Columns

ഇസ്‌ലാം; അതിജീവനത്തിന്റെ പുതുവഴികള്‍ തേടുന്നു

ഇസ്‌ലാം കലര്‍പ്പറ്റ ജീവിത ദര്‍ശനമാണ്. പ്രപഞ്ചത്തില്‍ ദൃശ്യമാവുന്ന താളൈക്യവും സൗന്ദര്യവും ഇസ്‌ലാമിക ജീവിത ദര്‍ശനത്തില്‍ അതിന്റെ പൂര്‍ണ്ണമായ അളവിലുണ്ട്. ഈ ദര്‍ശനം ദൈവപ്രോക്തമാണ്. നശ്വരരായ സൃഷ്ടികളല്ല അത് വിഭാവന ചെയ്തത്. അനശ്വരനായ സ്രഷ്ടാവാണ്. മനുഷ്യജീവിതത്തിന്റെ ശരിയായ ദിശ അവനു മാത്രമേ നിര്‍ണയിക്കാനാകൂ. കുറ്റമറ്റ വഴി അവനിലൂടെ മാത്രമേ യാഥാര്‍ത്ഥ്യമാവൂ.

ആഴത്തില്‍ പഠിക്കുന്തോറും ഇസ്‌ലാമിക ദര്‍ശനത്തിന്റെ അതിജീവന ശേഷിയും സ്ഥിരതയും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. പ്രവാചകന്മാര്‍ ഇസ്‌ലാം അവതരിപ്പിക്കുമ്പോള്‍ ഒരു സമൂഹം വെളിച്ചത്തിന്റെ തീക്ഷണതയില്‍ ജീവിക്കുന്നു. പ്രവാചകന്മാരുടെ ശബ്ദം നിലക്കുമ്പോള്‍ കാലാന്തരേണ ഈ ദര്‍ശനത്തിന്റെ ആന്തരികചൈതന്യത്തിനു മേല്‍ അജ്ഞതയുടെ ചാരം വന്നു മൂടുന്നു. ഈ ചാരത്തിനകത്ത് ആണ്ടു കിടക്കുന്ന ദിവ്യചൈതന്യത്തിന്റെ തീപ്പൊരി ഊതിക്കത്തിക്കാന്‍ വീണ്ടും പ്രവാചകന്മാര്‍ നിയുക്തരാകുന്നു. അവരിലൂടെ വെളിച്ചം അതിന്റെ പരകോടിയിലെത്തുന്നു.

അങ്ങനെ വെളിച്ചത്തിന്റെ പൂര്‍ണതയായാണ്  പ്രവാചകന്‍ മുഹമ്മദ് നബി(സ) ആഗതനായത്. മനുഷ്യവിമോചനത്തിന്റെ അതുല്യമായ ദര്‍ശനം സമര്‍പ്പിച്ച് തിരുനബി വിടവാങ്ങി. ചരിത്രം പല കൈവഴികളിലൂടെ വീണ്ടുമൊഴുകി. ഭൂഖണ്ഡങ്ങള്‍ ഭേദിച്ച് പ്രകാശവേഗത്തില്‍ ഇസ്‌ലാമിക ദര്‍ശനവും പരന്നൊഴുകി. ഒരു കൊടുങ്കാറ്റിനും ആ വെളിച്ചത്തെ കെടുത്താനായില്ല. പക്ഷേ, എണ്ണ വറ്റിയ തിരിയില്‍ വെളിച്ചം മെലിഞ്ഞു പോയ ഘട്ടങ്ങളുണ്ടായി. അപ്പോള്‍ പരിഷ്‌കര്‍ത്താക്കള്‍ ഭൂമിയുടെ ഏതോ കോണില്‍ ഉദയം ചെയ്യുകയായി. പ്രവാചകന്‍മാരല്ലെങ്കിലും ദൈവിക നിയോഗം തന്നെയാണവരുടേതും.

ഓരോ നൂറ്റാണ്ടിലും ഭിശഗ്വരന്മാരെ പോലെ മുജദ്ദിദുകള്‍ വന്നു. ഇസ്‌ലാമിന്റെ സുന്ദരമായ ഗാത്രത്തില്‍ ഏറ്റ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കി അവര്‍. അപ്പോള്‍ ലോകത്തിനു ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. മറ്റേത് ജീവിത ദര്‍ശനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പിന്തള്ളി ഒന്നാമതെത്താനുള്ള കഴിവ് ആരോഗ്യം വീണ്ടെടുത്ത ഇസ്‌ലാമിനുണ്ടാകുമെന്ന്.

വീട്ടിനകത്തു നിന്ന് വേണ്ടുവോളം തല്ല് കിട്ടി അവശനായ ഒരു ചെറുപ്പക്കാരന്‍ വീട്ടിനു വെളിയിലെത്തിയപ്പോള്‍ ശത്രുക്കളാല്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കപ്പെട്ട് വെന്റിലേറ്ററിലായ പോലെയാണ് നമ്മുടെ കാലത്തെ ഇസ്‌ലാം. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നുയരുന്ന ചെറുനിശ്വാസങ്ങളില്‍ നാം വലിയ പ്രതീക്ഷ കാണുന്നു. തിരിച്ചുവരുമെന്നുറപ്പാണ്. പക്ഷേ, ശ്രദ്ധയോടെ പരിചരിക്കണം. ആഴത്തില്‍ അറിയണം. കൈകള്‍ ചേര്‍ത്തുപിടിക്കണം. കഴുത്ത് ഞെരിച്ച് കൊല്ലാനും ഊതിക്കെടുത്താനും എമ്പാടും ശ്രമങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെ കെടുന്നതല്ല, കെടാവതല്ല ഈ വെളിച്ചം. ”അവര്‍ ഈ വെളിച്ചത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അസഹനീയമായാലും.” (അസ്സ്വഫ്ഫ്:8)

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അറബ് മുസ്‌ലിം രാഷ്ട്രങ്ങളിലഖിലം അടിച്ചു വീശിയ യൂറോപ്യന്‍ സെകുലറിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കൊടുങ്കാറ്റിനു മുന്നില്‍ ഒരു ജനത മുഴുവന്‍ ആദര്‍ശ പ്രതിസന്ധിയില്‍ പകച്ചുപോയി. ബഗ്ദാദില്‍ രൂപം കൊണ്ട് യൂറോപ്പിന്റെ നവോത്ഥാനത്തില്‍ കലാശിച്ച ഇസ്‌ലാമിക ധിഷണയുടെ ചേതനയറ്റ ചേതനയറ്റ രൂപത്തില്‍ അവശേഷിച്ച ജീവന്റെ ചെറുകണികയെ ഏറ്റെടുക്കാന്‍ നവോത്ഥാന നായകര്‍ പിറവിയെടുക്കേണ്ട ഘട്ടം. മഹാനായ ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് മൗദൂദിയും വെന്റിലേറ്ററില്‍ കിടന്ന ഈ ഇസ്‌ലാമിന്റെ ആരോഗ്യം വീണ്ടെടുത്തു. ലോകത്ത് മുഴുവന്‍ ഇസ്‌ലാമിന്റെ ശേഷിയില്‍ അഭിമാനിക്കുന്ന ആദര്‍ശധീരരായ ഒരു സംഘത്തെ സൃഷ്ടിച്ചെടുത്തു. നിരവധി പണ്ഡിതന്മാര്‍ ആ വെളിച്ചത്തെ ഏറ്റെടുത്തു. പക്ഷേ, വെളിച്ചം മുനിഞ്ഞു കത്തുമ്പോള്‍ അതിന്റെ ശത്രുക്കള്‍ക്ക് അതെത്ര മാത്രം അസഹ്യമായിരിക്കും. ഇസ്‌ലാമോഫോബിയയും ഐ.എസും ശിരോവസ്ത്രം പോലുള്ള സെക്കുലര്‍ അലര്‍ജികളുമെല്ലാം ആ അസഹ്യതയുടെ പുതിയ പതിപ്പുകളാണ്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും അറബ് ഏകാധിപതികളുടെയും നേതൃത്വത്തില്‍ പുതിയ ‘ക്ലീന്‍ഷേവ് ഇസ്‌ലാം’ രൂപപ്പെടുന്നത് ഒരുതരം ‘രോമഭീതി’യില്‍ നിന്നാണ്. ഹിജാബിനോടുള്ള യൂറോപ്യന്‍ സെക്കുലര്‍ അലര്‍ജി ഭ്രാന്തമായ ഉന്മാദാവസ്ഥയിലേക്ക് അവരെ എത്തിച്ചിട്ടുണ്ട്. താടി രോമം ആ തലത്തിലേക്ക് അതിശക്തമായി കടന്നുവന്നത് ഈ അടുത്തകാലത്താണ്.

ജൂതവംശീയതയും യൂറോപ്യന്‍ കോയ്മയും സവര്‍ണ ഹൈന്ദവ ഫാഷിസവും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ദീക്ഷിക്കുന്ന വെറുപ്പിന്റെയും അസഹിഷ്ണുതയുടെ ഹിംസാത്മകവും രണോല്‍സുകവുമായ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് ഇടതു ലിബറല്‍ സെക്കുലറിസ്റ്റുകള്‍.ശാരീരിക ഉന്മൂലനത്തിന്റെ വംശീയ ഭാവമാണ് സയണിസ്റ്റ്-യൂറോപ്യന്‍-അമേരിക്കന്‍ ത്രയമെങ്കില്‍ സാമ്രാജ്യത്വ നവലിബറല്‍ അധിനിവേശങ്ങളെ സൈദ്ധാന്തികമായി പ്രതിരോധിക്കുന്നതിനേക്കാള്‍ ഇടതു ലിബറല്‍ സെക്കുലറിസ്റ്റുകള്‍ക്ക് താല്‍പര്യം ഇസ്‌ലാമിനെ അവരുദ്ദേശിക്കുന്ന തരത്തില്‍ നന്നാക്കിയെടുക്കാനാണ്.

ഏതു പ്രത്യയശാസ്ത്രമായാലും അവയൊക്കെയും ഇസ്‌ലാമില്‍ കാണുന്ന യഥാര്‍ത്ഥ ‘ഇസ്‌ലാമോഫോബിയ’ അതിന്റെ വിമോചന ശേഷിയാണ്. മനുഷ്യനെകുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും സുഭിക്ഷതയെ കുറിച്ചുമെല്ലാം സംസാരിക്കുന്ന മതത്തിനകത്തെ രാഷ്ട്രീയത്തെ പക്വതയോടെ സമീപിക്കാന്‍ കഴിയാത്തതിന്റെ പേരും ഇസ്‌ലാമോഫോബിയ എന്നു തന്നെ. പരാജയപ്പെട്ട പ്രത്യയശാസ്ത്രങ്ങളും ഭരണകൂടങ്ങളും വീണ്ടും വീണ്ടും പരാജയപ്പെടുമ്പോള്‍ ഹിജാബിനും താടിക്കും ഐ.എസിനുമെല്ലാം ഉപരിയായി വിമോചന ഇസ്‌ലാം ഇടക്കിടെ തലയുയര്‍ത്തി നോക്കുന്നുണ്ട്. ആ തലയരിയാനാണ് എല്ലാവരും തിടുക്കപ്പെടുന്നത്. ഈജിപ്തിലായാലും ബംഗ്ലാദേശിലായാലും യൂറോപ്പിലായാലും എല്ലാം ഒരുപോലെ.

പക്ഷേ ജ്വലിച്ചു കത്താന്‍ പോകുന്ന ഇസ്‌ലാമിന്റെ ആ വെളിച്ചത്തെ ആരാണ് ഏറ്റെടുക്കുക. ഈസാ പ്രവാചകന്‍ ഒരു ചരിത്രസന്ധിയില്‍ ചോദിച്ചത് ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു. ”ആരാണ് ഈ ദൗത്യത്തില്‍ എന്റെ സഹായികളായി വരിക?”. അപ്പോള്‍ ആദര്‍ശധീരരായ ഒരുപറ്റം യുവാക്കള്‍(ഹവാരികള്‍) പറഞ്ഞു: ”ഞങ്ങളുണ്ട് കൂടെ.” ഇസ്‌ലാം ക്ഷണിക്കുന്നതും ഇതേ സഹായികളെ തന്നെയാണ്.  

Facebook Comments
Related Articles
Show More
Close
Close