Current Date

Search
Close this search box.
Search
Close this search box.

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

നജീബ് മഹ്ഫൂസിന്റെ ‘ചിൽഡ്രൻ ഓഫ് ദ ആലി’ ആദ്യമായി 1959 ൽ പ്രസിദ്ധീകരിച്ച സമയത്ത് അൽ-അസ്ഹറിലെ പണ്ഡിതന്മാരിൽ നിന്ന് എതിർപ്പ് നേരിടുകയും അദ്ദേഹത്തിന്റെ ജീവിതത്തിന് നേരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന്, 1988-ൽ ഈ ഈജിപ്ഷ്യൻ എഴുത്തുകാരന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

ഈജിപ്തിലും അറബ് ലോകത്തും പിന്നീട് യൂറോപ്പിലുടനീളം ചർച്ച ചെയ്യപ്പെട്ട മഹ്ഫൂസിന്റെ നോവലിനെ തേടിയുള്ള യാത്രയാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുഹമ്മദ് സ്വഹൈറിന്റെ ‘ Story of the Banned Book’
(നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ കഥ). മഹ്ഫൂസിന്റെ ഏറ്റവും പ്രശസ്തമായ നോവലിന്റെ വിവിധ വ്യാഖ്യാനങ്ങളിലേക്കും പ്രതിരോധങ്ങളിലേക്കും ആഴത്തിലിറങ്ങി അവലോകനം ചെയ്യുകയാണ് പുസ്തകം.

കെയ്‌റോയിലെ മരുഭൂമിക്ക് മധ്യേ ഒരു മാളികയിൽ താമസിക്കുന്ന ഗബാലവിയുടെ പിൻഗാമികളെ ചുറ്റിപറ്റിയുള്ള ഒരു അയൽപക്കത്തിന്റെ കഥയാണ് ‘ചിൽഡ്രൻ ഓഫ് ദ ആലി’.

ശക്തരായ പ്രബലവിഭാഗം ഇടവഴി നിയന്ത്രിക്കുകയും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന ആളുകളിൽ നിന്ന് അവർ പണം കണ്ടെത്തുകയും ചെയ്യുന്നതാണ് നോവലിന്റെ പ്രമേയം.
അവരെ അട്ടിമറിക്കാനും സമാധാനവും നീതിയും താൽക്കാലികമായി സ്ഥാപിക്കാനും കഴിഞ്ഞിട്ടും,അവരെ നിരന്തരം അടിച്ചമർത്തുന്ന തെമ്മാടികൾ തലമുറകൾ തോറും വളർന്നു വരുന്നുവെന്നത് യാഥാർഥ്യമാണ്.

1952-ലെ വിപ്ലവാനന്തരം നടന്ന ക്രൂരമായ ഭീകരപ്രവർത്തനങ്ങൾ, ജനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ, തടവിലാക്കൽ എന്നിവയിലുള്ള തന്റെ അതൃപ്തിയും പ്രതിഷേധവുമാണ് ‘ചിൽഡ്രൻ ഓഫ് ദ ആലി’യുടെ എഴുത്തിന് പിന്നിലെന്ന് മഹ്ഫൂസ് പറയുന്നുണ്ട്.
‘ മനുഷ്യകുലത്തെ കുറിച്ചും അവരെ ജീവിക്കാനനുവദിക്കാതെ വീർപ്പുമുട്ടിക്കുന്ന രാഷ്ട്രീയ-മതകീയ-സാമൂഹിക മേഖലകളിലെ പ്രമാണികളും തമ്മിലുള്ള ബന്ധങ്ങളെ അവതരിപ്പിക്കുകയാണ് നോവലെന്ന്’ സ്വഹൈർ വിശദീകരിക്കുന്നുണ്ട്.

2011-ലെ ഈജിപ്‌ത് വിപ്ലവത്തിന് മുമ്പ് മഹ്ഫൂസ് മരിച്ചുവെങ്കിലും ചരിത്രത്തിലെ ആ സുപ്രധാന നിമിഷം ‘ചിൽഡ്രൻ ഓഫ് ദ ആലി’യിൽ അദ്ദേഹം ആവിഷ്കരിച്ച അതേ രീതി പിന്തുടരുകയായിരുന്നു. വിപ്ലവം ജനാധിപത്യത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് പലരും കരുതിയെങ്കിലും ലോകത്തിലെ ഏറ്റവും അടിച്ചമർത്തുന്ന ഭരണകൂടങ്ങളിലൊന്നിനെ കൊണ്ടുവന്ന് ചരിത്രം ആവർത്തിക്കുകയായിരുന്നു.

ഈജിപ്തിലെ അക്കാലത്തെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അഭാവത്തെ കുറിച്ചുള്ള കൗതുകകരമായ ഉൾക്കാഴ്ചയാണ് ശോഹൈർ തന്റെ അന്വേഷണത്തിലൂടെ നടത്തുന്നത്. സ്വേച്ഛാധിപത്യ രാഷ്ട്രത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരൻ നേരിടുന്ന പ്രതിസന്ധികളും അദ്ദേഹത്തിന്റെ പ്രശസ്തിയെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു. പുസ്‌തക പ്രസിദ്ധീകരണ ശേഷം, മഹ്‌ഫൂസിനെ അറസ്റ് ചെയ്യാനുള്ള ഉത്തരവ് ഇറക്കിയെങ്കിലും മഹ്‌ഫൂസിന്റെ കൃതികളുടെ തീവ്രവായനക്കാരനായിരുന്ന അന്നത്തെ പ്രസിഡന്റ് ജമാൽ അബ്ദുൾ നാസർ ആ നീക്കം തടയുകയായിരുന്നു.
നോവൽ ആദ്യമായി സംപ്രേഷണം ചെയ്ത അൽ-അഹ്‌റാമിന്റെ എഡിറ്റർ ഇൻ ചീഫ് മുഹമ്മദ് ഹസനൈൻ ഹൈക്കൽ ഉദ്ധരിക്കുന്നു.
“ചീഫ് എഡിറ്റർക്ക്(മുഖ്യ പത്രാധിപർ) പോലും, ഒരു സെൻസർഷിപ്പ് ഏർപ്പെടുത്താനോ ശാസിക്കാനോ കഴിയാത്ത എഴുത്തുകാരുണ്ട്, അവരിൽ ഒരാളാണ് നഗീബ് മഹ്ഫൂസ്,”

അറബി നോവലുകളിൽ എക്കാലത്തെയും പ്രധാനപ്പെട്ട ഒന്നായി പേരെടുത്ത നോവൽ, മഹ്ഫൂസിനെ നോബൽ സമ്മാന ജേതാവായി തിരഞ്ഞെടുത്തതിന് ശേഷം ഒരു PLO ഉദ്യോഗസ്ഥന്റെ ശ്രദ്ധ പോലും ആകർഷിക്കുകയുണ്ടായി. തങ്ങളുടെ “ശത്രുവായ” പാശ്ചാത്യരിൽ നിന്നുള്ള സമ്മാനം നിരസിക്കാൻ ആ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് 400,000 ഡോളർ പണം വാഗ്ദാനം ചെയ്തിരുന്നു.

‘ചിൽഡ്രൻ ഓഫ് ദ ആലി’യിൽ മഹ്ഫൂസ് എങ്ങനെയാണ് മതത്തെ അവതരിപ്പിച്ചത് എന്നതായിരുന്നു ഏറ്റവും രൂക്ഷമായ സംവാദത്തിന് കാരണമായത്. പുസ്തകത്തിൽ ഇസ്ലാമിനെ നിരാകരിക്കുന്നുവെന്നാരോപിച്ച് 1994 ൽ മഹ്ഫൂസിന് കുത്തേറ്റിരുന്നു. കുറ്റവാളി ആ പുസ്തകം സ്വയം വായിച്ചിട്ടുപോലുമില്ല എന്നതായിരുന്നു രസകരമായ കാര്യം. പുറത്തിറങ്ങിയതിന് ശേഷം ‘ചിൽഡ്രൻ ഓഫ് ദി ആലി’ സമൂഹത്തിൽ എത്രത്തോളം ചർച്ച ചെയ്യപ്പെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു.”എന്റെ കാഴ്ചപ്പാടുകളോട് വിയോജിക്കുന്നവർക്ക് ഞാൻ എഴുതിയ വരികൾ സംസ്കാരത്തിലൂടെ മാത്രം മികച്ചതാക്കാൻ കഴിയുന്ന ഒരു സമൂഹത്തിനായി സമർപ്പിക്കുന്നു.”മഹ്ഫൂസ് പിന്നീട് തന്റെ ആക്രമണകാരിക്ക് തന്റെ മൂന്ന് പുസ്തകങ്ങൾ സമ്മാനിച്ച് ഉള്ളിൽ എഴുതിയ വരികളാണിത്.

ഇന്ന് ഈജിപ്ഷ്യൻ രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ഏതൊരാൾക്കും ‘Story of the Banned Book”ൽ വിശദമാക്കിയിരിക്കുന്ന സെൻസർഷിപ്പിന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും സമാന ചോദ്യങ്ങൾ ഉന്നയിക്കുന്നതായി കാണാനാവും.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles