയും തള്ളിപ്പറയുന്നവരാണ്. രണ്ടാമത്തെ വിഭാഗം അങ്ങനെ ചെയ്യാറില്ല, വളരെ മാന്യമായ ഭാഷയിലായിരിക്കും അവരുടെ സംസാരവും ഇടപെടലുകളുമെല്ലാം. ശബ്‌നാ അസ്മിയും അവരുടെ ഭര്‍ത്താവ് ജാവേദ് അക്തറും ഈ രണ്ടാം വിഭാഗത്തിലാണ് പെടുന്നത്. ദല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ ജാവേദ് അക്തര്‍-അദ്ദേഹം അറിയപ്പെടുന്ന കവിയും സിനിമക്ക് സംഭാഷണമെഴുതുന്ന ആളുമൊക്കെയാണ്- ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ അഭിപ്രായ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ സംഗ്രഹം ഇതാണ്: പ്രതിഷേധ സമരങ്ങളെ താന്‍ അനുകൂലിക്കുന്നു. പക്ഷേ നമ്മുടെ വീടകങ്ങളില്‍ സ്ത്രീയോട് പെരുമാറുന്ന രീതിയെക്കുറിച്ചും നാം പുനരാലോചന നടത്തണം. പൊതുസമൂഹത്തിന് സ്ത്രീയോടുള്ള നിലപാട് എന്താണ്? നാം അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നുണ്ടോ? കുടുംബകാര്യങ്ങളില്‍ അവര്‍ക്ക് വല്ല പങ്കാളിത്തവും നാം അനുവദിച്ച് നല്‍കാറുണ്ടോ?
ആധുനിക നാഗരികതയെ വാഴ്ത്തിയും സിനിമാ ലോകത്ത് മുങ്ങിപ്പൊങ്ങിയും കഴിയുന്നവരാണെങ്കിലും അവര്‍ സാമൂഹിക തിന്മകളുടെയും ധാര്‍മിക തകര്‍ച്ചയുടെയും കാരണങ്ങള്‍ അന്വേഷിച്ച് പോവുകയാണെങ്കില്‍ അതില്‍ തെറ്റ് കാണേണ്ടതില്ല. ശബ്‌നയും ജാവേദും സങ്കുചിത മനസ്‌കരാണെന്നോ പിന്തിരിപ്പന്‍മാരാണെന്നോ ആരും പറയുകയില്ലല്ലോ. ആ അഭിപ്രായങ്ങള്‍ അവരുടെ വ്യക്തിപരമായ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ഡിസംബര്‍ 29-ലെ പയനിയര്‍ പത്രത്തില്‍ പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ ഒരു പ്രസ്താവനയും കൊടുത്തിരുന്നു. അതിങ്ങനെ: ‘1942 മുതല്‍ ഞാന്‍ സിനിമാലോകത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്(70 വര്‍ഷം). അന്നത്തെയും ഇന്നത്തെയും കാലങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കാണുന്നു. സിനിമയിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പേരിനേ വസ്ത്രം ധരിക്കുന്നുള്ളൂ. എങ്കിലേ അത് വിറ്റഴിക്കപ്പെടൂ എന്ന നില വന്നിരിക്കുന്നു.’ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സിനിമകള്‍ ഈ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് മനസ്സിലാക്കാം. ആ നില ഇപ്പോഴും തുടരുകയാണ്. ഇപ്പോഴാണെങ്കില്‍ ടിവി സീരിയലുകളുമുണ്ട്. സിനിമാ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നാല്‍ യുവാക്കളെ മാറിച്ചിന്തിപ്പിക്കാന്‍ അതാകും കൂടുതല്‍ ഫലപ്രദമാവുക.  പ്രശസ്ത നടന്‍ ആമിര്‍ ഖാന്‍ നിര്‍മിച്ച ‘സത്യമേവ ജയതേ’ സീരിയല്‍ ഈ ദിശയിലുള്ള നല്ല കാല്‍വെപ്പായിരുന്നു.
(ദഅ്‌വത്ത് ത്രൈദിനം, 4-1-2013)

Related Articles