Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസവും നവോത്ഥാനവും

പറഞ്ഞ് കേട്ട ഒരു കഥ ഓര്‍മ്മ വരുന്നു. യാഥാര്‍ത്ഥ്യമാണോ എന്നറിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ ജപ്പാനീസ് ചക്രവര്‍ത്തി ഒരു സംഘം ദൂതന്‍മാരെ യൂറോപ്പിലേക്ക് അയച്ചു. ജപ്പാനിന്റെ പുരോഗതിക്കാവശ്യമായ വിധത്തില്‍ അവിടുന്ന് വിജ്ഞാനം നേടിയെടുക്കുന്നതിന്നായിരുന്നു അത്. ഇവര്‍ മടങ്ങിവന്നതിനെതുടര്‍ന്ന് വമ്പിച്ച ഒരു സ്വീകരണയോഗം സംഘടിപ്പിക്കപ്പെട്ടു. രാഷ്ട്രത്തിന്റെ പുരോഗതിക്ക് അവരുടെ വിദേശപഠനം എങ്ങനെ ഉപകരിക്കുമെന്നതിനെക്കുറിച്ച് ഓരോരുത്തരും ചോദിച്ചറിയാന്‍ തുടങ്ങി. അവരില്‍ ഒരാള്‍ പറഞ്ഞു. ഞാന്‍ വൈദേശിക ഭാഷകള്‍ പഠിച്ചു. മറ്റൊരുവന്‍ ചിത്രകലയും ശില്‍പകലയുമാണ് പഠിച്ചത്. മൂന്നാമനാവട്ടെ സംഗീതത്തിലാണ് മുഖ്യശ്രദ്ധ ചെലുത്തിയിരുന്നത്. ഈ കലകളിലൊന്നിനും രാഷ്ട്രപുരോഗതിക്ക് പങ്കുള്ളതായി ചക്രവര്‍ത്തിക്ക് തോന്നിയതുമില്ല. ഒടുവിലദ്ദേഹം അതേക്കുറിച്ച് അവരോട് തന്നെ അന്വേഷിച്ചു. അവര്‍ക്കാവട്ടെ അതിന് തൃപ്തികരമായ മറുപടി നല്‍കാനുണ്ടായിരുന്നില്ല. കോപിഷ്ഠനായ രാജാവ് അവരെയെല്ലാം തൂക്കിലേറ്റാന്‍ വിധിച്ചു. അവരെ ആദരിക്കാന്‍ സംഘടിപ്പിക്കപ്പെട്ട സദസ്സില്‍ വെച്ച് തന്നെ അവര്‍ തൂക്കലേറ്റപ്പെട്ടു. ജപ്പാന്റെ പുരോഗതിക്ക് സഹായിക്കുന്ന വിജ്ഞാനമാര്‍ജിക്കാന്‍ മറ്റൊരു സംഘത്തെ പറഞ്ഞയക്കുകയും ചെയ്തു.

ഈ കഥ യാഥാര്‍ത്ഥ്യമാണെങ്കില്‍ ജപ്പാന്‍ രാജാവിന് നവോത്ഥാന ഘടകങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന ശരിയായ അവബോധത്തെയാണ് അത് കുറിക്കുന്നത്. മേല്‍പറഞ്ഞ വിജ്ഞാനങ്ങളെ വിലകുറച്ച് കാണിക്കുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് തന്റെ രാജ്യത്തിന്റെ പുരോഗതിയില്‍ ക്രിയാത്മകമായി ഇടപെടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ എന്തിന് വേണ്ടിയാണ് തങ്ങളവ പഠിച്ചതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്ന് രാജാവിന് മനസ്സിലായി. പിന്നെങ്ങനെ അവര്‍ രാഷ്ട്രത്തെ സേവിക്കും. ലക്ഷ്യം നിര്‍ണയിക്കാതെ വിവരം ആര്‍ജിച്ചവരാണവര്‍. അതിനാല്‍ തന്നെ വഞ്ചനയായാണ് അതിനെ രാജാവ് മനസ്സിലാക്കിയത്. രാഷ്ട്രവും അതിന്റെ ഉത്ഥാനവും വിഷയമാവാത്ത ഒരു വിഭാഗമായാണ് അവരെ കണ്ടത്. അത് കൊണ്ട് അവരുടെ കരങ്ങള്‍ കൊണ്ട് ജപ്പാനിന്റെ നവോത്ഥാനം അസംഭവ്യവുമാണ്.

നമ്മുടെ നാട്ടില്‍
അറബ് നാടുകളിലെ ഭൂരിപക്ഷം പരിഷ്‌കൃതരും പാശ്ചാത്യരെ അന്ധമായി അനുകരിക്കലാണ് പുരോഗതിയുടെ മാര്‍ഗമെന്ന് വിശ്വസിക്കുന്നവരാണ്. പാശ്ചാത്യരിലേക്ക് ചേര്‍ക്കപ്പെടുന്നവയെല്ലാം പുരോഗതിയും ഉന്നതിയും നമ്മുടേതെല്ലാം അപരിഷ്‌കൃതവും പഴഞ്ചനുമാണെന്നും അവര്‍ വിലയിരുത്തുന്നു.
നമ്മുടെ നാടുകളെ ഭരിക്കുകയും അവക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ധാരാളമാളുകളുടെയും സങ്കല്‍പങ്ങളും ഇത് തന്നെയാണ്. അതിനെക്കുറിച്ച് നാമിവിടെ സംസാരിക്കുന്നില്ല. പക്ഷെ പാശ്ചാത്യന്‍ രീതി അറബ് ലോകത്ത് നടപ്പാക്കണമെന്ന ആശയത്തെയാണ് നാം ഇവിടെ ചര്‍ച്ചയാക്കുന്നത്. നമ്മെ വേര്‍തിരിക്കുന്നതും വ്യതിരിക്തമാക്കുന്നതുമായ എല്ലാ മൂല്യങ്ങളും ആശയങ്ങളും ഊരിയെറിയുകയും, മതപരവും നാഗരികവും ഭാഷാപരവുമായ അസ്തിത്വം പണയപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമമാണത്. അത് കൊണ്ട് തന്നെ നമ്മുടെ സവിശേഷതയെയും മതത്തെയും സ്വത്തത്തെയും കുറിച്ച് സംസാരിക്കുന്നവരെല്ലാം പഴഞ്ചന്മാരും പിന്തിരിപ്പന്‍മാരുമായി മുദ്രകുത്തപ്പെടുന്നു. മുസ്‌ലിം ഉമ്മതിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവനായി അവര്‍ ചിത്രീകരിക്കപ്പെടുന്നു.
നമ്മുടെ രാഷ്ട്രങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമില്ല. അവയില്‍ തന്നെ അനിവാര്യമായി ഊന്നല്‍ നല്‍കേണ്ടത് വിദ്യാഭ്യാസ മേഖലയുമാണ്. കാരണം അതാണല്ലോ നവോത്ഥാനത്തിന്റെ മുഖ്യ ഘടകം. വിദ്യാഭ്യാസത്തിന്റെ പരിഷ്‌കരണത്തിന് വേണ്ടി ധാരാളം മുറവിളികള്‍ അറബ് ലോകത്ത് ഉണ്ടായിട്ടുണ്ട്. നാഗരികതയോടൊന്നിച്ച് മുന്നേറാന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ പാഠ്യപദ്ധതികള്‍ മാറ്റിയെഴുതണമെന്നും അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.
നമ്മുടെ നാടുകളില്‍ ഭാഷകളും, കലയും സംഗീതവും പഠിപ്പിക്കുന്ന ധാരാളം വൈദേശിക പാഠശാലകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വൈദേശിക ഭാഷകളില്‍ വിജ്ഞാനം പകര്‍ന്ന് കൊടുക്കുന്നവയാണവ. ഉന്നതമായ അന്തര്‍ദേശീയ നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളുമായാണ് അവര്‍ അവിടെ നിന്നും പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ പുറത്ത് വരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും രാഷ്ട്രത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചത്? ഇവരുടെ പാഠശാലകള്‍ മുഖേന ഏതെങ്കിലും തരത്തിലുള്ള നേട്ടം സമൂഹത്തിന് ലഭിച്ചിട്ടുണ്ടോ? നമ്മുടെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെട്ടിടത്ത് അവര്‍ വിജയിച്ചുവോ?

വിദ്യാഭ്യാസവും അസ്തിത്വവും
ലോകത്തെ ഏത് വിദ്യാഭ്യാസ ക്രമവും തങ്ങളുടെ സമൂഹത്തിന്റെ വ്യതിരിക്തതകള്‍ പരിഗണിച്ചതായി കാണാവുന്നതാണ്. സ്വന്തം സമൂഹത്തോട് കൂടുതല്‍ അടുക്കാനും ഇടപഴകാനും അതോടൊപ്പം കൂടുതല്‍ ഫലം ചെയ്യാനും പ്രാപ്തമാക്കുന്ന തരത്തിലായിരിക്കും വിദ്യാഭ്യാസ ക്രമം. വിദ്യാഭ്യാസ ലക്ഷ്യമായി അമേരിക്ക മുന്നില്‍ വെക്കുന്നത് തങ്ങളുടെ മാന ദണ്ഡങ്ങള്‍ക്കനുസരിച്ച് സദ്‌വൃത്തനായ അമേരിക്കന്‍ പൗരനെ രൂപപ്പെടുത്തുകയെന്നതാണ്. ബ്രിട്ടനിലെ വിദ്യാഭാസ വ്യവസ്ഥയും അവരുടെ സാമൂഹിക സാഹചര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
പാശ്ചാത്യ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും സ്വതന്ത്രമായി നിലനില്‍ക്കുവാന്‍ സാധിച്ച രാജ്യമാണ് ജപ്പാന്‍. സാമ്പത്തികവും നാഗരികവും ശാസ്ത്രീയവുമായ തലങ്ങളില്‍ ലോകത്തിന്റെ തന്നെ നേതൃത്വത്തിലെത്താന്‍ ഇത് മുഖേന അവര്‍ക്ക് സാധിച്ചിട്ടുണ്ട്. തങ്ങളുടെ സ്വത്വം പണയപ്പെടുത്താതെയും ഭാഷ നഷ്ടപ്പെടുത്താതെയും മതത്തെ ബലികഴിക്കാതെയുമാണ് അവരത് നേടിയെടുത്തതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഉള്ള് പൊള്ളയായ പടിഞ്ഞാറന്‍ വ്യവസ്ഥയെ ബാഹ്യസൗന്ദര്യം കണ്ടാണ് നാം പുല്‍കുന്നത്. പടിഞ്ഞാറില്‍ നടപ്പാക്കപ്പെട്ട അവ തീര്‍ത്തും അപരിചതമായ സാഹചര്യത്തില്‍ ഫലം കാണുമെന്നാണ് നാം വ്യാമോഹിക്കുന്നത്. അതാവട്ടെ നമ്മുടെ അസ്തിത്വത്തിനും സംസ്‌കാരത്തിലും സവിശേഷതകള്‍ക്കും വിരുദ്ധമാണ് താനും. നമ്മുടെ സമൂഹത്തിന്റെ സവിശേഷതകള്‍ പോലും നാം അംഗീകരിക്കുന്നില്ല. കാരണം നമുക്ക് തന്നെ അതിനോട് മതിപ്പില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ ബുദ്ധി ജീവികളാണ് അവക്കെതിരെ ശക്തമായി പടപൊരുതുന്നത്. കാരണം അവയെ പിന്തിരിപ്പത്വമായാണ് അവര്‍ കാണുന്നത്. അതിന് പകരമായി ഉന്നതമായ പാശ്ചാത്യന്‍ രീതി നാം കടമെടുക്കേണ്ടിയിരിക്കുന്നുവെന്നാണ് അവരുടെ വാദം.

പുരോഗതിക്കായുള്ള ആഗ്രഹത്തിനും അതിന് സ്വീകരിക്കുന്ന മാര്‍ഗത്തിനും ഇടിയില്‍ ഭീമമായ അന്തരമുണ്ട്. നാം മടിയന്‍മാരായ സമൂഹമാണ്. നമ്മുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നാം തയ്യാറല്ല. നവോത്ഥാനത്തിനുള്ള കാരണങ്ങള്‍ നമുക്കറിയേണ്ടതില്ല. നാം പിന്നാക്കമാണെന്ന് നമുക്കറിയാം. പക്ഷെ, നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് മറ്റുള്ളവരുടെ പരിഹാരം കടമെടുക്കുന്നു. കാരണം പരിഹാരം കണ്ടെത്താനോ ആവിഷ്‌കരിക്കാനോ നമുക്കാവില്ലല്ലോ.
നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഭരണകൂടം സ്വീകരിച്ച ഏത് തീരുമാനവും കൃത്യമായ പഠനത്തിന് ശേഷമല്ല എന്നത് സുവിദിതമാണ്. ആഭ്യന്തരമോ ബാഹ്യമോ ആയ സമ്മര്‍ദത്തിന്റെ ഫലം മാത്രമായിരിക്കും അവ. അതല്ലെങ്കില്‍ നേതൃത്വത്തിലുള്ള ഏതെങ്കിലും വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ താല്‍പര്യമായിരിക്കും അവ. എന്ന് മാത്രമല്ല എന്ത് തീരുമാനമെടുത്താലും അതിനെ വാദത്തിന് വേണ്ടി എതിര്‍ക്കുന്നവരുമുണ്ടാകും. ചുരുക്കത്തില്‍ തീരുമാനമെടുക്കുന്നവരും അവയെ നിരൂപിക്കുന്നവരും തികഞ്ഞ അരാജകത്വമാണ് സൃഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ നാം യാഥാര്‍ത്ഥ്യം പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. സര്‍വ്വകലാശാലാ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള ഒരു പക്ഷം നിരക്ഷരരെയാണ് നാം വര്‍ഷം തോറും പടച്ച് വിടുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ നാം ഉദ്ദേശിച്ച നവോത്ഥാനത്തിന് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ പര്യാപ്തമല്ല. എന്നല്ല അതിന് വിപരീതമായി നമ്മുടെ പതനത്തിനാണ് അത് കാരണമാവുക.

സമാപനം
വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ രാഷ്ട്രത്തിന്റെ നവോത്ഥാനം ഉദ്ദേശിക്കുന്നവരാണ് നാമെങ്കില്‍ അതിന് തടസ്സമായി നില്‍ക്കുന്ന കാരണങ്ങളെ നാം പഠിക്കേണ്ടിയിരിക്കുന്നു. ചികിത്സയുടെ ഒന്നാമത്തെ ഘട്ടം രോഗനിര്‍ണയമാണല്ലോ. കൂടാതെ നമ്മുടെ നാടിന്റെ പുരോഗതിക്കാവശ്യമായ വിജ്ഞാനം ഏതെല്ലാം തരത്തിലുള്ളവയായിരിക്കണമെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും ഹൃദയത്തില്‍ നട്ടുവളര്‍ത്തുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവ എത്തിക്കേണ്ടിയിരിക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles