Columns

ആശയ വൈവിധ്യങ്ങളോടെ മുത്തപ്പെടേണ്ട കൈകള്‍

ഈയിടെ, ഒരു പ്രമുഖ പണ്ഡിതന്റെ വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലോകവ്യവസായികളിലെണ്ണപ്പെടുന്ന പ്രമുഖ നേതാവിന്റെ ആഗമനവിവരണം നടത്തുകയായിരുന്നു എന്റെ ഒരു പണ്ഡിത സുഹൃത്ത്. നേതാവ് പന്തലിന്റെ ഗൈറ്റിനടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിക്കാനുള്ള തിക്കും തിരക്കും സുഹൃത്തിനെ അമ്പരപ്പിച്ചിരിക്കയാണ്. വികാരാധീനനായ അദ്ദേഹത്തിന്റെ വിവരണത്തിന്നിടക്ക് ഞാന്‍ ചോദിച്ചു: ‘കൈ മുത്താനായിരിക്കും!’
അപ്പോള്‍, തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു പണ്ഡിതന്റെ സംശയം വേറൊന്നായിരുന്നു: ‘അതില്‍ വല്ല പുണ്യവുമുണ്ടോ?’

ആരുടെ കൈ മുത്തണം? ആരുടേത് അരുത്? ആരുടേത് വെട്ടണം? എന്നിത്യാദി ഫിഖ്ഹി മസ്അലകളുടെ നൂലാമാലകളില്‍ ജീവിതം മുഴുവന്‍ ചെലവഴിക്കുകയും അത് യഥാവിധി ‘പ്രജകള്‍ക്ക്’എത്തിച്ചു കൊടുക്കുകയാണ് തന്റെ ബാധ്യതയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സംശയം തികച്ചും സ്വാഭാവികം!

‘പുണ്യമുണ്ടെന്നല്ലേ കരുതേണ്ടത്?’ ഞാന്‍ പറഞ്ഞു. ‘ഏത് വിഭാഗം പണ്ഡിതന്മാരുടെ സദസ്സില്‍ ചെന്നാലും ഇദ്ദേഹത്തോട് സ്വീകരിക്കുന്ന നിലപാട് ഇത് തന്നെയാണല്ലോ. അദ്ദേഹത്തിന്ന് ഒരു പക്ഷെ, പാണ്ഡിത്യമുണ്ടായിരിക്കില്ല; ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയുന്ന ചെപ്പിടി വിദ്യകളും അദ്ദേഹത്തിന്നു വശമുണ്ടായിരിക്കണമെന്നില്ല; പാതാളം മുതല്‍ ഏഴാനാകാശം വരെ മുഴങ്ങുന്ന ദിക്ര്‍ സ്വലാത്തുകളോ, മണിക്കൂറുകളെടുക്കുന്ന ദുആകളോ അദ്ദേഹം നടത്തുന്നുണ്ടായിരിക്കില്ല. പക്ഷെ, അദ്ദേഹം വശം ഒന്നുണ്ട്, എല്ലാവര്‍ക്കും ആവശ്യമായ ഒരു സാധനം. പണം! ഇക്കാര്യത്തില്‍ മാത്രമാണല്ലോ, ആദര്‍ശം മറന്നു മുസ്‌ലിം സമൂഹം ഐക്യപ്പെടുന്നത്! അപ്പോള്‍, ആശയവൈവിധ്യങ്ങളോടെ മുത്തപ്പെടേണ്ട കൈകള്‍ അദ്ദേഹത്തിന്റേത് തന്നെയല്ലേ?’

ഒരു പ്രമുഖ മഹല്ലിന്റെ മതസാരഥ്യം വഹിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ ശിരസ്സ് അല്‍പം കുനിഞ്ഞു. പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തെയും ഒരേ നിലക്ക് കാണണമെന്നും ഒരു വിഭാഗത്തോടും പ്രത്യേക അടുപ്പമോ അകല്‍ച്ചയോ പാടില്ലെന്നുമുള്ള വ്യവസ്ഥ അംഗീകരിച്ചു സ്ഥാനമേല്‍ക്കുകയും താമസിയാതെ, ഈ വ്യവസ്ഥകള്‍ അവതരിപ്പിച്ചിരുന്ന ഭാരവാഹികളെ തന്നെ പരസ്യമായി എതിര്‍ക്കുകയാണ് ഇദ്ദേഹം ചെയ്തത്.  മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായ മിഹ്‌റാബിന്റെ മുമ്പില്‍, അതിന്നു പിന്തിരിഞ്ഞു നിന്നു കൊണ്ട്, വെള്ളിയാഴ്ച തോറും, തന്റേതല്ലാത്ത പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശം നടത്താന്‍ അദ്ദേഹം മറക്കാറില്ല. അതിനാല്‍ തന്നെ, എന്റെ മനസ്സിലിരിപ്പ് അദ്ദേഹത്തിന്ന് നല്ല പോലെ പിടികിട്ടി.

‘നമ്മുടെ പണ്ഡിതന്മാരേക്കാളും സാദാത്തുക്കളേക്കാളും മുത്തപ്പെടേണ്ട കൈകള്‍ അദ്ദേഹത്തിന്റേത് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.’ ഞാന്‍ വീണ്ടും പറഞ്ഞു.
‘അതെന്തു കൊണ്ട്?’ എന്റെ പണ്ഡിത സുഹൃത്ത് ചോദിച്ചു.
‘ഇവിടെ കേരളത്തില്‍, ഒരു വിഭാഗത്തെ നരകത്തിലേക്കും മറ്റൊരു വിഭാഗത്തെ സ്വര്‍ഗ്ഗത്തിലേക്കും ഭാഗിച്ചു കൊണ്ട് നമ്മുടെ പണ്ഡിതന്മാര്‍ മുസ്‌ലിം സമൂഹത്തെ കീറിമുറിച്ചു കൊണ്ടിരിക്കെ, അവരെയെല്ലാം ഒരു വട്ടമേശക്കു ചുറ്റുമിരുത്തി കുറച്ചു കാര്യങ്ങളിലെങ്കിലും സമൂഹത്തില്‍ ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞത് ഈ വ്യവസായിക്കും അദ്ദേഹത്തെ പോലെയുള്ള ചിലര്‍ക്കുമല്ലെ? അങ്ങനെ കുറച്ചു കാലത്തേക്കെങ്കിലും നോമ്പും പെരുനാളും ഒരുമിച്ചു കഴിക്കാന്‍ മുസ്‌ലിം സമൂഹത്തിന്നു കഴിഞ്ഞുവല്ലോ. നിസ്സാര കാര്യമാണോ ഇത്? ഏതെങ്കിലുമൊരു പണ്ഡിത നേതാവിന്നു ഇതിന്നു കഴിയുമോ? കഴിഞ്ഞെങ്കില്‍ തന്നെ അനുയായികള്‍ അദ്ദേഹത്തെ വെറുതെ വിടുമോ?’
‘അത് ശരിയാണ്.’ ചിരിച്ചു കൊണ്ട് പണ്ഡിത സുഹൃത്ത് പ്രതികരിച്ചു. അപ്പോഴേക്കും മറ്റേ മുഖത്ത് കാര്‍മേഘം മൂടിക്കഴിഞ്ഞിരുന്നു.

Facebook Comments

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker