Columns

ടെലിഫിലിം: അനുഗ്രഹീതമായൊരു പ്രചാരണ മാധ്യമം

ഒരിക്കല്‍ തിരുമേനി(സ) അനുചരന്മാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ അപരിചിതനായൊരു മനുഷ്യന്‍ അവിടെ കയറിവന്നു. തൂവെള്ള വസ്ത്രധാരി. കറുത്ത മുടി. യാത്രയുടെ ഒരു പാടും അയാളില്‍ ദൃശ്യമല്ല. പക്ഷെ, ആര്‍ക്കുമദ്ദേഹത്തെ അറിയുകയില്ല.
ഒരു വിദ്യാര്‍ത്ഥിയെപോലെ, ആഗതന്‍ തിരുമേനി(സ)യെ സമീപിക്കുന്നു. പിന്നീട് ചോദ്യങ്ങളാണ്. എന്താണ് ഈമാന്‍? എന്താണ് ഇസ്‌ലാം? എന്താണ് ഇഹ്‌സാന്‍?….. ഓരോ ചോദ്യങ്ങള്‍ക്കും നബി(സ) മറുപടി കൊടുക്കുന്നു. അവസാനം അയാള്‍ സ്ഥലം വിടുന്നു. താമസിയാതെ, അയാളെ തിരിച്ചു വിളിക്കാന്‍ അവിടുന്നു സ്വഹാബികളോട് ആവശ്യപ്പെടുന്നു. പക്ഷെ, പുറത്തുവന്ന സ്വഹാബികള്‍ അമ്പരക്കുകയായിരുന്നു. അദ്ദേഹത്തെ കാണാനില്ല. വിശാലമായ മരുഭൂമിയില്‍ അയാളുടെ പൊടിപോലും കാണുന്നില്ല. അവര്‍ തിരുമേനി(സ)യുടെ അടുത്തുവന്നു കാര്യം ധരിപ്പിച്ചു. അവിടുന്നു പറഞ്ഞു: ‘ആഗതന്‍ ജിബ്‌രീലാണ്. നിങ്ങള്‍ക്കു നിങ്ങളുടെ മതം പഠിപ്പിക്കാന്‍ വന്നതാണ്.’

ആശയപ്രചാരണ രംഗത്ത് പുതിയൊരു വഴി വെട്ടിത്തുറന്നു കാണിക്കുകയായിരുന്നു ഇത് വഴി തിരുമേനി(സ) ചെയ്തത്. നമ്മുടെ പ്രബോധകര്‍ ഇന്നുവരെ അവഗണിച്ചു പോരുന്ന ഒരു മാര്‍ഗം. ആശയങ്ങളെ മൂര്‍ത്തവല്‍ക്കരിക്കുകയെന്നതത്രെ അത്. യഥാര്‍ത്ഥത്തില്‍, ആശയ പ്രചാരണ രംഗത്ത് ഏറ്റവും ഫലവത്തായൊരു രീതിയാണിതെന്നതില്‍ സംശയമില്ല. പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും സമൂഹത്തിലെ വളരെ കുറഞ്ഞൊരു ഭാഗത്തെ മാത്രമേ ആകര്‍ഷിക്കുകയുള്ളുവെന്നത് ഒരനുഭവ യാഥാര്‍ത്ഥ്യമാണല്ലോ. ഇനി, പ്രഭാഷണം കേള്‍ക്കുന്നവരുടെയും പുസ്തകം വായിക്കുന്നവരുടെയും സ്ഥിതിയോ? പലതും അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കില്ല; ശ്രദ്ധയില്‍ പെട്ടത് തന്നെ പലതും ഗ്രഹിച്ചിട്ടുണ്ടായിരിക്കയില്ല; ഗ്രഹിച്ചവ തന്നെ, പലതും മറന്നു പോയിട്ടുണ്ടായിരിക്കും.

എന്നാല്‍, ആശയങ്ങള്‍ മൂര്‍ത്തവല്‍ക്കരിക്കപ്പെടുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ വലിയൊരളവ് ഇല്ലാതായി തീരുന്നു. പ്രഭാഷകന്‍ വാക്കുകളിലൂടെ അവതരിപ്പിച്ച അതേ ആശയം പ്രയോഗത്തിലൂടെ കാണുകയാണ്, അനുഭവിക്കുകയാണ് പ്രേക്ഷകനിവിടെ. തന്റെ കണ്മുന്നില്‍ കണ്ട ജീവിതം അയാള്‍ക്ക് മറക്കാനാവുകയില്ല; തന്റെ മുമ്പില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സംഭവത്തെ, അയാള്‍ക്ക് അവഗണിക്കാനാവുകയില്ല. അതയാളുടെ മനസ്സില്‍ തറച്ചു കഴിഞ്ഞിരിക്കുന്നു. അതയാളുടെ മനസ്സിനെ തട്ടിയുണര്‍ത്തിയിരിക്കുന്നു; തന്റെ വിചാരവികാരങ്ങളെ അത് സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. ഉറക്കിലും ഉണര്‍ച്ചയിലും അതിലൊളിഞ്ഞു കിടക്കുന്ന ആശയം അയാളെ പിടികൂടിക്കൊണ്ടേയിരിക്കും. അതാണ്, മറ്റ് പ്രചാരണ മാധ്യമങ്ങളെയപേക്ഷിച്ച് ഇത്തരം മാധ്യമങ്ങളില്‍ ജനങ്ങള്‍ ആകൃഷ്ടരായിത്തീരുന്നത്.

യഥാര്‍ത്ഥത്തില്‍, നിലവിലുള്ള ചില ടെലിഫിലിമുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണെന്നതില്‍ സംശയമില്ല. ഒരു പുതിയ സി. ഡി പുറത്തിറങ്ങുമ്പോഴേക്കും അത് കരസ്ഥമാക്കാന്‍ ജനം നെട്ടോട്ടമോടുന്ന കാഴ്ച നമുക്കു സുപരിചിതമാണ്. ഇത്തരം ഫിലിമുകള്‍ കുടുംബങ്ങളിലും സമൂഹത്തില്‍ മൊത്തം തന്നെയും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം അവിതര്‍ക്കിതമത്രെ. അത് കൊണ്ടു തന്നെയാണല്ലൊ ജനങ്ങളില്‍ ഇവക്ക് വലിയ സ്വാധീനം നേടാനായത്.
‘യുക്തിയിലൂടെയും സദുപദേശങ്ങളിലൂടെയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ പ്രബോധനം ചെയ്യുക’ എന്ന ഖുര്‍ആനികാഹ്വാനം നടപ്പില്‍ വരുത്തുകയാണ് ടെലിഫിലിമിലൂടെ ഇവിടെ നടക്കുന്നതെന്നതില്‍ സംശയമില്ല. അതിനാല്‍ തന്നെ, ഇത്തരം സംരംഭങ്ങള്‍ സ്രഷ്ടാവിന്റെ സന്നിധിയില്‍ പ്രതിഫലാര്‍ഹവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.

Facebook Comments
Related Articles
Show More

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Close
Close