ശമീര്‍ബാബു കൊടുവള്ളിയുടെ ‘വിശുദ്ധിയിലേക്കുള്ള ചിറകടികള്‍’ എന്ന കൃതി വിജ്ഞാനത്തിന്റെ ഇസ്ലാമിക അടിത്തറകളില്‍ നിന്നുകൊണ്ടുള്ള മികച്ച വായനാനുഭവം നല്‍കുന്ന എഴുത്ത് സമാഹാരമാണ്. ആധ്യാത്മിക മൂല്യങ്ങള്‍ ചിന്തോദ്ദീപകമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊന്ന് അധ്യായങ്ങളാണ് കൃതിയിലുള്ളത്. ആദ്യ അധ്യായം ‘സമര്‍പ്പണം’. അവസാന അധ്യായം ‘സാഹോദര്യം’. ഓരോ അധ്യായത്തിന്റെയും ആരംഭത്തില്‍ പ്രഗത്ഭ വ്യക്തികളുടെ വിഷയാധിഷ്ഠിത ഉദ്ധരണികള്‍ നല്‍കിയത് കൃതിക്ക് സൂഫീഭാവം നല്‍കുന്നുണ്ട്. ‘ഇഹ് യാ ഉലൂമുദ്ദീന്‍’ എന്ന സൂഫീകൃതിയുടെ അനുഭൂതി നല്‍കുന്ന രചനാ വൈഭവമാണ് ഗ്രന്ഥകാരന്‍ കൃതിയിലൂടെ പ്രകാശിപ്പിക്കുന്നത്. മുഴുവന്‍ അധ്യായങ്ങളും ഇസ്‌ലാമിന്റെ ആത്മീതയിലേക്കാണ് വായനക്കാരനെ എത്തിക്കുന്നത്. ‘സമര്‍പ്പണം’ എന്ന അധ്യായത്തില്‍ ദൈവ സമര്‍പ്പണത്തെ സംബന്ധിച്ച് ഗ്രന്ഥകാരന്‍ വിശദമാക്കുന്നു: ”ആത്മനിര്‍വൃദ്ധിയാണ് സമര്‍പ്പണത്തിലൂടെ സാധ്യമാകുന്നത്. മനുഷ്യന്‍ ദൈവത്തിന് സമര്‍പ്പിച്ചാലും ഇല്ലെങ്കിലും ദൈവത്തിന് നേട്ടമോ കോട്ടമോ സംഭവിക്കുകയില്ല. സമര്‍പ്പണത്തിന്റെ ഫലം തനിക്കുതന്നെയാണ് ലഭിക്കുക”.
വിശ്വാസത്തെ സംബന്ധിച്ച വര്‍ത്തമാനങ്ങളാണ് രണ്ടാമത്തെ അധ്യായം. വിശ്വാസം നിലനിര്‍ത്താന്‍ നിത്യോത്സാഹം വേണം. കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണത്. വിശ്വാസം ദുര്‍ബലമായാല്‍ ആത്മാവ് ദുര്‍ബലമാകും. സംസ്‌കരണവും കര്‍മ്മവും ദുര്‍ബലമാകും. അപ്പോള്‍ ജീവിതം മൊത്തത്തില്‍ അവതാളത്തിലാകും. ‘സ്മരണ’ എന്ന അധ്യായത്തില്‍ ദൈവസ്മരണയെക്കുറിച്ച് വായിക്കാം. ദൈവസ്മരണ വിശ്വാസികള്‍ക്ക് പ്രയോജനപ്രദമാണ്. ആധ്യാത്മികമായും ഭൗതികമായും ധാരാളം ഫലങ്ങള്‍ ദൈവസ്മരണ നല്‍കുന്നു. ദൈവസ്‌നേഹം, പ്രവാചക സ്‌നേഹം, കാരുണ്യം, ദൈവബോധം, ധൃഢവിശ്വാസം, ആത്മജ്ഞാനം, പാപമുക്തി, സ്വര്‍ഗ്ഗപ്രവേശം പോലുള്ളവ ദൈവസ്മരണയുടെ ആധ്യാത്മിക ഫലങ്ങളാണ്.
ഭരമേല്‍പ്പിക്കല്‍ എന്ന അധ്യായം ഏറെ ആകര്‍ഷകമാണ്. ദൈവത്തില്‍ ഭരമേല്‍പ്പിച്ചുകൊണ്ടായിരിക്കണം ജീവിതമെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നു. ഭരമേല്‍പ്പിക്കലിനൊപ്പം ചില മഹത്തായ തത്വങ്ങള്‍ കൂടി ഉണ്ടാവണം. ഉദ്ദേശം, കര്‍മം, പ്രാര്‍ഥന, പ്രത്യാശ എന്നിവയാണവ. അവ തോളോട് തോള്‍ ചേര്‍ന്നു കൊണ്ടാവണം ജീവിതം. അങ്ങനെയാവുന്നില്ലെങ്കില്‍ ജീവിതം പാഴ്‌വേലയായി പരിണമിക്കും. പ്രാര്‍ഥനയെ തത്വജ്ഞാനപരമായാണ് സമീപിപ്പിക്കുന്നത്. പ്രാര്‍ഥനക്ക് ഒരു തനത് സംസ്‌കാരമുണ്ട്. പ്രാര്‍ഥിക്കുന്ന വ്യക്തിയുടെ വിചാരം, പ്രാര്‍ഥനയുടെ രീതി, അതിന്റെ ഉള്ളടക്കം തുടങ്ങിയവയെല്ലാം പ്രാര്‍ഥിക്കുന്ന വേളയില്‍ പ്രധാനമാണ്. പ്രാര്‍ഥനക്ക് ഫലം ഉണ്ടാകുമെന്ന് ഉറച്ച ബോധ്യം വേണം. വിനയത്തോടും രഹസ്യസ്വഭാവത്തോടും ആയിരിക്കണം പ്രാര്‍ഥന.
കൃതിയില്‍ നന്ദിപ്രകാശനത്തെ സംബന്ധിച്ച് പറയുന്ന ഭാഗങ്ങള്‍ ആരിലും വിസ്മയം ജനിപ്പിക്കും. അത്രക്കും ഭംഗിയായാണ് ആ അധ്യായത്തിന്റെ അവതരണം. ചുറ്റും ദൈവം ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ അറിയല്‍ ഒരു അനുഗ്രഹമാണ് പോലും. ദൈവത്തെ തിരിച്ചറിയാനാവുക എന്നത് മറ്റൊരു അനുഗ്രഹവും. ഗ്രഹിച്ച അനുഗ്രഹങ്ങളെയും തിരിച്ചറിഞ്ഞ ദൈവത്തെയും മുന്‍നിര്‍ത്തി ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുക എന്നത് എല്ലാത്തിനെക്കാളും മീതെ നില്‍ക്കുന്ന അനുഗ്രഹവും സൗഭാഗ്യവുമാണ്. ജീവിതത്തില്‍ ധ്യാനനിര്‍ഭരമായി ശീലിക്കേണ്ട സ്വഭാവങ്ങളാണ് കൃതി മൊത്തം സമ്മാനിക്കുന്നത്. വിശ്വാസത്തെ ത്രസിപ്പിക്കുകയും അതിന് തിളക്കം കൂട്ടുകയും ചെയ്യുന്ന ഉത്തമമായ സാധനയാണ് പാശ്ചാത്താപം(പേജ്: 38). തികവുറ്റ ആദര്‍ശബോധവും അതിനനുസൃതമായ ജീവിത ക്രമീകരണവുമാണ് ആത്മാര്‍ഥതയുടെ ആദ്യപടി(പേജ്: 42). ആത്മാവ്, പ്രജ്ഞ തുടങ്ങിയവയുമായി ബന്ധമുള്ള സ്വഭാവമാണ് സൂക്ഷമത(പേജ്: 47).
ലളിതമായാണ് ഗ്രന്ഥകാരന്‍ ആശയങ്ങള്‍ വിശദമാക്കുന്നത്. അവയില്‍നിന്ന് കുറച്ച് മാത്രം ഉദാഹരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള അധ്യായങ്ങളായ സുകൃതം, സംതൃപ്തി, പ്രത്യാശ, വിചാരണ, സംയമനം, സ്‌നേഹം, കാരുണ്യം, വിശ്വസ്തത, വിട്ടുവീഴ്ച, ഉദാരത, ഗുണകാംക്ഷ, സാഹോദര്യം തുടങ്ങിയവയിലും ഇസ്ലാമിന്റെ പ്രതലത്തിലൂന്നിയുള്ള ഉത്തമ വിഭവങ്ങളാണ് കൃതിയില്‍ വായനക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഓരോ അധ്യായത്തിന്റെയും അവസാനത്തില്‍ ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന് ഉദാഹരണങ്ങള്‍ ചേര്‍ത്തിരിക്കുന്നു എന്നത് വായനക്ക് ആത്മീയമായ സ്പര്‍ശം നല്‍കാന്‍ നിമിത്തമായിട്ടുണ്ട്.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL