കല്യാണത്തിന് ശേഷം ഭര്‍ത്താവ് ഭാര്യയുടെ വീട്ടില്‍ താമസിക്കുകയാണ് ഞങ്ങളുടെ നാട്ടിലെ പതിവ്. അതായത് ആണിനെയാണ് കെട്ടിക്കൊണ്ടു പോകുന്നത്. ഇതിന് മുന്നൊരുക്കമായി, ചെറിയ ഒരു വീട് തന്നെ പണിയാവുന്നത്ര ചെലവഴിച്ച്, അദ്ദേഹത്തെ പാര്‍പ്പിക്കാനുള്ള അറ എന്ന് പേരുള്ള ബെഡ്‌റൂം പണിയുന്നു. പുതിയാപ്പിളമാരില്‍ ഭൂരിഭാഗവും ദുബായ്ക്കാരായതിനാല്‍, അറക്കകത്ത് പെര്‍ഫ്യൂമിന്റെ സുഗന്ധം എപ്പോഴുമുണ്ടാവും. മേത്തരം അലമാരയും, സോഫയും, കട്ടിലും, മെത്തയും, അനുബന്ധങ്ങളും, അലങ്കാര വിളക്കുകളും, കര്‍ട്ടനുകളും, എ.സിയും ഒക്കെയായി, ഒരു ഫൈവ്-സ്റ്റാര്‍ ഹോട്ടലിലെ സ്യൂട്ടില്‍ കയറിയ അനുഭൂതിയൊക്കെ അതിനകത്ത് കിട്ടും.
കല്യാണച്ചെക്കന് ഭാഗ്യമുണ്ടെങ്കില്‍, വര്‍ഷത്തില്‍ ഒരു മാസത്തോളം ഇതിനകത്ത് സുഖവാസത്തിനുള്ള അവസരമുണ്ടാവും. അപ്പോഴേക്കും ലീവ് തീര്‍ന്ന് തിരിച്ച് പോകാനുള്ള സമയമെത്തും. കെട്ടിക്കൊണ്ട് വന്ന ആണുങ്ങളെ വീട്ടില്‍ താമസിപ്പിച്ച് പരിപാലിക്കുന്ന പുകിലുകളൊന്നും, ഭാര്യ വീട്ടുകാര്‍ അധിക കാലം സഹിക്കേണ്ടിവരുന്നില്ല എന്നര്‍ത്ഥം. ഈ അവസ്ഥ മുന്നില്‍ കണ്ട്, പെണ്‍മക്കള്‍ക്ക് പുതിയാപ്ലമാരെ തേടുമ്പോള്‍, ചില ഉമ്മമാരൊക്കെ ദുബായ്ക്കാരെ മാത്രമേ പരിഗണിക്കൂ.
ലോലമനസ്‌കനായ ഒരു പാവം ദുബായ്ക്കാരന്‍ തിരിച്ച് പോകാനുള്ള ദിവസമെത്തി. കല്യാണം കഴിഞ്ഞ് ആശ തീര്‍ന്നിട്ടില്ല. ഭാര്യ ഒരേ കരച്ചിലാണ്. മനസ്സില്ലാ മനസ്സോടെ ആ പാവം യാത്ര പുറപ്പെട്ടു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലുടനീളം ഭാര്യയുടെ മുഖം അയാളെ നൊമ്പരപ്പെടുത്തി. അവസാനം സഹിക്കാനാവാതെ അയാളൊരു തീരുമാനത്തിലെത്തി. ഇനി ദുബായ് വേണ്ട. നാട്ടില്‍ തന്നെ എന്തെങ്കിലും പണി നോക്കി ഭാര്യയോടൊത്ത് ജീവിക്കാം.
അയാള്‍ തിരിച്ചെത്തി. കണ്ടവരൊക്കെ ഞെട്ടി. ഭാര്യയാണ് ഏറ്റവുമധികം ഞെട്ടിയത്. അവള്‍ക്കത് സഹിക്കാനേ പറ്റിയില്ല. തനിക്ക് വന്ന് ഭവിച്ചിരിക്കുന്ന ആപത്തിനെ കുറിച്ചോര്‍ത്ത് അവള്‍ വളരെയേറെ സങ്കടപ്പെട്ടു. ഭര്‍ത്താവ് പോയപ്പോള്‍ കരഞ്ഞതിനേക്കാളും കൂടുതല്‍ അയാള്‍ തിരിച്ച് വന്നപ്പോള്‍ അവള്‍ കരഞ്ഞു എന്ന് ചിലര്‍ പറഞ്ഞത് കുശുമ്പ് കൊണ്ടായിരിക്കണം.
അല്‍പകാലത്തിന് ശേഷം പുതിയാപ്ല അറേബ്യയിലേക്ക് തന്നെ തിരിച്ച് പോയി
ഇത് വെറുമൊരു കഥ. ഈ വെറും കഥയിലെ പുതിയാപ്ലയുടെ അവസ്ഥയിലാണ് ലോകത്ത് ഇസ്‌ലാം ഇന്നുള്ളത്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ വേണം. എന്നല്ല, പുതിയാപ്ലയായി അവര്‍ക്ക് ഇസ്‌ലാമിനെ മാത്രമേ വേണ്ടൂ. കെട്ടിക്കൊണ്ട് വന്ന്, ഒരു മാസത്തോളം പരിപാലിച്ച്, സ്‌നേഹിച്ച് ലാളിച്ച്… അതൊക്കെ വലിയ രസമുള്ള കാര്യം തന്നെ. പക്ഷേ, കാലാകാലം ഇവിടെ താമസിച്ച് സുഖിക്കാമെന്ന വ്യാമോഹമൊന്നും വേണ്ട. അതൊക്കെ വലിയ ബുദ്ധിമുട്ടാവും. ലീവ് തീരുന്ന മുറക്ക് സ്ഥലം വിടുന്നതായാല്‍ ഉത്തമം. ഇനി നാട്ടില്‍ തന്നെ പാര്‍ക്കാനുള്ള മോഹം കലശലാണെങ്കില്‍, മറ്റൊരു വീട് പണിത് അങ്ങോട്ട് താമസം മാറുന്നതില്‍ കുഴപ്പമില്ല!
ഇങ്ങനെയൊക്കെ തന്നെയല്ലേ, മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോടുള്ള മനോഭാവം? ചില ആചാരമുറകളും, ക്രിയകളും, മേനിപറച്ചിലുകളും അല്ലാതെ, ജീവിതത്തിന്റെ സര്‍വ്വതലങ്ങളും നിയന്ത്രിക്കുന്ന ഒരു ചാലകശക്തിയായി ഇസ്‌ലാമിനെ പുണരാനൊന്നും ഭൂരിഭാഗം മുസ്‌ലിംകളും തയ്യാറില്ല എന്നതല്ലേ പരമാര്‍ത്ഥം? സമ്പൂര്‍ണ്ണമായി ഇസ്‌ലാമില്‍ പ്രവേശിക്കാനാണ് നാം കല്‍പിക്കപ്പെട്ടത്. എന്നാല്‍ ഒരു വക്കിലിരുന്ന് അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനാണ് നമുക്കിഷ്ടം.
ഇസ്‌ലാമോഫോബിയയെ കുറിച്ച് നാം നിരന്തരം കേള്‍ക്കുന്നു. എന്നാല്‍ ആര്‍ക്കാണ് ഇസ്‌ലാമോഫോബിയ ഏറ്റവും കൂടുതലുള്ളത്. ഇസ്‌ലാമിന്റെ മൗലിക ശാസനകളെ ഏറ്റവുമധികം വെറുക്കുകയും, ചെറുക്കുകയും, അകറ്റുകയും ചെയ്യുന്നതാരാണ്? ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് തന്നെ മുറിവേല്‍പ്പിക്കുന്നതാരാണ്? അറിഞ്ഞുകൊണ്ട് ദൈവിക കല്‍പനകളെ ലംഘിക്കുന്നതാരാണ്? പ്രവാചകനെ ഏറ്റവുമധികം അപമാനിക്കുന്നതാരാണ്? ഇസ്‌ലാമിക സമൂഹത്തിന് മുതല്‍ക്കൂട്ടാവുന്ന സംരംഭങ്ങള്‍ക്കെല്ലാം ആവുംവിധം തടസ്സങ്ങളുണ്ടാക്കുന്നതാരാണ്?
ലോകത്തങ്ങോളമിങ്ങോളം, മുസ്‌ലിം സമൂഹങ്ങളെ, നാടുകളില്‍ നിന്നും വീടുകളില്‍ നിന്നും ആട്ടിപ്പായിക്കുന്നതും, കൊന്ന് തള്ളുന്നതും, അതിനുവേണ്ടി അവരുടെ ബദ്ധവൈരികളെ വിളിച്ച് വരുത്തി താവളങ്ങളൊരുക്കുന്നതും, ആരാണ്? പണ്ഡിത ശ്രേഷ്ടരെയും സച്ചരിതരായ ജനങ്ങളെയും കൊല്ലുന്നതാരാണ്? മുസ്‌ലിം സമൂഹങ്ങള്‍ക്ക് രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തുമ്പോള്‍ സന്തോഷിക്കുന്നതാരാണ്? ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ക്കും ചിന്തകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതാരാണ്? മുസ്‌ലിം സമൂഹത്തെ മൊത്തം സേവിക്കേണ്ടുന്ന പൊതു സമ്പത്ത് ചെലവഴിച്ച് അവരെത്തന്നെ ചുട്ട് ചാമ്പലാക്കാനുള്ള ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതാരാണ്?
സൃഷ്ടാവിലേക്കും പ്രവാചകനിലേക്കും വിശുദ്ധ ഗ്രന്ഥത്തിലേക്കും വിളിക്കുന്നതിന് പകരം, അവരവരുടെ സംഘടനകളിലേക്ക് ജനങ്ങളെ വിളിക്കുന്നതാരാണ്? സര്‍വ്വ മനുഷ്യരെയും ഇസ്‌ലാമില്‍നിന്ന് ബഹുദൂരം അകറ്റുന്നതാരാണ്? സമ്പൂര്‍ണ്ണമായ ഇസ്‌ലാമിക വ്യവസ്ഥിതി എവിടെയെങ്കിലും നിലവില്‍ വരുമെന്നറിഞ്ഞാല്‍ ഏറ്റവുമധികം വ്യാകുലരാകുന്നതാരാണ്? എന്ത് വിലകൊടുത്തും അതിനെ കൊന്ന് കുഴിച്ച് മൂടാന്‍ ഉത്സാഹിക്കുന്നതാരാണ്?
യാഥാര്‍ത്ഥ്യം അരോചകമായി തോന്നിയേക്കാം. എന്നാല്‍, എന്റെ നാട്ടില്‍ നടപ്പുള്ളത് പോലെ, പുതിയാപ്ലയായി അല്‍പദിവസങ്ങള്‍ നാട്ടിലുണ്ടാവുന്ന ഒരു പരദേശിയായി ഇസ്‌ലാമിനെ കൊണ്ടാടുന്നവരല്ലേ ഈ സമുദായത്തിലെ ബഹുഭൂരിപക്ഷവും?
അംഗീകരിക്കാന്‍ വൈമനസ്യമുള്ളവര്‍, നമുക്കിടയിലെ കച്ചവടക്കാരെ, ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരെ, രാജാക്കന്മാരെ, എഴുത്തുകാരെ, പണ്ഡിതന്മാരെ, പള്ളിക്കമ്മിറ്റിക്കാരെ, അധ്യാപകരെ, വിദ്യാര്‍ത്ഥികളെ, ധനികരെ, ദരിദ്രരെ, തൊഴിലാളി സംഘങ്ങളെ, നേതാക്കളെ, സിനിമക്കാരെ, പാട്ടുകാരെ, കലാകാരന്മാരെ… ഒക്കെയൊന്ന് സൂക്ഷിച്ച് നോക്കട്ടെ.
അങ്ങനെ തുറിച്ച് നോക്കാന്‍ നാണം തോന്നുന്നുവെങ്കില്‍, കണ്ണാടി നോക്കിയാലും മതി!