Columns

അല്ലാമാ ശിബ്‌ലി നുഅ്മാനി

അല്ലാമാ ശിബ്‌ലി നുഅ്മാനി- ഇസ്‌ലാമിക വിജ്ഞാനീയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും അപരിചിതമല്ല ഈ പേര്. അത്ര മഹത്തരമാണ് അദ്ദേഹം നല്‍കിയ സംഭാവനകള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിനെതിരെ പാശ്ചാത്യ സംസ്്കാരത്തിന്റെയും ചിന്തയുടെയും കടന്നാക്രമണം നടക്കുന്ന സമയത്ത് അതിനെതിരെ ശക്തമായ പ്രതിരോധകോട്ടകള്‍ തീര്‍ത്ത മഹാന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഇസ്‌ലാമികമായ ആര്‍ജവത്തിന്റെയും അഭിമാനബോധത്തിന്റെയും പ്രതീകമായി ആ പേര് നിലകൊണ്ടു. അദ്ദേഹത്തിന്റെ ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ട ദര്‍ശനങ്ങളെ തള്ളിക്കളയുകയും അവ സൃഷ്ടിച്ച ദുസ്സ്വാധീനത്തില്‍ നിന്ന് മുസ്‌ലിം സമുദായത്തെ രക്ഷിക്കുകയും ചെയ്തു. സമുദായത്തിന് ദിശാബോധം നല്‍കുന്നതില്‍ ആ പഠനങ്ങള്‍ വഹിച്ച പങ്ക് ആര്‍ക്കും തള്ളിക്കളയാനാവില്ല. പില്‍ക്കാലത്ത് ഇന്ത്യന്‍ മുസ്ലിംകളില്‍ ഉയര്‍ന്ന് വന്ന പ്രസ്ഥാനങ്ങളിലും കൂട്ടായ്മകളിലും അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അല്ലാമാ കേവലം അക്കാദമിക പണ്ഡിതനായിരുന്നില്ല. പ്രായോഗിക ബുദ്ധിയുള്ള കര്‍മയോഗി കുടിയായിരുന്നു. തന്റെ ജന്മനാടായ യു. പിയിലെ അഅ്‌സംഗഢില്‍ ദാറുല്‍ മുസന്നിഫീന്‍ ശിബ്‌ലി അക്കാദമി സ്ഥാപിച്ചതും അദ്ദേഹമാണ്. തന്റെ ആശയങ്ങളുടെ പ്രചാരണത്തിനും അതിന്റെ പിന്തുടര്‍ച്ചക്കും വേണ്ടിയാണ് അക്കാദമി സ്ഥാപിതമാവുന്നത്. വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന പ്രശസ്തമായ സ്ഥാപനം തന്നെയാണ് ഇന്നുമത്. പ്രശസ്തരായ എഴുത്തുകാര്‍ക്ക് അത് ജന്മം നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക വൈജ്ഞാനിക ശാഖക്കും കനപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

വളര്‍ച്ചയുടെ ഒട്ടേറെ പടവുകള്‍ കയറിയ സ്ഥാപനം രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അതിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയായി. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങിയ സ്ഥാപനമായിരുന്നിട്ടു കൂടി അതിനൊന്നും അതിന്റെ സംഘാടകരുടെ ആവേശം കെടുത്താനായില്ല. അക്കാദമി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന വിജ്ഞാനസമ്പുഷ്ടമായ മആരിഫ് എന്ന ജേണല്‍ ഇന്ന് വരെ നിന്ന് പോയിട്ടുമില്ല. യഥാര്‍ഥ പ്രശ്‌നം മുസ്‌ലിം പൊതുസമൂഹവും പണ്ഡിതന്മാരും ഈ സ്ഥാപനത്തോട് കാണിക്കുന്ന അവഗണനയാണ്; അവരുടെ നിസ്സംഗതയാണ്. അത് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. മആരിഫ് ജേണലിന്റെ പ്രവര്‍ത്തകരും മറ്റും ഇക്കാര്യം ഞങ്ങളോട് സൂചിപ്പിക്കുകയുണ്ടായി. അഅ്‌സംഗഢിലെ ജാമിഅത്തുല്‍ ഫലാഹില്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്ന സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസാലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുമൊത്ത്് ഈ മഹത്തായ സ്ഥാപനം സന്ദര്‍ശിക്കാന്‍ എനിക്കവസരമുണ്ടായി. ശിബിലി അക്കാദമിയുടെ ചെയര്‍മാന്‍ പ്രഫസര്‍ ഇശ്തിയാഖ് അഹ്മദ് സില്ലിയുടെ ക്ഷണപ്രകാരമാണ് ഞങ്ങള്‍ പോയത്. മൗലാനാ ഉമരി നേരത്തെത്തന്നെ സ്ഥാപനത്തിന്റെ അടുത്ത അഭ്യുദയകാംക്ഷികളില്‍ ഒരാളും അവടത്തെ സ്ഥിരം സന്ദര്‍ശകനുമാണ്. സ്ഥാപനത്തിന്റെ കോമ്പൗണ്ടിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ അത് പൊട്ടിപ്പൊളിഞ്ഞ് ജീര്‍ണാവസ്ഥയിലായിരിക്കുമോ എന്ന ആശങ്കക്ക് അറുതിയായി(സമുദായത്തിന്റെ പൊതുസ്ഥാപനമാകുമ്പോള്‍ അങ്ങനെയും പ്രതീക്ഷിക്കാമല്ലോ). തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടങ്ങള്‍. ചുറ്റും പച്ചപ്പ്. വൃത്തിയും വെടിപ്പും. വളരെ ശാന്തമായ അന്തരീക്ഷം. അക്കാദമിക ഗവേഷണത്തിന് പറ്റിയ മാതൃകാസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാം.

സ്ഥാപനത്തോടുള്ള സമുദായത്തിന്റെ അവഗണന ഏറ്റവും കൂടുതല്‍ ബാധിക്കുക അക്കാദമിയുടെ വൈജ്ഞാനിക ശേഖരങ്ങളെയാണ്. അപൂര്‍വ്വ പുസ്തകങ്ങളും അമൂല്യങ്ങളായ കൈയെഴുത്ത് പ്രതികളും പ്രമുഖരുടെ കലിഗ്രഫികളും എഴുത്ത്കുത്തുകളും ചെറുതും വലുതുമായ മുറികളില്‍ കുട്ടിയിട്ടിരിക്കുകയാണ്. അല്ലാമാ നുഅ്മാനിയുടെ സ്വകാര്യ വസ്തുക്കളും കൂട്ടത്തിലുണ്ട്. വളരെ ദയനീയമായ കാഴ്ചയാണത്. ‘സൂക്ഷിച്ച് വെച്ചിരിക്കുന്നു’ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. പക്ഷേ മുമ്പത്തെക്കാള്‍ നല്ല നിലയിലാണ് ഇപ്പോള്‍ ഈ ശേഖരങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രഫസര്‍ സില്ലി 2008-ലാണ് അക്കാദമിയുടെ ചുമതല ഏറ്റെടുത്തത്. ബില്‍ഡിംഗുകളും ഫര്‍ണീച്ചറും റൂമുകളും നവീകരിക്കുകയും അറ്റകുറ്റ പണി നടത്തുകയുമാണ് അദ്ദേഹം ആദ്യമായി ചെയ്തത്. ഇപ്പോള്‍ അദ്ദേഹം വിപുലമായ ഈ വൈജ്ഞാനിക ശേഖരത്തെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിന് വലിയ പണച്ചെലവ് വരും. എന്ത് വില കൊടുത്തും ഈ വൈജ്ഞാനിക ശേഖരം സംരക്ഷിച്ചേ മതിയാവൂ. കാരണം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്ലിം ചരിത്രത്തിന്റെ വലിയൊരു ഭാഗമാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ഈ ശേഖരം അക്കാദമിയില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ കോപ്പികള്‍ എടുക്കുകയും അവ വിവിധ സ്ഥലങ്ങളിലായി സംരക്ഷിക്കപ്പെടുകയും വേണം. അതാണ് വിവേകവും ബുദ്ധിയും. ഇവിടെ മാത്രമല്ല മറ്റിടങ്ങളിലുള്ള കയ്യെഴുത്ത് പ്രതികളും മറ്റും സംരക്ഷിക്കാനുള്ള യത്‌നവും സമുദായം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
(ദഅ്‌വത്ത് ത്രൈദിനം 7-12-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Facebook Comments
Related Articles
Show More

പര്‍വേസ് റഹ്മാനി

1948 ജൂണ്‍ 8-ന് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ അകോടില്‍ ജനിച്ചു. ഉര്‍ദു ഭാഷയില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. ചെറുപ്പം മുതലേ മാധ്യമരംഗത്ത് സജീവമായി. പതിനാലാം വയസുമുതല്‍ ബാലമാസികകളില്‍ കഥകള്‍ എഴുതി തുടങ്ങി. ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം വിവിധ വിഷയങ്ങളിലുള്ള ചില പുസ്തകങ്ങളുടെ എഡിറ്റിങും നിര്‍വഹിച്ചിട്ടുണ്ട്. ദഅ്‌വത്ത് പത്രത്തിലെ ഏറ്റവുമധികം വായനക്കാരുള്ള 'ഖബര്‍ ഒ നസര്‍' എന്ന പംക്തി 29 വര്‍ഷമായി കൈകാര്യം ചെയ്യുന്നതിദ്ദേഹമാണ്.

Close
Close