Columns

ജിന്നയും ബി.ജെ.പിയുടെ ഇരട്ടത്താപ്പും

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ പേരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിവരുന്ന ഭോഷത്തരങ്ങള്‍ അവരുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ സാമ്പിള്‍ മാത്രമാണ്. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയുടെ സ്റ്റുഡന്റ് കൗണ്‍സില്‍ ഓഫീസിന്റെ ചുവരിലെ ജിന്നയുടെ ചിത്രമാണല്ലോ ബി.ജെ.പിയും സംഘിക്കൂട്ടങ്ങളും വിവാദമാക്കുന്നത്. വിഷയം അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംപി സതീഷ് ഗൗതം വാഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് കത്തയക്കുകയും വര്‍ഗീയ സംഘടനകള്‍ തെരുവില്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. സംഘ്പരിവാര്‍ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വി.സി. അതിനാല്‍ അക്രമികള്‍ക്കെതിരെ ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

എന്നാല്‍ ബി.ജെ.പി എംപിയുടെ ചീപ് പൊളിറ്റിക്‌സിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും യു.പി ക്യാബിനറ്റ് മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ തന്നെ രംഗത്തെത്തി. സ്വാതന്ത്ര്യത്തിനു മുമ്പ് ജിന്നയും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും മഹാ വ്യക്തിത്വങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ ശരിയായ കാര്യമല്ല ചെയ്യുന്നതെന്നും മൗര്യ തുറന്നടിക്കുകയുണ്ടായി.

ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് ജിന്ന വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് എന്താണെന്ന ചോദ്യം ഉയരാം. അതിനുള്ള മറുപടി ഈ വിഷയത്തില്‍ ബി.ജെ.പിക്ക് ഏകാഭിപ്രായം ഇല്ലെന്നു തന്നെ. 2005ല്‍ അന്നത്തെ പാര്‍ട്ടി പ്രസിഡണ്ടും തല മുതിര്‍ന്ന നേതാവുമായി എല്‍.കെ അദ്വാനി കറാച്ചിയില്‍ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച ശേഷം പാക്കിസ്ഥാന്റെ രാഷ്ട്രപിതാവിനെ അവിടെ വെച്ച് വാഴ്ത്തിയത് ‘അദ്ദേഹം തികഞ്ഞ മതേതരനും ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ ദൂതനുമാണെ’ന്നായിരുന്നു.

ആറു വര്‍ഷത്തിനുശേഷം 2011ല്‍ ന്യൂദല്‍ഹിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ മോദിയുടെ ക്യാബിനറ്റില്‍ അംഗവുമായ എം.ജെ. അക്ബറിന്റെ പുസ്തക (Tinderbox: The Past and Future of Pakistan, Harper Collins India) പ്രകാശനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്വാനി വീണ്ടും ജിന്നയെ പ്രശംസകള്‍ കൊണ്ട് മൂടി. ജിന്ന യഥാര്‍ഥത്തില്‍ ആഗ്രഹിച്ചത് മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഒരു മതേതര രാജ്യമായിരുന്നുവെന്നായിരുന്നു അദ്വാനിയുടെ അന്നത്തെ പരാമര്‍ശം.

ജിന്നാവാദിയായ അദ്വാനിക്കെതിരെ ഇത്രയും കാലമായിട്ടും ഒരൂ നടപടി പോലും എടുക്കാനുള്ള ധൈര്യം ബി.ജെ.പിക്ക് ഉണ്ടായില്ല. എന്നാല്‍ മറ്റൊരു മുതിര്‍ന്ന നേതാവും പ്രതിരോധ, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്ന ജസ്‌വന്ത് സിംഗ്, ജിന്നയെ പുകഴ്ത്തി പുസ്തകം എഴുതിയപ്പോള്‍ (Jinnah: India, Partition, Independence) അദ്ദേഹത്തെ ചെവിക്ക് പിടിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെയും സംഘികള്‍ ഉറഞ്ഞു തുള്ളുന്നത് കാണുമ്പോള്‍ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നില്ലേ.

വ്യാജ ദേശീയതയുടെ വക്താക്കളാണ് സംഘി പരിവാര്‍. ദേശസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍ തങ്ങളാണെന്നാണ് അവരുടെ വെപ്പ്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജാതി, മതഭേദമെന്യെ മുഴുവന്‍ ഇന്ത്യക്കാരും സജീവമായി പങ്കെടുത്ത ഘട്ടത്തില്‍ ആര്‍.എസ്.എസ് ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. അതുകൊണ്ടാണല്ലോ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ സംഘ്പരിവാറിന് ഇടമില്ലാത്തത്. അതുകൊണ്ടാണല്ലോ ഇന്ത്യയുടെ രാഷ്ട്രപിതാവിനെപ്പോലും അവര്‍ നിഷ്ഠൂരം വധിച്ചത്.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സംഘ് പരിവാര്‍ സംഘടനകള്‍ ഗുരുക്കളായി കൊണ്ടു നടക്കുന്നവരില്‍ പ്രമുഖനാണല്ലോ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. (1883-1966). ബ്രിട്ടീഷുകാര്‍ക്ക് നിരവധി തവണ മാപ്പെഴുതി നല്‍കി ജയില്‍ മോചനം നേടുകയും തുടര്‍ന്നങ്ങോട്ട് വെള്ളക്കാരുടെ സാമ്രാജ്യത്വത്തിന്റെ മൂടുതാങ്ങിയും സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തയാളാണ് സവര്‍ക്കറെന്ന് ചരിത്രം പറയുന്നു.

അലീഗര്‍ പ്രസ്ഥാനത്തിലെ ആജീവനാന്ത അംഗങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കൂട്ടത്തിലാണ് ജിന്നയുടെ ഫോട്ടോയും സ്ഥാനം പിടച്ചതെന്ന് സര്‍വ്വകലാശാല യൂനിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സജീവ പങ്കു വഹിച്ച സ്ഥാപനമാണ് അലിഗര്‍. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നാമൊക്കെ നഖശിഖാന്തം എതിര്‍ക്കുന്നു. ഇനി, ജിന്നയുടെ ചിത്രത്തെച്ചൊല്ലിയാണ് സംഘ് പരിവാറുകാര്‍ക്ക് നാണമെങ്കില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടത്തില്‍ വി.ഡി. സവര്‍ക്കറുടെ ചിത്രം പതിച്ചതാണ് ഞങ്ങള്‍ ഇന്ത്യക്കാരെ അതിലേറെ നാണം കെടുത്തുന്നത്.

 

Facebook Comments
Show More

Related Articles

Close
Close