Current Date

Search
Close this search box.
Search
Close this search box.

ദൈവം ഏകന്‍

oneness.jpg

അണു മുതല്‍ അണ്ഡകടാഹം മുഴുവന്‍ സൃഷ്ടിച്ച് സംവിധാനിച്ച ശക്തിയാണ് ദൈവം. അതുകൊണ്ടു തന്നെ ദൈവം ഏകനാണ്. ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സസ്യലതാതികളും പക്ഷിമൃഗാദികളും മനുഷ്യരുമെല്ലാം ഒരേ ദ്രവ്യത്താല്‍ നിര്‍മിതമത്രെ. മാത്രമല്ല ദ്രവ്യം എല്ലായിടത്തും ഒരേ നിയമം അനുസരിക്കുന്നു എന്നതും സൃഷ്ടികള്‍ക്ക് കാരണമായ സ്രഷ്ടാവായ ദൈവത്തിന്റെ ഏകത്വത്തിന് അടിവരയിടുന്നു. ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച് പ്രമാണങ്ങളുടെ സാക്ഷ്യം ഇങ്ങനെയാണ്:

‘ആരുടെ കണ്‍കളാണോ സര്‍വത്ര വ്യാപിച്ചിട്ടുള്ളത്, എങ്ങും ആരുടെ മുഖമാണോ ഉള്ളത്, എങ്ങും ആരുടെ കൈകളാണോ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്, എങ്ങും ആരുടെ പദങ്ങളാണോ നിലകൊള്ളുന്നത്, അവന്‍ എല്ലാറ്റിനെയും കാലുകളാലും കൈകളാലും നടത്തുന്നു – നയിക്കുന്നു. ഇപ്രകാരമുള്ള ഏക ദേവനാണ് വാനലോകത്തെയും പൃഥ്വിയെയും സൃഷ്ടിച്ചത്.’ (യജുര്‍വേദം: 17-19)

‘യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ.’ (ബൈബിള്‍, പഴയ നിയമം, ആവര്‍ത്തന പുസ്തകം 6:4)

‘പ്രവാചകരേ, താങ്കള്‍ അവരോട് പറയുക: അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.’ (ഖുര്‍ആന്‍: 112:1)

ദൈവത്തിന്റെ ഏകത്വം സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ഉപയോഗിച്ച പദം ‘അഹദ്’ എന്നാണ്. ആ പദത്തിന് കേവലം ഒന്ന് എന്നല്ല അര്‍ഥം. അഹദ് എന്നത് ദൈദവത്തിന് മാത്രം പറയുന്ന പദമാണ്. പരമമായ ഏകത്വത്തെയാണത്രെ അത് കുറിക്കുന്നത്. സൃഷ്ടികളെല്ലാം ബഹുത്വത്തില്‍ അധിഷ്ഠിതമാണ്. സ്രഷ്ടാവ് പരമമായ ഏകത്വത്തില്‍ അധിഷ്ഠിതമത്രെ.

ഖുര്‍ആന്‍ വീണ്ടും തുടരുന്നു: ‘ദൈവത്തിന് ആരെയും ആശ്രയിക്കേണ്ടതില്ല; എന്നാല്‍ എല്ലാവര്‍ക്കും ദൈവത്തെ ആശ്രയിക്കണം. (112:2) സ്രഷ്ടാവിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. കാരണം അവന്‍ ‘സര്‍വശക്തനാ’ണ്. എന്നാല്‍ എല്ലാ സൃഷ്ടികള്‍ക്കും സ്രഷ്ടാവിനെ ആശ്രയിക്കണം. അതിനര്‍ഥം അവന്‍ എല്ലാത്തിന്റെയും ‘പരമാധികാരി’യാണ്. ദൈവം സര്‍വശക്തനും പരമാധികാരിയുമാണ് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അവന്‍ ഏകനാണെന്ന് കൂടിയാണ്. കാരണം സര്‍വശക്തനും പരമാധികാരിക്കും തുല്യനായി മറ്റൊരു ശക്തി ഉണ്ടാവുകയില്ല. സര്‍വശക്തനും പരമാധികാരിയുമല്ലാത്ത ഒന്ന് ദൈവമാവുകയുമില്ല.

ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു: ‘ദൈവം ആരുടെയും പിതാവല്ല, ദൈവത്തിനു പുത്രനുമില്ല.’ (112:3) കാരണം പിതാവാകുക എന്നതും പുത്രനാവുക എന്നതും സൃഷ്ടികള്‍ക്ക് ബാധകമാവുന്ന കാര്യങ്ങളാണ്. ഈ വസ്തുത വെളിപ്പെടുത്തിയ ശേഷം വീണ്ടും ഖുര്‍ആന്‍ പറയുന്നു: ‘ദൈവത്തിന് തുല്യമായി ഒന്നും തന്നെയില്ല.’ (112:4)

ഒരു സൃഷ്ടിയോടും സ്രഷ്ടാവിനെ ഉപമിക്കാവതല്ല. എല്ലാ സൃഷ്ടികളും സര്‍വശക്തനായ ദൈവത്തിന്റെ പരമാധികാരത്തിനു കീഴിലാണ്. ഏകനായ ഒരു ദൈവത്തിന്റെ നിയന്ത്രണത്തിലല്ലായിരുന്നു ഈ പ്രപഞ്ചമെങ്കില്‍ ഖുര്‍ആന്‍ പറയുന്നു: ‘ആകാശലോകത്തും ഭൂമിയിലും അല്ലാഹുവിനെ കൂടാതെ വേറെ ദൈവങ്ങളുണ്ടായിരുന്നെങ്കില്‍, രണ്ടിന്റെയും സംവിധാനം താറുമാറാകുമായിരുന്നു.’ (ഖുര്‍ആന്‍ 21: 22)

ഏതൊരു സംവിധാനവും വ്യവസ്ഥാപിതമായി നീങ്ങണമെങ്കില്‍ ഒരു ഏക നേതൃത്വം അനിവാര്യമാണ്. അതിനാലാണ് ഒരു വിദ്യാലയത്തിന് ഒരേ അധികാരമുള്ള രണ്ട് ഹെഡ്മാസ്റ്റര്‍മാര്‍ ഇല്ലാത്തതും; ഒരു വാഹനത്തിന് ഒരേ സമയം രണ്ട് ഡ്രൈവര്‍മാര്‍ ഇല്ലാത്തതും.

ഈ പ്രകൃതിയില്‍ ഒരു ചെടി പോലും വളരുന്നത് ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സഹകരണത്തോടു കൂടിയാണ്. പ്രപഞ്ചത്തിലെ കോടാനുകോടി ഘടകങ്ങള്‍ പരസ്പര പൂരകമായി, വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നു എന്നത് ഇതിന്റെ പിന്നിലുള്ള ഒരു മഹാശക്തിയുടെ മേല്‍നോട്ടത്തെയും നിയന്ത്രണത്തേയുമല്ലാതെ മറ്റെന്തിനെയാണ് പറഞ്ഞു തരുന്നത്?

പിന്‍കുറി: ‘പരമേശ്വരന്‍ ഒന്നേ ഉണ്ടായിക്കൂടൂ. രണ്ട് പരമേശ്വരന്‍മാരും എണ്ണമറ്റ സത്തകളും ഉണ്ടാവുക സാധ്യമല്ല. ഒരു ദേവന്‍ മറ്റൊരു ദേവന്റെ സൃഷ്ടിയാണോ എന്ന ചോദ്യം എല്ലായിടത്തും ചോദിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട ഒരു ദേവന്‍ ഈശ്വരനേ അല്ല.’ (ഡോ. രാധാകൃഷ്ണന്‍, ഭാരതീയ ദര്‍ശനം, വാല്യം 1,  പേജ് 68,69)

 

ദൈവം
ദൈവം ഒരു യാഥാര്‍ഥ്യം
ദൈവത്തെപ്പറ്റി ശാസ്ത്രം
ദൈവം ഉണ്ടായത്
ദൈവങ്ങളില്ല

Related Articles