Current Date

Search
Close this search box.
Search
Close this search box.

നമ്മെ നാം അറിയുമ്പോള്‍

am-i.jpg

എനിക്ക് എന്നെ അറിയാം എന്ന അവസ്ഥയാണ് നമുക്കുള്ളതെങ്കില്‍ രണ്ട് ഗുണങ്ങളുണ്ട്. നമ്മില്‍ വ്യക്തിത്വ വികസനമുണ്ടാകും. നല്ല സാമൂഹ്യജീവിയാകാനും കഴിയും. നമ്മിലെ ചില കഴിവുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചെറുതാണെങ്കില്‍ മറ്റ് ഒന്നോ രണ്ടോ കഴിവുകള്‍ വളരെ മികച്ചതായെന്ന് വരാം.

കഴിവുകളുടെ കുറവുകളെ കുറിച്ച് ബോധമില്ലെങ്കില്‍ നമ്മുടെ പെരുമാറ്റത്തില്‍ താന്‍ പോരിമയും മിഥ്യാഭിമാനവുമുണ്ടാകും. അത് മറ്റുള്ളവരുടെ ഇടയില്‍ പരിഹാസ്യനാകാന്‍ ഇടവരുത്തും. കോളേജ് പഠന കാലത്ത് ഞാന്‍ സാഹിത്യസമാജങ്ങളിലെ സ്ഥിരം പാട്ടുകാരനായിരുന്നു. കൂട്ടുകാര്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കും. അങ്ങനെ എന്നില്‍ ഒരു ഗായക നാട്യമുണ്ടായി. അങ്ങനെയിരിക്കെ സുഹൃത്ത് ശങ്കരന്‍ എന്നോട് പറഞ്ഞു: ”ഞാന്‍ ഒരു നല്ല കാര്യം പറയട്ടെ, നീ ഇനി മേല്‍ പാടരുത്.”
”കാരണം?”
”നിന്റെ പാട്ടിന് ഒരു രസവുമില്ല.”
”എല്ലാവരും നന്നായി കൈയ്യടിക്കുന്നുണ്ടല്ലോ.”
”അവര്‍ പരിഹസിച്ച് കൈയ്യടിക്കുകയോ സഹതാപം കൊണ്ട് കൈയ്യടിക്കുകയോ ആവും.”

എനിക്ക് വിഷമം തോന്നിയില്ല. സുഹൃത്ത് പറഞ്ഞത് ശരിയാണോ എന്നറിയാനായി രണ്ട് കിലോ മീറ്റര്‍ നടന്ന് ടേപ്‌റെക്കോര്‍ഡര്‍ ഉള്ള ഒരു വീട്ടില്‍ പോയി ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് കേട്ടു. അപ്പോള്‍ ശങ്കരനോട് വലിയ ബഹുമാനം തോന്നി. എന്റെ സ്വരം പാട്ടിന് പറ്റിയതല്ല എന്ന് ബോധ്യപ്പെട്ടു. എന്റെ മേഖല പാട്ടെഴുത്താണെന്ന് ഞാന്‍ കണ്ടെത്തി. നാല്‍പത് കൊല്ലം മുമ്പെഴുതിയ ഗാനങ്ങള്‍ ഗായകര്‍ ഇപ്പോഴും ചാനലുകളില്‍ പാടിവരുന്നു.

ഈ കുറിപ്പ് വായിക്കുന്നവരില്‍ ഒരു കച്ചവടക്കാരനെങ്കിലും ഉണ്ടാകും. എല്ലാവരോടും നന്നായി പെരുമാറുന്ന, തനിക്കാരോടും വെറുപ്പില്ല എന്ന് വിചാരിക്കുന്ന ഒരാള്‍. അയാളുടെ കടയുടെ അടുത്ത് അതേ ഇനത്തില്‍ പെട്ട ഒരു കച്ചവടം മറ്റൊരാള്‍ തുടങ്ങിയെന്ന് സങ്കല്‍പിക്കുക. അത് ഈ മാന്യന്റെ വരുമാനത്തില്‍ കുറവു വരുത്താന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ ചിന്തിക്കുന്നു – എന്തിനീ മനുഷ്യന്‍ എന്റെ കച്ചവട സ്ഥാപനത്തിനടുത്ത് കച്ചവടം തുടങ്ങി. എന്തിന് ഇതേ ഇനങ്ങള്‍ തന്നെ അയാളും തെരെഞ്ഞെടുത്തു, ദ്രോഹി.

ഇങ്ങനെയാണ് മനസ്സു പറയുന്നതെങ്കില്‍ അവസരം കിട്ടിയാല്‍ പുറത്തുചാടാന്‍ തയ്യാറായ ഒരു ദുഷ്ടജീവി അയാളുടെ മനസ്സിലുണ്ടായിരുന്നു എന്ന് പറയാം.

അയാള്‍ ചിന്തിക്കേണ്ടിയിരുന്നത് ഇങ്ങനെയാണ്. ഞാന്‍ കച്ചവടം ചെയ്യുന്നത് എന്റെ കുടുംബം പോറ്റാനും എന്റെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുമാണ്. ഇതേ ഉദ്ദേശ്യത്തില്‍ തന്നെയാണ് മറ്റവനും കച്ചവടം ചെയ്യുന്നത്. അവന്റെ ഉദ്ദേശ്യവും ഫലം കാണണം. എനിക്ക് അല്ലാഹു വിധിച്ചത് കിട്ടും. അവന്ന് വിധിച്ചത് അവനും കിട്ടും.

നമ്മെ നാം അറിയുമ്പോഴാണ് ഈ ഗുണകരമായ മാറ്റമുണ്ടാവുക. അസൂയ ഗുണകാംക്ഷയായി മാറാന്‍ ഈ ചിന്ത സഹായിക്കും. നബി(സ) പറഞ്ഞു: തീ വിറകിനെ തിന്നുന്നത് പോലെ അസൂയ സല്‍കര്‍മ്മങ്ങളെ തിന്നുതീര്‍ക്കും.

ഇത് പണ്ഡിതന്‍മാരെയും എഴുത്തുകാരെയും വരെ ബാധിച്ചെന്ന് വരും. അതിനാല്‍ പ്രവാചകന്റെ ഉപമയുടെ കരുത്ത് മനസ്സിലാക്കണം. നമ്മുടെ സമ്പാദ്യം നമുക്ക് അനുഭവിക്കാന്‍ കഴിയണമല്ലോ. അത് നാം തന്നെ നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം മറ്റെന്തുണ്ട്? നമ്മള്‍ അധ്വാനിച്ചു നേടിയ നന്മകള്‍ അസൂയ കൊണ്ട് നശിച്ചു പോകുന്നത് സൂക്ഷിക്കുക തന്നെ വേണം. അസൂയാലുവിന് മറ്റൊരു വിഷമം കൂടി നേരിടും. ഒരാള്‍ അസൂയാലുവാണെന്ന് അന്യര്‍ അറിഞ്ഞാല്‍ അവര്‍ക്ക് അയാളോട് നിന്ദയായിരിക്കും ഉണ്ടാവുക. നാം അടിയന്തിരമായി ചിന്തിക്കേണ്ടത് നമ്മുടെ ചിന്തകളെ പറ്റിയും കഴിവുകളെയും കഴിവുകേടുകളെയും പറ്റിയാണ്. അങ്ങനെ നമ്മെയറിഞ്ഞ് നാം നന്നാവുക.

Related Articles