“2013 ഫെബ്രുവരി 9 പുലർച്ചെ 6 മണി, ആസന്നമായ മരണത്തെ കുറിച്ച് അഫ്സൽ ഗുരുവിനെ അറിയിക്കേണ്ട സമയം. പരസ്പരം കാണാറുണ്ടായിരുന്നെങ്കിലും ഞങ്ങൾക്കിടയിൽ സംസാരമൊന്നും ഉണ്ടായിരുന്നില്ല. കാണുമ്പോഴെല്ലാം വ്യത്യസ്ത വിശ്വാസധാരകളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ – ഗീത, ഖുർആൻ, വേദങ്ങൾ – അദ്ദേഹം വായിക്കുന്നുണ്ടാവും. വായിക്കാത്ത സമയത്തെല്ലാം അദ്ദേഹം പ്രാർഥനാനിരതനായിരിക്കും. അഞ്ചു നേരത്തെ നമസ്കാരങ്ങളിൽ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.”
“ഖേദത്തോടെ, ‘ഇന്നാണ് നിങ്ങളെ തൂക്കിലേറ്റുന്നത് എന്ന കാര്യം എനിക്ക് പറയാതിരിക്കാൻ നിർവാഹമില്ല’ എന്ന് സൂപ്രണ്ട് അഫ്സലിനെ അറിയിച്ചു. ‘എനിക്കറിയാം, എനിക്ക് മനസ്സിലായി,’ അഫ്സൽ മറുപടി നൽകി.”
‘ബ്ലാക് വാറണ്ട്’ എന്ന പുസ്തകത്തിലൂടെ സുനിൽ ഗുപ്ത വെളിപ്പെടുത്തിയ അഫ്സൽ ഗുരുവിന്റെ അവസാന മണിക്കൂറുകളുടെ വിശദമായ വിവരണം, ഏതൊരു കശ്മീരിയുടെയും അഭിമാനമേറ്റുന്നതാണ്. മരണത്തിനു മുന്നിലും അദ്ദേഹം പുലർത്തിയ ശാന്തത അല്ലാഹുവിലും അല്ലാഹുവിന്റെ വിധിതീരുമാനങ്ങിലുമുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസത്തെയും അതുപോലെ തന്നെ കശ്മീരി ദേശീയതയോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയെയുമാണ് വിളിച്ചോതുന്നത്.
Also read: ജനാധിപത്യസൂചികയില്‍ ഇന്ത്യ പിറകോട്ടടിക്കുമ്പോള്‍
തീഹാർ ജയിലിലെ ലോ ഓഫീസറായി 2016-ൽ വിരമിച്ച സുനിൽ ഗുപ്ത, പ്രമുഖ മാധ്യമപ്രവർത്തക സുനേത്ര ചൗധരിയുമായി ചേർന്ന് രചിച്ച ‘ബ്ലാക് വാറണ്ട്’ എന്ന പുസ്തകം പുറംലോകമറിയാത്ത ജയിൽ കഥകളാണ് വായനക്കാർക്കു മുന്നിൽ തുറന്നിടുന്നത്. ഏഷ്യയിലെ തന്നെ അതീവ സുരക്ഷാ ജയിലുകളിൽ ഒന്നായ തീഹാറിലെ നീണ്ട 35 വർഷക്കാലത്തെ നേരനുഭവങ്ങളുടെ സമാഹരണമാണ് ഈ കൃതി.
“ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന് അടുത്തിരുന്നു, ചായ വേണോ എന്ന് ചോദിച്ചു. ചായ കുടിച്ചു കൊണ്ടിരിക്കെ തന്റെ കേസിനെ കുറിച്ച് അഫ്സൽ ശാന്തമായി പറഞ്ഞു. പിന്നെ അദ്ദേഹം 1960-ലെ ബാദൽ എന്ന സിനിമയിലെ ‘അപ്നെ ലിയേ ജിയേ തോ ക്യാ ജിയേ, തൂ ജീ ഏ ദിൽ സമാനെ കെ ലിയേ.” എന്ന ഗാനം പാടാൻ തുടങ്ങി..
“അദ്ദേഹത്തിന്റെ സ്വരത്തിൽ ഭയത്തിന്റെ ഒരംശം പോലുമില്ലായിരുന്നു. ഒരു പ്രത്യേക രീതിയിലാണ് അഫ്സൽ അതു പാടിയത്. നിർത്തുന്നതു വരെ ഞാനും അദ്ദേഹത്തിന്റെ കൂടെ പാടി, ശേഷം അഫ്സൽ ചായ ആവശ്യപ്പെട്ടു. ജയിലിൽ ചായ വിതരണം ചെയ്തിരുന്ന ആൾ പോയിക്കഴിഞ്ഞിരുന്നു. 2001 പാർലമെന്റ് ആക്രമണക്കേസിൽ കുറ്റക്കാരനെന്നു വിധിക്കപ്പെട്ട അഫ്സൽ ഗുരു, ഒരു കപ്പ് ചായ എന്ന അന്ത്യാഭിലാഷം പൂർത്തീകരിക്കപ്പെടാതെ അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നുകയറി.”
Also read: ആദിവാസികൾ ഹിന്ദുക്കളല്ല!
കുടുംബത്തിനും ബന്ധുക്കൾക്കും നൽകാൻ എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് ജയിൽ സൂപ്രണ്ട് ആരാഞ്ഞപ്പോൾ, തൂക്കിലേറ്റുന്ന സമയത്ത് താങ്കൾ അവിടെയുണ്ടാകുമോ എന്ന് സൂപ്രണ്ടിനോട് അഫ്സൽ ചോദിച്ചു. പേടിക്കേണ്ട, ഉണ്ടാവും എന്ന് ജയിൽ സൂപ്രണ്ട് മറുപടി നൽകി, “എനിക്ക് വേദനയില്ലെന്ന് ഉറപ്പാക്കുക.” അഫ്സൽ അദ്ദേഹത്തോട് പറഞ്ഞു.
തൂക്കിലേറ്റപ്പെട്ട് 26 മണിക്കൂറിനു ശേഷമാണ് അഫ്സൽ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് കുടുംബത്തിനു ലഭിച്ചത്. “ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം, അഫ്സലിന്റെ അവസാന മണിക്കൂറുകൾ ഞാൻ കുടുംബവുമായി പങ്കുവെച്ചു. അവർ പൊട്ടിക്കരഞ്ഞു.” ആദ്യമായാണ് താൻ പൊട്ടിക്കരഞ്ഞതെന്ന് സുനിൽ ഗുപ്ത എഴുതി.
Also read: ഇനി ഉറക്കത്തിന്റെയല്ല; നമസ്കാരത്തിന്റെ രാത്രികൾ
അഫ്സലിന്റെ പേരു പരാമർശിക്കുന്ന ഏതൊരാളും അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുമെന്ന് സുനിൽ ഗുപ്തക്ക് അറിയാമെങ്കിലും, ഭയം പിടിമുറുക്കുന്ന നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിലും തന്റെ ചിന്തകൾ പങ്കുവെക്കാൻ ധൈര്യപ്പെട്ട എഴുത്തുകാരന്റെ അഭിപ്രായത്തിൽ “മനുഷ്യരാശിയെ സേവിക്കാനും തന്റെ ജനത സമാധാനപരമായി ജീവിക്കാനും ആഗ്രഹിച്ച ഒരു നല്ല മനുഷ്യനായിരുന്നു അഫ്സൽ”.
അഫ്സൽ ഗുരുവിന്റെ കേസിലെ എല്ലാ വശവും വിവാദപരമായിരുന്നു എന്ന കാര്യത്തിൽ സുനിൽ ഗുപ്തക്കു സംശയമില്ല. പാർലമെന്റ് ആക്രമണക്കേസിൽ, അഫ്സൽ ഒഴികെ ബാക്കിയുള്ളവരെല്ലാം കുറ്റവിമുക്തരായി. അഫ്സൽ ഒരു ഭീകരസംഘത്തിന്റെയും ഭാഗമല്ലെന്ന് സുപ്രീംകോടതി സമ്മതിച്ചിരുന്നു. അഫ്സലിനെതിരായ കേസ് പോട്ട നിയമത്തിന്റെ പരിധിയിലുള്ള തീവ്രവാദകുറ്റമാണ്, ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്, എന്നാൽ ഈ കേസിൽ ഡൽഹി സർക്കാറാണ് അനുമതി നൽകിയത്.
കേസിന്റെ ആദ്യഘട്ടത്തിൽ, അഫ്സലിനു വേണ്ടി വാദിക്കാൻ വക്കീൽ ഉണ്ടായിരുന്നില്ല. പിന്നീട്, മുതിർന്ന നിയമജ്ഞൻ രാം ജെത്മലാനി ഇടപെടുകയും, പോലീസ് കേസിലെ നിരവധി പഴുതുകൾ ചൂണ്ടികാട്ടുകയും, കേവലം പോട്ടയുടെ കീഴിലുള്ള കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ നൽകുന്നതിനെ എതിർക്കുകയും ചെയ്തിരുന്നു. റിവ്യൂ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ നിയമവാഴ്ചയുടെ പരിധിക്കപ്പുറത്തേക്കു പോകുന്നതായിരുന്നു, “കുറ്റവാളിക്ക് വധശിക്ഷ നൽകിയാൽ മാത്രമെ സമൂഹത്തിന്റെ പൊതുമനസാക്ഷി തൃപ്തിപ്പെടുകയുള്ളു.” എന്നാണ് സുപ്രീംകോടതി യാതൊരുവിധ മടിയുമില്ലാതെ പറഞ്ഞത്.
പാർലമെന്റ് ആക്രമണകാരി മുഹമ്മദിനെ സഹായിക്കാൻ തന്നെ കുപ്രസിദ്ധ ഡി.എസ്.പി ദേവീന്ദർ സിംഗ് നിർബന്ധിച്ചു എന്ന് അഫ്സൽ തന്റെ വക്കീലിന് എഴുതിയ കത്തിൽ ചൂണ്ടികാണിച്ചിരുന്നു. അതൊന്നും പക്ഷേ ആരും തന്നെ ചെവികൊണ്ടില്ല. അഫ്സൽ ഗുരുവിനു പറയാനുള്ളതും അദ്ദേഹത്തിന്റെ കത്തിലുള്ള തെളിവുകളും സുപ്രീംകോടതി സ്വീകരിച്ചിരുന്നുവെങ്കിൽ യഥാർഥ വസ്തുതകൾ പുറത്തുവരികയും കേസിലെ വിധി തീർത്തും മറ്റൊന്നാവുകയും ചെയ്യുമായിരുന്നു.
Also read: അപ്പോള്‍ മെറ്റാഫിസിക്‌സ് ചര്‍ച്ചകള്‍ ഇസ്‌ലാമില്‍ പ്രസക്തമല്ലേ?
കുടുംബവുമായുള്ള അഫ്സലിന്റെ അവസാന കൂടികാഴ്ച തടയുന്നതിനായി നിയമങ്ങൾ എങ്ങനെ ലംഘിക്കപ്പെട്ടുവെന്ന് ഗുപ്ത നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. നിങ്ങളൊരു കശ്മീരി വിരുദ്ധനാണെങ്കിൽ ഇതിലൊന്നും യാതൊരു പ്രശ്നവും നിങ്ങൾക്ക് അനുഭവപ്പെടില്ല.
തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വളരെ വ്യക്തമാണ് – പ്രസിഡന്റ് പ്രണബ് മുഖർജി ദയാഹരജി തള്ളിയതിനും വധശിക്ഷ നടപ്പാക്കുന്ന തിയ്യതിക്കും ഇടയിൽ, സാധാരണപോലെ രണ്ടാഴ്ചകൾ ജയിൽ അധികൃതരുടെ പക്കൽ ഉണ്ടായിരുന്നില്ല, വെറും ആറു ദിവസമാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, അഫ്സലിന്റെ കുടുംബത്തെ വിവരം അറിയിക്കാനും കൂടിക്കാഴ്ച അനുവദിക്കാനും ആറു ദിവസങ്ങൾ ധാരാളമായിരുന്നു, പക്ഷേ അതുണ്ടായില്ല.
ഫെബ്രുവരി 6ന്, തൂക്കിലേറ്റുന്നതിന് മൂന്നു ദിവസങ്ങൾക്ക് മുമ്പ്, അഫ്സലിന്റെ മരണവിധിയിൽ പ്രസിഡന്റ് ഒപ്പുവെച്ചതിനു ശേഷം, അഫ്സലിന്റെ ഭാര്യ തബസ്സുമിന് മൂന്നാം നമ്പർ ജയിൽ സൂപ്രണ്ട് സ്പീഡ് പോസ്റ്റ് വഴി ഒരു കത്തയച്ചു. കത്ത് തബസ്സുമിന്റെ പക്കൽ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു- കുടുംബത്തിന് യാതൊന്നും ചെയ്യാൻ സാധ്യമായിരുന്നില്ല.
കുടുംബവുമായുള്ള അവസാന കൂടിക്കാഴ്ചക്ക് അഫ്സലിന് സൗകര്യമൊരുക്കാത്തതിന് മുഴുവൻ തീഹാർ അധികൃതരും ഉത്തരവാദികളാണ്. തൂക്കിലേറ്റുന്നതിന് ഒരു മണിക്കൂർ മുമ്പു മാത്രമാണ് തീരുമാനം അഫ്സലിനെ അറിയിച്ചത്. ഒരിക്കൽ മരണ വാറണ്ടിൽ ഒപ്പുവെക്കപ്പെട്ടാൽ, റൂൾ ബുക്ക് പാലിക്കേണ്ടത് ജയിൽ അധികൃതരുടെ ഉത്തരവാദിത്തമാണ്, അതുപക്ഷേ ഉണ്ടായിട്ടില്ല.
അതീവരഹസ്യമായാണ് ഈ തൂക്കിക്കൊല്ലൽ നടന്നത്. അതൊരു നിയമവിരുദ്ധ കൊലപാതകമായിരുന്നു, അതിൽ ഇന്ത്യൻ പ്രസിഡന്റും എക്സിക്യൂട്ടീവും ജുഡീഷ്യറിയും പങ്കാളികളായിരുന്നു. അഫ്സൽ ഗുരുവിന്റെ കുടുംബത്തോടും, കശ്മീരി ജനതയോടും സമൂഹത്തോടും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
അഫ്സൽ ഗുരുവിന്റേത് കൂടാതെ, ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ രവീന്ദ്ര മാത്രെയെ കൊലപ്പെടുത്തിയ കേസിൽ തൂക്കിലേറ്റപ്പെട്ട മഖ്ബൂൽ ഭട്ട്, ഇന്ദിരാ ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട സത്വന്ദ് സിങ്, കേഹാർ സിങ് എന്നിവരുടേതടക്കം ഒമ്പതു പേരുടെ അവസാന നിമിഷങ്ങളുടെ വിശദമായ വിവരണം ബ്ലാക്ക് വാറണ്ടിൽ ഉണ്ട്.
തിഹാർ ജയിലിൽ അടക്കം ചെയ്ത കശ്മീരി മിലിറ്റന്റ് മഖ്ബൂൽ ഭട്ടിനൊപ്പം സമാധാനപരമായി അന്തിയുറങ്ങുകയാണ് അഫ്സൽ ഗുരു.
ഖാലിസ്ഥാനി അനുഭാവിയും അന്ന് വധശിക്ഷ കാത്ത് ജയിലിൽ കിടക്കുകയും ചെയ്തിരുന്ന ദേവീന്ദർ പാൽ സിംഗ് ബുള്ളറുമായുള്ള അഫ്സൽ ചങ്ങാത്തത്തിലായതും ഇരുവരും തമ്മിൽ പിന്നീടുണ്ടായ ആഴമേറിയ സൗഹാർദ്ദവും, ഒരുമിച്ചുള്ള ദൈനംദിന നടത്തത്തെ കുറിച്ചുമെല്ലാം സുനിൽ ഗുപ്ത പരാമർശിക്കുന്നുണ്ട്. അഫ്സൽ ഗുരുവുമായി ഒരുമിച്ചുള്ള ദിവസങ്ങളെ കുറിച്ചുള്ള ദാവീന്ദർ പാൽ സിംഗിന്റെ അനുഭവവിവരണങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് വായനലോകം.
മൊഴിമാറ്റം : മുഹമ്മദ് ഇർഷാദ്