Current Date

Search
Close this search box.
Search
Close this search box.

അഹങ്കാരം ഉരുകിത്തീരണം

വിനയം ഉണ്ടെന്ന് പരക്കെ അറിയപ്പെടുന്നവരില്‍ പോലും അഹങ്കാരത്തിന്റെ ചില കണികകള്‍ ഉണ്ടായേക്കാം. അത് കണ്ടെത്തി അതിനെ ഉരുക്കി കളയാന്‍ പറ്റിയ മാസമാണ് റമദാന്‍. ഒരാള്‍ റമദാനില്‍ വ്രതമനുഷ്ഠിക്കുക എന്നാല്‍ അല്ലാഹുവിന്റെ മുന്നില്‍ വിനയം പ്രകടിപ്പിക്കുന്നു എന്നാണര്‍ഥം. എന്റെ വീട്ടില്‍ നല്ല ഭക്ഷണവും അത് രഹസ്യമായി തിന്നാന്‍ പറ്റിയ ഇടവുമുണ്ട് നാഥാ, പക്ഷെ നാളെ പരലോകത്ത് ഇതിനേക്കാള്‍ നല്ല ഭക്ഷണം നിന്നില്‍ നിന്ന് എനിക്ക് ലഭിക്കണമെങ്കില്‍ ഞാന്‍ റമദാനിന്റെ പകലില്‍ പട്ടിണി കിടന്നേ പറ്റൂ, അല്ലെങ്കില്‍ നീ എനിക്ക് ഒരു പരിഗണനയും നല്‍കുകയില്ല, നീ ഈ സാധുവിനെ പരിഗണിക്കേണമേ എന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഒരാളുടെ വ്രതാനുഷ്ഠാനം. നോമ്പ് മുറിക്കുമ്പോള്‍ നോമ്പുകാരന് അളവറ്റ സന്തോഷമുണ്ടാകുമെന്ന നബി വചനം തനിക്ക് ഒരുപകല്‍ ഈ ലക്ഷ്യത്തിന് വേണ്ടി വിനിയോഗിക്കാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യത്തെയാണ് സൂചിപ്പിക്കുന്നത്.

നോമ്പുകാരന്റെ ഒന്നാമത്തെ പ്രാര്‍ഥന തന്റെ പട്ടിണി പ്രതിഫലാര്‍ഹമാക്കേണമേ എന്നാണ്. അത് ഒരു യാചനയാണ്. യാചിക്കുക എന്നാല്‍ താന്‍ എളിയവനാണ്, അങ്ങ് ഉന്നതനുമാണ് എന്ന് ഒരാളോട് സമ്മതിക്കലാണ്. നീ ഉന്നതനാണ് നാഥാ, സര്‍വ്വശക്തനും സര്‍വ്വം സംരക്ഷിക്കുന്നവനും പരമകാരുണികനുമാണ് നാഥാ, എന്നില്‍ നീ കനിയണം, എന്റെ വീഴ്ച്ചകള്‍ക്ക് നീ മാപ്പരുളണം, നീ മാപ്പരുളിയില്ലെങ്കില്‍ എന്റെ എല്ലാമെല്ലാം നഷ്ടത്തില്‍ എന്നാണ് ഭക്തന്‍ തന്റെ യജമാനനായ നാഥന്റെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ആ യജമാനനാകട്ടെ ചോദിച്ചാല്‍ പിശുക്കില്ലാതെ നല്‍കാന്‍ തയ്യാറായി നില്‍ക്കുക മാത്രമല്ല, ചോദിക്കാന്‍ പ്രോത്സാഹിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക : ‘തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളേക്കാള്‍ വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ടു വരിക. ധര്‍മ്മ നിഷ്ഠപാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്’ (ആലു ഇംറാന്‍ 133)

ഇങ്ങനെ ഉദാരമായ പ്രഖ്യാപനങ്ങള്‍ അല്ലാഹു നടത്തിയിട്ടും ഒന്നും ചോദിക്കാതിരിക്കുന്നവന്‍ അഹങ്കാരി തന്നെ. അല്ലാഹു അവനെ അഹങ്കാരിയായേ പരിഗണിക്കൂ. ആയിരം മാസത്തെ സല്‍ക്കര്‍മ്മങ്ങളുടെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലം ലഭിക്കുന്ന ഒരു രാത്രി റമദാനിലുണ്ടെന്ന് പ്രഖ്യാപിച്ചതും അത് ആവാന്‍ സാധ്യതയുള്ള നാളുകള്‍ പ്രവാചകനെ കൊണ്ട് അല്ലാഹു വിശദീകരിപ്പിച്ചതും മനുഷ്യരില്‍ ആരാണ് വിവരമുള്ളവരും കാര്യബോധമുള്ളവരുമെന്ന് പരിശോധിക്കാനാണ്.

വിശേഷ ദിനങ്ങളില്‍ റേഷന്‍ കടകളിലൂടെയും മാവേലി സ്‌റ്റോറുകളിലൂടെയും മുന്തിയ സാധനങ്ങള്‍ സൗജന്യനിരക്കില്‍ വിതരണം ചെയ്യുന്നു എന്നറിഞ്ഞാലും ചിലയാളുകള്‍ അതിനായി ക്യൂ നില്‍ക്കില്ല. അവിടെ ക്യൂനില്‍ക്കാല്‍ മാത്രം താഴ്ന്നവനല്ല എന്ന അഹങ്കാരമാണ് അവന്റെ മനസ്സില്‍. അഹങ്കാരമില്ലാത്തവന്‍ ക്യൂനില്‍ക്കും, എത്ര മണിക്കൂര്‍ വേണമെങ്കിലും. അവന്റെ പ്രശ്‌നം ആ നല്ല സാധനങ്ങള്‍ ലഭിക്കലാണ്.

ഈ മനോഭാവം പരലോകത്തിന്റെ വിഷയത്തിലും മനുഷ്യനുണ്ടാകണം. റമദാനിലെ അവസാനത്തെ പത്തില്‍ കൂടുതല്‍ ആരാധനകളില്‍ മുഴുകുന്നവന്ന് ഇപ്പറഞ്ഞ വിവരവും കാര്യബോധവും ഉണ്ട്. അല്ലാഹുവിന്റെ മലക്കുകള്‍ അന്ന് പുലരുവോളം ഭൂമിയിലിറങ്ങുമെന്നും പുലരുവോളം അന്ന് സമാധാനമാണെന്നും അല്ലാഹു അറിയിച്ചത് അതില്‍ നിന്ന് വിശ്വാസികല്‍ നേട്ടം കൊയ്യുവാനാണ്. പാപം പൊറുക്കുന്നതിലാണ് അല്ലാഹുവിന്റെ ഔദാര്യം ഏറെയുള്ളത്, പ്രതിഫലം നല്‍കുന്നതിലും. ‘പറയുക, അതിയായി ആത്മദ്രോഹം ചെയ്തുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’ (39 : 53)

പാപങ്ങളെല്ലാം പൊറുക്കുമെന്ന് പറയുകയും നന്മകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്ത അല്ലാഹുവോട് ചോദ്യങ്ങള്‍ വര്‍ധിപ്പിക്കണം. കുറ്റബോധത്തോടെ യാചിക്കുന്നവന് മാത്രമേ പാപമോചനം അവന്‍ നല്‍കുകയുള്ളൂ. സീസണ്‍ നോക്കി കച്ചവടം ചെയ്യാന്‍ മിടുക്ക് കാണിക്കുന്ന നാം പരലോകത്ത് ലാഭം വര്‍ധിച്ചു കിട്ടുന്ന സീസണ്‍ മറന്ന് പോകരുത്. എണ്ണപ്പെട്ട ഏതാനും ദിനരാത്രങ്ങള്‍ ഇത്തരത്തിലുള്ളതാണ്.

ഇഹത്തിലും പരത്തിലും നമുക്ക് നേട്ടമുണ്ടാകണം. രണ്ടിന്റെയും നിയന്ത്രണം അല്ലാഹുവിന്റെ പക്കലാണ്. നബി (സ) യുടെ പ്രാര്‍ഥനകളില്‍ അധികവും ഞങ്ങള്‍ക്ക് നീ ഇഹപര നന്മകള്‍ പ്രദാനം ചെയ്യേണമേ എന്നായിരുന്നു. നാഥാ നീ നന്മയുടെ വര്‍ഷം ഞങ്ങളില്‍ ചൊരിയൂ.

Related Articles