Current Date

Search
Close this search box.
Search
Close this search box.

എനിക്ക് രക്ഷയുണ്ടെന്നോ!

drink-smoke.jpg

ഒരു രോഗിയെ സന്ദര്‍ശിച്ച് പുറത്തിറങ്ങാന്‍ നേരമാണ് അയാള്‍ അകത്തു നിന്ന് ഒരു ചുമ കേട്ടത്. രോഗിയുടെ മകനാണത്. പരിചിതന്‍. പരമരഹസ്യമായി മദ്യപിക്കുന്ന ആള്‍. ഈയിടെ അത് പരസ്യമായിട്ടുണ്ട്. ഒന്നു കാണാം എന്നു വിചാരിച്ച് അകത്തേക്ക് ചെന്നു. അവന്‍ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു, ജാള്യതയോടെ അവന്‍ സംസാരിക്കാന്‍ തുടങ്ങി. ”നിങ്ങളൊക്കെ ഭാഗ്യവാന്‍മാര്‍, നോമ്പിന്റെ പുണ്യം കൊയ്യുകയാണ്. ഞാന്‍ ഇങ്ങനെയായി പോയി, ഇനി രക്ഷയില്ല.”

അയാള്‍ പുഞ്ചിരിച്ചു കൊണ്ട് മദ്യപാനിയായ യുവാവിന്റെ ചുമലില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. ”പേടിക്കേണ്ട, നിനക്കും രക്ഷയുണ്ട്.”
”എനിക്കും രക്ഷയുണ്ടെന്നോ!”
”അതെ, നിനക്കും രക്ഷയുണ്ട്. എത്ര വയസ്സായി നിനക്ക്? മദ്യപാനത്തിന് എത്ര പ്രായമുണ്ട്.”
”നാല്‍പത്തിമൂന്ന് വയസ്സായി, മദ്യപാനം തുടങ്ങിയിട്ട് പതിനെട്ടു കൊല്ലം.”
”അല്ലാഹു നിന്നെ രക്ഷിക്കും, സംശയിക്കേണ്ട.”

മദ്യപാനം മാത്രമല്ല, അതിനോട് ബന്ധപ്പെട്ട പല തിന്മകളുടെയും അടിമയാണ് ആ യുവാവ്. ഇത്രയധികം തിന്മകള്‍ ചെയ്ത തന്നെ അല്ലാഹു രക്ഷിക്കും എന്ന വാക്ക് അവന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സന്ദര്‍ശകന്‍ പറഞ്ഞു. ”നിനക്ക് രക്ഷയുണ്ട്, നിന്നെ ഇപ്പോഴും അല്ലാഹു രക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത്രകാലം മദ്യപിച്ചിട്ടുണം നീ രോഗിയായിട്ടില്ല. മദ്യദുരന്തങ്ങള്‍ സംഭവിച്ച് നാട്ടില്‍ എത്രയോ ആളുകള്‍ മരിച്ചിട്ടുണ്ട്. നീ അതില്‍ പെട്ടില്ലല്ലോ. നിന്റെ ആരോഗ്യം അല്‍പം ക്ഷയിച്ചിട്ടേ ഉള്ളൂ. നോമ്പുകാരനായ എന്റെ ഹൃദയത്തെയെന്ന പോലെ മദ്യപാനിയായ നിന്റെ ഹൃദയത്തെയും അല്ലാഹുവാണ് മിടിപ്പിക്കുന്നത്. നമ്മുടെ രണ്ട് പേരുടെയും ഹൃദയങ്ങള്‍ക്ക് ഒരവസാന മിടിപ്പുണ്ട്. അതുവരെ കാത്തുനില്‍ക്കാതെ ഉടനെ നന്മയിലേക്ക് തിരിച്ചു വരിക.”
”ശരി, മാര്‍ഗം പറഞ്ഞു തരൂ.”
”ഇപ്പോള്‍ ഒരു മണിയായല്ലോ. നന്നായി ഭക്ഷണം കഴിച്ച് ഒന്നുറങ്ങുക. നാലു മണിക്കു മുമ്പേ ഞാന്‍ വരാം. അപ്പോഴേക്കും ലഹരി മാറും. ഇനി കുടിക്കരുത്. ഉറക്കം കഴിഞ്ഞാല്‍ കുളിച്ച് വസ്ത്രം മാറ്റിയിരിക്കുക.”

സമയം മൂന്നര. അയാള്‍ അവിടെ തിരിച്ചെത്തി. യുവാവ് ഉന്മേഷവാനായി ഇരിക്കുന്നുണ്ടായിരുന്നു.
”അല്‍ഹംദുലില്ലാഹ്, നല്ല ഉഷാറായല്ലോ.. വരൂ നമുക്ക് സംസാരിച്ചു കൊണ്ട് പള്ളിയിലേക്ക് നടക്കാം.”
അവര്‍ നടന്നു.
”കേട്ടോളു. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ഥന പശ്ചാത്താപിച്ചു കൊണ്ടുള്ള പ്രാര്‍ഥനയാണ്. തിന്മയിലേക്ക് ഞാന്‍ ഇനി പോകില്ല എന്ന് തീരുമാനിച്ചവന്റെ ഖേദപ്രകടനം അല്ലാഹു പരിഗണിക്കും. അല്ലാഹു പറയുന്നു: ”അത്യധികം തെറ്റുകള്‍ ചെയ്തുപോയ എന്റെ അടിമകളേ. അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരും. അവന്‍ തന്നെയാണ് പാപം പൊറുക്കുന്നവനും പരമകാരുണികനും.

നബി തിരുമേന(സ) പറഞ്ഞു: അത്യുന്നതനായ അല്ലാഹു രാത്രിയില്‍ അവന്റെ കൈകള്‍ നീട്ടുന്നു; പകലില്‍ തെറ്റുചെയ്തവന്ന് പൊറുത്തുകൊടുക്കാന്‍ വേണ്ടി. അവന്‍ പകലില്‍ കൈ നീട്ടുന്നു; രാത്രിയില്‍ പാപം ചെയ്തവന്ന് പൊറുത്തു കൊടുക്കാന്‍ വേണ്ടി.

അയാള്‍ യുവാവിന്റെ മുഖത്തേക്കു നോക്കി. അവിടെ പ്രതീക്ഷയുടെ തിളക്കമുണ്ട്.
”സഹോദരാ, നിന്റെ ബാപ്പ രോഗിയായത് നിന്റെ ദുര്‍ന്നടപ്പു കൊണ്ടുള്ള മനക്ലേഷം മൂലമാവാം. അസ്വര്‍ നമസ്‌കാരം കഴിഞ്ഞ ധാരാളമായി പ്രാര്‍ഥിക്കൂ. അല്ലാഹുവേ, നിന്നെ ആരാധിക്കാനും എന്റെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചു കൊണ്ട് സ്വര്‍ഗം വങ്ങാനുമായി എനിക്ക് നീ ആയുസ്സു നീട്ടിത്തരൂ. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞേ വീട്ടില്‍ പോകാവൂ. വീട്ടില്‍ ചെന്നിട്ട് ഞാന്‍ പള്ളിയില്‍ നിന്ന് വരികയാണെന്ന് പറയൂ. അപ്പോള്‍ അവര്‍ കേള്‍ക്കുന്നത് ദുന്‍യാവിലെ ഏറ്റവും വിലപ്പെട്ട വാക്കായിരിക്കും. റമദാനിലെ ഇനിയുള്ള രാപ്പകലുകള്‍ അമൂല്യമാണ്. കരഞ്ഞു പ്രാര്‍ഥിക്കുക. ആ കണ്ണീര്‍ കണങ്ങള്‍ക്കാണ് പരലോകത്ത് വലിയ വില.”

Related Articles