നാം ഇപ്പോള്‍ യാത്രയയക്കുന്നത് 2015-നെയാണ്. ഓരോ ഡിസംബബറിലും ഈ യാത്രയപ്പു തുടരുന്നു. അടുത്ത വര്‍ഷത്തെ യാത്രയപ്പ് തലതിരിച്ചായിരിക്കാം. കാലം നമ്മെ യാത്രയയക്കും. കോടാനുകോടി ജനങ്ങളെ യാത്രയയച്ച പരിചയമുണ്ട് കാലത്തിന്. അതിന്റെ അടുത്ത ഇര നാമായിരിക്കില്ല എന്ന് പറയാന്‍ ആര്‍ക്ക് കഴിയും?
ചുമരില്‍ പുതിയ കലണ്ടര്‍ തൂക്കുമ്പോള്‍ നമ്മില്‍ നിന്ന് നഷ്ടപ്പെട്ടു കഴിഞ്ഞത് ഏറ്റവും വിലപ്പെട്ട ഒന്നാണ്. കളഞ്ഞുപോയ വസ്തുക്കളെ പോലെ അതിനെ തെരെഞ്ഞു പിടിക്കാനാവില്ല. എന്നിരിക്കെ അതിനെ പാഴാക്കരുത്, പാഴാക്കിയത് അപകടമായിപ്പോയി എന്ന ചിന്തയാണ് നമ്മിലുണ്ടാകേണ്ടത്.
ആധുനിക മനുഷ്യരുടെ വിലയ പരാതി സമയമില്ല എന്നാണ്. ഈ പരാതി രണ്ടു തരത്തിലുണ്ട്. സന്തോഷിക്കാവുന്ന പരാതിയും ദുഖിക്കേണ്ട പരാതിയും. ഉപകാരപ്രദമായ പല ജോലികള്‍ ചെയ്തു കൊണ്ടിരിക്കുന്നതു കൊണ്ട് പുതിയ ഒരു കാര്യം ഏല്‍പ്പിക്കപ്പെടുമ്പോള്‍ സമയമില്ലെന്നും പറയേണ്ടി വരും. അത് സന്തോഷമുള്ള പരാതിയാണ്. ഒരു മിനുട്ടും വിശ്രമമില്ലാതെ ജോലിയെടുക്കും ചിലര്‍. അതില്‍ നല്ലത് വളരെ കുറവായിരിക്കും. അത്തരക്കാരും പറയും സമയമില്ലെന്ന്. അതും സത്യമാണെങ്കിലും അതില്‍ സന്തോഷത്തിന് വകയില്ല. ഒരു വര്‍ഷം തീര്‍ന്ന്, മറ്റൊരു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഇത്രയും കാലം താന്‍ ജീവിച്ചു തീര്‍ത്തത് തനിക്കും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന വിധത്തിലാണോ എന്നു പരിശോധിക്കണം. പരിശോധന സന്തോഷമല്ല തരുന്നതെങ്കില്‍ ഇനിയുള്ള കാലം ഞാന്‍ സമയത്തെ ആദരിക്കും എന്ന് തീരുമാനിക്കണം. അതെങ്ങനെയാണ്?
ചെയ്യേണ്ടിയിരുന്നത്, ചെയ്തത്, ചെയ്യാനുള്ളത് എന്നിവയുടെ ഒരു പട്ടിക അവയുടെ പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ തയ്യാറാക്കുക. ഏറ്റവും പ്രധാനമായത് ചെയ്യാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തുക. എങ്കില്‍ ജീവിതത്തില്‍ അവയെ ഒഴിവാക്കിയാല്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് അവ ചെയ്തു തീര്‍ക്കാന്‍ കഴിയും. ഒരുദാഹരണം: മൂല്യമുള്ള ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും പതിവായി വായിച്ചിരുന്ന ഒരാള്‍ ടി.വി. വാങ്ങിയതോടെ ഒഴിവുസമയമെല്ലാം സീരിയല്‍, അഭിമുഖം, വാര്‍ത്ത എന്നിവ കണ്ടുകൊണ്ട് കാലം നീക്കി. വായന നിന്നു. വര്‍ഷാന്ത്യത്തില്‍ ആത്മപരിശോധന നടത്തിയപ്പോള്‍ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല എന്ന ഉത്തരമാണ് ലഭിച്ചത്. അപ്പോള്‍ ചാനലുകള്‍ക്കുള്ള സമയം വെട്ടിക്കുറക്കണം. ഒഴിവാക്കിയാല്‍ നഷ്ടമില്ലാത്തവ ഒഴിവാക്കുക. അതിന്റെ സ്ഥാനത്ത് വായനയും പഠനവും ഉള്‍പ്പെടുത്തുക.
തന്റെ അടുത്ത ബന്ധത്തില്‍പ്പെട്ട വൃദ്ധന്‍മാരെ സന്ദര്‍ശിച്ചിട്ട് എത്രകാലമായി? ഭര്‍ത്താവിനോടും മക്കളോടും തിരക്കു പിടിച്ച ജീവിതം നയിക്കുന്ന സഹോദരിമാരെ കണ്ടിട്ട് കാലമെത്രയായി? കാഴ്ച്ച കല്യാണ വീട്ടിലോ മരണ വീട്ടിലോ വെച്ചുള്ള ഒരു കണ്ടുമുട്ടല്‍ മാത്രമായി പോയോ എന്നാലോചിച്ചു നോക്കുക. ഇങ്ങനെയൊക്കെ വരാന്‍ വരാന്‍ കാരണം തന്റെ അശ്രദ്ധയല്ലേ, എന്നും സ്വയം ചോദിക്കണം. ഇങ്ങനെ ചോദിക്കാത്തവന് ജീവിതത്തില്‍ പുരോഗതിയുണ്ടാവില്ല. കുറേ ധനം ഉണ്ടാകുന്നതല്ല വിജയത്തിന്റെ അളവ് കണക്കാക്കുന്നത്. ധനവും വേണമെന്നു മാത്രം. ധന സമ്പാദനത്തിനിടയില്‍ സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിച്ചുവോ എന്നു നോക്കണം. വിജ്ഞാനാര്‍ജ്ജനത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്. ചിലര്‍ക്ക് മൂന്നും നാലും ബിരുദാനന്തര ബിരുദങ്ങള്‍, പി.എച്ച്.ഡികള്‍ ഇവയെല്ലാം ഉള്ളതിനാല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നു. അതിനനുസൃതമായ ശമ്പളവും. ഈ അറിവുകൊണ്ട് സമൂഹത്തിന് വല്ല ഉപകാരവും തനിക്ക് നല്‍കാനായോ എന്നത് വിലപ്പെട്ട ഒരന്വേഷണമാണ്. സമൂഹത്തില്‍ തന്റെ സാന്നിധ്യവും അസാന്നിധ്യവും തുല്യമാകുന്ന തരത്തില്‍ ജീവിക്കുന്നവരാകരുത് നാം. സാന്നിധ്യം വിലപ്പെട്ടതാക്കണം. തനിക്കു ചെയ്യാന്‍ കഴിയുന്നത് സമൂഹത്തിനു വേണ്ടി ചെയ്താല്‍ അവന്‍ സമൂഹത്തിന് വേണ്ടപ്പെട്ടവനാകും. താന്‍ ജീവിച്ചു എന്ന് ലോകം അറിയണം. ഞാന്‍ ഗുണത്തിനുമില്ല, ദോഷത്തിനുമില്ല എനിക്ക് എന്റെ കാര്യം എന്നു പറയുന്നവന്‍ സാമൂഹികജീവിയല്ല. ആളുകള്‍ക്ക് വേണ്ടപ്പെട്ടവരാകണം നാം.