Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1

ദൈവിക മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തിന്റെ വഴിയില്‍ തന്റെ രചനകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ ജീവിതം. എഴുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ രചനാ ജീവിതം ആരംഭിക്കുന്നത് 1947ല്‍ പുറത്തിറങ്ങിയ ഇസ്‌ലാമും സാമ്പത്തിക സ്ഥിതികളുമെന്ന പുസ്തകത്തിലും, അവസാനിക്കുന്നത് അദ്ദേഹത്തിന്റെ വിയോഗ ശേഷം 1996ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തിരുസുന്നത്തില്‍ നിന്ന് ചില നിധികള്‍ എന്ന പുസ്തകത്തിലുമാണ്. ഈ ഗ്രന്ഥങ്ങളോരോന്നും അഖീദ, തഫ്‌സീര്‍, ഹദീസ്, സീറ, അഖ്‌ലാക്, ദഅ്‌വത്ത് തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം പാശ്ചാത്യവല്‍ക്കരണം, ഓറിയന്റലിസം, സെക്കുലറിസം, ഇസ്‌ലാമും മുസ്‌ലിംകളും നേരിടുന്ന മറ്റു വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങളാല്‍ സമ്പന്നമാണ്. ഗഹനമായ ആ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ അതിപ്രധാനമായ ഏഴു ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുകയാണിവിടെ. ഫിഖ്ഹുസ്സീറ, മഅല്ലാഹ്; ദിറാസാത്തുന്‍ ഫിദ്ദഅ്‌വതി വദ്ദുആത്ത്, നളറാത്തുന്‍ ഫില്‍ ഖുര്‍ആന്‍, മുശ്കിലാത്തുന്‍ ഫീ ത്വരീഖില്‍ ഹയാത്തില്‍ ഇസ്‌ലാമിയ്യ, ദസ്തൂറുല്‍ വഹ്ദത്തിസ്സഖാഫിയ്യ ബൈനല്‍ മുസ് ലിമീന്‍, അസ്സുന്നത്തുന്നബവിയ്യ ബൈന അഹ് ലില്‍ ഫിഖ്ഹി വ അഹ്‌ലില്‍ ഹദീസ്, നഹ്‌വ തഫ്‌സീരിന്‍ മൗദൂഇയ്യിന്‍ ലി സുവരില്‍ ഖുര്‍ആനില്‍ കരീം എന്നിവയാണാ ഏഴു ഗ്രന്ഥങ്ങള്‍. ഇനി ചുരുങ്ങിയ രൂപത്തില്‍ ഗ്രന്ഥരചനയിലെയും വിഷയാവതരണത്തിലെയും ‘ഗസ്സാലി പൈതൃകം’ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ‘മുശ്കിലാത്തുന്‍ ഫീ ത്വരീഖില്‍ ഹയാത്തില്‍ ഇസ്‌ലാമിയ്യ'(ഇസ് ലാമിക ജീവിത രീതിയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍) എന്ന ഗ്രന്ഥം വായിച്ചു തുടങ്ങിയാല്‍ മതി. ഇനി ഈ ഏഴു ഗ്രന്ഥങ്ങളെ ചെറിയ രീതിയില്‍ പരിചയപ്പെടാം.

ഫിഖ്ഹുസ്സീറ
തിരുനബി ജീവിതത്തെ, അനാവശ്യമായ വലിച്ചു നീട്ടലുകളോ അലങ്കാരങ്ങളോ ഇല്ലാതെ, ചിന്തോദ്ദീപകമായ രീതിയില്‍, ചരിത്രസംഭവങ്ങളിലെ സാധ്യതകള്‍ വിശദീകരിച്ച് നീതിയുക്തമായ രീതിയില്‍ വായിക്കുന്ന ഒന്നാണ് മുഹമ്മദുല്‍ ഗസ്സാലിയുടെ ഫിഖ്ഹുസ്സീറ. അതെല്ലാം മനോഹരമായ സാഹിത്യ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹം പറയുന്നു:’നബി ജീവിതത്തിന്റെ നേരിയ പുറം ചിത്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ ഇന്ന് മനസ്സിലാക്കിയിട്ടുള്ളത്. അതാണെങ്കില്‍ അവരുടെ ഹൃദയങ്ങളെ സ്വാധീനിക്കുകയോ ചലനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നതുമല്ല. ആ വിശാലമായ ജീവിതത്തിന്റെ ചെറിയൊരു ഓരം മാത്രം മനസ്സിലാക്കി, വെറും വര്‍ത്തമാനങ്ങളില്‍ മാത്രം ആ ജീവിതത്തോടുള്ള ബഹുമാനം ഒതുക്കിയിരിക്കുകയുമാണവര്‍.’ അദ്ദേഹം തുടരുന്നു: ‘ഇത്തരത്തില്‍ അലംഭാവപൂര്‍വം നബിജീവിതം മനസ്സിലാക്കുകയെന്നാല്‍ നബിയെ തീരെ അറിയാത്തതിനു തുല്യം തന്നെയാണ്. കാരണം, മഹത്തരമായ ഒരു യാഥാര്‍ഥ്യത്തെ ഒരു കെട്ടുകഥയായി കാണലും ശക്തമായ ജീവിതസന്ദേശങ്ങള്‍ മൃതകരങ്ങളില്‍ ചെന്നെത്തലുമൊക്കെ ഒരുപോലെ അനീതിയാണ്. ഒരു മുസ് ലിമിനെ സംബന്ധിച്ച് പ്രവാചക ജീവിതം പഠിക്കുകയെന്നാല്‍ വെറുമൊരു വ്യക്തി ജീവിതം പഠിക്കുന്നതു പോലെയല്ല തന്നെ, മറിച്ച്, അയാള്‍ അനുധാവനം ചെയ്യേണ്ട സമ്പൂര്‍ണ ജീവിതമാര്‍ഗമാണത്, അയാള്‍ പിന്തുടരേണ്ട ഉത്തമ ജീവിതമാതൃകയാണത്. അതുകൊണ്ടു തന്നെ ആ ജീവിതം പറയുമ്പോള്‍ വരുന്ന പിഴവുകളും സ്ഖലിതങ്ങളും ഈമാനിന്റെ ഹഖീഖത്തിനു നേരെത്തന്നെയുള്ള കടന്നകയ്യാണ്.’

Also read: ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല

നബിജീവിതത്തെ ഇത്തരമൊരു രീതിയില്‍ അവതരിപ്പിക്കാന്‍ താനൊരുപാട് അധ്വാനിച്ചുവെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എഴുതുന്നു:’ നബി തങ്ങളുടെ സത്യസന്ധമായ ചിത്രം വായനക്കാരനു മുന്നില്‍ തുറന്നുവെക്കാന്‍ ഞാന്‍ അശ്രാന്തപരിശ്രമം നടത്തിയിട്ടുണ്ട്. നബി ജീവിതത്തിലെ സംഭവ വികാസങ്ങളുടെ വിശദീകരണങ്ങളും അതിന്റെ പിന്നിലെ ദൈവിക യുക്തികളെയും കുറിക്കാനും സുവ്യക്തമായ നബി ചരിതങ്ങള്‍ കൂടുതല്‍ വിശദീകരിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ഗാമികളുടെയും ഹദീസ് പണ്ഡിതന്മാരുടെയും സീറാ രചനകളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.’

അദ്ദേഹം തുടരുന്നു:’ഞാനീ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മുസ് ലിം ലോകത്തിന്റെ ചിന്താപരമായ പിന്നോക്കാവസ്ഥയുടെ ചിത്രങ്ങള്‍ എനിക്കു മുമ്പില്‍ തെളിഞ്ഞു വരുന്നുണ്ട്. അതുകൊണ്ടു തന്നെ നേരിട്ടോ വ്യംഗ്യമായോ നമ്മുടെ സങ്കടകരമായ വര്‍ത്തമാന സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടി വല്ല സംഭവങ്ങളും ഞാന്‍ സൂചിപ്പിച്ചാല്‍ അതില്‍ തെല്ലും അതിശയപ്പെടാനില്ല.’ ഒരാളുടെ ഹൃദയത്തിലും പ്രവൃത്തികളിലും ചിന്തകളിലുമൊന്നും നബി തങ്ങളില്ലെങ്കില്‍ ദിവസവും അയാള്‍ ആയിരം സ്വലാത്തുകള്‍ ഉരുവിടുന്നതിലും കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

മഅല്ലാഹ്… ദിറാസാത്തുന്‍ ഫിദ്ദഅ്‌വതി വദ്ദുആത്ത്
ഇസ് ലാമിക പ്രബോധനത്തെക്കുറിച്ചും പ്രബോധകരെക്കുറിച്ചുമുള്ള ബഹുമുഖസ്പര്‍ശികളായ ചിന്തകള്‍ പങ്കുവെക്കുന്ന ഗ്രന്ഥം. ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ‘ദൈവഭക്തിയുടെ വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥനകളെക്കുറിച്ച് പറയുന്നതോ ആയ ഗ്രന്ഥമാണിതെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. പക്ഷെ, ഇവ രണ്ടുമല്ല ഈ ഗ്രന്ഥം. അല്ലാഹുവിനോടൊപ്പമുള്ള അടിമയുടെ മറ്റൊരു വശത്തെ കുറിക്കുന്നതാണീ ഗ്രന്ഥം, തിരക്കുപിടിച്ച, കുഴപ്പങ്ങള്‍ നിറഞ്ഞ മനുഷ്യന്റെ ജീവിതത്തില്‍ അവന്‍ കടന്നുവരുന്ന അവസരമാണത്. അവിടെയവന്‍ ഈമാനിന് കാവല്‍ നില്‍ക്കും.’ അദ്ദേഹം തുടരുന്നു: ‘ഈ ഗ്രന്ഥം പ്രബോധകര്‍ക്കുള്ളതാണ്, സാധാരണ ജനങ്ങള്‍ക്കുള്ളതല്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ കുറിച്ച് അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇങ്ങനെയൊരു ഗ്രന്ഥത്തെക്കുറിച്ചുള്ള ആലോചനകള്‍ പിറക്കുന്നത്.’ പ്രബോധകരെ വാര്‍ത്തെടുക്കുകയെന്നാല്‍ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക തന്നെയാണ്. കഴിഞ്ഞു പോയ പരിശുദ്ധരായ സമുദായങ്ങളൊക്കെയും അനുഗ്രഹം സിദ്ധിച്ച ചില മനുഷ്യരുടെ അധ്വാനഫലം തന്നെയായിരുന്നു. പ്രത്യുല്‍പന്നമതിയായ ഒരു മനുഷ്യന്‍ തന്റെ ചുറ്റുമുള്ളവരില്‍ സ്വാധീനമുണ്ടാക്കുക, തരിശുഭൂമിയില്‍ പെയ്തിറങ്ങുന്ന മഴ കണക്കെയാണ്. അദ്ദേഹം പറയുന്നു.

Also read: ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ

ദഅ്‌വത്ത് നടപ്പിലാക്കേണ്ട രീതികള്‍ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു: ‘ധീരരായ, കൃത്യമായ പരിശീലനം സിദ്ധിച്ച പ്രബോധകരുടെ ഒരു സംഘത്തെ രൂപീകരിക്കുക കൊണ്ടല്ലാതെ വിജയകരമായ പ്രബോധനദൗത്യങ്ങള്‍ നടത്തുക നമുക്ക് സാധ്യമല്ല. ഇസ് ലാമിക ലോകത്ത് മുഴുവന്‍ സഞ്ചരിച്ച് അവരെ ഉദ്ബുദ്ധരാക്കാനും ആത്യന്തിക ലക്ഷ്യത്തിലേക്ക് വഴിനടത്താനും ശത്രുക്കളുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നൊരു സംഘം.’ അദ്ദേഹം തുടര്‍ന്നും വിശദീകരിക്കുന്നു: ‘സര്‍വലോക രക്ഷിതാവില്‍ നിന്ന് അവതീര്‍ണമായ ദിവ്യാധ്യാപനങ്ങള്‍ പഠിച്ച, അതനുസരിച്ച് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന ആള്‍ക്കാരെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മതമാണിസ്‌ലാം. ഒരുകാലത്ത് അജ്ഞതയുടെ മൂടുപടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു അവര്‍. സര്‍വതും രക്ഷിതാവായ അല്ലാഹുവിനു മുന്നില്‍ സമര്‍പ്പിക്കുന്ന, ജീവിതവും മരണവും അവനിലായി കഴിക്കുന്ന പുരുഷന്മാരെയാണ് ഇസ് ലാമിനു വേണ്ടത്.
അദ്ദേഹം തന്റെ ആമുഖം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ഈ പ്രബോധകര്‍ കാലങ്ങളായി ഇരുട്ടില്‍ കഴിയുന്ന സമുദായത്തിന് വെളിച്ചം വീശുന്ന വിളക്കുമാടങ്ങളാവണം. കാലങ്ങളായി മയക്കത്തില്‍ കഴിയുന്ന ആള്‍ക്കാര്‍ക്ക് ഉണര്‍ത്തു സന്ദേശമാവണം. നമ്മുടെ ജീവിതം സംരക്ഷിക്കലും സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കലും ശത്രുവില്‍ നിന്ന് രക്ഷനേടലും മുഴുവനായി ഇസ് ലാമില്‍ ലയിക്കലും അനിവാര്യമാണ്. എങ്കില്‍ അല്ലാഹു നമ്മോടൊപ്പവും നാം അല്ലാഹുവിനോടൊപ്പവും ആയിത്തീരും.’

നളറാത്തുന്‍ ഫില്‍ ഖുര്‍ആന്‍
പ്രസിദ്ധമായ ഖുര്‍ആനിക വ്യാഖ്യാനങ്ങളില്‍ കണ്ടുവരുന്ന പോലെ ഭാഷാപരവും കര്‍മശാസ്ത്രപരവുമായ ശാഖാപരമായ വിഷയങ്ങളെക്കുറിച്ചുള്ള അതിവിശദീകരണങ്ങളില്‍ കവിഞ്ഞ്, വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍, തത്വങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിനാണ് ശൈഖ് ഗസ്സാലി എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ മുന്‍കാല പണ്ഡിതന്മാരുടെയും മുഹദ്ദിസുകളുടെയും രചനകളുടെ ആത്മസത്ത നൂതനമായ രീതിയില്‍ കോര്‍ത്തിണക്കിയതു കാണാം. അദ്ദേഹം പറയുന്നു: ‘ഈ ഗ്രന്ഥരചനക്കിടെ ലോകത്തെ മുഴുവനും ബാധിക്കുന്ന, വിശേഷിച്ച് മുസ് ലിം സമൂഹത്തെ ബാധിക്കുന്ന സാമൂഹികവും മതപരവുമായ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കാരണം, വര്‍ത്തമാന സാഹചര്യത്തെക്കുറിച്ച് പ്രതിപാദിക്കാത്ത ഒരു വിജ്ഞാനത്തിനും എന്റെ മനസ്സിലോ ഹൃദയത്തിലോ സ്ഥാനമില്ല തന്നെ.’

Also read: യു.എസ് കോണ്‍ഗ്രസിലെ പെണ്‍താരകങ്ങള്‍

അദ്ദേഹം തുടരുന്നു: ‘വിശുദ്ധ ഖുര്‍ആന്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പുതിയ കാല ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥമാണത്. പക്ഷെ, അത് സത്യമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുന്ന ജീവിതമാവണമെന്നു മാത്രം.’ ഖുര്‍ആന്‍ മനഃപാഠമാക്കുക എന്നതില്‍ കവിഞ്ഞ് അതിന്റെ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു: ‘ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ അടിസ്ഥാന ലക്ഷ്യം സാധ്യമാവാന്‍, ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന്റെ രാഷ്ട്രീയം നിര്‍ബന്ധമായും പുനര്‍വിചിന്തനം നടത്തപ്പെടേണ്ടതുണ്ട്. ഖുര്‍ആന്‍ അക്ഷരങ്ങള്‍ തെറ്റാതെ പാരായണം ചെയ്യുകയും എങ്കില്‍ അതില്‍ നിന്ന് ഒന്നു പോലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത തിരുത്തപ്പെടേണ്ടതു തന്നെയാണ്.’ (തുടരും)

വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles