Current Date

Search
Close this search box.
Search
Close this search box.

ഈ കച്ചവടം നഷ്ടമാകില്ല

വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം കൊണ്ട് പരിശുദ്ധമാക്കപ്പെട്ട മാസമാണ് റമദാന്‍. മറ്റ് മാസങ്ങളില്‍ ലഭിക്കുന്നതിനേക്കാളധികം ലാഭം വിശ്വാസികള്‍ക്ക് ഈ മാസത്തില്‍ ലഭിക്കും എന്ന് ഖുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. നല്ലകാര്യങ്ങള്‍ ഏതുമാസത്തില്‍ ചെയ്താലും സത്യവിശ്വാസികള്‍ക്ക് വര്‍ധിച്ചതോതില്‍ പ്രതിഫലം നല്‍കുക എന്നത് അല്ലാഹുവിന്റെ നയമാണ്.

‘സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവര്‍ അതില്‍ ശാശ്വാതവാസികളായിരിക്കും’. ഈ പ്രതിഫലത്തിന് മാസവ്യത്യാസമില്ല, അതുപോലുള്ള മറ്റൊരു സൂക്തം കൂടുതല്‍ വ്യക്തതയോടെ കാണാം. ‘വല്ലവനും ഒരു നന്മകൊണ്ടു വന്നാല്‍ അതിന്റെ പതിന്മടങ്ങ് അവന് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന് നല്‍ക്കപ്പെടുകയുള്ളൂ. അവരോട് ഒരു അനീതിയും കാണിക്കപ്പെടുകയില്ല’ (അന്‍ആം : 160)

ഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഈ ലോകം കച്ചവടസ്ഥലവും കൃഷിയിടവുമാണ്. മനസ്സിലാക്കേണ്ടത് മുതല്‍മുടക്കും വിത്തുമില്ലാതെ കച്ചവടവും കൃഷിയും നടക്കുകയില്ല എന്നാണ്. തുളസീദാസ് ഇങ്ങനെ പാടിയിട്ടുണ്ട്:
‘മനസാ ഭയോ കിസാന്‍
പാപ് പുണ്യ ദോഉ ബീജ്‌ഹേ
ബുവൈ സൊലുനൈ കിസാന്‍’
മനുഷ്യ ശരീരം ഒരു വയലാണ്. പാപവും പുണ്യവും വിത്തുകളും. മനസ്സ് എന്ന കര്‍ഷകന്‍ ഏതുവിത്താണോ വിതയ്ക്കുന്നത് അതാണ് അവന്ന് കൊയ്‌തെടുക്കാന്‍ കഴിയുക.

താഴെപറയുന്ന ഖുര്‍ആനികാശയമാണ് തുളസീദാസിന്റെ ഈ വരികളിലുള്ളത്. ‘ആര്‍ ഒരണുത്തൂക്കം നന്മചെയ്തുവോ അത് അവന്‍ കാണും. ആര്‍ ഒരണുത്തൂക്കം തിന്മ ചെയ്തുവോ അവന്‍ അതും കാണും’ (99 : 7,8)

തിന്മക്ക് അല്ലാഹു വര്‍ധിപ്പിച്ച് ശിക്ഷ നല്‍കുകയില്ല. നന്മക്ക് ചുരുങ്ങിയത് പത്തിരട്ടി പ്രതിഫലം നല്‍കുകയും ചെയ്യും. അതിനാല്‍ ഇസ്‌ലാമിക ജീവിതം കച്ചവടവും കൃഷിയുമാണെന്ന് പറയുന്നത് ഉചിതവും സത്യസന്ധവുമായ പ്രയോഗമാണ്. അല്ലാഹു പറയുന്നു : ‘വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം വര്‍ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന്ന് അതില്‍ നിന്ന് നല്‍കുന്നതാണ്. അവന്ന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല’ (ശൂറാ : 20)

ഈ കൃഷിക്ക് വിത്ത് നന്നാകണം. ഏകദൈവ വിശ്വാസം എന്ന വിത്തുകൊണ്ടാണ് പരലോകത്ത് വിളവുകൊയ്യാവുന്ന കൃഷി ആരംഭിക്കുന്നത്. അതിന്റെ അഭാവത്തില്‍ ഒരു കര്‍മ്മവും പ്രതിഫലാര്‍ഹമാകില്ല. ഇതിന്റെ വളമാണ് ആത്മാര്‍ഥത. ജനങ്ങളുടെ പ്രശംസയല്ല അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കര്‍മ്മത്തിന്റെ പിന്നിലുണ്ടായിരിക്കേണ്ടത്. അതുതന്നെയാണ് ആത്മാര്‍ഥത-ഇഖ്‌ലാസ്.

കൃഷി നശിപ്പിക്കുന്ന കീടങ്ങളെ കുറിച്ചും കര്‍ഷകന്‍ ബോധവാനായിരിക്കണം. പ്രകടനപരത (റിയാഅ്), പ്രശസ്തിമോഹം എന്നിവയാണ് സത്യവിശ്വാസി നുള്ളിയെറിയേണ്ട കീടങ്ങള്‍. അതിനാല്‍ തന്റെ മനസ്സില്‍ ഏതെല്ലാം തരം കീടങ്ങളുണ്ട് എന്ന് സത്യവിശ്വാസി പരിശോധിച്ച് കൊണ്ടിരിക്കണം. ആ പരിശോധനക്ക് ഉചിതമായ മാസമാണ് റമദാന്‍.

വൃതാനുഷ്ഠാനം കൊണ്ട് നാം നേടിയ പരിചമൂലം കീടങ്ങളെ കൊല്ലാന്‍ കഴിഞ്ഞുവോ എന്ന് കഴിഞ്ഞ പതിനൊന്ന് മാസത്തെ അനുഭവങ്ങള്‍ പരതിനോക്കുക. അവിടെയെല്ലാം കീടങ്ങള്‍ തലപൊക്കി നില്‍ക്കുന്നുവെങ്കില്‍ നമ്മുടെ പരിച ശവ്വാല്‍ മാസത്തോടെ കൈമോശം വന്നിരിക്കുന്നു എന്നു പറയാം. ഇനിവേണ്ടത് പുതിയ ഒരു പരിച നേടി അത് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടത് ചെയ്യലാണ്.

ഭക്തന്മാരുടെ കര്‍മ്മങ്ങളെ ഖുര്‍ആന്‍ കച്ചവടമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ‘തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം ചിട്ടയോടെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത കച്ചവടമാണ്.’ (ഫാത്വിര്‍ : 29)

രണ്ടുകാര്യങ്ങള്‍ ചെയ്യുന്നവനെ തന്റേടമുള്ളവനെന്നും കാര്യബോധമുള്ളവനെന്നും വിശേഷിപ്പിക്കാം. സമ്പാദ്യം നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നവനും സമ്പാദ്യം വര്‍ധിച്ചു കൊണ്ടിരിക്കാന്‍വേണ്ട ഉചിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവനുമാണ് കാര്യബോധമുള്ളവന്‍. കാലത്ത് നാലരമണിയോടെ ഭക്ഷണ പാനീയങ്ങള്‍ നിര്‍ത്തി വൈകുന്നേരം ഏഴു മണിയോളം പട്ടിണി കിടക്കുന്നു. അതിനിടയില്‍ പരദുഷണം പറയുന്നത് നിയന്ത്രിക്കുന്നുമില്ല, വ്രതത്തിന്റെ പ്രതിഫലം പൂര്‍ണമായി ലഭിക്കാതെ പോകുന്നു അവര്‍ക്ക്.

ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും ദൈവത്തെ ഓര്‍ക്കണം. അല്ലാഹു മനുഷ്യരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാനായി ഇറക്കിത്തന്ന ഖുര്‍ആന്‍ തുറക്കണം. എങ്കിലേ വെളിച്ചം കിട്ടുകയുള്ളൂ. അതു തുറക്കാതെ ജീവിക്കുന്നവര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ എന്ന വിശേഷണത്തിനാണ് അര്‍ഹരാവുക. റമദാനിനെ ആദരിക്കണം. അത് പലവിധത്തിലാണ്. ഒന്ന് വ്രതം അതിന്റെ പരിപൂര്‍ണ വിശുദ്ധിയോടെ നിര്‍വഹിക്കുക. രണ്ട്, രാത്രിയിലെ ഐഛിക നമസ്‌കാരം മനസ്സാന്നിധ്യത്തോടെ നിര്‍വഹിക്കുക. മൂന്ന്, ഖുര്‍ആന്‍ ഭംഗിയായി പാരായണം ചെയ്യുക, നാല്, ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നബി (സ) റമദാനിന്റെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ദാനധര്‍മ്മത്തില്‍ മറ്റവസരങ്ങളിലേതിനേക്കാള്‍ ഉദാരനായിരുന്നു.

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ് ഇസ്‌ലാം. ദരിദ്രന്റെ പട്ടിണി മാറ്റലും നീറുന്ന മനസ്സില്‍ സ്വാന്തനത്തിന്റെ കുളിര്‍ ജലമൊഴിക്കലും അതിന്റെ പ്രധാന അജണ്ടകളില്‍ പെട്ടതാണ്. നമ്മുടെ പഴയ കാലനോമ്പും ഇന്നത്തെ നോമ്പും തമ്മില്‍ സാരമായി വ്യത്യാസമുണ്ടായിരുന്നു. പണ്ടത്തെ നോമ്പ് പട്ടിണിയുടെ കയ്പ്പ് അറിയിക്കുന്നതായിരുന്നു. ഇന്നത്തേത് രാത്രിയിലെ വിഭവങ്ങളുടെ ആധിക്യം കൊണ്ട് ആലസ്യം നല്‍കുന്നത്. ഇതരമാസങ്ങളിലേതിനേക്കാള്‍ അധികം ഭക്ഷണം കഴിക്കുന്ന വരാണ് ഇന്ന് പല നോമ്പുകാരും. ഇത് നിയന്ത്രിച്ചേ പറ്റൂ. മിതമായ ഭക്ഷണം കഴിച്ചുകൊണ്ട്, രാത്രിയിലെ നമസ്‌കാരം ഭക്തിപൂര്‍ണവും ആയാസരഹിതവുമാക്കണം. അല്ലാഹു തന്ന അനുഗ്രഹങ്ങള്‍ അലസതയ്ക്കു കാരണമാക്കരുത്. സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരുടെ എണ്ണം മുസ്‌ലിം സമൂഹത്തില്‍ കൂടിക്കൊണ്ടിരിക്കുന്നു. അവ പരലോകത്ത് ചോദ്യം ചെയ്യപ്പെടും എന്ന് ഖുര്‍ആന്‍ തറപ്പിച്ചു പറയുന്നു. അവ എങ്ങനെ ഉപയോഗപ്പെടുത്തി, ലഭിച്ചതിനനുസരിച്ച് അത് തന്നവനോട് നന്ദി കാണിച്ചുവോ എന്നതാണ് പരലോകത്ത് നേരിടാന്‍ പോകുന്ന ചോദ്യം. പരലോക ചിന്ത ബലവത്താക്കാനാണ് റമദാനില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അല്ലാഹു പറയുന്നു : ‘ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക, അന്ന് ആരില്‍ നിന്നും ഒരു ശിപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല’ (അല്‍ ബഖറ : 48)

റമദാന്‍ കൊണ്ട് നഷ്ടം നികത്താന്‍ വിശ്വാസിക്ക് സാധിക്കും. പരലോക ചിന്ത നമ്മുടെ ഓരോ ചുവടുവെപ്പിനെയും നിയന്ത്രിക്കണം. ദുനിയാവിന്റെ പകിട്ട് പരലോകത്തെ വിസ്മരിപ്പിക്കുന്നുവോ എന്നതാവട്ടെ നമ്മുടെ നിരീക്ഷണം.

Related Articles