Columns

ജിഹാദ്; കുളിര് പെയ്യുന്ന കനല്‍

ലോകത്ത് ഏറ്റവും തെറ്റിധരിക്കപ്പെട്ട പദമാണ് ജിഹാദ്. നുളളിയുരച്ചാലാവട്ടെ ഏറ്റവും ആശ്വാസം പകരുന്ന പദമാവും ജിഹാദ്. ഒരു പറ്റം പ്രാകൃതര്‍ വാളുയര്‍ത്തി ഇളകി വരുന്ന ചിത്രമാണ് പടിഞ്ഞാറന്‍ ഓറിയന്റലിസ്റ്റുകള്‍ ജിഹാദിനു നല്‍കിയ നിര്‍വ്വചനമെങ്കില്‍, ഏത് അക്രമിക്കൂട്ടത്തെയും വിചാര ലേശമന്യേ കിട്ടുന്ന ഏത് ആയുധമെടുത്തും പ്രതിരോധിക്കുകയാണ് ജിഹാദെന്ന് മുസ്‌ലിം കളില്‍ ചിലരെങ്കിലും കരുതുന്നു.

രണ്ടും ശുദ്ധ അബദ്ധമാണ്. War എന്ന ആശയമല്ല, Struggle എന്ന ആശയമാണ് ജിഹാദ് ഉള്‍ക്കൊള്ളുന്നത്. മലയാളത്തില്‍ നമുക്കതിനെ സമരം എന്നു വിളിക്കാം.

സയ്യിദ് അബുല്‍ അഅലാ മൗദൂദി എഴുതുന്നു: ‘ജിഹാദിന്റെ പ്രഥമ ലക്ഷ്യം ദൈവ ധിക്കാരത്തിനു പ്രേരണ നല്‍കിക്കൊണ്ടിരിക്കുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണതകളെ കീഴ്‌പെടുത്തലാണ്. അതുകൊണ്ടാണ് ഒരു യുദ്ധത്തില്‍ നിന്ന് തിരിച്ചു വരവേ നബി(സ) ഭടന്മാരോട് ഇപ്രകാരം അരുളിയത്: നാം ഒരു ചെറിയ ജിഹാദില്‍ നിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചു പോകുന്നത്. തുടര്‍ന്ന് ഏതാണ് വലിയ ജിഹാദെന്ന് അവിടന്നു തന്നെ വ്യക്തമാക്കി: ദാസന്‍ തന്റെ ദേഹേച്ഛകള്‍ക്കെതിരായ കഠിനയത്‌നം നടത്തല്‍.’ (ഉദ്ധരണം: ജിഹാദ് എന്ന പ്രശസ്ത കൃതിയുടെ ആമുഖം)

ഇന്ന് വ്യാപകമായി തെറ്റിധരിച്ചതു പോലെ ജിഹാദ് യുദ്ധത്തിന്റെ പര്യായപദമേ അല്ല. യുദ്ധത്തിന് അറബിയില്‍ ‘ഖിതാല്‍’ എന്നാണ് സാധാരണ ഉപയോഗിക്കാറ്. ജിഹാദിന് അതിനേക്കാള്‍ എത്രയോ വിപുലവും വിശാലവുമായ അര്‍ത്ഥമാണുള്ളത്. നന്മക്കും പുണ്യത്തിനും വേണ്ടിയുള്ള എല്ലാവിധ ത്യാഗ പരിശ്രമങ്ങളും ജിഹാദില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെ കുറിച്ച ചിന്ത, നാവും തൂലികയും കൊണ്ട് പടപൊരുതല്‍, ആധുനിക സാങ്കേതിക വിദ്യകളത്രയും നന്മക്കു വേണ്ടി ഉപയോഗിക്കല്‍  എന്നിവയെല്ലാം ജിഹാദ് ആകുന്നു.

സത്യവിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ് ജിഹാദ്. അവരുടെ ജീവിത ദൗത്യമാണ് ജിഹാദ്. അതു കൊണ്ട് തന്നെ ആര് എത്രയധികം തെറ്റfധരിപ്പിച്ചാലും ജിഹാദിനെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കല്‍ നമ്മുടെ കടമയത്രെ. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുന്ന ഒരു കച്ചവടത്തെ കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും സമ്പത്തുകൊണ്ടും ശരീരം കൊണ്ടും അവന്റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍അറിയുന്നവരെങ്കില്‍.’ (ഖുര്‍ആന്‍: 61:10-11)

ജിഹാദിനെ അല്ലാഹു ഫീസബീലില്ലാഹ് (ദൈവിക മാര്‍ഗത്തില്‍) എന്ന വിശേഷണം ചേര്‍ത്താണ് പരിചയപ്പെടുത്തുന്നത് എന്നതു തന്നെ അതിനെ പൈശാചികവത്കരിക്കുന്നവര്‍ക്കുള്ള താക്കീതാണ്. ധര്‍മ്മയുദ്ധങ്ങള്‍ ജിഹാദിന്റെ ഗണത്തില്‍ പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതേയവസരം ദേഹേച്ഛയോട് നിരന്തര സമരം (ജിഹാദുന്നഫ്‌സ് ) ചെയ്യാത്ത ഒരധര്‍മ്മി നടത്തുന്ന സായുധ സമരം ജിഹാദ് എന്ന പുണ്യ സംജ്ഞയില്‍ വരില്ല തന്നെ.

ഇത് മനസ്സിലാവാന്‍ ‘ജിഹാദ് അഥവാ സത്യവേദത്തിന്റെ ആത്മഭാവം’ എന്ന കൃതി രചിച്ച ശ്രീ. വാണിദാസ് എളയാവൂരിന്റെ ഈ വരികള്‍ സഹായകമാണ്. ‘എല്ലാ ജിഹാദുകളും ഖിതാലുകളല്ല; ചില ഖിതാലുകള്‍ ജിഹാദുകളും ആവാം.’ ചുരുക്കത്തില്‍ മൂല്യനിഷ്ഠമായ ഒരു ലോകംപടുത്തുയര്‍ത്താന്‍ സ്വന്തം ദേഹേഛകളെ കീഴ്‌പ്പെടുത്തി സര്‍വ്വവിധ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരേയുള്ള ധര്‍മ്മബന്ധിയായ പോരാട്ടമത്രെ ജിഹാദ്. അതു കൊണ്ടു തന്നെ പെണ്‍കുട്ടികളെ കണ്ണീര് കുടിപ്പിക്കുന്ന ‘ലൗ ജിഹാദ് ‘ എന്ന വിചിത്ര പ്രയോഗവുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല.

Facebook Comments
Related Articles
Show More
Close
Close