Current Date

Search
Close this search box.
Search
Close this search box.

നന്മയുടെ വിത്ത് മുളക്കാന്‍

-p].jpg

മണ്ണ് ആര്‍ദ്രമായിരിക്കുമ്പോഴാണ് അതില്‍ പച്ചപ്പുകള്‍ തലകാട്ടുക. അതേപോലെ സത്യവിശ്വാസത്തിന്റെ നനവുള്ള മനസ്സിലേ നന്മകള്‍ കൂമ്പെടുക്കുകയുള്ളൂ. മനസ്സിനെ നനക്കേണ്ടത് വേദഗ്രന്ഥത്തിലെ ജലംകൊണ്ട്. പ്രവാചകന്‍ ഒരു സംസ്‌കൃതിയെ വളര്‍ത്തിയത് വേദഗ്രന്ഥ പാരായണം കൊണ്ടായിരുന്നു. ഇരുള്‍ മുറ്റിയ മക്കയിലെ ഒരു ഇരുണ്ട ഗുഹയില്‍ നിന്നായിരുന്നു അതിന്റെ തുടക്കം. റമദാന്‍ മാസം അത് ഓര്‍മിപ്പിക്കുന്നു.

ഏതൊരു സന്ദേശം കൊണ്ട് പ്രവാചകന്‍ വഴിപിഴച്ച ജനതയെ സംസ്‌കരിച്ചോ, അതുകൊണ്ട് എക്കാലത്തും സംസ്‌കരണം നടക്കും എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. റമദാനില്‍ മുസ്‌ലിം സമ്പന്നരില്‍ നിന്ന് ദരിദ്രരിലേക്കൊഴുകുന്ന ധനത്തിന്റെ കണക്കെടുത്താല്‍ അതിന്റെ വലിപ്പം ആരെയും അത്ഭുതപ്പെടുത്തും. ഇതുകൊണ്ട് ദാതാക്കള്‍ ലക്ഷ്യമിടുന്നത് പാരത്രിക ലോകത്തെ സൗഖ്യമാണ്. ”ആരുണ്ട് അല്ലാഹുവിന് ഉത്തമ കടം കൊടുക്കാന്‍, അവര്‍ക്ക് അവന്‍ അത് പല മടങ്ങുകളായി വര്‍ധിപ്പിച്ചു നല്‍കും” എന്നു ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ മരണാനന്തരം അല്ലാഹുവിലേക്ക് മടങ്ങും എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു.

കാണാത്ത ലോകത്തിലും ദൈവത്തിലും വിശ്വസിച്ചുകൊണ്ട്, ആ ലോകത്ത് സര്‍വ സൗഖ്യങ്ങളോടും കൂടിയുള്ള ജീവിതം ലഭിക്കുമെന്ന് ലോകത്തെ കോടിക്കണക്കിന് ജനങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസം അന്ധവിശ്വാസമല്ല. യുക്തിയാണ്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഒരു ബീജം കവിയോ ശാസ്ത്രജ്ഞനോ ഗോളയാത്രികനോ ആയിത്തീരുന്നു. ഇതിലാരും തര്‍ക്കിക്കുന്നില്ല. അത് യാദൃശ്ചികമായ സംഭവമല്ല. അതിന്റെ പിന്നില്‍ ഒരു ആസൂത്രണമുണ്ട്. ആ സൂത്രകനാണ് അല്ലാഹു. അവന്‍ പറയുന്നു, മനുഷ്യര്‍ ചെയ്യുന്ന ഓരോ സല്‍കര്‍മ്മത്തിനും പല ഇരട്ടികളിലായി പ്രതിഫലം നല്‍കുമെന്ന്. അത് വിശ്വസിച്ചുകൊണ്ടാണ് റമദാനില്‍ മുസ്‌ലിംകള്‍ പകല്‍ മുഴുവന്‍ വ്രതമനുഷ്ടിക്കുന്നത്. ഇന്ന് വ്രതം കൊണ്ടുണ്ടാകുന്ന ദാഹവും വിശപ്പും നാളെ വിശിഷ്ട പാനീയങ്ങള്‍ കൊണ്ടും ഭക്ഷണം കൊണ്ടും അല്ലാഹു തീര്‍ക്കും. ‘ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്കവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. അതായത്, അവിടുത്തെ(സ്വര്‍ഗത്തിലെ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവയിലെ വെള്ളം” (വി.ഖു. 76:17,18). ‘അവര്‍ക്കവിടെ അവന്‍ ഉദ്ദേശിക്കുന്നതെന്തുമുണ്ട്. നമ്മുടെ (അല്ലാഹുവിന്റെ) പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്’. (വി.ഖു 50:35)

നോമ്പ്് ഈ വിശ്വാസത്താല്‍ പ്രേരിതമായ കര്‍മമാണ്. ആ വിശ്വാസമില്ലെങ്കില്‍ ഒരു മാസം മുഴുവന്‍ 14 മണിക്കൂര്‍ വീതം വെള്ളം പോലും കുടിക്കാതെ വിഷമിക്കുന്നതെന്തിന്? ആ ലോകവും പ്രതിഫല നാളും ഇല്ലെന്ന് പറയുന്നവര്‍ക്ക് അതിന് തെളിവൊന്നും തരാനില്ല. മരണാനന്തര ജീവിതമുണ്ടെന്ന് പറയുന്ന ദൈവം നിയമാനുസൃതം ചലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങള്‍ കൊണ്ടും പല പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ കൊണ്ടും അവന്റെ അസ്തിത്വം തെളിയിക്കുന്നു. ഇതെല്ലാം ഉണ്ടാക്കിയവന് എന്തുകൊണ്ട് രണ്ടാമതും മനുഷ്യനെ ജീവിപ്പിച്ചുകൂട? ആ ലോകത്തേക്ക് പാപരഹിതനായി ചെല്ലണം. അതിന്റെ ഒരു മാര്‍ഗമാണ് വ്രതം. ‘വല്ലവനും വിശ്വാസത്തോടും പ്രതിഫലേച്ഛ്വയോടും കൂടി റമദാനില്‍ നോമ്പനുഷ്ടിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും’

നോമ്പു നോറ്റും, നിശാപ്രാര്‍ത്ഥന നടത്തിയും ആത്മീയോര്‍ജം കൈവരിക്കുകയാണ് വിശ്വാസികള്‍. കോപത്തെ അടക്കി കാരുണ്യത്തെ ഉയര്‍ത്തി, ഗുണകാംക്ഷയെ വളര്‍ത്തി ഈ മാസത്തെ ധന്യമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

 

Related Articles