Current Date

Search
Close this search box.
Search
Close this search box.

നിന്റെ സ്വാതന്ത്ര്യവും എന്റെ മൂക്കും

freedom.jpg

സ്വാതന്ത്യം എന്നതിന് ഒരുപാട് നിര്‍വചനങ്ങള്‍ നമുക്ക് പരിചയമുണ്ട്. സ്വാതന്ത്ര്യം പലതരമുണ്ട്. അതില്‍ രണ്ടെണ്ണം ഇപ്പോള്‍ ചര്‍ച്ച ചെയ്യാം. വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം എന്നിവ.

അമേരിക്കയില്‍ ഒരാള്‍ സ്വാതന്ത്ര്യദിനമാഘോഷിക്കവെ ആവേശാധിക്യത്താല്‍ മുഷ്ടിചുരുട്ടി വീശി. അത് മറ്റൊരാളുടെ മൂക്കുവരെ നീണ്ടു. അപ്പോള്‍ അയാള്‍ സ്വാതന്ത്ര്യ ദാഹക്കാരനോട് പറഞ്ഞു.
Your freedom ends where my nose begins. എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് നിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യം എളുപ്പത്തില്‍ മനസ്സിലാവാന്‍ വേണ്ടിയാണ് ഈ കുറിപ്പുകാരന്‍ ഇതുദ്ധരിച്ചത്. അന്യന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത വിധത്തിലായിരിക്കണം ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യാവകാശം ഉപയോഗപ്പെടുത്തേണ്ടത്. ഒരാള്‍ക്ക് സ്വാതന്ത്ര്യദിന ഗാനം ആലപിക്കാനും തുള്ളിച്ചാടാനും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനും സ്വാതന്ത്ര്യമുണ്ട്. മറ്റൊരാള്‍ക്ക് തന്റെ മൂക്കിന് പരിക്കേല്‍ക്കാതെ മറ്റൊരാളുടെ സ്വാതന്ത്ര്യദിനാഘോഷം കണ്ടു നില്‍ക്കാനും സ്വാതന്ത്ര്യമുണ്ട്. അതു രണ്ടും നടക്കണം. അത് രണ്ടാളുടെയും ചിന്തയിലുണ്ടാവേണ്ട പൊതുകാര്യമാണ്.

ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഒരാള്‍ വലിയ താല്‍പര്യം കാണിക്കുമ്പോള്‍, മറ്റൊരാള്‍ താല്‍പര്യപ്പെടുന്നത് ഗീതാപാരായണം കേള്‍ക്കാനാണ്. രണ്ടു പേരും കാലത്ത് നാലുമണിക്കാണ് അതിന് സമയം കണ്ടെത്തുന്നത്. താല്‍പര്യവും അത് പൂര്‍ത്തിയാക്കാന്‍ തെരെഞ്ഞെടുക്കുന്ന സമയവും വ്യക്തിസ്വാതന്ത്ര്യത്തില് പെട്ടതാണ്. ഇരുവരും അത് തങ്ങള്‍ക്ക് മാത്രം കേള്‍ക്കതക്ക വിധത്തില്‍ സി.ഡിയിട്ട് കേള്‍ക്കുന്നു. ആ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ അയല്‍വാസികള്‍ക്ക് സ്വാതന്ത്ര്യമില്ല. എന്നാല്‍ ഇരുവരും അയല്‍പക്കത്തെ എല്ലാ വീട്ടുകാരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ശബ്ദത്തിന്റെ വോള്യം കൂട്ടിയാല്‍ അയല്‍വാസികള്‍ക്ക് അതിനെ വിമര്‍ശിക്കാനും പോലീസില്‍ പരാതിപ്പെടാനും സ്വാതന്ത്ര്യമുണ്ട്. കാരണം ഖുര്‍ആന്‍ – ഗീതാശ്രവണ തല്‍പരര്‍ അവരുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയും അന്യന്റെ സുഖനിദ്ര എന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്തിയിരിക്കുകയും ചെയ്തു. അത് തെറ്റാണ്. സ്വാതന്ത്ര്യത്തെ കുറിച്ച് ശരിയായ കാഴ്ച്ചപ്പാടില്ലാത്തതു കൊണ്ടുമാണ്.

ഒരു യുവാവ് പുരുഷന്‍മാര്‍ക്ക് പ്രവേശനാനുമതിയില്ലാത്ത ലേഡീസ് ഹോസ്റ്റലിന്റെ കോമ്പൗണ്ടില്‍ കടന്ന് കെട്ടിടത്തിന്റെ കവാടത്തിലിരുന്ന് രാത്രിയില്‍ മനോഹരമായി ഒരു പാട്ടുപാടുന്നു എന്ന് സങ്കല്‍പിക്കുക. ഹോസ്റ്റല്‍ വാര്‍ഡന്‍ വന്ന് അയാളോട് പുറത്തു കടക്കാന്‍ പറയുമ്പോള്‍ അയാള്‍ ഭരണഘടനയുടെ മൗലികാവകാശ വകുപ്പ് ഉദ്ധരിച്ച് അവിടെ തന്നെ ഇരിക്കാന്‍ ശ്രമിക്കുന്നു. ‘ഈ ഹോസ്റ്റല്‍ ഇന്ത്യയില്‍ പെട്ടതാണ്, ഇന്ത്യ എന്റ രാജ്യമാണ്. ഇന്ത്യയിലെവിടെയും സഞ്ചരിക്കാന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്‍മാരാണ് എന്ന് സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നു. ഈ ഹോസ്റ്റലിലെ എല്ലാ വനിതകളും ഇന്ത്യക്കാരായതിനാല്‍ അവര്‍ എന്റെ കൂടി സഹോദരിമാരാണ്. സഹോദരിമാര്‍ക്കു വേണ്ടി പാട്ടുപാടാന്‍ പാടില്ലെന്ന് ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലോ പറയുന്നില്ല.’

ഈ വിശദീകരണത്തോടെ അയാള്‍ അവിടെത്തന്നെയിരുന്ന വീണ്ടും പാടുന്നു. അയാള്‍ പറഞ്ഞതെല്ലാം ലിഖിത നിയമങ്ങള്‍ക്ക് വിരുദ്ധവുമല്ല. പക്ഷേ അയാള്‍ പ്രവേശിച്ച സ്ഥലത്തും പ്രത്യേകിച്ച് ആ സമയത്തും ഇപ്പറഞ്ഞ സ്വാതന്ത്ര്യമൊന്നും ഇല്ല. മാത്രമല്ല ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണ് താനും.

സമൂഹത്തിന്ന് ഹാനികരമല്ലാത്ത ഏത് സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്താന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. അതിനെ തടസ്സപ്പെടുത്തിയാല്‍ ആര്‍ക്കെതിരെയും വ്യക്തിക്ക് അന്യായം ബോധിപ്പിക്കാം. അമ്പലത്തിലോ, ചര്‍ച്ചിലോ മസ്ജിദിലോ പോകാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നീ ഇന്ന ആരാധാനലയത്തില്‍ പോകരുതെന്നോ, ഇന്നതില്‍ പോകണമെന്നോ മറിച്ചായാല്‍ നിനക്ക് ഭ്രഷ്ട് കല്‍പിക്കുമെന്നോ നിര്‍ബന്ധം ചെലുത്താന്‍ ഒരു മതസംഘടനക്കോ ഭരണാധികാരിക്കോ അവകാശമില്ല. അതിന്ന് വിരുദ്ധമായ നിയമം ആവിഷ്‌കരിക്കുന്നവര്‍ക്കെതിരെ അന്യായം ബോധിപ്പിക്കുന്ന വ്യക്തിക്ക് അനുകൂല വിധി ലഭിക്കും.

അയല്‍പക്കക്കാര്‍ തമ്മിലുള്ള വഴക്കിനും കലാപങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നതും വ്യക്തി സ്വാതന്ത്ര്യത്തെയും സാമൂഹിക സ്വാതന്ത്ര്യത്തെയും മനസ്സിലാക്കി പെരുമാറാന്‍ ജനങ്ങള്‍ ശ്രമിക്കാത്തത് കൊണ്ടാണ്. ഇന്ത്യക്കാരായ നാം നമ്മുടെ നാടിന്റെ പ്രത്യേകതകള്‍ ഈ സ്വാതന്ത്ര്യ നിര്‍വചനങ്ങളോട് ബന്ധപ്പെടുത്തി മനസ്സിലാക്കണം. ഭാഷാ വൈവിധ്യം, മതവൈവിധ്യം, മതങ്ങളിലെ അവാന്തര വിഭാഗാധിക്യം, ജാതി വൈവിധ്യം, ഉപജാതി വൈവിധ്യം എന്നിവയെല്ലാമുള്ളു ഈ നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അവ എങ്ങനെ ഒഴിക്കാമെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ പറയാം.

Related Articles