Columns

ആള്‍ ദൈവങ്ങള്‍ വരുന്നവഴി കൊട്ടിയടക്കാന്‍

അത്യത്ഭുതകരമായ ഈ പ്രപഞ്ചങ്ങളെയും മനുഷ്യരാശിയെയും ജന്തുജാലങ്ങളെയും സസ്യവര്‍ഗ്ഗങ്ങളെയുമെല്ലാം സൃഷ്ടിച്ച് സംവിധാനിച്ചതും അവയെ പരസ്പരം ഏറ്റുമുട്ടി തകര്‍ന്നടിയാതെ മുന്നോട്ടു നയിക്കുന്നതുമെല്ലാം ഒരൊറ്റ മഹച്ഛക്തിയാകുന്നു. അരൂപിയും അനന്തനുമായ ഏകദൈവം. ഋഗ്വേദം, ബൈബിള്‍, ഖുര്‍ആന്‍ എന്നിങ്ങനെ വിശ്വ മതങ്ങളഖിലം ഈ വസ്തുതയില്‍ ഒന്നിക്കുന്നുണ്ട്. ദൈവത്തിന്റെ ഏകത്വമാണ് അതിപുരാതനമായ ഈശ്വര സങ്കല്‍പമെന്ന കാര്യത്തില്‍ വിവിധ മതസ്ഥരായ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമുണ്ട്. എന്നിട്ടും പില്‍ക്കാലത്ത് ദൈവത്തിന്റെ അനിഷേധ്യമായ  സ്ഥാനം ‘പിടിച്ചടക്കാന്‍’ സൃഷ്ടികളുടെ ഭാഗത്തു നിന്നു ശ്രമങ്ങളുണ്ടായി.

വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതു പോലെ ‘കീഴ്‌വായു’ പുറപ്പെടുവിക്കുന്ന മനുഷ്യന്‍ ദൈവത്തിന്റെ സ്ഥാനം കയ്യേറി!’ പഴയ സാമിരി, ആസര്‍, ബിലെയാം തുടങ്ങി ചന്ദ്രസ്വാമി, ആശാറാം ബാപ്പു മുതല്‍ ഇപ്പോള്‍ വിശ്വാസത്തിന്റെ മറവില്‍ കോടികള്‍ സമ്പാദിക്കുകയും നിരവധി സ്ത്രീകളുടെ ചാരിത്ര്യം കവരുകയും 30 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും രാഷ്ട്രത്തിന് കോടികളുടെ നഷ്ടം വരുത്തുകയും ചെയ്ത ഗുര്‍മീത് റാംറഹിം സിംഗ് വരെ ഇതിനുള്ള ഉദാഹരണങ്ങള്‍ നിരവധി.

ആള്‍ ദൈവങ്ങളെ മാത്രമല്ല, ഉറുക്ക്, മാന്ത്രിക മോതിരം, വശീകരണ യന്ത്രം, ധ്യാനകേന്ദ്രങ്ങള്‍, കെട്ടിപ്പടുത്ത ഖബ്‌റുകള്‍, മന്ത്രമാരണങ്ങള്‍, ജിന്ന്  കുട്ടിച്ചാത്തന്‍ സേവ എന്നിങ്ങനെ നീണ്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ മനുഷ്യന്‍ നിതാന്തമായ ആദര്‍ശ ജാഗ്രത പുലര്‍ത്തണമെന്ന് മുഴുവന്‍ വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും പുണ്യപുരുഷന്മാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം രാഷ്ട്ര ഭരണ രംഗങ്ങളില്‍ ദൈവത്തിന്റെ അധീശാധിപത്യത്തെ ചോദ്യം ചെയ്ത നംറൂദ്, ഫിര്‍ഔന്‍, തുടങ്ങിയ ആള്‍ദൈവങ്ങളെ പറ്റിയും വേദഗ്രന്ഥങ്ങള്‍ സംസാരിച്ചിട്ടുണ്ട്.

മനുഷ്യന്റെ അന്തരംഗത്ത് കുടികൊള്ളുന്ന ആരാധനാ വികാരത്തെ ഏതെങ്കിലും രാഷ്ട്ര നേതാക്കളിലേക്കോ, സിനിമാ താരങ്ങളിലേക്കോ, കായികതാരങ്ങളിലേക്കോ തിരിച്ചുവിടുന്നതും ശരിയായ പ്രവണതയല്ല. ചുരുക്കത്തില്‍, ദൈവത്തിന്റെ അനിഷേധ്യ സ്ഥാനത്ത് മനുഷ്യനോ മറ്റേതെങ്കിലും ശക്തികളോ കയറിയിരിക്കുകയെന്നത് അക്ഷന്തവ്യമായ കുറ്റകൃത്യമാകുന്നു.

വേദഗ്രന്ഥങ്ങളുടെ അടിസ്ഥാന ശിലയായ ഏകദൈവാദര്‍ശത്തില്‍ നാം ഒന്നിക്കലാണ് ഇവക്കെല്ലാമുള്ള ഒറ്റമൂലി. അതിനപ്പുറത്തുള്ള എല്ലാവിധ മനുഷ്യ കത്രിപ്പുകളെയും കയ്യേറ്റങ്ങളെയും തുറന്നു കാട്ടുന്നതില്‍ വിവിധ മതസ്ഥരായ പണ്ഡിതന്മാര്‍ ഏകോപിക്കണം. നമ്മുടെ ചിന്തയെയും ബുദ്ധിയെയും മുന്‍ വിധികളില്‍ നിന്ന് മുക്തമാക്കി ഋജുവായ പാതയിലൂടെ തിരിച്ചു വിടാതെ ഇതൊന്നും സാധ്യമല്ല. ഇതല്ലാത്ത മറ്റൊരു ‘ലൊട്ടുലൊടുക്ക്’ വിദ്യയും ആള്‍ദൈവങ്ങളെ നിഷ്‌കാസനം ചെയ്യാന്‍ ഇല്ല തന്നെ.

Facebook Comments
Related Articles
Show More
Close
Close