Columns

ഇസ്‌ലാം; പ്രബോധനവും പ്രചാരവും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍

ഇരുപതാം നൂറ്റാണ്ട് ഇസ്‌ലാമിക നവജാഗരണത്തിന്റെ നൂറ്റാണ്ടായിരുന്നുവെന്നാണ് മുസ്‌ലിം ലോകത്ത് പൊതുവെയുള്ള വിലയിരുത്തല്‍. സുഖസുഷുപ്തിയിലാണ്ടിരുന്ന മുസ്‌ലിം ഉമ്മത്തിന്റെ ഉണര്‍വിലേക്കും സര്‍വതോന്‍മുഖമായ പുരോഗതിയിലേക്കും നയിക്കാനുതകുന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ അടിസ്ഥനാ ശിലകള്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പുനസംസ്ഥാപിക്കപ്പെട്ടതിന്റെ ഫലമായി ചിന്താപരവും പ്രാസ്ഥാനികവുമായ ഒരു ബൗദ്ധിക വിപ്ലവത്തിന് കഴിഞ്ഞ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. മുസ്‌ലിം ലോകത്ത് കഴിഞ്ഞ കാലങ്ങളില്‍ നവീകരിക്കപ്പെട്ട ഇസ്‌ലാമിക ചിന്തയുടെയും അവബോധത്തിന്റെയും സദ്ഫലങ്ങള്‍ പുതിയ നൂറ്റാണ്ടില്‍, നവസാമൂഹ്യക്രമത്തില്‍ ഗുണകരമായ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഉമ്മത്തിന്റെ പൊതുവായ വിദ്യാഭ്യാസ പുരോഗതിയും ഇസ്‌ലാമികാവബോധമുള്ള സാധാരണക്കാരുടെ ഉയര്‍ന്നുവരലുമാണ് ഏറ്റവും പ്രകടമായ മാറ്റങ്ങള്‍. മുസ്‌ലിം ചിന്തകരുടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ശ്രമകരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഈ അനുകൂലമാറ്റം. തങ്ങളുടെ ജീവിതത്തില്‍ കണിശമായി പാലിക്കപ്പെടുന്ന ഒരു മതമെന്നതിനേക്കാള്‍, മനുശ്യരാശിക്ക് ആകമാനമുള്ള അന്യൂനമായ ജീവിതവ്യവസ്ഥ എന്ന പരികല്‍പ്പനയില്‍ ഇസ്‌ലാം, ഒരു ഇടവേളക്കു ശേഷം മുസ്‌ലിംകളാല്‍ സാര്‍വ്വത്രികമായി മനസ്സിലാക്കപ്പെട്ടതും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലായിരുന്നു.

മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും ബുദ്ധി ജീവികള്‍ക്കും സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കും പാമരര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും പുരോഹിതര്‍ക്കും, ഇസ്‌ലാം ചര്‍ച്ചയായി മാറി. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടന്നു. ഇസ്‌ലാമുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകളും വിവാദങ്ങളുമുണ്ടായെങ്കിലും ഇക്കാലയളവില്‍ ഏറെ പേര്‍ അതിനെ പഠിക്കുകയും അതിന്റെ വക്താക്കളായി മാറുകയും ചെയ്തു. എണ്ണം പറഞ്ഞ പാശ്ചാത്യ ബുദ്ധി ജീവികള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നു മാത്രമല്ല, അതിന്റെ കരുത്തരായ കര്‍മ്മഭടന്‍മാരും സംരക്ഷകരുമായി മാറി. ബൗദ്ധികമായും അല്ലാതെയും അവര്‍ ഇസ്‌ലാമിനെ പ്രതിരോധിച്ചു. എതിര്‍ക്കപ്പെടുന്തോറും ഇസ്‌ലാം അതിന്റെ ശക്തിയും ആശയപരമായ ഉള്‍ക്കരുത്തും കൂടുതല്‍ കൂടുതല്‍ പ്രകടിപ്പിച്ചു. കഴിഞ്ഞ കുറേ കാലങ്ങളായി ഏറ്റവും വേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം.
    
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയെ വിലയിരുത്തുമ്പോള്‍, ഏറെ പ്രകടമായിക്കാണുന്ന ഒരു പൊതുവായ സവിശേഷത, മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന പ്രബോധനപരതയാണ്. ഇസ്‌ലാം പ്രബോധനത്തിന്റെ മതമാണെന്നും വിശ്വാസികള്‍ പ്രബോധകരാണെന്നും അതിനാല്‍ ഓരോ വിശ്വാസിയും സ്വയം ഒരു പ്രബോധനകനായി മാറണം എന്നുമുള്ള ചിന്താഗതി ഒരു സാധാരണ മുസ്‌ലിമിന് പോലുമുണ്ടായിത്തീര്‍ന്നിരിക്കുന്നു എന്നതാണത്. ഒരോ മുസ്‌ലിമിലും പൊതുവായുണ്ടായ ഇസ്‌ലാമികാവബോധത്തിന്റെ ഉപോല്‍പ്പന്നമാണ് ഈ പ്രബോധനപരത എന്നു പറയാം. പണ്ഡിതരുടെയും അടിയുറച്ച മതവിശ്വാസികളുടെയും പൊതുവായ മതബാധ്യത എന്ന കാഴ്ചപ്പാടില്‍ നിന്ന് ഇസ്‌ലാമിക പ്രബോധനം, വ്യക്തിപരമായ ബാധ്യതയായി ഓരോ മുസ്‌ലിമും മാറിച്ചിന്തിക്കുന്ന വിതാനത്തിലേക്കു മുസ്‌ലിം ജനസാമാന്യത്തെ ഉയര്‍ത്തിയത് ഇസ്‌ലാമിക ചിന്താനവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായാണ്. എന്നാല്‍ ആശയ-നയ-സമീപനങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തനരീതികള്‍ സ്വീകരിച്ച പ്രസ്ഥാനങ്ങളും, പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലും പരസ്പരം വീറും വാശിയും മാത്സര്യവും പ്രകടിപ്പിക്കുന്ന സംഘടനകളും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പൊതുവായ പല തത്വങ്ങളും തങ്ങളുടെ പ്രവര്‍ത്തന അജണ്ടകളായി സ്വീകരിച്ചിട്ടുണ്ട് എന്നത് കഴിഞ്ഞനൂറ്റാണ്ടിലെ നവജാഗരണ പ്രസ്ഥാനങ്ങളുടെ മഹത്തായ സംഭാവനകളായാണ് വിലയിരുത്തപ്പെടേണ്ടത്. ഇസ്‌ലാമിക പ്രബോധനം അത്തരത്തില്‍ ഒന്നാണ്.

പ്രബോധനത്തിനും ആത്മീയ സാമൂഹ്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കി, ഉയര്‍ന്നു വന്ന പ്രസ്ഥാനങ്ങള്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴേക്കും, മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും അജണ്ടകളില്‍ ഒന്നായി അത് മാറുകയും ഒരോ അംഗങ്ങളുടെയും വ്യക്തിപരമായ ബാധ്യതയായി അതിനെ സാധാരണ മുസ്‌ലിംകള്‍ പോലും മനസ്സിലാക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രബോധനത്തില്‍ എല്ലാ പ്രസ്ഥാനങ്ങളും ചിന്താധാരകളും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ഇസ്‌ലാം മാനവരാശിയുടെ മതമാണെന്ന സത്യസന്ദേശത്തിന് സമൂഹത്തില്‍ വിശിഷ്യാ മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കൈവന്നു. പ്രബോധക പ്രസ്ഥാനങ്ങള്‍, പ്രബോധകര്‍, ഇസ്‌ലാമിക സന്ദേശ പ്രചാരണ പരിപാടികള്‍, കൃതികള്‍, പ്രസിദ്ധീകരണാലയങ്ങള്‍ തുടങ്ങി അനവധി സംരഭകള്‍ ഇതിന്റെ ഫലമായി ഉയര്‍ന്നു വന്നു. ഇതിനു പുറമേ സാധാരണ മുസ്‌ലിം ജീവിതമാതൃകകളിലൂടെയും ഇസ്‌ലാം, ബഹുസ്വര സമൂഹത്തില്‍ മനോഹരമായി സംവേദനം ചെയ്യപ്പെട്ടു.

Facebook Comments
Related Articles
Show More
Close
Close