ആശുപത്രിയിലൊരു സുഹൃത്തിനെ സന്ദര്‍ശിച്ചു വന്ന ശേഷമാണീ കുറിപ്പെഴുതുന്നത്. അദ്ദേഹത്തിന്റെ നാട്ടില്‍ തന്റെ കുടുംബം തന്നെ മുന്‍കയ്യെടുത്ത് ഒരു പരിപാടി നടക്കാന്‍ പോവുകയായിരുന്നു. നാനാഭാഗത്തു നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് തന്റെ ഒരു ഉറ്റമിത്രത്തിന്ന് ഒരാഗ്രഹമുദിക്കുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നടക്കുന്ന ഒരു സമ്മേളനത്തിന്നു പോകണം. സുഹൃത്തിന്നത് അത്രമാത്രം താല്പര്യമുണ്ടായിരുന്നില്ല. മറ്റെയാളും സാധാരണ അത്തരം യോഗങ്ങളില്‍ തല്പരനായിരുന്നില്ല. എങ്കിലും മിത്രത്തിന്റെ ആഗ്രഹത്തിന് മനമില്ലാ മനസ്സോടെ വഴങ്ങുകയായിരുന്നു. ‘നമുക്ക് ഉടനെ പോയി വരാം’. അയാളുടെ അഭിലാഷമനുസരിച്ച് ഇരുവരും ബൈക്കില്‍ പുറപ്പെട്ടു. കിലോമീറ്ററുകള്‍ ഓടിയപ്പോഴേക്കും, ഇവരെ മുന്‍ കടാക്കാനുള്ള ബദ്ധപ്പാടില്‍ ഒരു ഓട്ടോറിക്ഷ ബൈക്കിനെ തട്ടി തെറിപ്പിക്കുകയായിരുന്നു. സ്‌നേഹിതന്‍ മരണപ്പെട്ടു, ഇദ്ദേഹം നിസ്സാര പരിക്കുകളോടെ ആശുപത്രിയിലുമായി.
പിന്നീട് ആളുകള്‍ക്കിടയിലുണ്ടായ ചര്‍ച്ചയില്‍, പലര്‍ക്കും പലതും പറയാനുണ്ടായിരുന്നു. ‘രക്തം വാര്‍ന്നു പോയാണ് അദ്ദേഹം മരണപ്പെട്ടത്, ആരും അദ്ദേഹത്തെ ആശുപത്രിയിലേക്കെടുത്തില്ല. ഉടനെ ആശുപത്രിയിലെത്തിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. വന്നവര്‍ വന്നവര്‍ നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു.’ ചിലര്‍ക്ക് പറയാനുണ്ടായിരുന്നത് അതാണ്. ‘വണ്ടിക്കാരാരും നിറുത്തിയില്ല, എല്ലാവര്‍ക്കും തിരക്കായിരുന്നു’വെന്ന് വേറെ ചിലര്‍. ഇങ്ങനെ, മരണത്തിന്ന് തങ്ങളുടേതായ കാരണങ്ങള്‍ പലരും അവതരിപ്പിക്കുകയായിരുന്നു.
ഇതെല്ലാം കേട്ടപ്പോള്‍, സംഭവസ്ഥലത്തിന്ന് അല്‍പമകലെ ഒരു വര്‍ഷം മുമ്പ് നടന്ന മറ്റൊരു അപകടം മനസ്സിലോടിയെത്തി. നിറയെ യാത്രക്കാരുമായി ഒരു മിനി ബസ്സ് ഓടിവരുന്നു. പല സ്‌റ്റോപ്പുകളിലും യാത്രക്കാര്‍ കൈ കാണിച്ചുവെങ്കിലും, ബസ്സ് നിറുത്താതെ ഓടുകയാണ്. അവസാനം ഒരൊഴിഞ്ഞ സ്ഥലത്ത് ബസ്സെത്തുന്നു. അവിടെ ഏകാകിയായി ഒരാള്‍ കൈകാണിക്കുന്നു. െ്രെഡവറുടെ കാല്‍ അറിയാതെ െ്രെബക്കിലമരുന്നു. അയാളെയും വഹിച്ചു കൊണ്ട് ഒരു കിലോമീറ്ററോളം ഓടിയ ബസ്സ് ഒരു കൊല്ലിയിലേക്ക് കൂപ്പു കുത്തുന്നു. അവസാനം കയറിയ ഈ ആള്‍ മരണപ്പെടുന്നു; ബാക്കിയുള്ളവര്‍ പരിക്കുകളോടെ ആശുപത്രിയിലുമെത്തുന്നു.
ഇവിടെ, ചര്‍ച്ചകള്‍ക്കൊന്നും യാതൊരു പഴുതുമുണ്ടായിരുന്നില്ല. മുന്‍സ്‌റ്റോപ്പുകളില്‍ എന്തു കൊണ്ട് ബസ്സ് നിറുത്തിയില്ല? എന്തു കൊണ്ട് ഇയാളെ മാത്രം നിറുത്തി കയറ്റി? െ്രെഡവര്‍ക്ക് ഇദ്ദേഹത്തോട് വല്ല താല്പര്യവുമുണ്ടായിരുന്നുവോ? അതോ ഇയാളുടെ യാത്ര അവസാനത്തേതാകണമെന്ന് അയാള്‍ കരുതിയിരുന്നുവോ? ഇതൊന്നും, എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല.
ദിവസങ്ങള്‍ കഴിഞ്ഞു. എല്ലാവരും സംഭവം വിസ്മരിച്ചു. അത് പോലെ ഇതും അടുത്ത് തന്നെ വിസ്മൃതിയിലാണ്ടു പോകും.
എന്നാല്‍, ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോഴാണ്, ഇരു സംഭവങ്ങളിലും ഒളിഞ്ഞു കിടക്കുന്ന മഹത്തായൊരു സന്ദേശം ലഭിക്കുക. സര്‍വശക്തന്റെ ഓരോ പ്രവര്‍ത്തനത്തിന്നു പിന്നിലും, നമുക്കറിയാത്ത മഹത്തായ നിരവധി യുക്തികള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ആത്മാര്‍ത്ഥമായ അന്വേഷണത്തിലൂടെ പലതും നമുക്ക് കണ്ടെത്താനാകും.
ഇവിടെ, പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അലംഘനീയ വിധിയെകുറിച്ചാണ് ഇരു സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത്. ഓരോ മനുഷ്യന്നും മരണം വിധിക്കപ്പെട്ടിട്ടുണ്ടെന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണല്ലോ. എന്നാല്‍, കേവലം മരണം മാത്രമല്ല ഈ വിധിയിലൊതുങ്ങിയിരിക്കുന്നത്. ഇന്നിന്നയാള്‍ എന്ന് മരിക്കും? എവിടെവെച്ച് മരിക്കും? ഏത് രീതിയില്‍ മരിക്കും? തുടങ്ങി മരണത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാകാര്യങ്ങളുമടങ്ങിയ വിധിയാണത്. അത് കൃത്യമായും അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും. ഇങ്ങനെ വിശ്വസിക്കുക ഒരു വിശ്വാസിയുടെ ബാധ്യതയുമാണ്.
ഉദാഹരണമായി, ഏതെങ്കിലുമൊരു സാധാരണക്കാരന്റെ മരണം അമേരിക്കയിലാണ് വിധിക്കപ്പെട്ടതെന്നിരിക്കട്ടെ. നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് അദ്ദേഹം അമേരിക്കയില്‍, എത്തിപ്പെട്ടിട്ടുണ്ടായിരിക്കും. വര്‍ഷങ്ങളോളം നാട്ടില്‍ ജോലിയില്ലാതെ ജീവിക്കാന്‍ വകയില്ലാതെ അലഞ്ഞു തിരിയുകയായിരുന്ന ഒരാളുടെ ‘ഭാഗ്യ രേഖ’ പെട്ടെന്നു തെളിയുകയും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ അയാള്‍ക്കൊരു വിസ ലഭിക്കുകയും അങ്ങനെ ആശ്വാസത്തോടെ ഗള്‍ഫിലേക്ക് പറക്കുകയും അവിടെ ചെന്ന് താമസിയാതെ മരണത്തിന്നു കീഴടങ്ങേണ്ടി വരികയും ചെയ്ത സംഭവങ്ങളെത്രയുണ്ട്! വര്‍ഷങ്ങളോളം ഗള്‍ഫില്‍ കഴിച്ചു കൂട്ടിയ വ്യക്തി തനിക്ക് കിട്ടിയ ചുരുങ്ങിയ ലീവില്‍ നാട്ടിലെത്തുകയും വിമാനത്താവളത്തില്‍ വെച്ചു തന്നെ മരണപ്പെടുകയും ചെയ്ത സംഭവങ്ങളെത്ര!
അതെ, ഏത് സ്ഥലത്ത് ഏത് സമയത്ത് മരണം വിധിക്കപ്പെട്ടിട്ടുണ്ടോ അതേ സമയം അതേസ്ഥലത്തേക്ക് അല്ലാഹു അയാളെ എത്തിക്കുകയും അവിടെ വെച്ച് തന്നെ മരണം വരിക്കുകയും ചെയ്യും.
ആലോചിച്ചു നോക്കൂ, നമ്മുടെ രണ്ടാമത്തെ സംഭവത്തില്‍ ആളുകളെ കയറ്റാനായി മുന്‍ സ്‌റ്റോപ്പുകളില്‍ െ്രെഡവര്‍ വണ്ടി നിറുത്തിയിരുന്നുവെങ്കില്‍ അല്ലെങ്കില്‍, അയാളെയും കയറ്റാതെയാണ് ബസ്സ് ഓടിയതെങ്കില്‍ ഇയാളുടെ മരണം കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് വെച്ച് നടക്കുമായിരുന്നുവോ? ഒന്നാമത്തെ സംഭവത്തെ എടുക്കുക. ഓടിക്കൂടിയ നാട്ടുകാര്‍, പ്രഥമ ശുശ്രൂഷ നല്‍കുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അയാളുടെ മരണത്തിന്റെ സ്ഥലവും സമയവും വ്യത്യാസപ്പെടുമായിരുന്നില്ലേ?
സുബ്ഹാനല്ലാഹ്! എത്രമാത്രം കണിശമാണ് അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങള്‍! പക്ഷെ, അതെ കുറിച്ച് ചിന്തിച്ച് പാഠമുള്‍ക്കൊള്ളാന്‍ ‘ബുദ്ധിജീവികളാ’യ നാം മിനക്കെടുന്നില്ലെന്നു മാത്രം.