Current Date

Search
Close this search box.
Search
Close this search box.

മന്ദമാരുതനും കൊടുങ്കാറ്റും ഒരേ സമയം കഥ പറയുന്നു

ഈയിടെ  രണ്ട് ആത്മകഥകൾ വായിച്ചപ്പോൾ തോന്നിയ ചിന്തയെ ആറ്റിക്കുറുക്കിയതാണ് തലവാചകം. ഒന്ന് ജി.കെ. എടത്തനാട്ടുകര തന്റെ ജീവിതം പറഞ്ഞതും രണ്ടാമത്തേത് എന്റെ എഫ്. ബി സുഹൃത്ത് Prabhakaran Varaprath തന്റെ മാറ്റത്തിന്റെ നാൾവഴികൾ എഴുതിയതും. രണ്ടും വീശിയടിക്കുന്ന പ്രവേഗത്തിലെ വ്യത്യാസമുള്ളൂ. ഒന്ന് ഒരു നാടും വീടും കൈ നീട്ടി സ്വീകരിച്ച സ്വഛപ്രകൃതത്തിലേക്കുള്ള തിരിച്ചു പോക്ക് . രണ്ടാമത്തേത് കേരളത്തിലെ ദലിത് – ബഹുജൻ – പിന്നാക്ക ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിൽ കൊടുങ്കാറ്റായി മാറിയ വി പ്രഭാകരൻ എന്ന അംബേദ്കറൈറ്റ് തന്റെ ജീവിത പോരാട്ടത്തിന്റെ സംഭവ ബഹുല ജീവിതം രക്തവർണ്ണം ചാലിച്ചെഴുതിയ ആത്മകഥ .

ഒന്ന് വിശ്വാസം വരുത്തിയ മാറ്റത്തിന്റെ സമാധാനപരമായ പരക്കലും എടത്തനാട്ടുകര എന്ന പലക്കാടൻ – മലപ്പുറം അതിർത്തി ഗ്രാമത്തെ പുറംലോകത്തേക്കെത്തിച്ച കൃശഗാത്രനായ സൗമ്യസാന്നിധ്യം ഗോപാലകൃഷ്ണനെ ഗിയാസ് കുതുബായ ജി കെ യുടെ മന:പരിവർത്തനവും. രണ്ടാമത്തേത് പെരിങ്ങത്തൂരിനടുത്ത് ഇരിങ്ങണ്ണൂരിൽ നിന്ന് പരന്നൊഴുകി പൂനെയിലൂടെ റിബൽ ജീവിതം നയിച്ച് കുത്തിയൊഴുകിയ പുഴ ഇസ്ലാമാവുന്ന സമുദ്രത്തിൽ ചെന്ന് ചേർന്ന ക്ഷോഭജനകമായ യൗവനവും . ഒന്ന് കളാകാരവമുള്ള ചെറുനദിയായും രണ്ടാമത്തേത് പ്രക്ഷുബ്ധമായ ആഴിയായും ഒരേ ദിശയിലൊഴുകുന്നു. ആദ്യത്തേത് പുഴയാവാതിരിക്കാൻ നിവർത്തിയില്ല , വളരെ സാധാരണക്കാരിൽ സാധാരണക്കാരനായ അസീസ് സാഹിബും മറ്റുമാണ് ജികെയെ പരിവർത്തിപ്പിച്ചതെങ്കിൽ പെരിയോർ ഇ വി രാമസ്വാമി നായ്ക്കരെ പോലെയുള്ള യുക്തിവാദികളുടെ തുറന്നു പറച്ചിലുകളാണ് പ്രഭാകരേട്ടന് കൂടുതൽ പ്രഭ നല്കിയത്.

രണ്ടുപേരുടേയും ഭൂതകാലവർത്തമാനങ്ങൾ ജാതീയത, യുക്തിവാദ യുവത്വഘട്ടങ്ങളിലൂടെ കടന്നുപോവുന്നുയെന്നതാണ് രണ്ടു ജീവിതങ്ങളേയും ഒരു ഫ്രെയിമിൽ വരക്കാവുന്ന വിധത്തിലേക്ക് യോജിപ്പിക്കുന്ന ഏകകം .

ജി കെ യുടെ ഇസ്ലാമാശ്ലേഷത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാകും അദ്ദേഹം ദീനിന്റെ മൗലിക പാഠങ്ങൾ പഠിച്ച് പള്ളി പ്രവേശത്തിലൂടെ അന്ത്യദൂതനെ കണ്ടെത്തി ഹലാലും ഹറാമും വ്യവഛേദിച്ചറിഞ്ഞ് അമ്മയുടെ സ്നേഹം നിറഞ്ഞ തലോടലേറ്റു വാങ്ങി പ്രസ്ഥാന വഴിയിൽ പ്രവേശിക്കുകയായിരുന്നു. (എന്നിട്ടും അദ്ദേഹത്തിന്റെ വിവാഹവും പേരുമെല്ലാം സാമുദായിക സംഘടനകളും പത്രങ്ങളും പ്രശ്നവത്കരിച്ചിരുന്നു ) . എന്നാൽ സംസ്കൃത നാമമായ പ്രഭാകരൻ അറബിപ്പേരായ ശംസുദ്ദീനായി മാറിയത് ദലിത് ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളും മത- രാഷ്ട്രീയ-സാഹിത്യ മേഖലകളിലെ സവർണ വിധേയത്വവും നേർക്കുനേരെ കണ്ട് കാൻഷിറാം, മഅ്ദനി തുടങ്ങിയ ദലിത് – പിന്നാക്ക രാഷ്ട്രീയത്തിന്റെ അക്കാലഘട്ടങ്ങളിലെ മഹാരഥന്മാരുടെ കൂടെ ഇസ്ലാമിന്റെ വിപ്ലവാത്മക യുവത്വത്തിന്റെ കൂടെ നടന്ന് ഏറെ കാലത്തെ അതിജീവിനത്തിനൊടുവിൽ പി.എം.എ സലാം, റിയാലു സാഹിബുമാരിലൂടെ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ ഉൾകൊണ്ട് പ്രൊഫ സിദ്ദീഖ് ഹസൻ സാഹിബിന്റെ ജേഷ്ഠൻ പ്രൊഫ മുഹമ്മദലി സാഹിബ് വഴി ഇസ്ലാമിന്റെ ശാദ്വല തീരത്തെത്തുന്നത്. ഒരു അംബേദ്‌കറൈറ്റ് മുസ്ലിമായി തന്നെ അവതരിപ്പിക്കാൻ ശംസുദ്ദീൻ സാഹിബ് ആഗ്രഹിക്കുന്നതിന്റെ ചേതോവികാരമറിയണമെങ്കിൽ അദ്ദേഹത്തോടൊപ്പം ഒരിക്കലെങ്കിലും സഹവസിക്കുകയോ അദ്ദേഹത്തിന്റെ എഫ് ബി കുറിപ്പുകൾ പിന്തുടരുകയോ ചെയ്യണം. ജി കെ അന്നുമിന്നും ഒരു പ്രബോധകനാണെങ്കിൽ ശംസുക്ക ആമൂലാഗ്രം വിപ്ലവകാരിയായി നിലനില്ക്കാനാണാഗ്രഹിക്കുന്നത്. ജി.കെ തന്റെ ജീവിതം പ്രബോധനം വാരികയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നുവെങ്കിൽ ശംസുക്കയുടെ ആത്മകഥ പ്രസിദ്ധീകൃതമായി . കോഴിക്കോട് ആസ്ഥാനമായുള്ള റീഡേയ്സ് നെറ്റ് വർക്കാണ് പ്രസാധകർ.

Related Articles