ഇസ്‌ലാമിന്റെ പൊന്‍ കിരണങ്ങള്‍ ഭൗമോപരിതലത്തെ പ്രകാശമാനമാക്കി. അതിന്റെ ഉജ്ജ്വലമായ സന്ദേശങ്ങള്‍ മനുഷ്യനെ മഹോന്നതനാക്കി. പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറി അവന്‍ പൂര്‍ണതയുടെ പദവിയിലേക്കുയര്‍ത്തപ്പെട്ടു. വിജ്ഞാനം ആര്‍ജിക്കാനും ആവിഷ്‌കരിക്കാനും അതവനെ പ്രോല്‍സാഹിപ്പിച്ചു. അവക്കുള്ള സ്ഥാനവും മഹത്വവും വരച്ച് കാണിച്ചു. അവയന്വേഷിച്ച് പുറപ്പെടുന്നതിന് പ്രചോദനമേകി. വിജ്ഞാനം തേടുന്നതിനും കണ്ടെത്തുന്നതിനും വിശുദ്ധ വേദവും തിരുസുന്നത്തും നല്‍കിയ അങ്ങേയറ്റത്തെ പരിഗണന സകല മേഖലകളിലും പുരോഗതി പ്രാപിച്ച മഹത്തായ ഇസ്‌ലാമിക നാഗരികതയുടെ പിറവിക്ക് കാരണമായി. പാശ്ചാത്യന്‍ ശാസ്ത്രജ്ഞരും ഗവേഷകരും ഇസ്‌ലാമിക ലോകത്ത് വിജ്ഞാനം തേടി വന്നത് ഇക്കാലത്തായിരുന്നു.
മുസ്‌ലിം ശാസ്ത്രജ്ഞരുടെ കൃതികള്‍ ധാരാളമായി അവര്‍ വിവര്‍ത്തനം ചെയ്തു. അതു മുഖേന ലോകത്ത് കണ്ടെത്തലുകളുടെയും നൂതനാവിഷ്‌കാരങ്ങളുടെയും ഉടമകളായി അവര്‍ അറിയപ്പെട്ടു. ഒടുവില്‍ അവ മറച്ച് വെക്കുന്നതിന് വേണ്ടി മുസ്‌ലിം നാടുകളില്‍ തങ്ങള്‍ക്കനുകൂലമായ വിഭാഗങ്ങളെ അവര്‍ രൂപപ്പെടുത്തി. മുസ്‌ലിംകളുടെ ധാരാളം കണ്ടെത്തലുകള്‍ പാശ്ചാത്യരിലേക്ക് ചേര്‍ക്കപ്പെട്ടു. മാത്രമല്ല ഇസ്‌ലാം പുരോഗതിക്ക് എതിരാണെന്ന് പറഞ്ഞ് പരത്തി മുസ്‌ലിംകള്‍ക്ക് നേരെ മാനസിക യുദ്ധം അഴിച്ച് വിടുകയും ചെയ്തു.
വിമാനം
റൈറ്റ് സഹോദരന്‍മാര്‍ 1903ല്‍ മനുഷ്യന്റെ പറക്കാനുള്ള മോഹം സഫലീകരിച്ചു എന്നാണ് പ്രസിദ്ധമായ കഥ. എന്നാല്‍ ഇതിന് മുമ്പ് തന്നെ 880-ല്‍ അന്‍ദലുസില്‍ പ്രഥമ പറക്കല്‍ പരീക്ഷണം നടന്നിരുന്നു. അബ്ബാസ് ബ്‌നു ഫിര്‍നാസ് എന്ന അന്‍ദലുസ് മുസ്‌ലിമായിരുന്നു അത് ആവിഷ്‌കരിച്ചത്. ചിറകുകളും മറ്റും ഘടിപ്പിക്കപ്പെട്ട അത് ഒരു പക്ഷിയുടെ രൂപത്തില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഡോ. ഫിലിപ്പ് ഹാറ്റി, സിഗ്രിഡ് ഹോങ്ക് തുടങ്ങിയ പാശ്ചാത്യന്‍ ചരിത്രകാരന്‍മാര്‍ ഇതിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. പ്രഥമ വിമാനമായി അവര്‍ കണക്കാക്കുന്നതും ഇത് തന്നെ.
ആവിയന്ത്രം
ഐര്‍ലണ്ടുകാരനായ ജെയിംസ് വാട്ട് ആണ് ആവിയന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. എന്നാല്‍ അല്‍ ജസരി അതിനും 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിന് സമാനമായ ഓട്ടോമാറ്റിക് ആവി യന്ത്രം കണ്ട് പിടിച്ചിരുന്നു.
മുങ്ങിക്കപ്പല്‍
ലിയോനാര്‍ഡോ ഡാവിഞ്ചിയാണ് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനുള്ള സംവിധാനം ആദ്യമായി ആവിഷ്‌കരിച്ചത് എന്നാണ് രേഖപ്പെടുത്തപ്പെട്ടത്. ഹോളണ്ടുകാരനായ ശാസ്ത്രജ്ഞന്‍ ഡ്രാബല്‍ ഇതിനെ പുനഃരാവിഷ്‌കരിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1776ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ബോഷ്‌നലാണ് പ്രഥമ മുങ്ങിക്കപ്പല്‍ തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ 1719ല്‍ ഇബ്രാഹിം അഫണ്ടി മനുഷ്യനെ വഹിക്കാന്‍ സാധിക്കുന്ന ആദ്യ മുങ്ങിക്കപ്പല്‍ കണ്ടെത്തിയിരുന്നു. എന്നല്ല അക്കാലത്ത് ഇസ്താംബൂള്‍ ഭരണാധികാരിയുടെ സല്‍ക്കാരവുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷത്തില്‍ തന്റെ മുങ്ങിക്കപ്പലുമായി അദ്ദേഹം പങ്കെടുത്തിരുന്നു.
ഭൂമിയുടെ ഗോളാകൃതിയും സൂര്യന് ചുറ്റുമുള്ള സഞ്ചാരവും
വിശുദ്ധ ഖുര്‍ആന്റെ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തെ വായിച്ച അല്‍ബറൂനി ഭൂമിയുടെ ഗോളാകൃതിയെയും, സൂര്യന് ചുറ്റുമുള്ള സഞ്ചാരത്തെയും സംബന്ധിച്ച് കോപ്പര്‍ നിക്കസിന് 500 മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. പക്ഷെ നമ്മുടെ യുവാക്കള്‍ക്ക് ഇതറിയില്ല. കാരണം കോപ്പര്‍ നിക്കസ് താനാണ് ഇത് ആവിശ്കരിച്ചത് എന്ന നിലക്കാണ് അത് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.
രക്ത ചംക്രമണം
സെര്‍ഫിത്യൂസ് ആണ് 16-ാം നൂറ്റാണ്ടില്‍ രക്ത ചംക്രമണം കണ്ടെത്തിയതെന്ന് പ്രചരിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് മുമ്പ് ഇബ്‌നു നഫീസ് പ്രസ്തുത ആശയം കണ്ട് പിടിച്ചിരുന്നു. അദ്ദേഹം തന്റെ കൃതിയില്‍ സുവ്യക്തമായി അതിനെ വിശദീകരിച്ചിരിക്കുന്നു.
ഓപ്പറേഷന് വേണ്ടി ബോധം കെടുത്തല്‍
1850-ല്‍ ജോണ്‍കണ്‍ ആയിരുന്നു ആദ്യമായി ഓപ്പറേഷന് വേണ്ടി ബോധം കെടുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് പ്രചാരമെങ്കിലും അതിനും 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബിന്‍ ഖുര്‍റ അത് നടപ്പില്‍ വരുത്തിയിരുന്നു. ബഗ്ദാദുകാരനായ അദ്ദേഹത്തിന് വൈദ്യ ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അഗാധമായ ജ്ഞാനമുണ്ടായിരുന്നു.
ആറ്റം
ജോണ്‍ ടാല്‍ട്ടണ്‍ (1766-1844) എന്ന ബ്രിട്ടീഷുകാരനാണ് ആറ്റവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. യുറേനിയം കണികകള്‍ വിഭജിക്കപ്പെടാവുന്നതാണ് എന്ന് കണ്ടെത്തിയത് ജര്‍മന്‍ ശാസ്ത്രജ്ഞനായ ഓട്ടോഹാന്‍ (1779-1868) ആയിരുന്നു. എന്നാല്‍ ഹറാന്‍ സര്‍വ്വകലാശാലാ തലവനായിരുന്ന മുസ്‌ലിം പണ്ഡിതന്‍ ജാബിറു ബിന്‍ ഹയ്യാന്‍ (721-815) തന്റെ ഗ്രന്ഥത്തില്‍ ഈ ആശയം കുറിച്ച് വെച്ചിട്ടുണ്ട്. ആധുനിക ലോകത്തെ പണ്ഡിതരെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍. അദ്ദേഹം ഇപ്രകാരം പറയുന്നു. ‘ഒരു പദാര്‍ത്ഥത്തിന്റെ വിഭജിതമാവാതല്ലാത്ത ഏറ്റവും ചെറിയ കണികയില്‍ പോലും ശക്തിവത്തായ പിണ്ഡം ഉള്‍ക്കൊള്ളുന്നു. പൂര്‍വ്വ കാല ഗ്രീക്ക് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് പോലെ വിഭജിക്കാന്‍ കഴിയാത്തവയൊന്നുമല്ല അവ. ഇവയെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളാവുന്നു.’
ക്ഷയരോഗവും അതിന്റെ ചികിത്സയും
അമ്പത് വര്‍ഷം മുമ്പ് വരെ ക്ഷയരോഗത്തിന്റെ ചികിത്സയെക്കുറിച്ച് ലോകത്തിന് അറിവുണ്ടായിരുന്നില്ല. ജര്‍മനിയില്‍ നിന്നുള്ള റോബര്‍ട്ട് കുക്ക് (1910-1834) ആണ് ക്ഷയരോഗത്തിന്റെ അണുക്കളെയും ചികിത്സാ രീതിയും കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. എന്നല്ല ഇതിന്റെ പേരില്‍ 1905-ല്‍ അദ്ദേഹത്തിന് നോബല്‍ ലഭിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഉസ്മാനി ശാസ്ത്രജ്ഞനായിരുന്ന അബ്ബാസ് വസീം ബിന്‍ അബ്ദുര്‍റഹ്മാന്‍ (1761) ക്ഷയ രോഗത്തിന്റെ അണുക്കളെയും ചികിത്സയെയും സംബന്ധിച്ച് ഒരു ഗവേഷണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ ഗവേഷണം യൂറോപ്പില്‍ ചര്‍ച്ചാ വിഷയമായി. മറ്റ് ശാസ്ത്രകാരന്‍മാര്‍ ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
മേല്‍ സൂചിപ്പിച്ചത് പോലെ മനുഷ്യന്റെ അനന്തര സ്വത്തായി ഗണിക്കപ്പെടുന്ന വിജ്ഞാനത്തില്‍ മുസ്‌ലിം ധാരാളമായി പങ്ക് വഹിക്കുകയുണ്ടായി. പ്രത്യേകിച്ചും 16-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയില്‍.
സത്യസന്ധമായി ചരിത്രത്തെ സമീപിച്ച പാശ്ചാത്യ എഴുത്തുകാരൊക്കെയും ശാസ്ത്രമേഖലയില്‍ മുസ്‌ലിംകളുടെ പങ്കിനെ കുറിച്ച് വളരെ വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സാബിത്ത് ബിന്‍ ഖുര്‍റയെ മുസ്‌ലിംകളുടെ യൂക്ലിഡ് എന്നാണ് അവര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പരിചയപ്പെടുത്തുന്നത്. യൂക്ലീഡിന് ആയിരം വര്‍ഷം മുമ്പ് ബീജഗണിതം ഖവാറസ്മി കണ്ട് പിടിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര പിതാവായി ഇബ്‌നു സീനയെയും അല്‍ ജസ്‌രിയെ ആധുനിക എഞ്ചിനീയറിംഗിന്റെ പ്രഥമ വക്താവായും അവര്‍ പരിഗണിക്കുന്നു.
ലോക ശാസ്ത്രീയ ചരിത്രത്തിലെ വളരെ പ്രസിദ്ധമായ ചില കണ്ടെത്തലുകളാണ് മേല്‍ സൂചിപ്പിച്ചത്. അവരെല്ലാം മിക്ക ഗ്രന്ഥങ്ങളിലും സന്ദര്‍ഭങ്ങളിലും വിസ്മരിക്കപ്പെടാറാണ് പതിവ്. എന്നല്ല അവരുടെ കണ്ടെത്തലുകള്‍ പാശ്ചാത്യരുടെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള അവബോധം മുസ്‌ലിംകള്‍ എന്ന നിലക്ക് നാം കാത്ത് സൂക്ഷിക്കേണ്ടിയിരിക്കുന്നു.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി