Career & GuidanceKnowledge

ഇസ്‌ലാമിലെ പ്രഥമ പഠിതാക്കളോടൊപ്പം

ഇസ്‌ലാമിന്റെ പ്രഥമ പാഠശാല കൊണ്ടുദ്ദേശിക്കുന്നത് ഹിറാ ഗുഹയല്ല. തികച്ചും വ്യതിരിക്തനായ ഒരു വ്യക്തിയെ മാത്രമുള്‍ക്കൊള്ളുന്നതായിരുന്നു അത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങള്‍ക്കുമിടയിലെ സത്യാന്വേഷിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രകാശിതമാക്കിയ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയതവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ കൊടിക്കീഴില്‍ ആത്മാര്‍ഥതയും സത്യസന്ധതയും സമ്മേളിച്ചു. അദ്ദേഹത്തിലൂടെ അല്ലാഹു ഉല്‍കൃഷ്ട ജീവിതത്തിന്റെ ഉദാത്ത മാതൃക യാഥാര്‍ഥ്യമാക്കി.

പ്രവാചകന്റെ ഹിജ്‌റക്കുമുമ്പ് സംഘടിക്കപ്പെട്ട ദാറുല്‍ അര്‍ഖമുമല്ല ഞാനുദ്ദേശിച്ചത്. വളരെ രഹസ്യ സ്വഭാവത്തിലുള്ള പാഠശാലയായിരുന്നുവല്ലോ അത്. മസ്ജിദുന്നബവി കേന്ദ്രീകരിച്ച് നടത്തപ്പെട്ട പാഠശാലയെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ആഇശ(റ)ന്റെ വീടിനും നബി(സ)യുടെ മിമ്പറിനും ഇടയിലുള്ള സ്ഥലമാണത്. അവിടെ വെച്ചാണ് ലോകത്തെ നന്മയുടെ അധ്യാപകന്‍ ആളുകളെ വാര്‍ത്തെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണവര്‍. അവിടത്തെ പഠിതാക്കളായ സഹാബിമാര്‍ നബി(സ)യില്‍ പത്ത് ആയത്തുകള്‍ മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടായിരുന്നു അടുത്ത പത്ത് സൂക്തങ്ങളിലേക്ക് കടന്നിരുന്നത് എന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനല്ല മറിച്ച് കാര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചെടുത്ത് ജീവിതത്തില്‍ പകര്‍ത്താനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും അദ്ഭുതങ്ങള്‍ സൃഷ്ടിച്ചത് ആ പാഠശാലയില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളായിരുന്നു. പത്തു ഖുര്‍ആന്‍ സൂക്തങ്ങള്‍ വീതമായിരുന്നു അവര്‍ പഠിച്ചിരുന്നത്. അവ ശരിക്കും മനപാഠമാക്കുകയും മനസിലാക്കുകയും ചെയ്യും. തുടര്‍ന്ന് അവയുള്‍ക്കൊള്ളുന്ന വിധിവിലക്കുകളെയും നിര്‍ദ്ദേശങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും പറ്റി ചിന്തിക്കും. അവ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുകയും ചെയ്യുന്നതോടെയാണ് അവരുടെ പഠനം പൂര്‍ണ്ണമായിരുന്നത്. സൂറത്തുല്‍ അസ്വ്‌റിലെ ‘സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുക’ എന്നു വായിക്കുമ്പോള്‍ സത്യത്തിന്റെ ആളാവണമെന്ന് അവര്‍ മനസ്സാ തീരുമാനിക്കും. സ്വന്തത്തിന് ഗുണമായാലും ദോഷമായാലും സത്യത്തോടൊപ്പമായിരിക്കും അവര്‍. അതോടൊപ്പം തന്റെ സ്‌നേഹിതരെ അത് ഉപദേശിക്കുകയും ചെയ്യും. മറ്റുള്ളവരുടെ ഉപദേശം സന്തോഷത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കും. ഭൂമിയില്‍ സത്യത്തിന്റെ വക്താവായിട്ടായിരിക്കും അവന്‍ നിലകൊള്ളുക. അവന്റെ മനസ്സും നാവും പ്രവര്‍ത്തനങ്ങളുമെല്ലാം സത്യത്തിന് സഹായകവും അതിലേക്ക് ക്ഷണിക്കുന്നതുമായിരിക്കും. ജീവതത്തില്‍ പകര്‍ത്തികൊണ്ടുള്ള ഇത്തരം പഠനത്തിന് ഉയര്‍ന്ന സ്ഥാനമാണുള്ളത്. തങ്ങള്‍ക്കാവശ്യമായ പ്രയോജനപ്രദമായ അറിവായിട്ടതിനെ കാണുന്നു. ‘അല്ലാഹുവേ, പ്രയോജനപ്രദമല്ലാത്ത അറിവില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു’ എന്നു പ്രാര്‍ഥിക്കുന്നവരാണവര്‍. അവരുടെ എല്ലാ അറിവിനും മനസുകളെ സംസ്‌കരിക്കുന്നതില്‍ അങ്ങേയറ്റത്തെ സ്വാധീനമുണ്ട്. ഉപകാരമില്ലാത്ത കാര്യങ്ങളില്‍ അവരുടെ ബുദ്ധിയോ വാക്കുകളോ വ്യാപൃതമാവുകയില്ല. പ്രയോജനകരമല്ലാത്ത ഒരു തത്വശാസ്ത്രവും അവരുടെ സമയം അപഹരിക്കില്ല. അല്ലാഹുവിന് മാത്രമറിയുന്ന അദൃശ്യകാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരുമല്ല.
ആ പാഠശാലയിലെ പഠിതാക്കളെല്ലാം വ്യത്യസ്തരായിരുന്നു. ഓരോരുത്തരും അവരുടെ സമയവും സന്ദര്‍ഭവും പരിഗണിച്ച് അറിവും ജ്ഞാനവും വിധികളും ശ്രേഷ്ഠഗുണങ്ങളും കരസ്ഥമാക്കി. ഉമര്‍(റ) പറയുന്നു: ‘ഞാനും അന്‍സാരികളില്‍ പെട്ട എന്റെ അയല്‍ക്കാരനും ഊഴമിട്ടായിരുന്നു നബി(സ)യുടെ പാഠശാലയില്‍ ഹാജറായിരുന്നത്. ഞാന്‍ പങ്കെടുക്കുന്ന ദിവസത്തിലെ വിജ്ഞാനം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് പകര്‍ന്നുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. അദ്ദേഹവും പങ്കെടുക്കുന്ന ദിവസങ്ങളിലും അപ്രാകാരം തന്നെ ചെയ്യുമായിരുന്നു.’ വേദഗ്രന്ഥത്തില്‍ അവഗാഹം നേടിയവരും ദീര്‍ഘകാലം പഠനം നടത്തിയവരും ആ പാഠശാലയില്‍ ഉണ്ടായിരുന്നു.
ഇതാ അബ്ദുല്ലാഹ് ബിന്‍ മസ്ഊദിനെ കാണുക. പ്രമുഖനായ സഹാബിവര്യനും കര്‍മ്മശാസ്ത്ര പണ്ഢിതനുമായിരുന്നു അദ്ദേഹം. പ്രബോധനത്തിന്റെ ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകനോട് വളരെ അടുത്തിടപഴകി സഹവസിച്ചു. സന്‍മാര്‍ഗലബ്ദി, സംസ്‌കരണം, സല്‍സ്വഭാവം തുടങ്ങി പ്രവാചകാനുചരര്‍ നേടിയെടുത്ത സകല മൂല്യങ്ങളും ഇതു മുഖേനെ അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ)ന് കരഗതമായി. അദ്ദേഹത്തെക്കാള്‍ നബിതിരുമേനി(സ)ക്ക് അവതരിപ്പിച്ചതിനെ കുറിച്ച് അറിയുന്നവര്‍ ഉണ്ടായിരുന്നില്ലെന്ന് ഉഖ്ബതു ബിന്‍ അംറ് പറഞ്ഞിട്ടുണ്ട്. സഹാബി പ്രമുഖനായ അബൂമൂസാ അല്‍ അശ്അരി സന്നിഹിതനായിരുന്ന സദസ്സിലാണത് പറഞ്ഞതെന്നും പ്രസക്തമാണ്. അപ്പോള്‍ അതിനെ അംഗീകരിച്ചു കൊണ്ട് അബൂ മൂസാ(റ) പറഞ്ഞു: ‘ഞങ്ങള്‍ കേള്‍ക്കാത്തത് അദ്ദേഹം കേള്‍ക്കുകയും, ഞങ്ങള്‍ പ്രവേശിക്കാത്തപ്പോള്‍ അദ്ദേഹം പ്രവേശിക്കാറുമുണ്ടായിരുന്നു.’ പ്രവാചകനോടൊപ്പമുള്ള സഹവാസം അദ്ദേഹത്തെ വലിയ വിജ്ഞാനത്തിനുടമയാക്കി.
മഹാനായ ഉമര്‍(റ) മറ്റൊരു ഉദാഹരണമാണ്. ത്രാസിന്റെ ഒരു തട്ടില്‍ ഉമര്‍(റ)ന്റെ അറിവും മറുതട്ടില്‍ ഭൂമിയിലുള്ളവരുടെയെല്ലാം അറിവുകളും വെച്ചാല്‍ ഉമര്‍(റ)ന്റെ തട്ടായിരിക്കും കനം തൂങ്ങുകയെന്ന് പറയാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഇബ്‌നു മസ്ഊദ്(റ)നെ കൊണ്ട് ഇങ്ങനെ പറയിച്ചത്: ‘മുഴുവന്‍ ജനങ്ങള്‍ ഒരു താഴ്‌വരയിലും ഉമര്‍(റ) മറ്റൊന്നിലുമാണെങ്കില്‍ ഞാന്‍ ഉമറിനോടൊപ്പമായിരിക്കും പോവുക. ‘താങ്കള്‍ ഒരു വഴിയില്‍ പ്രവേശിക്കുന്നത് കണ്ടാല്‍ പിശാച് പോലും ആ വഴി മാറി നടക്കും’ എന്ന് ഉമര്‍(റ)നെ പറ്റി നബി(സ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നുവത്. മറ്റൊരിക്കല്‍ പറഞ്ഞു: ‘ഉമര്‍(റ)ന്റെ ഹൃദയത്തിലും നാവിലുമാണ് അല്ലാഹു സത്യത്തെ വെച്ചിരിക്കുന്നു.’ കാരണം ഉമര്‍(റ) വിദ്യയഭിസച്ചത് ലോകത്തിന് നന്മ പഠിപ്പിച്ച ഗുരുനാഥന്റെ കീഴിലായിരിന്നുവെന്നത് മാത്രമാണതിന് കാരണം. ആളുകളെ അദ്ദേഹത്തോട് താരതമ്യപ്പെടുത്താം, പക്ഷെ അദ്ദേഹത്തെ മറ്റുള്ളവരോട് താരതമ്യപ്പെടുത്താവതല്ല’. വിധികളുടെ അടിസ്ഥാനങ്ങള്‍ മനസിലാക്കാനായിരുന്നു ഉമര്‍(റ) ശ്രമിച്ചിരുന്നത്. സത്യത്തെ മനസിലാക്കുന്നതില്‍ അദ്ദേഹത്തിന് ജന്മസിദ്ധമായ കഴിവുണ്ടായിരുന്നു. ഇബ്‌നു മസ്ഊദ്, അലി, സൈദ് ബിന്‍ സാബിത്, മുആദ്(റ) പോലുള്ള സഹാബിമാരുടെ വിജ്ഞാനത്തെ അദ്ദേഹം ഖലീഫയായിരിക്കുമ്പോള്‍ പ്രയോജനപ്പെടുത്തിയിരുന്നു. മുആദ്(റ)നെ കുറിച്ച് ഉമര്‍(റ) പറഞ്ഞു: ‘മുആദില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഉമര്‍ നശിച്ചിരുന്നേനെ.’
ആ പാഠശാലയില്‍ പ്രവര്‍ത്തനങ്ങളുടെ സംസ്‌കരണത്തിനായിരുന്നു ഏറ്റവും മുന്തിയ പരിഗണന. അറിവിന്റെ ഫലമായിട്ടാണതുണ്ടായത്. സ്വഭാവരൂപീകരണത്തിനുപകരിക്കാത്ത അറിവില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടേണ്ടതുണ്ട്. അതിന്റെ ചില പ്രത്യാഘാതാങ്ങള്‍ നാമിന്നു കാണുന്നുണ്ടല്ലോ.
സംസ്‌കരണത്തിലെ പ്രവാചകന്റെ മാതൃക ഏറ്റവും ഉദാത്തമായ ഒന്നാണ്. അത് മനുഷ്യനെ ഏറ്റവും ശ്രേഷ്ഠമായ ഗുണങ്ങള്‍ക്കുടമയാക്കുന്നു. സമൂഹത്തിന്റെ മാര്‍ഗ ദര്‍ശകന്റെ വാക്കുകളെ അവഗണിച്ച് മറ്റു വഴികളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് നാശം. തബൂക് യുദ്ധത്തില്‍ നിന്ന് പങ്കെടുക്കാതെ മാറിനിന്ന മൂന്നു സഹാബിമാരുടെ ചരിത്രം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ആളുകളെ സംസ്‌കരിക്കുന്നതിലെ പ്രവാചകന്റെ മാതൃകയാണിത്. മനുഷ്യചരിത്രത്തിലെ തന്നെ വലിയ മാറ്റങ്ങള്‍ അവരിലൂടെയാണ് സംഭവിച്ചിട്ടുള്ളത്.

സ്ത്രീകളുടെ സംസ്‌കരണം
പ്രവാചകന്റെ അടുക്കല്‍ നിന്ന് പുരുഷന്‍മാര്‍ അറിവും സംസ്‌കരണവും നേടുന്നത് കണ്ട സ്ത്രീകള്‍ അവര്‍ക്ക് മാത്രമായി ഒരു ദിവസം നിര്‍ണ്ണയിച്ചു കിട്ടാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അറിയിക്കുന്നതിനായി അവര്‍ക്ക് ഒരു ദിവസം അനുവദിക്കപ്പെടുകയും ചെയ്തു. ദാനധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും സത്യത്തിന്റെ മാര്‍ഗത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്താനും അദ്ദേഹം അവരോട് കല്‍പ്പിച്ചു. തങ്ങളണിഞ്ഞിരുന്ന ആഭരണങ്ങള്‍ വരെ ഊരി ദാനം നല്‍കിയത് അവര്‍ നേടിയ ജ്ഞാനത്തെയും ഈമാനിക ശക്തിയെയുമാണ് കുറിക്കുന്നത്.

പ്രഥമ പാഠശാലയുടെ പ്രതിനിധികള്‍
ലോകത്തെ പ്രകാശം പരത്തിയ നക്ഷത്രങ്ങളായി പ്രവാചകാനുചരര്‍ മാറിയത് ഇങ്ങനെയാണ്. ആ പാഠശാലയിലെ സഹവാസമാണ് ഉത്തമസമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചത്. അവര്‍ക്കു ശേഷം വളര്‍ന്നു വന്ന രണ്ടാമത്തെ തലമുറയും അതിന്റെ സദ്ഫലം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ്. അവരുടെ ഉത്തമമായ മാതൃകള്‍ ജീവിതത്തില്‍ പകര്‍ത്തിയവരാണവര്‍. പ്രസ്തുത പാഠശാലക്ക് ലോകമെങ്ങും ധാരാളം ശാഖകള്‍ രൂപപ്പെട്ടു. ഇസ്‌ലാം എത്തിയ സ്ഥലങ്ങളിലെല്ലാം സഹാബി പണ്ഡിതന്‍മാരുടെ സദസ്സുകളുണ്ടായിരുന്നു.
ഖലീഫമാരും അവരുടെ ഗവര്‍ണ്ണര്‍മാരും ഈ പാഠശാലയില്‍ നിന്നുള്ളവരായിരുന്നു. അധികാരത്തെ ഉത്തരവാദിത്തവും ഭാരവുമായിട്ടാണവര്‍ കണ്ടത്. അന്നം നേടാനുള്ള മാര്‍ഗമായിട്ട് അവരതിനെ ദുരുപയോഗപ്പെടുത്തിയില്ല. തങ്ങളുടെ അന്നം കൊടുത്തുകൊണ്ടതിനെ നിലനിര്‍ത്തുകയായിരുന്നു അവര്‍ ചെയ്തത്. കൈകാര്യം ചെയ്തിരുന്ന സമ്പത്ത് അല്ലാഹു അവരെ ഏല്‍പ്പിച്ച അമാനത്തായാണ് അവര്‍ കണ്ടത്. അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ചാണ് അവ കൈകാര്യം ചെയ്യേണ്ടത്.
ഉമര്‍(റ)ന് കുത്തേറ്റപ്പോള്‍ മകന്‍ അബ്ദുല്ലയെ പിന്‍ഗാമിയാക്കാന്‍ ആളുകള്‍ നിര്‍ദ്ദേശിച്ചു. അറിവും വിശ്വസ്തയും കൊണ്ട് അവന്‍ അതിന് യോഗ്യനാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഖിലാഫത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനനുയോജ്യനായിട്ടും ഉമര്‍(റ) അതിന് തയ്യാറായില്ല. ഉസ്മാന്‍(റ) രക്തസാക്ഷിയപ്പോള്‍ അബ്ദുല്ലാഹിബ്‌നു അംറ്, അലി, സുബൈര്‍, തല്‍ഹ(റ) എന്നീ സ്വഹാബിമാരെ നിര്‍ദ്ദേശിച്ചെങ്കിലും അവരെല്ലാം അതില്‍ നിന്ന് ഓടിയകലാനാണ് ശ്രമിച്ചത്. ഉന്നതമായ ആ സ്ഥാനം ഏറ്റെടുത്തവരെല്ലാം രാഷ്ട്രത്തെ ഒരു സംസ്‌കരണ പാഠശാലയായിട്ടാണ് കണ്ടത്. സമൂഹത്തിന്റെ സംസ്‌കരണം അവരുടെ ഉത്തരവാദിത്തമായിട്ടാണവര്‍ മനസിലാക്കിയത്.
ഉത്തമ സമൂഹത്തിന്റെ നിര്‍മാണത്തില്‍ ഖലീഫമാരുടെ സഹായികളായിരുന്നു സഹാബികളിലെ പണ്ഡിതന്‍മാര്‍. അവര്‍ ഓരോരുത്തരുടെയും ചുറ്റും യുവാക്കളായ ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. അടുത്ത തലമുറയെ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പരിശീലിപ്പിക്കുന്നതിനായിരുന്നുവത്. അവരിലിലൂടെയാണ് രാഷ്ട്രകാര്യങ്ങള്‍ നടക്കേണ്ടതും പുതുതലമുറക്ക് ലഭിക്കേണ്ടതും. വളരെ പ്രശസ്തരായ പലരും അതിലൂടെ വളര്‍ന്ന് വന്നിട്ടുണ്ട്. മുആദ് ബിന്‍ ജബലിന്റെ പ്രമുഖ ശിഷ്യനാണ് മാലിക് ബിന്‍ യുഖാമിര്‍. തന്റെ ഗുരുനാഥനെ അപ്പടി പകര്‍ത്തുകയായിരുന്നു അദ്ദേഹം. അറിവ് മാത്രമല്ല, വിശ്വാസവും ബുദ്ധിയുമെല്ലാം അദ്ദേഹം നേടിയെടുത്തു. മരണത്തോടടുത്ത മുആദ്(റ)നെ കണ്ട് ശിഷ്യന്‍ പൊട്ടികരഞ്ഞു. ഇത് കണ്ട അദ്ദേഹം ചോദിച്ചു: ‘എന്തിനാണ് താങ്കള്‍ കരയുന്നത്?’ ശിഷ്യന്‍ മറുപടി പറഞ്ഞു: ‘താങ്കളില്‍ നിന്നുണ്ടായിരുന്ന ഭൗതിക നേട്ടങ്ങളുടെ പേരിലല്ല ഞാന്‍ കരയുന്നത്. മറിച്ച് താങ്കളില്‍ നിന്നു ഞാന്‍ നേടിയെടുത്ത അറിവിനെയും വിശ്വാസത്തെയും കുറിച്ചാണ് ഞാന്‍ വിലപിക്കുന്നത്.’ ‘അറിവും വിശ്വാസവും ആര്‍ തേടുന്നുവോ, അവര്‍ നേടുന്നു’ എന്നാണതിന് മുആദ്(റ) നല്‍കിയ മറുപടി.
അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ശിഷ്യരായിരുന്നു അംറ് ബിന്‍ മൈമൂന്‍, അബൂ മുസ്‌ലിം അബ്ദുല്ല, മസ്‌റൂഖ് ബിന്‍ അജ്ദഅ്, അബൂ വാഇല്‍ ശഖീഖ് തുടങ്ങി വേറെയും പ്രമുഖരായ പണ്ഡിതന്‍മാര്‍ അവരിലുണ്ടായിരുന്നു. അവരില്‍ പ്രമുഖനായിരുന്ന അംറ് ബിന്‍ മൈമൂന്‍ മുആദ്(റ) മരണാസന്നനായപ്പോള്‍ സത്യത്തിന്റെയും നന്മയുടെയും മറ്റൊരു ഉറവിടം കാണിച്ചു കൊടുക്കാനാവശ്യപ്പെട്ടു. ഇബ്‌നു മസ്ഊദ്(റ)നോടൊപ്പം ചേരാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. മൈമൂന്‍ അപ്രകാരം അദ്ദേഹത്തില്‍ നിന്ന് അറിവുകള്‍ നേടുകയും ചെയ്തു. അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ)നെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മറ്റു പണ്ഡിതരെയും അവരുടെ സദസുകളെയും കുറിച്ച് വളരെയേറെ വിശദീകരിക്കാവുന്നതാണ്.

പ്രായംകൊണ്ട് വളരെ ചെറുപ്പമെങ്കിലും ഈ സമുദായത്തിന്റെ പണ്ഡിതന്‍ എന്നറിയപ്പെട്ട അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)ന്റെ സദസിനെ കുറിച്ച് ചെറിയ ഒരു പരാമര്‍ശമെങ്കിലും നടത്തേണ്ടതുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ മുജാഹിദ് ബിന്‍ ജബ്‌റിന്റെയും അംറ് ബിന്‍ ശുഐബിന്റെയും ഉസ്താദായ ത്വാഊസ് ബിന്‍ കൈസാന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണ്. വേറെയും പ്രമുഖരായ പല പണ്ഡിതരും അദ്ദേഹത്തില്‍ നിന്ന് അറിവ് നേടിയിട്ടുണ്ട്. അവരിലൂടെ വിജ്ഞാനശാഖകളും കര്‍മ്മശാസ്ത്രവും ലോകത്ത് പടര്‍ന്ന് പന്തലിച്ചു. ഖുര്‍ആന്‍ പഠിക്കാന്‍ വരുന്നവര്‍ അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. അപ്രകാരം തന്നെ ഫിഖ്ഹും കവിതയും പഠിക്കാനും വിദ്യാര്‍ത്ഥികളെത്തിയിരുന്നു. താഊസ് പറയുന്നു: ‘എഴുപത് പ്രവാചകാനുചരന്‍മാരെ ഞാന്‍ കണ്ടു. ഏതെങ്കിലും കാര്യത്തില്‍ അവര്‍ക്ക് ഭിന്നാഭിപ്രായമുണ്ടായാല്‍ അവര്‍ ഇബ്‌നു അബ്ബാസ്(റ)ന്റെ വാക്കിലേക്കായിരുന്നു മടങ്ങിയിരുന്നത്.’ അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ നിന്നും പ്രയോജനമെടുക്കാന്‍ ആളുകള്‍ വളരെയധികം ആവേശം കാണിച്ചിരുന്നു.
ഖലീഫമാര്‍ അവരുടെ പദവിയെ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നില്ല എന്നു നാം മനസിലാക്കി. പണ്ഡിതന്‍മാരും ധനസമ്പാദനത്തിനുള്ള മാര്‍ഗമായി അവരുടെ വിജ്ഞാനത്തെ കണ്ടിരുന്നില്ല. വിജ്ഞാന സമ്പാദനവും അധ്യാപനവും ആരാധനയായിട്ടാണവര്‍ കണ്ടത്. അതിന് പ്രതിഫലം പറ്റുന്നത് അവര്‍ക്കപമാനമായി തോന്നി. സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് പ്രവാചകചര്യയുടെ ഭാഗമായിരുന്നിട്ടു കൂടി ശിഷ്യന്‍മാരില്‍ നിന്നവര്‍ സമ്മാനങ്ങള്‍ സ്വീകരിച്ചില്ല. കാരണമത് പ്രതിഫലമായി മാറുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. അബൂ അബ്ദുറഹ്മാന്‍ സുല്‍മയുടെ ശിഷ്യരില്‍ ഒരാള്‍ ഒരു കുതിരയെ സമ്മാനിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘പഠനത്തിന് മുമ്പ് നിനക്കിത് തരാമായിരുന്നില്ലേ?’
ശിഷ്യത്വം സ്വീകരിക്കുന്നതിന് മുമ്പാകുമ്പോള്‍ സമ്മാനം അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ചാണ്. എന്നാല്‍ ശിഷ്യനാവുമ്പോള്‍ അത് പ്രതിഫലത്തിന്റെ സ്ഥാനമാണ് നല്‍കുന്നത്. അറിവ് പകര്‍ന്നു നല്‍കുന്നതിന് പ്രതിഫലം പറ്റുന്നതില്‍ എത്രത്തോളം സൂക്ഷ്മത കാണിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കാര്യമാണിത്.

ജന്മസിദ്ധികള്‍ കണ്ടെത്താനും സല്‍ഗുണങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മുന്തിയ പരിഗണന
ഈ പാഠശാലയില്‍ നിന്നും പുറത്തിറങ്ങിയവര്‍ യുവാക്കളുടെ സംസ്‌കരണം ഏറ്റെടുത്തവരായിരുന്നു. ആളുകളില്‍ ശ്രേഷ്ഠഗുണങ്ങളും അവര്‍ വളര്‍ത്തിയെടുത്തു. ഇബ്‌നു അബ്ബാസ്(റ) ഞങ്ങളുടെ മക്കളെ ഉപദേശിച്ചിരുന്നതുപോലെ താങ്കള്‍ എന്താണ് ഉപദേശിക്കാത്തത്? എന്ന് മുഹാജിറുകള്‍, ഉമര്‍(റ)നോട് ചോദിച്ചു. ഒരിക്കല്‍ കവിയായ ഹുതൈഅ ഉമര്‍റ)ന്റെ സദസില്‍ ഹാജരായി. സദസിലെ ഒരു യുവാവിന്റെ സംസാരം വളരെ ശ്രദ്ധേയമായിരുന്നു. എല്ലാവരേക്കാളും പ്രായം കുറഞ്ഞതും, എന്നാല്‍ വാക്കുകള്‍ കൊണ്ട് അവരേക്കാള്‍ ഉയര്‍ന്നതുമായ ആ വ്യക്തി ആരാണെന്നന്വേഷിച്ചു. മഹാനായ ഇബ്‌നു അബ്ബാസ്(റ) ആയിരുന്നുവത്. പ്രായം കുറവായിരുന്നു എന്നത് അവരോട് സംശയങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുന്നതില്‍ നിന്നും ആരെയും പിന്തിരിപ്പിച്ചില്ല.

ഗുരുനാഥരോടുള്ള ആദരവ്
അല്ലാഹുവിന്റെ അമാനത്ത് വഹിക്കുന്നവരായിട്ടാണ് അവരുടെ സതീര്‍ത്ഥ്യരെ കണ്ടിരുന്നത്. മുന്‍കാല സമൂഹങ്ങള്‍ അവരുടെ പ്രവാചകന്‍മാരെ കണ്ടിരുന്ന പോലെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകരെ കണ്ടിരുന്നത്. ശാമിലെ പണ്ഡിതനായിരുന്ന അബ്ദുറഹ്മാന്‍ ബിന്‍ ഉമര്‍ ഔസാഇ മക്കയിലേക്ക് വരുന്നുണ്ടെന്ന് സുഫ്‌യാനു സൗരി അറിഞ്ഞു. മക്കയുടെ അതിരില്‍ പോയി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയാണ് സൗരി ചെയ്തത്. ഓരോ വഴിയില്‍ പ്രവേശിക്കുമ്പോഴും ഉസ്താദിന് വഴിസൗകര്യപ്പെടുത്താനായി ആളുകളോടദ്ദേഹം നിര്‍്‌ദ്ദേശിച്ച് കൊണ്ടേയിരുന്നു.
അബൂഹനീഫ പറയുന്നു: ‘ഹമ്മാദ് ബിന്‍ മുസ്‌ലിം അല്‍ അശ്അരി മരണപ്പെട്ടതിനു ശേഷം അദ്ദേഹത്തിനും എന്റെ പിതാവിനും പാപംമോചനം തേടിയിട്ടല്ലാതെ ഞാന്‍ നമസ്‌കരിച്ചിട്ടില്ല. ഏഴു ഫര്‍ലോംഗ് അകലെയായിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ വീടിനുനേരെ ഞാന്‍ കാലു നീട്ടിയിട്ടില്ല. ഞാന്‍ വിജ്ഞാനം നുകര്‍ന്നവര്‍ക്കും എനിക്ക് വിജ്ഞാനം പകര്‍ന്നവര്‍ക്കും വേണ്ടി പാപമോചനം നടത്താറുണ്ടായിരുന്നു.’
അഹ്മദ് ബിന്‍ ഹമ്പല്‍ ഇറാഖില്‍ ജീവിച്ചിരുന്നപ്പോള്‍ ഇമാം ശാഫിയില്‍ നിന്ന് ചില വിജ്ഞാനങ്ങള്‍ നേടിയിരുന്നു. പിന്നീട് ശാഫി മിസ്‌റിലേക്ക് പോയപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞു: ‘ശാഫിഈക്ക് വേണ്ടി പ്രാര്‍ഥനയും പാപമോചനവും നടത്തിയിട്ടല്ലാതെ മുപ്പത് വര്‍ഷങ്ങള്‍ ചെലവഴിച്ചിട്ടില്ല.’ അദ്ദേഹം രാത്രിയുടെ യാമങ്ങളില്‍ ആറുപേര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നു. അവരില്‍ ഒരാള്‍ ഇമാം ശാഫി ആയിരുന്നു. എപ്പോഴും താങ്കളുടെ പ്രാര്‍ഥനയില്‍ കേള്‍ക്കുന്ന ഈ ഈ ശാഫിഈ ആരാണ് എന്നന്വേഷിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി വളരെ പ്രസക്തമാണ്. ‘മോനെ, ലോകത്ത് സൂര്യനെ പോലെയാണ് ശാഫി. ശരീരത്തിന് സൗഖ്യം പോലെയുമാണ്. അവ രണ്ടിനും പിന്‍ഗാമികളെ പകരക്കാരോ ഇല്ലല്ലോ.’

വൈജ്ഞാനിക സദസുകള്‍
പ്രമുഖ സഹാബിമാര്‍ക്കെല്ലാം തന്നെ അവരുടെ അനുയായികളും ശിഷ്യരും ഒരുമിച്ചു കൂടിയിരുന്ന സദസ്സുകളുണ്ടായിരുന്നു. വിജ്ഞാനത്തിന്റെ വിവിധ ശാഖകളെയായിരുന്നു അവ പ്രതിനിധാനം ചെയ്തിരുന്നത്. ഗുരുമുഖത്ത് നിന്നായിരിക്കണമെന്നത് അറിവ് നേടുന്നതിന്റെ മര്യാദയില്‍ പെട്ടതാണ്. ഇബ്‌നു കറാമഃ പറയുന്നത് കാണുക: ഞങ്ങള്‍ വകീഅ് ബിന്‍ ജര്‍റാഇനോടൊപ്പം ഇരിക്കുമ്പോള്‍ ഒരാള്‍ പറഞ്ഞു: ‘അബൂഹനീഫക്ക് തെറ്റു പറ്റിയിരിക്കുന്നു’ ഉടന്‍ തന്നെ വകീഅ് അതിന് മറുപടി നല്‍കി: അബൂയൂസുഫിനെയും സഫറിനെയും പോലുള്ള പണ്ഢിതന്‍മാര്‍ അദ്ദേഹത്തോടൊപ്പമുള്ളപ്പോള്‍ അബൂഹനീഫക്ക് എങ്ങനെ തെറ്റുപറ്റിയെന്ന് വിചാരിക്കും? ഹദീസ് വിഷയങ്ങളില്‍ പ്രമുഖരായ യഹ്‌യ ബിന്‍ അബൂ സാഇദിനെയും ഹിബാന്‍ ബിന്‍ മന്‍ദലിനെയും പോലുള്ളവരും അറബി ഭാഷയില്‍ നിപുണനായ ഖാസിം ബിന്‍ മഅനെയും പോലുള്ളവര്‍ അവിടെയുണ്ട്. സൂക്ഷ്മതയിലും ഐഹിക വിരക്തിയിലും പേരുകേട്ട ദാവൂദ് ത്വാഇയെയും ഫുദൈല്‍ ബിന്‍ ഇയാദിനെയും പോലുള്ളവരും അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. അത്തരം ആളുകളുടെ സദസില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയാല്‍ അവരദ്ദേഹത്തെ തിരുത്തുമായിരുന്നു.
ഐഹിക ലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഇക്കാലത്തെ വൈജ്ഞാനിക കേന്ദ്രങ്ങളെക്കാള്‍ അവ ഫലവത്തായത് ഇക്കാരണത്താലായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ അടുത്തകാലം വരെയത് നിലനില്‍ക്കുകയും ചെയ്തിരുന്നു. തന്റെ സദസ്സിലുണ്ടായിരുന്നവര്‍ക്ക് ഒരു ഹദീസ് ലഭിച്ചാല്‍ അതിനെ കുറിച്ചു വന്ന എല്ലാ വിശദീകരണങ്ങളും അവര്‍ ശേഖരിക്കുകയും ശേഷം ഞാന്‍ അവ പരിശോധിക്കുകയുമായിരുന്നു ചെയ്യാറുണ്ടായിരുന്നതെന്ന് ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയില്‍ പറയുന്നു. ഹദീസ്, ശരീഅത്ത് വിഷയങ്ങളില്‍ ഒരു വിജ്ഞാനകോശമായി ഫത്ഹുല്‍ ബാരി മാറിയതിന്റെ കാരണവും മറ്റൊന്നല്ല.

വിജ്ഞാനത്തോടുള്ള താത്പര്യവും അവഗാഹവും
അറിവ് നേടുകമാത്രമല്ല അതനുസരിച്ച് പ്രവര്‍ത്തനവും വേണമെന്ന ശാഠ്യമുള്ളവരായിരുന്നു പൂര്‍വ്വസൂരികള്‍. അവരുടെ അറിവിന് പരിധികളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്കിടയിലെ വിദ്യാര്‍ഥി അവന്റെ കഴിവും പ്രാപ്തിയുമനുസരിച്ച് സംഭാവനകളര്‍പ്പിക്കുന്നവനായിരുന്നു. ഫിഖ്ഹില്‍ ശാഫിഈ മദ്ഹബിനെ പിന്‍പറ്റുന്നവരും അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കുന്നവരും മനസിലാക്കിയിരിക്കേണ്ട മറ്റൊരു യാഥാര്‍ഥ്യമാണ് അദ്ദേഹം പ്രഗല്‍ഭനായ ഒരു അമ്പെയ്ത്തു വിദഗ്ദനായിരുന്നുവെന്നത്. പത്തുലക്ഷ്യത്തില്‍ പത്തും അമ്പെയ്തു കൊള്ളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അപ്രകാരം തന്നെ കവിതയിലും ഭാഷയിലും കഴിവ് തെളിയിച്ച വ്യക്തിയാണദ്ദേഹം. പ്രഗല്‍ഭ കവിയായ അസ്മഈ ഇമാം ശാഫിഈയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നുവെന്നത് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു.
ഇറാഖില്‍ വെച്ച് വംശാവലിയില്‍ ജ്ഞാനിയായ ഒരാള്‍ ഇമാം ശാഫിഈയുമായി ആ വിഷയത്തെകുറിച്ച് സംസാരിച്ചു. പ്രസ്തുത വിഷയത്തിലെ പ്രഗല്‍ഭപണ്ഡിതനായിട്ടാണവര്‍ക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. സംസാരം വളരെ നീണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: ‘ആളുകളുടെ പിതാക്കന്‍മാരിലൂടെയുള്ള വംശാവലിയെ പറ്റി സംസാരിക്കുന്നത് എന്നെയും നിങ്ങളെയും പോലുള്ളവര്‍ക്ക് അനുയോജ്യമല്ല. അതുകൊണ്ട് മാതാക്കളിലൂടെയുള്ള അവരുടെ വംശാവലിയെ പറ്റി സംസാരിക്കാം.’ മറ്റൊരിക്കല്‍ ഫുസ്താതില്‍ വെച്ച് വൈദ്യവിദ്യാര്‍കളോടദ്ദേഹം വൈദ്യശാസ്ത്രത്തെ കുറിച്ച് സംസാരിച്ചത് വൈദ്യശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ അറിവിനെയാണ് സൂചിപ്പിക്കുന്നത്.
ഇമാം ശാഫിഈയുടെ പ്രമുഖശിഷ്യനായിരുന്ന റബീഅ് ബിന്‍ സുലൈമാന്‍ തന്റെ ഗുരുനാഥനെ കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്. ‘അദ്ദേഹം ഫുസ്താതിലെത്തിയപ്പോള്‍ അവിടെയുള്ള പ്രമുഖ പണ്ഢിതന്‍മാര്‍ അദ്ദേഹത്തില്‍ നിന്നും വിജ്ഞാനം നുകരുകയുണ്ടായി. അദ്ദേഹം സുന്ദരനും സുശീലനുമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ മറ്റു പണ്ഡിതരേക്കാള്‍ ഇഷ്ടപ്പെട്ടിരുന്നു. സുബ്ഹി നമസ്‌കാരാനന്തരം ഖുര്‍ആന്‍ പഠിക്കാന്‍ ആളുകള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. സൂര്യനുദിച്ച് അവര്‍ സ്ഥലം വിടുമ്പോഴേക്കും ഹദീസും അതിന്റെ വിശദീകരണവും പഠിക്കാനുള്ളവര്‍ എത്തിച്ചേരുകയും ചെയ്യും. പിന്നീട് കൂടിയാലോചനക്കും ചര്‍ച്ചക്കുമുള്ള സമയമാണ്. അതിന് ശേഷം ഉച്ച വരെയുള്ള സമയം കവിതയും ഭാഷയും വ്യാകരണ നിയമങ്ങളും പഠിപ്പിക്കാനായിരുന്നു. അതിന് ശേഷമേ ഫുസ്താതിലെ തന്റെ വീട്ടിലേക്കു അദ്ദേഹം മടങ്ങാറുണ്ടായിരുന്നുള്ളൂ. ഫുസ്താതില്‍ അദ്ദേഹം ചെലവഴിച്ച നാലു വര്‍ഷം കൊണ്ട് 1050 പേജുകളദ്ദേഹം എഴുതി. അക്കാലയളവിലാണ് കിതാബുല്‍ ഉമ്മ്, അല്‍ഫിയ, കിതാബ് സുനന്‍ എന്നീ ഗ്രന്ഥങ്ങളുടെ രചന നിര്‍വഹിച്ചത്. അര്‍ശസ് രോഗം കൊണ്ട് പ്രയാസം അനുഭവിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു ഇതെല്ലാം അദ്ദേഹം ചെയ്തിരുന്നത്.
പ്രഥമ പാഠശാലയില്‍ മൂന്ന് തരം ആളുകളായിരുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളുകയും നന്മയെ സ്‌നേഹിക്കുകയും മനുഷ്യത്വത്തോടും പരസ്പരാനുകമ്പയോടും പെരുമാറിയിരുന്നവരാണ് അവരില്‍ ഭൂരിഭാഗവും. പണ്ഡിതന്‍മാര്‍ പ്രയോജനകരമായ എല്ലാ അറിവുകളും നേടുകയും പ്രയോജനപരമല്ലാത്തതില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുകയും ചെയ്തിരുന്നു. അല്ലാഹു അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തമായിട്ടാണ് വിജ്ഞാനത്തെ അവര്‍ കണ്ടത്. കേവല നാണയങ്ങള്‍ക്ക് പകരമായി അവ വില്‍ക്കുന്നവരായിരുന്നില്ല അവര്‍. കഴിവും യോഗ്യതയുമുള്ള പിന്‍ഗാമികളിലേക്കത് പകര്‍ന്നു നല്‍കുന്നതിനെ ഇബാദത്തായി അവര്‍ കണ്ടു. ഭരണാധികാരികള്‍ അധികാരത്തെ ഉത്തരവാദിത്തവും ഭാരവുമായി കാണുന്നവരായിരുന്നു. സ്ഥാനമാനങ്ങളന്വേഷിച്ച് ആളുകള്‍ ചെല്ലുന്നതിനു പകരം അവരെ തേടി അവ എത്തുകയായിരുന്നു ചെയ്തിരുന്നത്. അധികാരത്തോടും സ്ഥാനമാനത്തോടുമുള്ള വിരക്തി കാരണത്താലും അവ നിര്‍വഹിക്കുന്നവരുടെ സ്ത്യസന്ധത കാരണത്താലും അത്തരത്തിലുള്ള ആളുകളും മേഖലകളും കുറവാവുകയും ഇത് മൊത്തം സമൂഹത്തിന്റെ ബജറ്റ് ലഘുകരിക്കാന്‍ കാരണമാവുകയും ചെയ്തു. ഇക്കാലത്തെക്കാള്‍ വ്യാപകമായ സുരക്ഷിതത്വവും നീതിയുമാണ് അന്നുണ്ടായിരുന്നത്. ജനങ്ങളുടെ പ്രശനങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്തു.
നബി(സ) നന്മ ആശംസിച്ച മൂന്നു തലമുറകളിലുണ്ടായിരുന്നവര്‍ പഠിച്ചിറങ്ങിയ പാഠശാലയുടെ അധ്യാപനമായിരുന്നു ഇത്. സഹോദരന്‍മാരെ, നിങ്ങളുടെ ഒന്നാമത്തെ പാഠശാലയുടെ സംസ്‌കരണ ശീലവും നടപടിക്രമങ്ങളും പതിനൊന്നു നൂറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. അതിനെ പുനരുദ്ധരിക്കാനും സംസ്‌കരിക്കാനും ചരിത്രത്തെകുറിച്ച് അവബോധമുള്ള, പൈതൃകത്തിന്റെ മൂല്യമറിയുന്ന യുവാക്കള്‍ നമുക്കിടയിലുണ്ടോ?

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

 

Facebook Comments
Related Articles
Show More

3 Comments

  1. 117812 628177This design is steller! You most undoubtedly know how to maintain a reader entertained. Between your wit and your videos, I was almost moved to start my own weblog (properly, almostHaHa!) Wonderful job. I truly loved what you had to say, and far more than that, how you presented it. Too cool! 983650

Leave a Reply

Your email address will not be published.

Check Also

Close
Close
Close